Thursday, 15 December 2011

പച്ചപ്പാവാടയും കാലന്‍ മനോജുംകാലന്‍ മനോജിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു. എവിടെയും എന്നെ തോല്പിക്കാന്‍ ഇറങ്ങി തിരിച്ച ഒരു നശൂലം പിടിച്ച ചെറുക്കന്‍ ..

ഒരാശ്വാസമുള്ളത് അവന്‍ പഠിക്കാന്‍ മോശമാണ് എന്നതാണ് , നാലില്‍ നിന്ന് അഞ്ചിലേക്ക് ജയിക്കാന്‍ അവനാകില്ല . പിന്നെ അവന്റെ ശല്യവും ഉണ്ടാകില്ല .

എന്തും ചെയ്യാന്‍ മടിക്കാതോനാണ് അവന്‍ ,അവനു വീട്ടുകാരെയും ഭയമില്ല !!

വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള വഴിയില്‍ തന്നെയാണ് അവന്റെ വീടും ,ഒരിക്കല്‍ എന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് പൊട്ടിച്ചതിനു ഞാന്‍ അവന്റെ അമ്മയോട് പരാതി പറഞ്ഞു ,അവരെന്നെ തിന്നാന്‍ വന്നു 

" കുട്ടികളായാല്‍ ചിലപ്പോ ബട്ടന്‍സൊക്കെ പൊട്ടിക്കും, തല്ലും പിടിക്കും ഇതിപ്പിത്ര വല്ല്യ കാര്യാണോ ?"

ഞാന്‍ ഞെട്ടി, അവനു രണ്ടു ചീത്ത കേള്‍ക്കുമെന്നാണ് കരുതിയത് .. പിന്നെ ഓര്‍ത്തു അവന്റെയല്ലേ അമ്മ ..

***

തോടുകളും പാലവും ആമ്പല്‍ കുളവും ക്ഷേത്രവുമൊക്കെ പിന്നിട്ടാണ് സ്കൂളിലേക്കുള്ള യാത്ര ..അര കിലോമീറ്റര്‍ നടക്കണം , ഞാനും വിനോദും, സിനോജും ഈ കാലനും പിന്നെ സംഗീതയും ഒരുമിച്ചാണ് പോകാറുള്ളത് .. സംഗീത അല്പം മുന്നേ നടക്കും . സംഗീതയെ പറ്റി പറയാന്‍ ഏറെയുണ്ട് ..

ഒന്നാമത്തെ ബഞ്ചില്‍ മൂന്നാമതായി ഇരിക്കാറുള്ള സംഗീതയെ എനിക്കിഷ്ടമാണ് .. ഇഷ്ടമെന്ന് വച്ചാല്‍ വലുതാവുമ്പോള്‍ കല്യാണം കഴിക്കണം അത്ര തന്നെ !

മനസ്സ് ഇങ്ങനെ ഒരു തീരുമാനതിലെതിയതിന്റെ കാരണങ്ങള്‍ പലതാണ് ..

എന്നും ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നത് ...

സ്ലേറ്റു മായ്ക്കാനുള്ള മഷിത്തണ്ട് ഞാനാനവള്‍ക്ക് എന്നും കൊടുക്കാറ്... 

പിന്നെ സ്പ്രിംഗ് പോലെ ചുരുണ്ട അവളുടെ തലമുടി കാണാന്‍ നല്ല രസാണ് ,എന്റേത് കോലന്‍ മുടിയാണ് ..
കാലന്‍ മനോജുമായി തെറ്റാന്‍ കാരണവും ഇവള്‍ തന്നെയാണ് . സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ തോടുണ്ട് , തോടെന്നു പറഞ്ഞാല്‍ പാദം മൂടാനുള്ള വെള്ളമെ എപ്പോളും കാണു. അടുത്ത് തന്നെ വലിയ ആമ്പല്‍ കുളവുമുണ്ട് . തോടിനടുതെത്തുമ്പോള്‍ വെള്ളം തെറിപ്പിക്കുക എന്നത് കാലന്റെ ഒരു ക്രൂര വിനോദമാണ്‌ .

അന്നൊരു ബുധനാഴ്ചയായിരുന്നു , ബുധനാഴ്ച യുണിഫോം വേണ്ട .. ഭംഗിയുള്ള പച്ചപ്പാവാടയില്‍ സുന്ദരിയായിട്ടാണ് സംഗീതയുടെ വരവ് .ആദ്യമായി പച്ചപ്പാവാടയിട്ട ദിവസമാണ് അവളെ കല്യാണം കഴിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചത് . പച്ചപ്പാവാടയിട്ടാല്‍ പിന്നെ അന്നവള്‍ക്ക് പതിവിലും ജാടയാണ് . പാവാട താഴെ മുട്ടാതിരിക്കാന്‍ രണ്ടു കൈ കൊണ്ടും പിടിച്ചു ഒരു രാജകുമാരിയെ പോലെയാവും നടക്കുക. ആ സമയത്താണ് ആദ്യം തോട് ചാടിയ കാലന്‍ അവളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നത് . പാവാട നനഞ്ഞു ..സംഗീത കരഞ്ഞു ..

എന്റെ ദേഹത്ത് അങ്ങനെ വെള്ളം വീണില്ലെങ്കിലും എന്നേക്കാള്‍ തടിയുള്ള കാലനെ ഞാന്‍ കോളറിനു പിടിച്ചു പുറകിലേക്ക് തള്ളി ..കാല്‍ തെറ്റി അവന്‍ നേരെ വീണത്‌ തോട്ടിലേക്ക് ..

ഇന്നവനിനി ക്ലാസ്സില്‍ വരന്‍ കഴിയില്ല, പല്ല് കടിച്ചവന്‍ അലറി .. 

" നിന്നെ നാളെ ഞാന്‍ കൊല്ലുമെടാ "
***
ശാന്ത കുമാരി ടീച്ചര്‍ ക്ലാസ്സില്‍ രാവണനെ വിവരിക്കുമ്പോള്‍ എന്റെ മനസ്സില്‍ തോട്ടില്‍ കിടക്കുന്ന കാലന്‍ മനോജാണ് .. നാളെ അവനെന്നെ കൊല്ലും !

വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ മുന്നില്‍ സംഗീത !!


ചിരിച്ചു കൊണ്ടവള്‍ കൈ നീട്ടി .. അവളുടെ കയ്യില്‍ രണ്ടു പഴുത്ത ചാമ്പക്കയാണ് !

" കുട്ടി എടുത്തോളു"

ഞാന്‍ വാങ്ങിയിട്ട് മിണ്ടാതെ നടന്നു.. ദിവസവും ഒരുമിച്ചാണ് വരുന്നതെങ്കിലും ഒന്നും അങ്ങനെ സംസാരിക്കാരില്ലായിരുന്നു . അവളുടെ നോട്ടത്തിലും പെരുമാറ്റത്തിലും ഒരു ബഹുമാനമുണ്ട് .

മനസ്സ് കൊണ്ട് കാലന് ഞാന്‍ നന്ദി പറഞ്ഞു .


വൈകിട്ട് വീടെത്തുമ്പോള്‍ ഗേറ്റിനടുത്തു അമ്മയുണ്ട് . അമ്മ നല്ല ദേഷ്യത്തിലാണ് ..

ഞാന്‍ ഒന്നു പകച്ചു.. ഇനി ആ ദുഷ്ടനെങ്ങാനും ഇവിടെ വന്ന് അമ്മയോട് ...?

അങ്ങനെയാവുമോ ? ഒന്നുമറിയാത്തപോലെ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് വെറുതെ കൊഞ്ചി ..

" നീ എന്തിനാടാ സ്കൂളില്‍ പോകുന്നത് ? പഠിക്കാനോ അതോ തല്ലു കൂടാനോ ? "

മുറ്റത്തെ പേരയില്‍ നിന്ന് ഒരു വടി മുറിഞ്ഞു .. വലത്തേ തുടയില്‍ പാടും വീണു ..

അമ്മയോട് ദേഷ്യം തോന്നിയില്ല , അത് മുഴുവന്‍ കാലനോടായിരുന്നു.. 

പക്ഷെ വേദനയിലും ചാമ്പക്ക എന്നെ സന്തോഷിപ്പിച്ചു ..
പിറ്റേന്ന് നേരം വെളുത്തു.. ഇന്ന് കാലനുമായി ഒരു സംഘട്ടനം ഉറപ്പാണ്‌ . 

കാലന് ആ പേര് കിട്ടാന്‍ കാരണം പലതാണ് ..

വഴിയില്‍ കാണുന്ന ഒന്തുകളെയൊന്നും വെറുതെ വിടില്ല . ഒടുക്കത്തെ ഉന്നമാണ് .. 

എറിഞ്ഞു കൊന്നിട്ട് വഴിയില്‍ എടുത്തിടും . പോക്കറ്റില്‍ എപ്പോഴും ഒരു കവണിയുണ്ടാകും. 

ഒരു പുലി വന്നാലും കവണിക്കടിച്ചിടുമെന്നാണ് കാലന്‍ പറയാറ് .

ഒരു പട്ടിയെ ഒറ്റയ്ക്ക് തല്ലി കൊന്നവനാണ് കാലനത്രേ !! സിനോജാണ് പറഞ്ഞത് ..

ടിവിയില്‍ രാമായണം കണ്ടിട്ട് പട്ടിയെ കുതിരയാക്കാന്‍ ശ്രമിച്ച കാലനെ പട്ടി കടിച്ചു .. ആ ദേഷ്യത്തിലാണ് പട്ടിയെ തട്ടിയത് .
ഒരു ദിവസം കാലന്‍ ക്ലാസ്സില്‍ വന്നത് രണ്ടു പടല ഞാലി പൂവന്‍ പഴവുമായാണ് . അന്ന് അവനായിരുന്നു ക്ലാസ്സിലെ താരം, ഞങ്ങള്‍ക്കെല്ലാം പഴം കിട്ടി.. 

പിന്നീടാണ് അറിഞ്ഞത് ഹെഡ് മാസ്റര്‍ ഉണ്ടക്കണ്ണന്‍ സാറിന്റെ വീട്ടിലെ വാഴയോടാണ് കാലന്‍ അക്രമം കാണിച്ചതെന്ന് ..

കുലയുമായി പോകുന്ന കാലനെ കണ്ടവരുണ്ട് .. സാക്ഷി പറഞ്ഞ ശ്രീജിത്തിന്റെ വീടിന്റെ ഇറയത്ത്‌ കാലന്‍ മൂത്രമൊഴിച്ചു !

കാലന്‍ ഒരു പഞ്ചായത്തിന്റെ തന്നെ പൊതു ശല്യമാവുകയായിരുന്നു ..
രാവിലെ ക്ലാസ്സിലേക്ക് കടന്ന എന്നെ എതിരേറ്റത് ഡെസ്റ്റര്‍ കൊണ്ടുള്ള ഏറാന്.. ചോക്ക് പൊടിയില്‍ കുളിച്ചു സംഗീതയ്ക്ക് മുന്നില്‍ ഞാന്‍ പരിഹാസ്യനായി.. കുട്ടികള്‍ ആര്‍ത്തു ചിരിച്ചു ..

അതാസ്വദിച്ച് നിന്ന കാലനു നേരെ ഞാന്‍ ഓടിയടുത്തപ്പോളെക്കും ക്ലാസ്സില്‍ ടീച്ചര്‍ എത്തി . മനസ്സ് അപമാന ഭാരത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു .
ഗള്‍ഫില്‍ നിന്നും ആന്റി കൊണ്ടുവന്ന ഫോറിന്‍ ചോക്കലറ്റ് കാലനു മുന്നില്‍ വച്ച് തിന്നു ഞാന്‍ പകരം വീട്ടി ...
"അവന്‍ വയറിളകി ചാകും" കാലന്‍ സിനോജിനോട് പറഞ്ഞു ..

കാലന്റെ ഒടുക്കത്തെ കണ്ണാണോ എന്തോ രണ്ടാം ദിവസം അത് സംഭവിച്ചു !

പക്ഷെ ഇക്കാര്യത്തില്‍ കാലനെ മാത്രം പറയാനുമാവില്ല .. പാലാരി അമ്പലത്തില്‍ നേര്ച്ചയിടാന്‍ അമ്മ തന്ന കാശിനു ഞാന്‍ മിട്ടായി വാങ്ങി തിന്നു .. "വയറു പോട്ടുമോടാ " എന്ന് സിനോജും ചോദിച്ചതാണ് .. ദേവിക്ക് ഒരു രൂപ കിട്ടിയിട്ട് മിട്ടായി വാങ്ങാന്‍ കഴിയില്ലലോ എന്നാണ് ഞാന്‍ ചിന്തിച്ചത് , എന്നാലും വയറു പൊട്ടുമോ ? ദേവിയും കാലനെ പോലെ പെരുമാറുമോ ? അമ്മയോട് പറഞ്ഞു കൊടുക്കുമോ ?

പിന്നീട് അമ്പലത്തിനടുതെതുമ്പോള്‍ ഞാന്‍ ഒരോട്ടം പാസ്സാക്കും, ദേവിയെങ്ങാന്‍ പിടിച്ച് നിര്‍ത്തി ചോദിച്ചാലോ ?
***
സ്കൂള്‍ യാത്ര ഹൃദ്യമായ ഒരു അനുഭവം തന്നെയായിരുന്നു.. പഠിത്തം ഒഴിച്ച് ബാക്കി എല്ലാം നന്നായി ആസ്വദിക്കുമായിരുന്നു. അതിലെ ഒഴിച്ച് കൂട്ടാനാവാത്ത ഒരിനമായിരുന്നു "ഹണ്ടിംഗ് ".

സ്കൂള്‍ എത്തുന്നതിനുള്ളില്‍ ഒരു ഫല സമാഹരണം നടത്തല്‍ പതിവായിരുന്നു. മാങ്ങ, പേരക്ക, കാരക്ക, ലൂബിക്ക, ഞാവല്‍പഴം, ചാമ്പക്ക, പുളി, പുളിങ്കുരു തുടങ്ങി കറുകയില വരെ അതില്‍ പെടും. പുറത്തു നിന്ന് ഒന്നും കഴിക്കരുതെന്ന അമ്മയുടെ ഉപദേശം നാല് വീട് കഴിയുമ്പോളേക്കും കാറ്റില്‍ പറത്തുമായിരുന്നു..

കാലന്റെ രണ്ടു പോക്കറ്റും സഞ്ചി പോലെയാണ് ഇരിക്കാറ്. ദിവസവും ഇതെല്ലം കിട്ടുന്നത് കൊണ്ട് കാലന് നാല് അസ്സിസ്ടന്റ്സും ഉണ്ടായിരുന്നു, 

തടിയന്‍ റിഷി, പോസ്റ്റ്‌ ബിനു, കഴുത ജിജോ, പാറ്റ പ്രവീണ്‍ .. 
കാലനോട്‌ കടുത്ത വൈരാഗ്യമുണ്ടെങ്കിലും ഉള്ളിന്ടെയുള്ളില്‍ എനിക്കവനോട് അസൂയയായിരുന്നു.. 

ആകാശം മുട്ടെ ഉയരത്തില്‍ നില്‍ക്കുന്ന നാരായണന്‍ വല്യച്ഛന്റെ പ്രിയോര്‍ മാവില്‍നിന്നു കാലന്‍ മാങ്ങ എറിഞ്ഞിടുന്നത് ഞങ്ങള്‍ ആരാധനയോടെയാണ് നോക്കി നില്‍കാറ് ..

അത് പോലെ തീപ്പെട്ടി പടം കളിയില്‍ കാലനെ വെല്ലാന്‍ സ്കൂളിലൊരു കുഞ്ഞു പോലുമില്ല .. ഹിന്ദി സിനിമയിലെ കള്ളക്കടത്ത്കാരുടെ മുഖഭാവമാണ് കളി ജയിക്കുമ്പോള്‍ കാലന് ..

സ്കൂളിലെ പ്രധാന റൌഡിയായിരുന്ന പോത്തന്‍ രഞ്ജിത്തിനെ സ്ലെറ്റിനു തലക്കടിച്ചാണ് കാലന്‍ തന്റെ ആധിപത്യമുറപ്പിച്ചത് ..
ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്ക് കാലനെ കണ്ണെടുത്താല്‍ കണ്ടു കൂടാ.. സംഗീതക്കും അതെ.. ചാമ്പക്ക തന്നതിന്റെ പിറ്റേന്ന് വെള്ളം പേടിയുള്ള ഞാന്‍ മുട്ടോളം വെള്ളത്തിലിറങ്ങി ആമ്പല്‍പൂ പൊട്ടിച്ചത് അവളുടെ കവിളിലെ നുണക്കുഴി വിരിയുന്നത് കാണാനായിരുന്നു..
പിന്നീട് ഞാന്‍ ആഗ്രഹിച്ച ആ സംഭവം നടന്നു...

കാലനെ സ്കൂളില്‍ നിന്ന് പുറത്താക്കി!!

ക്ലാസ്സ്‌ അവസാനിക്കാന്‍ ഏതാനും ദിവസമെ ബാക്കിയുണ്ടായിരുന്നുള്ളൂ, സ്കൂള്‍ വളപ്പിലെ പൈന്‍ മരത്തിലൊന്നില്‍ കടന്നല്‍ കൂട് കൂട്ടി.. കുട്ടികള്‍ അതില്‍ കല്ലെറിയരുതെന്നു ഉണ്ടക്കണ്ണന്‍ സാറിന്റെ ഓടര്‍ നിലവിലുണ്ടായിരുന്നിട്ടു കൂടി കാലന്‍ അതെറിഞ്ഞു വീഴ്ത്തി.. സമയ ദോഷത്തിനു അത് വഴി വന്ന ഉണ്ടക്കണ്ണന്‍ സാറിനാണ് കുത്ത് മുഴുവന്‍ ഏറ്റത്. ഉണ്ടകണ് കുത്ത് കൊണ്ട് വീര്‍ത്തു, അങ്ങനെ പൊട്ടക്കണ്ണന്‍ എന്ന ഓമനപ്പേര് കൂടി കുട്ടികള്‍ ചാര്‍ത്തി കൊടുത്തു.

കാലനാണെങ്കില്‍ ഉണ്ടക്കണന്റെ സ്ഥിരം നോട്ടപ്പുള്ളിയും മറ്റു പല കേസുകളിലെ പിടികിട്ടാപ്പുള്ളിയും ആയിരുന്നു.

സ്കൂള്‍ വാര്‍ഷികത്തില്‍ നടത്തിയ ഉറിയടി മത്സരം നിയന്ത്രിക്കാനെത്തിയത് ഉണ്ടക്കണനായിരുന്നു..

" മാറി നില്‍ക്കെടാ കുട്ടികളെ അടി കിട്ടും" എന്നാക്രോശിച്ചു നാക്ക് തിരിച്ചു വായിലേക്കിടും മുന്‍പാണ് കാലന്‍ സാറിനെ അടിച്ചു താഴെയിട്ടത് . 

പക്ഷെ കണ്ണ് കെട്ടിയതിന്റെ ആനുകൂല്യം കാലന് കിട്ടി. അന്നേ സാറുന്നമിട്ടതാണ് കാലനെ. കടന്നല്‍ വിഷയം കൂടിയായപ്പോള്‍ അവനെ സ്കൂളില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു .
അവസാന ദിവസം എല്ലാവര്‍ക്കും ചാമ്പക്കയും കാരക്കയുംകൊടുതാണ് അവന്‍ യാത്ര പറഞ്ഞത്..

എനിക്കേറെ സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന് . എന്റെ ശത്രു ഇല്ലാതായിരിക്കുന്നു, ഇനി സംഗീതയ്ക്ക് മുന്നില്‍ അപമാനിതനാവില്ല..
പക്ഷെ, ദിവസങ്ങള്‍ കൂടുതല്‍ വിരസമാവുകയായിരുന്നു.. 

സ്കൂള്‍ യാത്രയുടെ നിറം കുറഞ്ഞു ..

മാധുര്യവും, പുളിയും, ചവര്‍പ്പും നഷ്ടമായി....
ക്ലാസ്സ് കഴിഞ്ഞതോടെ ഞങ്ങള്‍ അവിടെ നിന്നും താമസവും മാറി.. ഇനി പുതിയ സ്കൂള്‍ , പുതിയ കൂട്ടുകാര്‍ ,പുതിയ ടീച്ചേര്‍സ്..

അടുത്ത വീട്ടുകാരോടൊക്കെ നേരത്തെ തന്നെ യാത്ര പറഞ്ഞു. പോകുന്നതിനു തലേ ദിവസമാണ് അമ്മയോട് കാലനെ സ്കൂളില്‍ നിന്ന് പുറത്താക്കിയ കഥ പറഞ്ഞത് .

അമ്മ എന്നെ ശാസിച്ചു !

" അവനെ നീയിനി അങ്ങനെ വിളിക്കരുത് ,അവന്‍ അച്ഛനില്ലാത്ത കുട്ട്യല്ലേടാ.."

ഞാനപ്പോളാണ് അവന്റെ കഥയറിയുന്നത് .. 

അവനെ പ്രസവിക്കുന്നതിനു മുന്‍പേ അമ്മയെ അച്ഛന്‍ ഉപേക്ഷിച്ചുവത്രേ ..

അവന്‍ അച്ഛന്റെ മുഖം കണ്ടിട്ടില്ല.

അവന്റെ അമ്മ വീടുകളില്‍ പണിയെടുതിട്ടാണ് കുടുംബം നോക്കുന്നത് .. അവനും അമ്മയെ സഹായിക്കുമത്രേ, വൈകുന്നേരം കടകളില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നില്കും മനോജ്‌ ..

എന്റെ പ്രായമുള്ള ഒന്‍പതു വയസ്സുകാരന്‍ പണിയെടുത്ത് ജീവിക്കാന്‍ പണമുണ്ടാക്കുന്നു !!
അവനോടുണ്ടായിരുന്ന അവജ്ഞയും വെറുപ്പും വിദ്വേഷവും ഒരു നിമിഷം കൊണ്ട് ഉരുകിയില്ലാതായി .. അമ്മയുടെ മടിയില്‍ കിടന്നു ഞാന്‍ കരഞ്ഞു .

നാളെ പോകും അതിനു മുന്‍പ് അവനോടു യാത്ര പറയണം ..
***

അവന്റെ വീടിനു മുന്നില്‍ നിന്ന് വിളിച്ചിട്ട് ആരെയും കാണുന്നില്ല, വാതില്‍ തുറന്നു കിടപ്പുണ്ട് ..

ആദ്യമായി അവന്റെ വീട്ടിലേക്കു ഞാന്‍ കയറി.. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടാണ്, പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം നന്നായി അകത്തു കയറുന്നുണ്ട് .

മുറിയുടെ മൂലയില്‍ ഒരു കീറപ്പായില്‍ പനി പിടിച്ചു കിടക്കുകയാണ് മനോജ്‌ ..

അവന്‍ എന്നെ നോക്കി ചിരിച്ചു.. മിഴികളില്‍ ആശ്ചര്യം

" നീ "

ഞങ്ങള്‍ ഇവിടെ നിന്ന് പോകുവാണ്.. ഇനി കാണില്ല ..

" എനിക്ക് പനിയാടാ, നീ അടുത്ത് വരണ്ട" നെറ്റിയിലെ നനഞ്ഞ തുണിയില്‍ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു ..

ഞാന്‍ ഓര്‍ത്തു, എനിക്കൊരു പനി വന്നാല്‍ പിന്നെ അമ്മയുടെ മടിയില്‍ നിന്നിറങ്ങില്ല.. എന്തിനും ഏതിനും അമ്മ വേണം , ഭക്ഷണം വാരി തരണം , കഥകള്‍ കേള്‍ക്കണം, അമ്മ അടുത്ത് നിന്ന് പോകാനേ പാടില്ല ... സമയത്തിന് ഭക്ഷണം,മരുന്ന് ...
ഇവിടെ ആരുമില്ലാതെ നെറ്റിയില്‍ ഒരു കഷണം നനഞ്ഞ തുണിയുമായി കീറപ്പായില്‍ കിടക്കുകയാണ് എന്റെ സ്നേഹിതന്‍ ..

അവനോടു സംസാരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല .. 

നീ ഇനി പഠിക്കുന്നില്ലേടാ ?

" ഓ എന്തിനാട പഠിച്ചിട്ട്, കടയില്‍ നിന്ന് കാശ് കിട്ടുന്നുണ്ട്‌ അത് മതി "

ഞാന്‍ യാത്ര പറഞ്ഞു ..

പോകാന്‍ തുനിഞ്ഞ എന്നോട് അവന്‍ പറഞ്ഞു " നിനക്ക് ഞാനൊരു സാധനം തരാം "

ഞാന്‍ ആകാംഷയോടെ അവനെ നോക്കി ..

കടലാസില്‍ പൊതിഞ്ഞ ഒരു കെട്ടു തീപ്പെട്ടിപ്പടം, കൂടൊരു മിട്ടായിയും !!

അതവനു കടയില്‍ നിന്ന് കിട്ടിയതാണ് .
ഞാന്‍ നടന്നു 

വായില്‍ അവന്‍ തന്ന മിട്ടായി അലിയുമ്പോള്‍ ആ മാധുര്യത്തില്‍ നോവുന്നത് എന്റെ കുഞ്ഞു മനസ്സായിരുന്നു ..

അലിഞ്ഞില്ലാതായത് "കാലന്‍ " എന്ന പേരും ...
***
എന്നില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കാലചക്രം കറങ്ങി .. മനോജും സംഗീതയും പുതിയ കൂട്ടുകാര്‍ക്ക് വഴിമാറി ..

ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മാല്യങ്കര കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കിടയില്‍ ഞാനാ പഴയ പച്ചപ്പാവാടക്കാരിയെ കണ്ടു ..

കാലം അവളില്‍ വരുത്തിയ മാറ്റങ്ങളിലും മാറാതെ നിന്നത് ആ സ്പ്രിംഗ് തലമുടിയാണ് ..

അടുത്ത് ചെന്ന് ഞാനവളോട് ചോദിച്ചു ,

" സംഗീതെ എന്നെ മനസ്സിലായോ ??"
എന്നെ മനസ്സിലായെന്നു അവളുടെ കണ്ണുകള്‍ വിളിച്ചു പറയുന്നുണ്ടായെങ്കിലും "മനസ്സിലായില്ലല്ലോ" എന്ന മറുപടിയാണ് കിട്ടിയത് .

ഞാന്‍ തിരിച്ചു നടന്നു .. 

എന്നും മഷിതണ്ടിനായി കൈ നീട്ടിയിരുന്ന,

സ്നേഹത്തോടെ എനിക്ക് ചാമ്പക്ക വച്ചു നീട്ടിയ,

എന്റെ പഴയ കളിക്കൂട്ടുകാരിക്ക് മുന്നില്‍ സ്വയം പഴങ്കഥ പറഞ്ഞ് പരിചയം പുതുക്കാന്‍ എന്തോ മനസ്സനുവദിച്ചില്ല ..

പിന്നീട് രണ്ടു തവണ കണ്ടപ്പോളും ആദ്യം പറഞ്ഞ കള്ളത്തിന്റെ വൈഷമ്യം അവളുടെ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തു .. 

പിന്നീട് സംഗീതയെ മറവി എന്ന ചവറ്റു കൊട്ട സ്വന്തമാക്കി.. 
പഠനമെല്ലാം കഴിഞ്ഞു ജോലിയില്‍ കയറിയതിനു ശേഷമാണ് ഞാന്‍ ഒത്തിരി സന്തോഷിച്ച ആ സംഭവം ഉണ്ടായത് ..

ഒരു ഹര്‍ത്താല്‍ ദിവസം കോതമങ്കലതുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്ര മധ്യേയാണ് ഞാന്‍ ആ ഹോട്ടലില്‍ കയറിയത് .. ചായ കുടിക്കാത്ത ഞാന്‍ അന്നെന്തോ ഒരു ചായ ആവശ്യപ്പെട്ടു, സമയമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ ദേഷ്യത്തോടെ ചായ ഉണ്ടാക്കുന്നയാളെ നോക്കി,വളരെ ശ്രദ്ദിച്ചാണ് അയാളോരോന്നും ചെയ്യുന്നത് ഇടക്ക് എന്നെയും നോക്കുന്നുണ്ട് , സൌമ്യനായ ഒരു യുവാവ് .. കുറച്ചു നേരം അയാളെ നോക്കിയിരുന്നിട്ട് ഞാന്‍ ദേഷ്യത്തോടെ വിളിച്ചു ..

" എടാ കാലാ ഒരു ചായ താടാ "

കാലന്‍ മനോജ്‌ ഞെട്ടലോടെ എന്നെ നോക്കി ...
പിന്നെ ഞങ്ങള്‍ വിശേഷങ്ങളുടെ കെട്ടുകളഴിച്ചു .... 

ആ പഴയ ആമ്പല്‍ കുളവും തോടുകളും പുല്‍ വരമ്പുകളും നിറഞ്ഞ നട വഴികളിലൂടെ ഒത്തിരിയൊത്തിരി ദൂരം സഞ്ചരിച്ചു ..
ഇപ്പോളും മരിക്കാത്ത ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുകയാണ് ആ പഴയ മഷിതണ്ടും ,ചാമ്പക്കയും , പച്ചപ്പാവാടയും, തീപ്പെട്ടി പടവുമെല്ലാം ...


2 comments:

  1. ഗോപൂ, സൂപ്പര്‍ ഡാ.. കൊറേ പൊട്ടിച്ചിരിച്ചു, കൊറേ പുഞ്ചിരിച്ചു, കൊറേ സങ്കടപ്പെട്ടു, ച്ചിരി വാ പൊളിച്ചു നിന്നു. ശ്ശോ, ഇതും ഗംഭീരം ഡാ. ഛെ..ചായക്കടാന്നുല്ലതൊരു ചടാക്കു പേരാ. വേറെ നല്ലൊരു പേരിട്ടൊരു പുത്തന്‍ ബ്ലോഗ്‌ ഇറക്ക്..ഇപ്പോഴും ഓര്‍ക്കരുല്ലൊരു കവിത ണ്ട്, നാട്യപ്രധാനം നഗരം ദരിദ്രം, നാടിന്‍പുറം നന്മകളാല്‍ സമൃദ്ധം ന്ന്.

    ReplyDelete
  2. ഓര്‍മ്മക്കുറിപ്പുകള് നന്നായിട്ടുണ്ട്

    ReplyDelete