Thursday 15 December 2011

പച്ചപ്പാവാടയും കാലന്‍ മനോജും



കാലന്‍ മനോജിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു. എവിടെയും എന്നെ തോല്പിക്കാന്‍ ഇറങ്ങി തിരിച്ച ഒരു നശൂലം പിടിച്ച ചെറുക്കന്‍ ..

ഒരാശ്വാസമുള്ളത് അവന്‍ പഠിക്കാന്‍ മോശമാണ് എന്നതാണ് , നാലില്‍ നിന്ന് അഞ്ചിലേക്ക് ജയിക്കാന്‍ അവനാകില്ല . പിന്നെ അവന്റെ ശല്യവും ഉണ്ടാകില്ല .

എന്തും ചെയ്യാന്‍ മടിക്കാതോനാണ് അവന്‍ ,അവനു വീട്ടുകാരെയും ഭയമില്ല !!

വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള വഴിയില്‍ തന്നെയാണ് അവന്റെ വീടും ,ഒരിക്കല്‍ എന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് പൊട്ടിച്ചതിനു ഞാന്‍ അവന്റെ അമ്മയോട് പരാതി പറഞ്ഞു ,അവരെന്നെ തിന്നാന്‍ വന്നു 

" കുട്ടികളായാല്‍ ചിലപ്പോ ബട്ടന്‍സൊക്കെ പൊട്ടിക്കും, തല്ലും പിടിക്കും ഇതിപ്പിത്ര വല്ല്യ കാര്യാണോ ?"

ഞാന്‍ ഞെട്ടി, അവനു രണ്ടു ചീത്ത കേള്‍ക്കുമെന്നാണ് കരുതിയത് .. പിന്നെ ഓര്‍ത്തു അവന്റെയല്ലേ അമ്മ ..

***

തോടുകളും പാലവും ആമ്പല്‍ കുളവും ക്ഷേത്രവുമൊക്കെ പിന്നിട്ടാണ് സ്കൂളിലേക്കുള്ള യാത്ര ..അര കിലോമീറ്റര്‍ നടക്കണം , ഞാനും വിനോദും, സിനോജും ഈ കാലനും പിന്നെ സംഗീതയും ഒരുമിച്ചാണ് പോകാറുള്ളത് .. സംഗീത അല്പം മുന്നേ നടക്കും . സംഗീതയെ പറ്റി പറയാന്‍ ഏറെയുണ്ട് ..

ഒന്നാമത്തെ ബഞ്ചില്‍ മൂന്നാമതായി ഇരിക്കാറുള്ള സംഗീതയെ എനിക്കിഷ്ടമാണ് .. ഇഷ്ടമെന്ന് വച്ചാല്‍ വലുതാവുമ്പോള്‍ കല്യാണം കഴിക്കണം അത്ര തന്നെ !

മനസ്സ് ഇങ്ങനെ ഒരു തീരുമാനതിലെതിയതിന്റെ കാരണങ്ങള്‍ പലതാണ് ..

എന്നും ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നത് ...

സ്ലേറ്റു മായ്ക്കാനുള്ള മഷിത്തണ്ട് ഞാനാനവള്‍ക്ക് എന്നും കൊടുക്കാറ്... 

പിന്നെ സ്പ്രിംഗ് പോലെ ചുരുണ്ട അവളുടെ തലമുടി കാണാന്‍ നല്ല രസാണ് ,എന്റേത് കോലന്‍ മുടിയാണ് ..




കാലന്‍ മനോജുമായി തെറ്റാന്‍ കാരണവും ഇവള്‍ തന്നെയാണ് . സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ തോടുണ്ട് , തോടെന്നു പറഞ്ഞാല്‍ പാദം മൂടാനുള്ള വെള്ളമെ എപ്പോളും കാണു. അടുത്ത് തന്നെ വലിയ ആമ്പല്‍ കുളവുമുണ്ട് . തോടിനടുതെത്തുമ്പോള്‍ വെള്ളം തെറിപ്പിക്കുക എന്നത് കാലന്റെ ഒരു ക്രൂര വിനോദമാണ്‌ .

അന്നൊരു ബുധനാഴ്ചയായിരുന്നു , ബുധനാഴ്ച യുണിഫോം വേണ്ട .. ഭംഗിയുള്ള പച്ചപ്പാവാടയില്‍ സുന്ദരിയായിട്ടാണ് സംഗീതയുടെ വരവ് .ആദ്യമായി പച്ചപ്പാവാടയിട്ട ദിവസമാണ് അവളെ കല്യാണം കഴിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചത് . പച്ചപ്പാവാടയിട്ടാല്‍ പിന്നെ അന്നവള്‍ക്ക് പതിവിലും ജാടയാണ് . പാവാട താഴെ മുട്ടാതിരിക്കാന്‍ രണ്ടു കൈ കൊണ്ടും പിടിച്ചു ഒരു രാജകുമാരിയെ പോലെയാവും നടക്കുക. ആ സമയത്താണ് ആദ്യം തോട് ചാടിയ കാലന്‍ അവളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നത് . പാവാട നനഞ്ഞു ..സംഗീത കരഞ്ഞു ..

എന്റെ ദേഹത്ത് അങ്ങനെ വെള്ളം വീണില്ലെങ്കിലും എന്നേക്കാള്‍ തടിയുള്ള കാലനെ ഞാന്‍ കോളറിനു പിടിച്ചു പുറകിലേക്ക് തള്ളി ..കാല്‍ തെറ്റി അവന്‍ നേരെ വീണത്‌ തോട്ടിലേക്ക് ..

ഇന്നവനിനി ക്ലാസ്സില്‍ വരന്‍ കഴിയില്ല, പല്ല് കടിച്ചവന്‍ അലറി .. 

" നിന്നെ നാളെ ഞാന്‍ കൊല്ലുമെടാ "




***




ശാന്ത കുമാരി ടീച്ചര്‍ ക്ലാസ്സില്‍ രാവണനെ വിവരിക്കുമ്പോള്‍ എന്റെ മനസ്സില്‍ തോട്ടില്‍ കിടക്കുന്ന കാലന്‍ മനോജാണ് .. നാളെ അവനെന്നെ കൊല്ലും !

വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ മുന്നില്‍ സംഗീത !!


ചിരിച്ചു കൊണ്ടവള്‍ കൈ നീട്ടി .. അവളുടെ കയ്യില്‍ രണ്ടു പഴുത്ത ചാമ്പക്കയാണ് !

" കുട്ടി എടുത്തോളു"

ഞാന്‍ വാങ്ങിയിട്ട് മിണ്ടാതെ നടന്നു.. ദിവസവും ഒരുമിച്ചാണ് വരുന്നതെങ്കിലും ഒന്നും അങ്ങനെ സംസാരിക്കാരില്ലായിരുന്നു . അവളുടെ നോട്ടത്തിലും പെരുമാറ്റത്തിലും ഒരു ബഹുമാനമുണ്ട് .

മനസ്സ് കൊണ്ട് കാലന് ഞാന്‍ നന്ദി പറഞ്ഞു .


വൈകിട്ട് വീടെത്തുമ്പോള്‍ ഗേറ്റിനടുത്തു അമ്മയുണ്ട് . അമ്മ നല്ല ദേഷ്യത്തിലാണ് ..

ഞാന്‍ ഒന്നു പകച്ചു.. ഇനി ആ ദുഷ്ടനെങ്ങാനും ഇവിടെ വന്ന് അമ്മയോട് ...?

അങ്ങനെയാവുമോ ? ഒന്നുമറിയാത്തപോലെ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് വെറുതെ കൊഞ്ചി ..

" നീ എന്തിനാടാ സ്കൂളില്‍ പോകുന്നത് ? പഠിക്കാനോ അതോ തല്ലു കൂടാനോ ? "

മുറ്റത്തെ പേരയില്‍ നിന്ന് ഒരു വടി മുറിഞ്ഞു .. വലത്തേ തുടയില്‍ പാടും വീണു ..

അമ്മയോട് ദേഷ്യം തോന്നിയില്ല , അത് മുഴുവന്‍ കാലനോടായിരുന്നു.. 

പക്ഷെ വേദനയിലും ചാമ്പക്ക എന്നെ സന്തോഷിപ്പിച്ചു ..




പിറ്റേന്ന് നേരം വെളുത്തു.. ഇന്ന് കാലനുമായി ഒരു സംഘട്ടനം ഉറപ്പാണ്‌ . 

കാലന് ആ പേര് കിട്ടാന്‍ കാരണം പലതാണ് ..

വഴിയില്‍ കാണുന്ന ഒന്തുകളെയൊന്നും വെറുതെ വിടില്ല . ഒടുക്കത്തെ ഉന്നമാണ് .. 

എറിഞ്ഞു കൊന്നിട്ട് വഴിയില്‍ എടുത്തിടും . പോക്കറ്റില്‍ എപ്പോഴും ഒരു കവണിയുണ്ടാകും. 

ഒരു പുലി വന്നാലും കവണിക്കടിച്ചിടുമെന്നാണ് കാലന്‍ പറയാറ് .

ഒരു പട്ടിയെ ഒറ്റയ്ക്ക് തല്ലി കൊന്നവനാണ് കാലനത്രേ !! സിനോജാണ് പറഞ്ഞത് ..

ടിവിയില്‍ രാമായണം കണ്ടിട്ട് പട്ടിയെ കുതിരയാക്കാന്‍ ശ്രമിച്ച കാലനെ പട്ടി കടിച്ചു .. ആ ദേഷ്യത്തിലാണ് പട്ടിയെ തട്ടിയത് .




ഒരു ദിവസം കാലന്‍ ക്ലാസ്സില്‍ വന്നത് രണ്ടു പടല ഞാലി പൂവന്‍ പഴവുമായാണ് . അന്ന് അവനായിരുന്നു ക്ലാസ്സിലെ താരം, ഞങ്ങള്‍ക്കെല്ലാം പഴം കിട്ടി.. 

പിന്നീടാണ് അറിഞ്ഞത് ഹെഡ് മാസ്റര്‍ ഉണ്ടക്കണ്ണന്‍ സാറിന്റെ വീട്ടിലെ വാഴയോടാണ് കാലന്‍ അക്രമം കാണിച്ചതെന്ന് ..

കുലയുമായി പോകുന്ന കാലനെ കണ്ടവരുണ്ട് .. സാക്ഷി പറഞ്ഞ ശ്രീജിത്തിന്റെ വീടിന്റെ ഇറയത്ത്‌ കാലന്‍ മൂത്രമൊഴിച്ചു !

കാലന്‍ ഒരു പഞ്ചായത്തിന്റെ തന്നെ പൊതു ശല്യമാവുകയായിരുന്നു ..




രാവിലെ ക്ലാസ്സിലേക്ക് കടന്ന എന്നെ എതിരേറ്റത് ഡെസ്റ്റര്‍ കൊണ്ടുള്ള ഏറാന്.. ചോക്ക് പൊടിയില്‍ കുളിച്ചു സംഗീതയ്ക്ക് മുന്നില്‍ ഞാന്‍ പരിഹാസ്യനായി.. കുട്ടികള്‍ ആര്‍ത്തു ചിരിച്ചു ..

അതാസ്വദിച്ച് നിന്ന കാലനു നേരെ ഞാന്‍ ഓടിയടുത്തപ്പോളെക്കും ക്ലാസ്സില്‍ ടീച്ചര്‍ എത്തി . മനസ്സ് അപമാന ഭാരത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു .




ഗള്‍ഫില്‍ നിന്നും ആന്റി കൊണ്ടുവന്ന ഫോറിന്‍ ചോക്കലറ്റ് കാലനു മുന്നില്‍ വച്ച് തിന്നു ഞാന്‍ പകരം വീട്ടി ...




"അവന്‍ വയറിളകി ചാകും" കാലന്‍ സിനോജിനോട് പറഞ്ഞു ..

കാലന്റെ ഒടുക്കത്തെ കണ്ണാണോ എന്തോ രണ്ടാം ദിവസം അത് സംഭവിച്ചു !

പക്ഷെ ഇക്കാര്യത്തില്‍ കാലനെ മാത്രം പറയാനുമാവില്ല .. പാലാരി അമ്പലത്തില്‍ നേര്ച്ചയിടാന്‍ അമ്മ തന്ന കാശിനു ഞാന്‍ മിട്ടായി വാങ്ങി തിന്നു .. "വയറു പോട്ടുമോടാ " എന്ന് സിനോജും ചോദിച്ചതാണ് .. ദേവിക്ക് ഒരു രൂപ കിട്ടിയിട്ട് മിട്ടായി വാങ്ങാന്‍ കഴിയില്ലലോ എന്നാണ് ഞാന്‍ ചിന്തിച്ചത് , എന്നാലും വയറു പൊട്ടുമോ ? ദേവിയും കാലനെ പോലെ പെരുമാറുമോ ? അമ്മയോട് പറഞ്ഞു കൊടുക്കുമോ ?

പിന്നീട് അമ്പലത്തിനടുതെതുമ്പോള്‍ ഞാന്‍ ഒരോട്ടം പാസ്സാക്കും, ദേവിയെങ്ങാന്‍ പിടിച്ച് നിര്‍ത്തി ചോദിച്ചാലോ ?




***




സ്കൂള്‍ യാത്ര ഹൃദ്യമായ ഒരു അനുഭവം തന്നെയായിരുന്നു.. പഠിത്തം ഒഴിച്ച് ബാക്കി എല്ലാം നന്നായി ആസ്വദിക്കുമായിരുന്നു. അതിലെ ഒഴിച്ച് കൂട്ടാനാവാത്ത ഒരിനമായിരുന്നു "ഹണ്ടിംഗ് ".

സ്കൂള്‍ എത്തുന്നതിനുള്ളില്‍ ഒരു ഫല സമാഹരണം നടത്തല്‍ പതിവായിരുന്നു. മാങ്ങ, പേരക്ക, കാരക്ക, ലൂബിക്ക, ഞാവല്‍പഴം, ചാമ്പക്ക, പുളി, പുളിങ്കുരു തുടങ്ങി കറുകയില വരെ അതില്‍ പെടും. പുറത്തു നിന്ന് ഒന്നും കഴിക്കരുതെന്ന അമ്മയുടെ ഉപദേശം നാല് വീട് കഴിയുമ്പോളേക്കും കാറ്റില്‍ പറത്തുമായിരുന്നു..

കാലന്റെ രണ്ടു പോക്കറ്റും സഞ്ചി പോലെയാണ് ഇരിക്കാറ്. ദിവസവും ഇതെല്ലം കിട്ടുന്നത് കൊണ്ട് കാലന് നാല് അസ്സിസ്ടന്റ്സും ഉണ്ടായിരുന്നു, 

തടിയന്‍ റിഷി, പോസ്റ്റ്‌ ബിനു, കഴുത ജിജോ, പാറ്റ പ്രവീണ്‍ .. 




കാലനോട്‌ കടുത്ത വൈരാഗ്യമുണ്ടെങ്കിലും ഉള്ളിന്ടെയുള്ളില്‍ എനിക്കവനോട് അസൂയയായിരുന്നു.. 

ആകാശം മുട്ടെ ഉയരത്തില്‍ നില്‍ക്കുന്ന നാരായണന്‍ വല്യച്ഛന്റെ പ്രിയോര്‍ മാവില്‍നിന്നു കാലന്‍ മാങ്ങ എറിഞ്ഞിടുന്നത് ഞങ്ങള്‍ ആരാധനയോടെയാണ് നോക്കി നില്‍കാറ് ..

അത് പോലെ തീപ്പെട്ടി പടം കളിയില്‍ കാലനെ വെല്ലാന്‍ സ്കൂളിലൊരു കുഞ്ഞു പോലുമില്ല .. ഹിന്ദി സിനിമയിലെ കള്ളക്കടത്ത്കാരുടെ മുഖഭാവമാണ് കളി ജയിക്കുമ്പോള്‍ കാലന് ..

സ്കൂളിലെ പ്രധാന റൌഡിയായിരുന്ന പോത്തന്‍ രഞ്ജിത്തിനെ സ്ലെറ്റിനു തലക്കടിച്ചാണ് കാലന്‍ തന്റെ ആധിപത്യമുറപ്പിച്ചത് ..




ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്ക് കാലനെ കണ്ണെടുത്താല്‍ കണ്ടു കൂടാ.. സംഗീതക്കും അതെ.. ചാമ്പക്ക തന്നതിന്റെ പിറ്റേന്ന് വെള്ളം പേടിയുള്ള ഞാന്‍ മുട്ടോളം വെള്ളത്തിലിറങ്ങി ആമ്പല്‍പൂ പൊട്ടിച്ചത് അവളുടെ കവിളിലെ നുണക്കുഴി വിരിയുന്നത് കാണാനായിരുന്നു..




പിന്നീട് ഞാന്‍ ആഗ്രഹിച്ച ആ സംഭവം നടന്നു...

കാലനെ സ്കൂളില്‍ നിന്ന് പുറത്താക്കി!!

ക്ലാസ്സ്‌ അവസാനിക്കാന്‍ ഏതാനും ദിവസമെ ബാക്കിയുണ്ടായിരുന്നുള്ളൂ, സ്കൂള്‍ വളപ്പിലെ പൈന്‍ മരത്തിലൊന്നില്‍ കടന്നല്‍ കൂട് കൂട്ടി.. കുട്ടികള്‍ അതില്‍ കല്ലെറിയരുതെന്നു ഉണ്ടക്കണ്ണന്‍ സാറിന്റെ ഓടര്‍ നിലവിലുണ്ടായിരുന്നിട്ടു കൂടി കാലന്‍ അതെറിഞ്ഞു വീഴ്ത്തി.. സമയ ദോഷത്തിനു അത് വഴി വന്ന ഉണ്ടക്കണ്ണന്‍ സാറിനാണ് കുത്ത് മുഴുവന്‍ ഏറ്റത്. ഉണ്ടകണ് കുത്ത് കൊണ്ട് വീര്‍ത്തു, അങ്ങനെ പൊട്ടക്കണ്ണന്‍ എന്ന ഓമനപ്പേര് കൂടി കുട്ടികള്‍ ചാര്‍ത്തി കൊടുത്തു.

കാലനാണെങ്കില്‍ ഉണ്ടക്കണന്റെ സ്ഥിരം നോട്ടപ്പുള്ളിയും മറ്റു പല കേസുകളിലെ പിടികിട്ടാപ്പുള്ളിയും ആയിരുന്നു.

സ്കൂള്‍ വാര്‍ഷികത്തില്‍ നടത്തിയ ഉറിയടി മത്സരം നിയന്ത്രിക്കാനെത്തിയത് ഉണ്ടക്കണനായിരുന്നു..

" മാറി നില്‍ക്കെടാ കുട്ടികളെ അടി കിട്ടും" എന്നാക്രോശിച്ചു നാക്ക് തിരിച്ചു വായിലേക്കിടും മുന്‍പാണ് കാലന്‍ സാറിനെ അടിച്ചു താഴെയിട്ടത് . 

പക്ഷെ കണ്ണ് കെട്ടിയതിന്റെ ആനുകൂല്യം കാലന് കിട്ടി. അന്നേ സാറുന്നമിട്ടതാണ് കാലനെ. കടന്നല്‍ വിഷയം കൂടിയായപ്പോള്‍ അവനെ സ്കൂളില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു .




അവസാന ദിവസം എല്ലാവര്‍ക്കും ചാമ്പക്കയും കാരക്കയുംകൊടുതാണ് അവന്‍ യാത്ര പറഞ്ഞത്..

എനിക്കേറെ സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന് . എന്റെ ശത്രു ഇല്ലാതായിരിക്കുന്നു, ഇനി സംഗീതയ്ക്ക് മുന്നില്‍ അപമാനിതനാവില്ല..




പക്ഷെ, ദിവസങ്ങള്‍ കൂടുതല്‍ വിരസമാവുകയായിരുന്നു.. 

സ്കൂള്‍ യാത്രയുടെ നിറം കുറഞ്ഞു ..

മാധുര്യവും, പുളിയും, ചവര്‍പ്പും നഷ്ടമായി....




ക്ലാസ്സ് കഴിഞ്ഞതോടെ ഞങ്ങള്‍ അവിടെ നിന്നും താമസവും മാറി.. ഇനി പുതിയ സ്കൂള്‍ , പുതിയ കൂട്ടുകാര്‍ ,പുതിയ ടീച്ചേര്‍സ്..

അടുത്ത വീട്ടുകാരോടൊക്കെ നേരത്തെ തന്നെ യാത്ര പറഞ്ഞു. പോകുന്നതിനു തലേ ദിവസമാണ് അമ്മയോട് കാലനെ സ്കൂളില്‍ നിന്ന് പുറത്താക്കിയ കഥ പറഞ്ഞത് .

അമ്മ എന്നെ ശാസിച്ചു !

" അവനെ നീയിനി അങ്ങനെ വിളിക്കരുത് ,അവന്‍ അച്ഛനില്ലാത്ത കുട്ട്യല്ലേടാ.."

ഞാനപ്പോളാണ് അവന്റെ കഥയറിയുന്നത് .. 

അവനെ പ്രസവിക്കുന്നതിനു മുന്‍പേ അമ്മയെ അച്ഛന്‍ ഉപേക്ഷിച്ചുവത്രേ ..

അവന്‍ അച്ഛന്റെ മുഖം കണ്ടിട്ടില്ല.

അവന്റെ അമ്മ വീടുകളില്‍ പണിയെടുതിട്ടാണ് കുടുംബം നോക്കുന്നത് .. അവനും അമ്മയെ സഹായിക്കുമത്രേ, വൈകുന്നേരം കടകളില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നില്കും മനോജ്‌ ..

എന്റെ പ്രായമുള്ള ഒന്‍പതു വയസ്സുകാരന്‍ പണിയെടുത്ത് ജീവിക്കാന്‍ പണമുണ്ടാക്കുന്നു !!




അവനോടുണ്ടായിരുന്ന അവജ്ഞയും വെറുപ്പും വിദ്വേഷവും ഒരു നിമിഷം കൊണ്ട് ഉരുകിയില്ലാതായി .. അമ്മയുടെ മടിയില്‍ കിടന്നു ഞാന്‍ കരഞ്ഞു .

നാളെ പോകും അതിനു മുന്‍പ് അവനോടു യാത്ര പറയണം ..




***

അവന്റെ വീടിനു മുന്നില്‍ നിന്ന് വിളിച്ചിട്ട് ആരെയും കാണുന്നില്ല, വാതില്‍ തുറന്നു കിടപ്പുണ്ട് ..

ആദ്യമായി അവന്റെ വീട്ടിലേക്കു ഞാന്‍ കയറി.. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടാണ്, പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം നന്നായി അകത്തു കയറുന്നുണ്ട് .

മുറിയുടെ മൂലയില്‍ ഒരു കീറപ്പായില്‍ പനി പിടിച്ചു കിടക്കുകയാണ് മനോജ്‌ ..

അവന്‍ എന്നെ നോക്കി ചിരിച്ചു.. മിഴികളില്‍ ആശ്ചര്യം

" നീ "

ഞങ്ങള്‍ ഇവിടെ നിന്ന് പോകുവാണ്.. ഇനി കാണില്ല ..

" എനിക്ക് പനിയാടാ, നീ അടുത്ത് വരണ്ട" നെറ്റിയിലെ നനഞ്ഞ തുണിയില്‍ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു ..

ഞാന്‍ ഓര്‍ത്തു, എനിക്കൊരു പനി വന്നാല്‍ പിന്നെ അമ്മയുടെ മടിയില്‍ നിന്നിറങ്ങില്ല.. എന്തിനും ഏതിനും അമ്മ വേണം , ഭക്ഷണം വാരി തരണം , കഥകള്‍ കേള്‍ക്കണം, അമ്മ അടുത്ത് നിന്ന് പോകാനേ പാടില്ല ... സമയത്തിന് ഭക്ഷണം,മരുന്ന് ...




ഇവിടെ ആരുമില്ലാതെ നെറ്റിയില്‍ ഒരു കഷണം നനഞ്ഞ തുണിയുമായി കീറപ്പായില്‍ കിടക്കുകയാണ് എന്റെ സ്നേഹിതന്‍ ..

അവനോടു സംസാരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല .. 

നീ ഇനി പഠിക്കുന്നില്ലേടാ ?

" ഓ എന്തിനാട പഠിച്ചിട്ട്, കടയില്‍ നിന്ന് കാശ് കിട്ടുന്നുണ്ട്‌ അത് മതി "

ഞാന്‍ യാത്ര പറഞ്ഞു ..

പോകാന്‍ തുനിഞ്ഞ എന്നോട് അവന്‍ പറഞ്ഞു " നിനക്ക് ഞാനൊരു സാധനം തരാം "

ഞാന്‍ ആകാംഷയോടെ അവനെ നോക്കി ..

കടലാസില്‍ പൊതിഞ്ഞ ഒരു കെട്ടു തീപ്പെട്ടിപ്പടം, കൂടൊരു മിട്ടായിയും !!

അതവനു കടയില്‍ നിന്ന് കിട്ടിയതാണ് .




ഞാന്‍ നടന്നു 

വായില്‍ അവന്‍ തന്ന മിട്ടായി അലിയുമ്പോള്‍ ആ മാധുര്യത്തില്‍ നോവുന്നത് എന്റെ കുഞ്ഞു മനസ്സായിരുന്നു ..

അലിഞ്ഞില്ലാതായത് "കാലന്‍ " എന്ന പേരും ...




***




എന്നില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കാലചക്രം കറങ്ങി .. മനോജും സംഗീതയും പുതിയ കൂട്ടുകാര്‍ക്ക് വഴിമാറി ..

ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മാല്യങ്കര കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കിടയില്‍ ഞാനാ പഴയ പച്ചപ്പാവാടക്കാരിയെ കണ്ടു ..

കാലം അവളില്‍ വരുത്തിയ മാറ്റങ്ങളിലും മാറാതെ നിന്നത് ആ സ്പ്രിംഗ് തലമുടിയാണ് ..

അടുത്ത് ചെന്ന് ഞാനവളോട് ചോദിച്ചു ,

" സംഗീതെ എന്നെ മനസ്സിലായോ ??"




എന്നെ മനസ്സിലായെന്നു അവളുടെ കണ്ണുകള്‍ വിളിച്ചു പറയുന്നുണ്ടായെങ്കിലും "മനസ്സിലായില്ലല്ലോ" എന്ന മറുപടിയാണ് കിട്ടിയത് .

ഞാന്‍ തിരിച്ചു നടന്നു .. 

എന്നും മഷിതണ്ടിനായി കൈ നീട്ടിയിരുന്ന,

സ്നേഹത്തോടെ എനിക്ക് ചാമ്പക്ക വച്ചു നീട്ടിയ,

എന്റെ പഴയ കളിക്കൂട്ടുകാരിക്ക് മുന്നില്‍ സ്വയം പഴങ്കഥ പറഞ്ഞ് പരിചയം പുതുക്കാന്‍ എന്തോ മനസ്സനുവദിച്ചില്ല ..

പിന്നീട് രണ്ടു തവണ കണ്ടപ്പോളും ആദ്യം പറഞ്ഞ കള്ളത്തിന്റെ വൈഷമ്യം അവളുടെ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തു .. 

പിന്നീട് സംഗീതയെ മറവി എന്ന ചവറ്റു കൊട്ട സ്വന്തമാക്കി.. 




പഠനമെല്ലാം കഴിഞ്ഞു ജോലിയില്‍ കയറിയതിനു ശേഷമാണ് ഞാന്‍ ഒത്തിരി സന്തോഷിച്ച ആ സംഭവം ഉണ്ടായത് ..

ഒരു ഹര്‍ത്താല്‍ ദിവസം കോതമങ്കലതുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്ര മധ്യേയാണ് ഞാന്‍ ആ ഹോട്ടലില്‍ കയറിയത് .. ചായ കുടിക്കാത്ത ഞാന്‍ അന്നെന്തോ ഒരു ചായ ആവശ്യപ്പെട്ടു, സമയമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ ദേഷ്യത്തോടെ ചായ ഉണ്ടാക്കുന്നയാളെ നോക്കി,വളരെ ശ്രദ്ദിച്ചാണ് അയാളോരോന്നും ചെയ്യുന്നത് ഇടക്ക് എന്നെയും നോക്കുന്നുണ്ട് , സൌമ്യനായ ഒരു യുവാവ് .. കുറച്ചു നേരം അയാളെ നോക്കിയിരുന്നിട്ട് ഞാന്‍ ദേഷ്യത്തോടെ വിളിച്ചു ..

" എടാ കാലാ ഒരു ചായ താടാ "

കാലന്‍ മനോജ്‌ ഞെട്ടലോടെ എന്നെ നോക്കി ...




പിന്നെ ഞങ്ങള്‍ വിശേഷങ്ങളുടെ കെട്ടുകളഴിച്ചു .... 

ആ പഴയ ആമ്പല്‍ കുളവും തോടുകളും പുല്‍ വരമ്പുകളും നിറഞ്ഞ നട വഴികളിലൂടെ ഒത്തിരിയൊത്തിരി ദൂരം സഞ്ചരിച്ചു ..




ഇപ്പോളും മരിക്കാത്ത ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുകയാണ് ആ പഴയ മഷിതണ്ടും ,ചാമ്പക്കയും , പച്ചപ്പാവാടയും, തീപ്പെട്ടി പടവുമെല്ലാം ...


Friday 18 November 2011

"റസിയാന്റെ പ്രേതം "



"നിന്റെ വാക്കുകളിലെ സ്നേഹം മരിച്ചപ്പോള്‍ തെറ്റിയത് എന്റെ ഹൃദയ താളമാണ് ."

ഒരു മുഴം കയറില്‍ തൂങ്ങിയാടുകയാണ് റസിയാന്റെ മരവിച്ച ശരീരം ...
ഞാന്‍ ഒരു പെണ്‍കുട്ടിയെ വഞ്ചിചിരിക്കുന്നു..
പ്രതീക്ഷയറ്റ അവളുടെ കണ്ണുകളില്‍ നിരാശയാണോ അതോ എന്നോടുള്ള പകയോ ?

ഞാന്‍ ഇറങ്ങിയോടി ...
കത്തുന്ന താഴ്വരയിലെ മിന്നുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഭ്രാന്തമായ എന്തിനെയോ പോലെ പായുകയാണ് മനസ്സ് ...
കൂരിരുട്ടില്‍ ആകാശം പിളര്‍ത്തി ഒരു കൊള്ളിയാന്‍ മുന്നില്‍ മിന്നി മറഞ്ഞു ..
കാതുകളില്‍ മുഴങ്ങുന്നത് അവളുടെ ശബ്ദമാണ് ,

" കയറില്‍ തൂങ്ങുന്നതിന് എത്രയോ മുന്‍പേ നീയെന്നെ കൊന്നു ... നിന്റെ വാക്കുകളാല്‍ എന്റെ ഹൃദയം മുറിഞ്ഞു രക്തം വാര്‍ന്നത് നീ കണ്ടില്ലെന്നു നടിച്ചു .."

നിന്റെ അകല്‍ച്ച എന്റെ പ്രാണനില്ലാതാക്കുമെന്ന് അറിയാമായിരുന്നിട്ടു കൂടി നീയെന്നില്‍ നിന്നകന്നു ...

ഞാന്‍ ചെവി പൊത്തി..

അവളുടെ വാക്കുകള്‍ കാരമുള്ളു പോലെ തുളചിറങ്ങുന്നത് എന്റെ ഹൃദയത്തിലേക്കാണ് ..
" നക്ഷത്രങ്ങള്‍ പൂക്കുന്ന താഴ്‌വരയില്‍ പരസ്പരം കൈകോര്‍ത്ത്, ഹൃദയ താളങ്ങള്‍ക്കു കാതോര്‍ത്തു എത്രയെത്ര പകലുകള്‍ ... " ഈ പുല്‍നാമ്പിലെ മഞ്ഞു കണങ്ങള്‍ പോലെ പവിത്രമാണ് നമ്മുടെ പ്രണയമെന്ന് എത്ര വട്ടം നീയെന്റെ കാതില്‍ പറഞ്ഞിരിക്കുന്നു.. "

എന്റെ കാലുകള്‍ തളരുകയാണ് .. തൊട്ടു പിന്നില്‍ റസിയയുണ്ട് .. അവള്‍ക്കു വേണ്ടതെന്റെ അവസാന ശ്വസമാണ് .. അവളെന്നെ കൊല്ലും ..

നെറ്റിയിലുരുണ്ട് കൂടിയ വിയര്‍പ്പു മണികളുടെ നനവ്‌ ഭയമായി എന്നിലേക്ക്‌ അരിച്ചിരങ്ങുകയാണ്...
എനിക്ക് രക്ഷപ്പെടണം ..

ക്ഷേത്രക്കുളം കഴിഞ്ഞു ആല്‍തറ പിന്നിട്ടാല്‍ ഭീമന്‍ കോട്ട വാതിലാണ് .. നാലാള്‍ പൊക്കമുള്ള കോട്ടവാതില്‍ കടന്നു കിട്ടിയാല്‍ പിന്നെ ജനവാസമുള്ള പ്രദേശങ്ങളാണ് ..

നേരം വെളുക്കാരാകുന്നേയുള്ളൂ , ഈ വിജനതയില്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത് ആല്‍ മരത്തിലെ രക്തദാഹികളായ വവ്വാല്‍ക്കൂട്ടങ്ങളാണ് ..

ഇനി രക്ഷപ്പെടാനാവില്ല ..
തീ തുപ്പിയലറുന്ന ഒരു കൂട്ടം തെയ്യങ്ങള്‍ എനിക്ക് ചുറ്റും നിരന്നിരിക്കുന്നു ..
അതാ തൊട്ടു മുന്നില്‍ കോട്ട വാതിലില്‍ ചാരി, എന്നെയും നോക്കികൊണ്ട്‌ അവള്‍ ...
എന്നിലേക്ക്‌ പടര്‍ന്നു കയറുകയാണ് അവളുടെ കൈകള്‍ ...
അവളുടെ ശ്വാസത്തിന് പാല പൂത്ത ഗന്ധമില്ല , ഒരുതരം മടുപ്പിക്കുന്ന രക്ത ഗന്ധം ..

" നീയും മരിക്കണം "
അവളുടെ മരവിച്ച നീണ്ട വിരലുകള്‍ എന്റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ് ...
അവളുടെ കണ്ണിലെ പക തീരണമെങ്കില്‍ എന്റെ ശ്വാസം നിലക്കണം...
എന്റെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകുകയാണ് .. "ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ... എനിക്ക് ജീവിക്കണം .."
സര്‍വ്വ ശക്തിയുമെടുത്തു ഞാനവളെ തള്ളി മാറ്റി ..

തെറിച്ചു വീണ തലയിണയും താഴെ വട്ടം കറങ്ങുന്ന വെള്ളം കുപ്പിയുമാണ് എന്നെ ഉണര്‍ത്തിയത് ..

"ജീവിതം തിരിച്ചു തന്നിരിക്കുന്നു സ്വപ്നം "
ഭാഗ്യം തൊണ്ട നനക്കാനുള്ള വെള്ളമുണ്ട് കുപ്പിയില്‍ ..

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ്‌ റസിയയെ ഞാന്‍ ആദ്യമായി കാണുന്നത് , അവളിപ്പോള്‍ ആരെയും ശല്യപ്പെടുത്താതെ ഞങ്ങളുടെ ആശുപത്രി മോര്‍ച്ചരിയിലെ ഫ്രീസറിനുള്ളില്‍ ഉറങ്ങികിടക്കുകയാണ് ..

മുഖങ്ങള്‍ക്കു പിന്നിലെ കഥയന്വേഷിക്കുന്ന മനസ്സാണ് എന്നെ സ്വപ്നം കാണിച്ചു ഭയപ്പെടുത്തിയത് !

തണുത്തുറഞ്ഞു വാടിയ താമരതണ്ട് പോലെ ശാന്തയായ് ഉറങ്ങി കിടക്കുന്ന അവളുടെ കണ്ണുകള്‍ക്ക്‌ പക്ഷെ ഒരു വഞ്ചനയുടെ കഥ പറയാനുള്ളത് പോലെ തോന്നി ..
നേരം വെളുത്തിരിക്കുന്നു .. എനിക്കിന്നലെ നൈറ്റ്‌ ഡ്യൂട്ടിയായിരുന്നു , അപകടങ്ങള്‍ നിറഞ്ഞ ഒരു രാത്രിയാണ്‌ കടന്നു പോയത് .. ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല .. ആകെ കിട്ടിയ രണ്ടു മണിക്കൂറാണ് റസിയ തട്ടിയെടുത്തത് ..

എന്തിനായിരിക്കും അവള്‍ ആത്മഹത്യ ചെയ്തത് ??
അവളെന്നോട് പറഞ്ഞത് പോലെ സ്നേഹം മരിച്ച കുറെ വാക്കുകളായിരിക്കുമോ അവളുടെ ജീവനെടുത്തത് ??

വാക്കുകളില്‍ സ്നേഹമുണ്ട് , ജീവിതമുണ്ട് അത് പോലെ തന്നെ മരണവും ... ഏതാനും വാക്കുകള്‍ക്കു ഒരാളുടെ ജീവിതത്തില്‍ പ്രത്യാശയുടെ തിരി തെളിക്കാന്‍ കഴിയും,മാനസികമായി തളര്ത്താനും കഴിയും ..

റസിയ ഉത്തരമില്ലാത്ത ഒരു കടങ്കഥയായി അവശേഷിക്കുന്നു .....
ആത്മഹത്യ ഒരു കൊലപതകമല്ലേ ??

കുറച്ചു വാക്കുകള്‍ കൊണ്ട് ഒരാളെ കൊന്നാല്‍ അത് ആത്മഹത്യയാകുമോ ???
 

എന്റെ ക്യാമ്പസ്‌ പ്രണയവും ഒരു റാഗിങ്ങും


കാന്റീനില്‍ ആരോ ഓര്‍ഡര്‍ ചെയ്ത പരിപ്പ് വടയും നോക്കിയിരിക്കുമ്പോളാണ്‌ ഒരു സുഹൃത്ത് ഓടി വന്നു ആ സന്തോഷ വാര്‍ത്ത‍ പറഞ്ഞത് .. "നാളെ ജൂനിയേര്‍സ്‌ വരുന്നു"..

ഹോ.. സെക്കന്റ്‌ ഇയര്‍ ആയി,അങ്ങനെ പ്രീ ഡിഗ്രിക്ക് ശേഷം വീണ്ടും സീനിയേര്‍സ് ആയിരിക്കുന്നു . നല്ല പെണ്‍കുട്ടികള്‍ ഉണ്ടായാല്‍ മതിയായിരുന്നു, പരിപ്പ് വട കടിച്ചു കൊണ്ടുള്ള സുഹൃത്തിന്റെ ആത്മഗതം..

പിറ്റേ ദിവസം അതിരാവിലെ സ്റ്റാര്‍ ജെറ്റിന് തന്നെ കോളേജില്‍ എത്തി.. പിന്നെയങ്ങോട്ട് കറക്കം മുഴുവന്‍ ജുനിയെര്സിന്റെ ക്ലാസിനു മുന്നിലൂടെ ആയിരുന്നു.. അങ്ങനെ ആ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയെ നോട്ടമിടുകയും ചെയ്തു.. ഒടുവില്‍ ആ സുദിനം വന്നെത്തി, വെല്‍ക്കം പാര്‍ട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കുഞ്ഞു റാഗിങ്ങ് പാര്‍ട്ടി.. ഞാന്‍ ജൂനിയെര്സിനിടയില്‍ പരതി നോക്കി ആ കുട്ടിയെ, അവള്‍ അവിടെ പകച്ചിരുപ്പുണ്ട്.. അവളോട്‌ ചോദ്യങ്ങള്‍ ഞാന്‍ തന്നെ ചോദിക്കുമെന്ന ധാരണ മുന്‍പേ തന്നെ ഞാന്‍ പറഞ്ഞുറപ്പിച്ചിരുന്നു,
ഒടുവില്‍ അവളുടെ ഊഴവും എത്തി.. അവളുടെ മുഖത്ത് നോക്കിയപ്പോള്‍ വിചാരിച്ച ചോദ്യങ്ങള്‍ ചോദിക്കാനും കഴിഞ്ഞില്ല, എന്റെ തുടരെയുള്ള ചോദ്യങ്ങള്‍ക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു അവളുടെ മറുപടി..
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു,
ഇനിയവളുടെ മുഖത്ത് നോക്കി ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അത് വലിയ കുറചിലാകുമെന്നു കരുതി, അതുമല്ല എന്നോട് നല്ല ദേഷ്യവും കാണുമായിരിക്കും.. പക്ഷെ പിറ്റേ ആഴ്ച മനസ്സിലൊരു കുളിര്‍ മഴ പെയ്യിച്ചു കൊണ്ട് അവള്‍ എന്നെ നോക്കി ചിരിച്ചു !!
എന്നെ കന്ടേനിലെക്കു വലിച്ചു കയറ്റി രണ്ടു കട്ലെയ്ടിനു ഓര്‍ഡര്‍ കൊടുത്ത് സുഹൃത്ത് പറഞ്ഞു " വീണു മോനെ"..

പിന്നെ പ്രണയം തുറന്നു പറയാനുള്ള ശ്രമങ്ങളായിരുന്നു.. എന്തിനധികം പറയണം എല്ലാം പാളി!!
അപ്പോളാണ് എന്റെ നല്ലവരായ സുഹൃത്തുക്കള്‍ ആ ഐഡിയ പറഞ്ഞത് " നമുക്ക് മാല്യങ്കര ഷാപ്പില്‍ പോയിരുന്നു ആലോചിക്കാം " ആ ഐഡിയക്ക് ഭൂരിപക്ഷ പിന്തുണ കിട്ടി ..
ഒരു പ്രണയത്തിനു ഷാപ്പിന്റെ പങ്കിനെക്കുറിച് അന്നാണ് എനിക്ക് ബോധ്യമായത് ..
തിരിച്ചു കോളേജില്‍ എത്തിയപ്പോള്‍ അതാ കാന്റീനില്‍ നിന്ന് അവള്‍ ഇറങ്ങി വരുന്നു.. ഇന്നു പറഞ്ഞിട്ട് തന്നെ കാര്യം..
പെട്ടന്ന് ഞാന്‍ യാദാര്‍ത്ഥ്യം മനസ്സിലാക്കി!! എന്നോടൊപ്പം ഷാപ്പ്‌ ലേലത്തിനു വന്ന ഒരുത്തനെയും കാണുന്നില്ല.. റോഷി ചേട്ടന്റെ കള്ളാണ് ആകെ ഒരു ധൈര്യം..
ഉള്ള ധൈര്യം സംഭരിച്ചു ഞാന്‍ അവളോട്‌ ചോദിച്ചു..
"എന്താ ക്ലാസ്സില്ലേ" ?
ഇല്ല.. എന്തെ ?? അവള്‍ എന്നോട് ..
ഏയ് ഒന്നുമില്ല ...
ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ അവള്‍ നടന്നു പോയി ..

വിചാരിച്ച പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്ന് എനിക്ക് മനസ്സിലായി .. ടെക്ക്നോലോജിയാണെങ്കില്‍ ഇത്ര കണ്ടു വികസിചിട്ടുമില്ല (മൊബൈല്‍ ഫോണ്‍ ഇറങ്ങിയിട്ടില്ല )
ദിവസങ്ങള്‍ പിന്നെയും കൊഴിഞ്ഞു വീണു...

പ്രണയ ചര്‍ച്ചകള്‍ ഒരുപാട് പരിപ്പ് വടകളും ചായകളും കവര്‍ന്നു മുന്നേറി..
"ദാ ഇപ്പൊ ശരിയാക്കിത്തരാം " എന്ന് പറഞ്ഞ അലവലാതികള്‍ കാല് മാറി ..
ഒടുവില്‍ ഞാന്‍ പിന്മാറാന്‍ തന്നെ തീരുമാനിച്ചു, വെറുതെ ഒരാളുടെ പിന്നാലെ നടന്നു പ്രണയിച്ചു തീര്‍ക്കാനുള്ളതല്ല മഹത്തായ കോളേജ് ജീവിതം എന്ന തത്വം മനസിലാക്കി മറ്റു പല കലാപരിപാടികളിലും സജീവമായി ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്യാമ്പസ്‌ ജീവിതം അടിച്ചു പൊളിച്ചു പോകുമ്പോളാണ് അവളുടെ സുഹൃത്ത് സൌമ്യ ആ ഞെട്ടിക്കുന്ന വിവരം പറഞ്ഞത് ..
" അവള്‍ക്കു നിന്നെ ഭയങ്കര ഇഷ്ടാണ്"

എന്റെ ക്യാമ്പസ്‌ പ്രണയം പൂവിട്ടിരിക്കുന്നു !!

ഞാന്‍ ഓടി .. ക്ലാസ്സിലേക്ക് നടക്കുകയായിരുന്ന അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു ,
"എവിടെയാ വീടു?"
പറവൂര്‍
"ഞാനും പറവൂര്‍ വഴിയാണ് പോകുന്നത്, ഇനി നമുക്ക് ഒരുമിച്ചു പോകാം ല്ലെ??? "
അവള്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു .. "പോകാം "

ആ യാത്ര ഇന്നു പത്തു വര്ഷം പിന്നിടുന്നു..
ഇപ്പോള്‍ റാഗിങ്ങ്നോട് എനിക്ക് കടുത്ത എതിര്‍പ്പാണ് .....

"വെറും അഞ്ചു മിനിറ്റു റാഗ് ചെയ്ത എന്നെ അവള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി റാഗ് ചെയ്തു കൊണ്ടിരിക്കുന്നു..."

വസുമതിയമ്മ


"സ്നേഹത്തിന്റെ വില, അത് സ്നേഹിക്കുന്നവനെ അറിയൂ , അത് പോലെ തന്നെയാണ് മോനെ കാത്തിരിപ്പും " ആശുപത്രി കിടക്കയില്‍ തകര്‍ന്ന കാലുമായി കിടന്നു കൊണ്ട് എന്റെ കൈ നെഞ്ചോട്‌ ചേര്‍ത്ത് വസുമതിയമ്മ പറയുകയാണ് ... " സ്നേഹിക്കാനും കാത്തിരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടെന്ന പ്രതീക്ഷയാണ് മോനെ നമ്മളെ ജീവിതത്തില്‍ മുന്നോട്ടു നയിക്കുന്നത് "

"ന്റെ മോള്‍ വരും എന്നെ കാണാന്‍ "...

ഇവര്‍ എന്റെ ആരുമല്ല, പക്ഷെ അവരുടെ മോനെ എന്നുള്ള വിളി ഹൃദയതിലുടക്കി നില്‍ക്കുന്നു , ചിന്തകളില്‍ ഇവര്‍ വന്നു നിറയുന്നു ..

ഹോസ്പിറ്റല്‍ അട്മിനിസ്ട്രഷനില്‍ പിജി പൂര്‍ത്തിയാക്കിയ ശേഷം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന കാലമാണ് ,ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു
വേദനിക്കുന്ന മനസ്സുകളോടും, നൊമ്പരപ്പെടുത്തുന്ന ഒര്മകലോടുമോപ്പമാണ് ജീവിതം.. ജോയിന്‍ ചെയ്തു രണ്ടു മാസത്തിനുള്ളില്‍ തന്നെ എന്റെ അഹങ്കാരങ്ങളെ മുഴുവന്‍ കഴുകിക്കളഞ്ഞു അവിടത്തെ പച്ചയായ കാഴ്ചകള്‍ ..
പലരുടെയും ജീവിതത്തിലേക്കുള്ള തിരിച്ചു വരവുകളുടെയും കൊഴിഞ്ഞു പോക്കുകളുടെയും നടുവിലൂടെയാണ്‌ ഓരോ ദിവസവും കടന്നു പോകുന്നത് . കയറി ചെല്ലുന്ന ഓരോ മുറികളിലും സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരി തെളിയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു ,പ്രോഫഷനോട് വല്ലാത്ത പ്രണയം തന്നെയായിരുന്നു , ആശുപത്രി സ്വന്തം വീട് പോലെ തോന്നി തുടങ്ങിയിരുന്നു.

വസുമതിയമ്മയെ ആദ്യമായി കാണുന്നത് കാഷ്വാലിടിയില്‍ വച്ചാണ് , ബസ്സ് തട്ടി കാലുകള്‍ തകര്‍ന്നു അബോധാവസ്ഥയില്‍ ആരൊക്കെയോ ചേര്‍ന്ന് കൊണ്ടുവന്നതാണ് അവരെ .. അവരുടെ അഡ്രസ്‌ ചോദിച്ചരിയാനുള്ള എന്റെ ശ്രമങ്ങലോക്കെയും പരാജയപ്പെട്ടു . ഇടക്ക് ബോധം വീഴുമ്പോള്‍ " മോളെ " എന്ന് വിളിച്ചു കരയുന്നുണ്ട് അവര്‍ . ആര്‍ക്കും വ്യക്തമായ ഒരു ധാരനയില്ലയിരുന്നു അവരെ പറ്റി, കൊണ്ട് വന്നവരാണെങ്കില്‍ സ്ഥലം വിട്ടിരുന്നു, കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ കുറച്ചു മധുര പലഹാരങ്ങള്‍ മാത്രം.. എവിടെക്കോ ഉള്ള യാത്രയില്‍ പറ്റിയ അപകടമാണെന്ന് വ്യക്തം .. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും ഏറെ നേരം ഞാന്‍ കാത്തിരുന്നു അവര്‍ക്ക് വേണ്ടി, പക്ഷെ ഫലമുണ്ടായില്ല.
വൈകിട്ട് വീട്ടിലെത്തിയിട്ടും മനസ്സില്‍ നിന്നും നിസ്സഹായയായ ആ അമ്മയുടെ മുഖം മായുന്നില്ല.. പിറ്റേ ദിവസം കാഷ്വാലിടിയില്‍ ഓടിയെത്തി ആദ്യം അന്വേഷിച്ചത് അവരെയാണ് ..

" അവരെ സര്‍ജിക്കല്‍ ഐ സി യു വിലേക്ക് മാറ്റി , ക്യാഷ് ഒന്നും അടച്ചിട്ടില്ല , പുലിവാല്‍ ആകുമെന്ന് തോന്നുന്നു " സിസ്റ്റര്‍ പറഞ്ഞു
നാലാം നാള്‍ വസുമതിയമ്മയെ വാര്‍ഡിലേക്ക് മാറ്റി, അന്ന് അവരുമായി ഒരുപാടു നേരം സംസാരിച്ചു, അവര്‍ക്ക് ആകെ ഒരു മകളാനുല്ലത്,മകളുടെ കുട്ടിയെ കാണാന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത് . മകളോട് പറഞ്ഞിട്ട് ഇതുവരെ വന്നിട്ടില്ല.. കണ്ണ് തുടച്ചു കൊണ്ട് അവര്‍ പറഞ്ഞു , അവരെ ആശ്വസിപിചിട്ട് ഞാന്‍ വാര്‍ഡില്‍ നിന്നിറങ്ങി ' മകള്‍ തീര്‍ച്ചയായും വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോട് പറഞ്ഞോളു'

പിറ്റേന്ന് ആരോ വന്നിട്ട് കുറച്ചു രൂപയടച്ചിട്ടു പോയി, മകള്‍ മാത്രം വന്നില്ല.. വാര്‍ഡില്‍ എത്തിയപ്പോള്‍ അടുത്ത ബെഡില്‍ ഉള്ളവരാണ് പറഞ്ഞത് ' അവര്‍ ഇന്നു ഒന്നും കഴിച്ചിട്ടില്ല '
കരഞ്ഞിരിക്കുന്ന അവരുടെ മുന്നിലേക്ക്‌ ഭക്ഷണം നീട്ടിയപ്പോള്‍ , വിറയാര്‍ന്ന വാക്കുകള്‍ കൊണ്ട് അവര്‍ പറഞ്ഞു ' എനിക്ക് ഒന്നും വേണ്ട മകളെ ഒന്ന് കണ്ടാല്‍ മതി ' ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അല്പം ഭക്ഷണം അവര്‍ കഴിച്ചു.. പിന്നീട് ദീര്‍ഘനേരം സംസാരിച്ചു, ജീവിതത്തെയും ബന്ധങ്ങളെയും പറ്റി വളരെ മനോഹരമായി സംസാരിച്ചു കൊണ്ട് എന്നെ ആശ്ച്ചര്യപെടുതി അവര്‍ ..

ഇവര്‍ ആരാണെനിക്ക് ?? വെറും നിസ്സാര ദിവസങ്ങള്‍ക്കുള്ളില്‍ എന്നെ മകനാക്കി മാറ്റിയിരിക്കുന്നു ഇവര്‍ , മാതൃ സ്നേഹം തുളുമ്പുന്ന വാക്കുകള്‍ കൊണ്ട് എന്റെ അമ്മയായി മാറിയിരിക്കുന്നു ...
അടുത്ത ആഴ്ച എന്റെ വിവാഹമാണ് .. നാളെ മുതല്‍ ലീവ് ആണ് .. ഞാന്‍ യാത്ര ചോദിച്ചു , അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞു എന്നെ യാത്രയാക്കി അവര്‍ ..

ഒരാഴ്ചത്തെ ലീവിന് ശേഷം തിരിചെതിയപോളാണ് ആ വിവരം അറിഞ്ഞത്‌.. ആരോഗ്യം മോശമായതിനെതുടര്‍ന്നു അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്രേ, പോകും മുന്‍പേ എന്നെ അവര്‍ അന്വേഷിച്ചിരുന്നു.. രണ്ടു ദിവസം മുന്‍പാണ്‌ പോയത് .. കുറച്ചു സീരിയസ് ആണ് ..

മനസ്സ് ഒന്ന് പിടഞ്ഞു .. എന്തായാലും കാണണം.. ഞാന്‍ യാത്ര തിരിച്ചു, പാതി വഴി പിന്നിട്ടപോള്‍ കാള്‍ വന്നു " വസുമതിയമ്മ യാത്രയായി "

കൈ കാലുകള്‍ക്ക് ഒരു തരം മരവിപ്പ് പോലെ .. കണ്ണിലെ മൂടല്‍ കണ്ണു നീരായ് കിനിഞ്ഞിറങ്ങി ..
മരവിച്ച ആ മുഖം എനിക്ക് കാണേണ്ട , എങ്കിലും ഹോസ്പിറ്റലില്‍ എത്തി .. അവിടെ ഒരു തര്‍ക്കം നടക്കുകയാണ് .. ഹോസ്പിടല്‍ അധികൃതരും ബന്ധുക്കളെന്ന് അവകാശപെട്ടു എത്തിയ കുറച്ചു ആളുകളും തമ്മില്‍ .. കൂട്ടത്തില്‍ മാറി നില്‍ക്കുന്ന സ്ത്രീ ജന്മം മകളാണെന്ന് ഉറപ്പാണ്‌ ..
ബോഡി വിട്ടു കൊടുക്കണമെങ്കില്‍ എഴുപതിനായിരം രൂപ കൊടുക്കണം.. ബന്ധുക്കള്‍ ഓരോരുത്തരും ബില്‍ കൈമാറി പതിയെ അപ്പ്രത്യക്ഷരായി .. ഒടുവില്‍ ഹോസ്പിടല്‍ ഒത്തു തീര്‍പിനു തയ്യാറായി.. എല്ലാം ഒഴിവാക്കാം മരുന്നിന്റെ തുകയായ പതിനായിരം മാത്രമടച്ചാല്‍ മതി, അല്ലെങ്കില്‍ ബോഡി മെഡിക്കല്‍ കോളേജിനു വിട്ടു കൊടുക്കാം , വിദ്യാര്‍ത്ഥികള്‍ക്കായി ..
ആലോചിക്കാതെ ഉത്തരം പറഞ്ഞു ആ പെണ്‍കുട്ടി, " വിട്ടു കൊടുക്കാം " .

മരവിച്ച മനസ്സുമായി ഞാന്‍ തിരിച്ചു നടന്നു.. സ്റ്റെപ്പിറങ്ങി നീണ്ട ഇടനാഴി തിരിയുമ്പോള്‍ അതാ മുന്നില്‍ ചിരിച്ചു കൊണ്ട് വസുമതിയമ്മ
" നീ വന്നല്ലോ സന്തോഷമായി മോനെ "
ഇല്ല എന്റെ തോന്നലാണ് .. വെറും തോന്നല്‍ മാത്രം .. ആരുമില്ല അടുത്തെങ്ങും ,
പക്ഷെ ആ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നുണ്ട് ..
പിന്നിട്ട നാളുകളില്‍ പങ്കുവച്ച സ്നേഹത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി അവിടെ നിന്നും യാത്ര തിരിച്ചു , നനുങ്ങനെ മഴ പെയ്യുനുണ്ട് , ചെറിയ കാറ്റും , ജീവിതത്തിലൊരു നഷ്ടപ്പെടല്‍ കൂടി ..
മഴ മാറുമ്പോള്‍ വെയില്‍ വരും അത് നനവിനെ ഉണക്കും ..
പക്ഷെ മരിച്ചാലും മരിക്കില്ല കുറെ നല്ല ഓര്‍മകളും സ്നേഹം നിറഞ്ഞ വാക്കുകളും ...

‎"കാവേരി "



പാളം വിഴുങ്ങി കുതിച്ചു പായുകയാണ് ട്രെയിന്‍ .. കാറ്റിലുലയുന്ന വൃക്ഷത്തലപ്പുകളില്‍ നിന്ന് ആകാശ നീലിമയിലേക്ക്‌ കണ്ണുകളെ പറിച്ചു നട്ട് യാത്ര ആസ്വദിക്കുമ്പോളാണ് കാതുകളെ തഴുകി ആ ശബ്ദം എത്തിയത് .. " കണ്കള്‍ ഇരണ്ടാല്‍ ... ഉന്‍ കണ്കള്‍ ഇരണ്ടാല്‍ .." അടുത്ത കമ്പാര്‍ട്ടുമെന്റില്‍ നിന്നാണെന്ന് തോന്നുന്നു, കുറെ കാത്തിട്ടും ശബ്ദം അടുത്ത് വരുന്നില്ല, ഞാന്‍ വീണ്ടും വഴിയോര കാഴ്ചകളിലേക്ക് മുഖം തിരിച്ചു,പതുക്കെ മയക്കത്തിലെക്കും..
ഒരു തകരപ്പാത്രത്തിന്റെ കിലുക്കമാണ് എന്നെ ഉണര്‍ത്തിയത് , നോക്കുമ്പോള്‍ മുന്നില്‍ "അവര്‍ "

മുഷിഞ്ഞു കീറിയ മുട്ടോളമെത്തുന്ന ബനിയനിട്ട് ഒരു അഞ്ചു വയസ്സുകാരന്‍ .. അവനു പിന്നിലായാണ് അവള്‍ നിന്നിരുന്നത് ..

" കാവേരി " അതാണ് ഞാന്‍ അവള്‍ക്കിട്ട പേര് ..

ദൈന്യത നിറഞ്ഞ കുഴിയിലാണ്ട കണ്ണുകള്‍ , എല്ലുന്തിയ ദേഹവും പാറിപ്പറക്കുന്ന ചെമ്പന്‍ തലമുടിയുമായി ഒരു മനുഷ്യക്കോലം ,ഒരു ഒന്‍പതു വയസ്സ് കാണുമായിരിക്കും അവള്‍ക്കു, ഇവളാണ്‌ ഞാന്‍ നേരത്തെ തേടിയ പാട്ടുകാരി ..

എല്ലാവരുടെയും ശ്രദ്ധ അവരിലാണ്‌ .. എതിര്‍വശത്തിരിക്കുന്ന കട്ടികണ്ണട വച്ച താടിക്കാരന്‍ പുച്ഛത്തോടെ അവരെ ഒന്ന് നോക്കിയിട്ട് ഇന്ത്യന്‍ എക്സ്പ്രെസ്സിനുള്ളില്‍ മുഖം പൂഴ്ത്തി ..

കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെ കാണുന്ന ആശ്ചര്യത്തോടെ അവരെ ഉറ്റു നോക്കുകയാണ് അടുത്തിരിക്കുന്ന ഏഴു വയസ്സുകാരന്‍ ..
കമ്പാര്ട്ടുമെന്റിന്റെ അറ്റത്തായി വാഷ്‌ ബേസന് താഴെ ഇരിക്കുന്ന ഒറ്റക്കൈയുള്ള സ്ത്രീരൂപം അവരുടെ അമ്മയാവാനാണ് സാധ്യത ..
കാവേരി പാടാന്‍ തുടങ്ങുകയാണ് ...

കാറ്റു മുറിച്ചു ചീറിപ്പായുന്ന തീവണ്ടിയോച്ചയെ മറികടന്ന് അവളുടെ " കണ്കള്‍ ഇരണ്ടാല്‍ " കമ്പാര്ട്ടുമെന്ടു നിറഞ്ഞു ..
ഒറ്റ നോട്ടത്തില്‍ ഭയപ്പെടുത്തുന്ന രൂപമാണ്‌ അവള്‍ക്കെങ്കിലും എന്തോ ഒരു പ്രത്യേകത ആ മുഖത്തുണ്ട് .. നൊമ്പരപ്പെടുത്തുന്ന എന്തോ ഉണ്ട് അവളുടെ പാട്ടില്‍ ..
അവളില്‍ നിന്ന് കണ്ണു പറിക്കാന്‍ കഴിയുന്നില്ല ..
ഒടുവില്‍ പാട്ടവസാനിപ്പിച്ചു കിട്ടിയ നാണയ തുട്ടുകളുമായി അമ്മക്കരികിലേക്ക് പിന്‍വാങ്ങിയിരിക്കുന്നു കൊച്ചു കാവേരി ..

കണ്ണുകള്‍ പിന്നെയും അവളില്‍ തന്നെ ഉടക്കി നില്‍ക്കുകയാണ് , കയ്യിലെ തുണി സഞ്ചിയില്‍ നിന്നും ഒരു കടലാസു പൊതി വളരെ ശ്രദ്ധയോടെ തുറന്നെടുക്കുകയാണ് അവള്‍ , ആരോ സമ്മാനിച്ച ഒരു ജിലെബിക്കഷണം...
അതു പകുത്ത് അനിയന് കൊടുത്ത്, ശേഷിച്ചതിന്റെ ഒരു ഭാഗം അമ്മയുടെ വായില്‍ വച്ച് കൊടുത്തിട്ട് ബാക്കി വന്ന പൊട്ടും പൊടിയും സംതൃപ്തിയോടെ വായിലേക്കിട്ട് ചിരിച്ച് അമ്മയുടെ മടിയില്‍ തല പൂഴ്ത്തി അവള്‍ ..

"ഇഷ്ടപ്പെട്ടത് പങ്കു വയ്ക്കുന്ന ത്യാഗമാണ് യഥാര്‍ത്ഥ സ്നേഹമെന്ന്" പഠിപ്പിക്കുകയാണ് കാവേരി ..

നോക്കിയിരിക്കെ അവളുടെ വൈരൂപ്യം സൌന്ദര്യമായി മാറുകയാണ് ..

കാവേരി , നീയാണ് യഥാര്‍ത്ഥ സുന്ദരി ..
വെറുതെ ആലോചിച്ചു പോയി അവളെപ്പറ്റി ..
ഇന്നലെ, .. തെരുവിന്റെ സന്തതിയായി ജനിച്ചു അവള്‍ ..
ഇന്ന് , .. ശപിക്കപ്പെട്ട ബാല്യം
നാളെ , എനിക്കുറപ്പാണ് ...
ഒരു കൂട്ടം കൊത്തിപ്പറിക്കുന്ന കഴുകന്‍ കണ്ണുകള്‍ക്ക്‌ നടുവില്‍ യൌവ്വനം ഹോമിച്ച്, ചിറകു കരിഞ്ഞ ഒരു ശലഭമായി ....................

ട്രെയിന്‍ തിരുവനന്തപുരം എത്തിയിരിക്കുന്നു , ഞാന്‍ ഇറങ്ങി നടന്നു, പായുന്ന നഗര തിരക്കിലേക്ക് ....
അടുത്ത തീവണ്ടിക്കൂടു തേടി എന്റെ കാവേരിയും ...

" ന്റെ അനിയത്തി " (സ്കൂള്‍ ഡയറി )




നിക്കൊരനിയത്തിയെ വേണം അമ്മെ ...

"മിണ്ടാതെ കിടന്നുറങ്ങെടാ ചെക്കാ "

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അമ്മ പുല്ലു വില കൊടുത്ത് തള്ളിയത് ..

ഒരു അനിയത്തിയുണ്ടെങ്കില്‍ എന്ത് രസമായിരിക്കും ..
ചേച്ചിയുമായി എന്നും മുട്ടന്‍ വഴക്കാണ് .. എന്റെയും ചേച്ചിയുടെയും മുറികള്‍ ഇന്ത്യയും പാക്കിസ്ഥാനും പോലെയാണ് , നുഴഞ്ഞു കയറിയാല്‍ അടിയുറപ്പാണ് .
ചേച്ചിക്കാനെങ്കില്‍ എന്നോട് തരി സ്നേഹം പോലുമില്ല.. എന്റെ കുറ്റങ്ങള്‍ വീട്ടില്‍ പറഞ്ഞ് എന്നെ തല്ലു കൊള്ളിക്കുക എന്നത് ചേച്ചിയുടെ ക്രൂര വിനോദങ്ങളില്‍ ഒന്നാണ് .

" ചേച്ചി ഒറ്റയ്ക്ക് സുഖിച്ചു വാണിരുന്ന സാമ്രാജ്യത്തിലേക്ക് വലിഞ്ഞു കയറി വന്ന അലവലാതി ചെറുക്കാനാണ് ഞാന്‍ "

ഞങ്ങളുടെ എല്ലാ തല്ല്, ബഹളങ്ങള്‍ക്കും ആദ്യം വെള്ളക്കൊടി കാണിച്ചു കീഴടങ്ങുന്നത് ഞാനാണ്‌ . " നാണമില്ലാതെ മിണ്ടിക്കൂടി വരുന്നവന്‍ " എന്ന അലങ്കാരം കൂടി ചേച്ചി എനിക്ക് ചാര്‍ത്തി തരാറുണ്ട് ..

എനിക്ക് സ്നേഹിക്കാന്‍ ആരുമില്ല ...
വീട്ടിലില്ലെങ്കില്‍ എന്ത് കൊണ്ട് ഒരനിയത്തിയെ പുറത്തു നിന്നു വാങ്ങി തന്നു കൂടാ എന്ന തികച്ചും ന്യായമായ എന്റെ അവശ്യം എന്തു കൊണ്ടിവര്‍ അംഗീകരിക്കുന്നില്ല ???

ക്ലാസ്സിലെ രജീഷിനും ഫഹദിനും പ്രവിക്കുമെല്ലാം അനിയത്തിമാരുണ്ട് ..
വാലിട്ടു കണ്ണെഴുതി ചന്തത്തില്‍ പൊട്ട് തൊട്ട്, നിറയെ മണികളുള്ള കൊലുസിട്ട ആ സുന്ദരിക്കുട്ടിയെ രജീഷ് കൈ പിടിച്ച് സ്കൂളില്‍ കൊണ്ടു വരുന്നത് കൌതുകത്തോടെ ഞാന്‍ നോക്കി നില്കാറുണ്ട്.. ഒപ്പം അതിരു കടന്ന അസൂയയോടെയും ..

ശിവന്റംബലത്തില്‍ നൂറു വട്ടം പ്രാര്‍ത്ഥിച്ചാല്‍ കാര്യം നടക്കുമത്രെ !!
അനൂപാണ് പറഞ്ഞത് , പൊതിരെ തല്ലിയതിന് കണക്കു മാഷിന്റെ കയ്യൊടിയാന്‍ പ്രാര്തിച്ചിട്ടു പിറ്റേന്ന് ബൈക്കില്‍ നിന്നു വീണു മാഷിന്റെ കയ്യുളുക്കിയത്രേ !!

"ന്നാലും ഒടിഞ്ഞില്ലാലോ" ഞാന്‍ സംശയ ഭാവത്തില്‍ അവനെ നോക്കി ..

പ്രാര്‍ത്ഥന പതിവാക്കിയിട്ടും ശിവന്‍ കനിഞ്ഞില്ല .. ശിവനെക്കാള്‍ ശക്തി വിഷ്ണൂനാണോ ?? ശിവന്റെ കയ്യില്‍ ആകെ ഒരു പാമ്പും പിന്നൊരു ശൂലവുമാനുല്ലത്, വിഷ്ണൂനാണെങ്കില്‍ ഇഷ്ടം പോലെ കൈകളും അതില്‍ നിറയെ ടൂല്‍സുമുണ്ട്.. കൃഷ്ണന്റെ കയ്യില്‍ പക്ഷെ ഓടക്കുഴല്‍ മാത്രമേയുള്ളൂ , അതുകൊണ്ട് എങ്ങനെയാണാവോ അസുരന്മാരെ കൊല്ലുന്നത് ? തല്ലിക്കൊല്ലുമായിരിക്കും .. ഉത്തരം കിട്ടാത്ത സംശയങ്ങളാണ് മനസ്സു മുഴുവന്‍ ..

ന്തായാലും പിന്മാറാന്‍ തയ്യാറല്ല ഞാന്‍ ..

എത്ര കഷ്ടപ്പെട്ടിട്ടായാലും എനിക്കനിയത്തിയെ കിട്ടണം
അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല .. അച്ഛനോട് ചോദിച്ചാലോ ? അച്ഛനോട് എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ ഉടന്‍ പഠിത്തത്തിന്റെ കാര്യം പറയും .. ന്നാലും വേണ്ടില്ല്യ , ചോദിക്ക്യന്നെ ..
പത്ര വായനയില്‍ മുഴുകിയിരുന്ന അച്ഛനെ പതിയെ വിളിച്ചു .. അച്ഛാ ..
പത്രത്തില്‍ നിന്നു മുഖമുയര്‍ത്താതെ തന്നെ മറുപടി വന്നു " ന്താ "
നിക്കൊരനിയത്തിയെ വേണം...
"നിന്റെ കണക്കിന്റെ മാര്‍ക്കെത്രയാടാ ??"
ഞാന്‍ പരുങ്ങി .. പതിയെ പിന്‍വലിഞ്ഞു .. അച്ഛന്‍ വിടാനുള്ള ഭാവമില്ല ..
"വെറുതെ ഇങ്ങനെ അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞു നടന്നോളും , നാലക്ഷരം പഠിക്കണമെന്ന വിചാരമില്ല "

അനിയത്തിയും കണക്കും തമ്മിലെന്തു ബന്ധം?? ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല
എനിക്കീ ജീവിതം മടുത്തിരിക്കുന്നു... എനിക്കൊരു കൂട്ടില്ല ..

കണ്ണെഴുതി പൊട്ട് കുത്തി, ഭംഗിയായി മുടികെട്ടി , കിലുങ്ങുന്ന കൊലുസ്സിട്ട , പുത്തന്‍ കുഞ്ഞുടുപ്പിട്ടു ചിരിക്കുന്ന സുന്ദരി അനിയത്തിക്കുട്ടിയാണ് സ്വപ്നങ്ങളില്‍ നിറയുന്നത് ... അവളുടെ കൈ പിടിച്ച് അഹങ്കാരത്തോടെ എല്ലാവര്ക്കും മുന്നിലൂടെ നടക്കണം ..

കോരി ചൊരിയുന്ന മഴയാണ് , എന്റെ കടലാസ് തോണികളെ വിഴുങ്ങി മഴ മുന്നേറുമ്പോഴും എന്റെ വിഷമങ്ങള്‍ക്ക് കാരണം കുടക്കീഴില്‍ ഒരു കുഞ്ഞു പെങ്ങള്‍ ഇല്ലാത്തതാണ് ...

മഴ മാറി വെയിലായി .. മുറ്റത്തെ മൂവാണ്ടന്‍ മാവു ആദ്യമായി പൂവിട്ടു കായ്ച്ചു .. കാറ്റത്തു പൊഴിയുന്ന മാമ്പഴം കാത്തു വയ്ക്കാന്‍ എനിക്കൊരനിയത്തിയില്ല...
നഷ്ട സ്വപ്നങ്ങളുടെ ചിറകിലേറി വര്‍ഷങ്ങള്‍ പൊഴിയുമ്പോഴും മനസ്സു ഒരു കൊലുസ്സിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരുന്നു ..

ഒടുവില്‍ ദൈവങ്ങള്‍ അനുഗ്രഹിച്ചു !!!
സ്വപ്നങ്ങളിലെ മായാത്ത കൊലുസ്സിനു ജീവന്‍ വച്ചു..
രക്ത ബന്ധതെക്കാളും ഒരുപാട് മേലെയാണ് കര്‍മ്മ ബന്ധമെന്ന് മനസ്സിലാക്കി തന്നു കൊണ്ട് " ദിവ്യ " എനിക്കനിയത്തിയായി............
നീണ്ട ഇരുപത്തി നാല് വര്‍ഷത്തെ കാത്തിരുപ്പിന്റെ വിരസത സ്നേഹംകൊണ്ട് മായ്ച്ചു എന്റെ അനിയത്തിക്കുട്ടി ...
"ഇഷ്ടപ്പെട്ടവരുടെ ചിരിയിലാണ് നമ്മുടെ സന്തോഷം തിരയെണ്ടതെന്നു" പഠിപ്പിച്ചു എന്റെ അനിയത്തി .

ഇന്ന് മനസ്സു ഒരു നൂറു വട്ടം അഹങ്കാരത്തോടെ പറയാറുണ്ട് ...

"നിക്കൊരനിയത്തിണ്ട്"...