Wednesday 8 February 2012

പ്രണയക്കാഴ്ചകള്‍



മറൈന്‍ ഡ്രൈവിലെ സിമന്റു ബഞ്ചില്‍ ചാരി ശരത് അവളുടെ വിരലുകളില്‍ മെല്ലെ തൊട്ടു ..

നനുങ്ങനെ വീശുന്ന കാറ്റില്‍ ഉലയുന്ന മുടിയൊതുക്കാന്‍ പാടുപെടുന്ന അവളെ അയാള്‍ വെറുതെ നോക്കി..
അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന സൂര്യനെക്കാള്‍ ചുവപ്പാണ് അവളുടെ കവിളുകള്‍ക്ക് ..
വൃക്ഷതലപ്പുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി വരുന്ന സൂര്യ കിരണങ്ങളുടെ വര്‍ണപ്പൊട്ടുകള്‍ കൊണ്ട് മനോഹരിയായ ഈ സന്ധ്യയേക്കള്‍ സുന്ദരിയാണ് ഇവള്‍ ..
കുസൃതി നിറഞ്ഞ ആ കണ്ണുകള്‍ക്ക്‌ മൌന നിമിഷങ്ങളിലും നൂറു കഥകള്‍ പറയാനുണ്ടാവും. മുഖത്തിന്റെ അഴക്‌ അവളുടെ വാക്കുകള്‍ക്കുമുണ്ട്..
ഈയൊരു കൂട്ടിനു വേണ്ടിയായിരുന്നില്ലേ മനസ്സ് കാത്തിരുന്നത് ?
മനസ്സ് അവളുടെ കണ്മഷിയെഴുതിയ തവിട്ടു നിറമുള്ള മിഴികള്‍ക്ക് പിന്നാലെ പായുകയാണ് .. അവളുടെ ചുണ്ടിനു മുകളിലെ മറുകില്‍ നോക്കി അയാള്‍ ചോദിച്ചു ,
നിനക്കെന്നോട് പ്രണയമുണ്ടോ ഷെറിന്‍ ?

കായലില്‍ ലയിക്കുന്ന മേഘങ്ങളുടെ ആകാശ നീലിമയില്‍ കണ്ണ് നട്ട് അവള്‍ മിണ്ടാതിരുന്നു..
പ്രണയം എന്ന വാക്കിനോട് എനിക്ക് ദേഷ്യമാണ് ശരത് .. ഇഷ്ടമാണെന്ന് പറഞ്ഞാല്‍ തീരില്ലേ നമ്മുടെ പ്രണയം? പിന്നെ കെട്ടുപാടുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി സ്വാതന്ത്ര്യത്തിന്റെ ജാലകങ്ങള്‍ കൊട്ടിയടച്ചു ഒരു ജിവിതം,, അത് നമുക്ക് വേണ്ട ശരത് .

ഏതാണ്ട് ആറു മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഇവളെ പരിചയപ്പെടുന്നത് , ആറു മാസം കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നു അവള്‍ .. ഇത് എന്റെ യഥാര്‍ത്ഥ പ്രണയം ആണോ ?
ഷെറിനെ പരിചയപ്പെടുന്നതിനു മുന്‍പും നിരവധി പെണ്‍കുട്ടികള്‍ തന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട് , എല്ലാം പങ്കു വച്ചിട്ടും അവരോടൊന്നും പ്രണയം തോന്നിയിട്ടില്ല .

പരിചയപ്പെട്ടു മനസ്സ് പങ്കു വച്ച എല്ലാവരെയും താന്‍ വഞ്ചിക്കുകയായിരുന്നു എന്നാണ് പീറ്റര്‍ പറയുന്നത് .
ഒരു കണക്കിന് ശരിയാണ് താനും , സുഖങ്ങള്‍ തേടിയുള്ള യാത്രക്കിടയില്‍ ചവിട്ടിയരക്കപ്പെടുകയായിരുന്നു അവരെല്ലാം .
റോസ് മേരി മാത്രമാണ് കുറച്ചധികം നാള്‍ തനിക്കൊപ്പം ഉണ്ടായത് .. വിവാഹം എന്നാ ആവശ്യം അവളില്‍ നിന്നുണ്ടായപ്പോള്‍ അവളും ഭാരമാവുകയായിരുന്നു
പക്ഷെ നാളിതു വരെ അതില്‍ കുറ്റബോധമൊന്നും തോന്നിയിട്ടില്ല, ഇനി തോന്നുകയുമില്ല .ഇതെന്റെ ജീവിതമാണ് എന്റെ ശരികളുടെ ജീവിതം.

ശരത് ....
നീയെന്താ ആലോചിക്കുന്നത് ?
ഒന്നുമില്ല ഷെറിന്‍ ഇതിനു മുന്‍പ് ഞാന്‍ ആരെയും ഇതുപോലെ സ്നേഹിച്ചിട്ടില്ല ..
പലവട്ടം പലരോടും പറഞ്ഞ കള്ളമാണെങ്കിലും അതയാളെ മടുപ്പിക്കുന്നില്ല .
അവളൊന്നു ചിരിച്ചു
ഇത് പലരില്‍ നിന്നും കേട്ടിടുണ്ട് ഒരു പാട് ..
"എന്നോട് പ്രണയമാണെന്ന് മാത്രം നീ പറയരുത് ശരത് .. ആ വാക്ക് വെറുപ്പാണെനിക്കു.. നിനക്ക് വേണ്ടത് ഞാന്‍ തരാം ."
നോ ഷെറിന്‍ ഐ ആം ഇന്‍ ലവ് ..
ഒരു തമാശ കേട്ടത് പോലെ അവള്‍ ചിരിച്ചു ..

സുന്ദരിയായ ഒരു യക്ഷിയാണോ ഇവള്‍ ? പിടി തരാതെ അകന്നു പോകുന്ന പട്ടം പോലെയാണ് ഇവളുടെ മനസ്സ് .. ഇവളെ പറ്റി കൂടുതലായി ഒന്നും അറിയില്ല ..
ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്
" നീ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് കിട്ടാന്‍ ഇതെല്ലാം അറിയണമെന്ന് നിര്‍ബന്ധമുണ്ടോ ?"
പിന്നീട് അതെപ്പറ്റി ചോദിച്ചിട്ടില്ല .. അറിയണമെന്ന ആഗ്രഹവും അത്രക്കില്ല .
വേനലിലെ മഴ പോലെ പെട്ടന്ന് കയറി വരും അവള്‍ .. അത് പോലെ തന്നെ പോവുകയും ചെയ്യും .
ജിജ്ഞാസ നിറക്കുന്ന അത്തരം ഇടവേളകളില്‍ അവള്‍ എവിടെയായിരിക്കുമെന്ന് യാതൊരു രൂപവുമില്ല ,കൃത്യമായ ഒരുത്തരം അവളില്‍ നിന്ന് ലഭിച്ചിട്ടുമില്ല.
പീറ്റര്‍ ശപിച്ചു പറഞ്ഞത് പോലെ ഇവള്‍ തന്റെ വലയില്‍ വീഴാതിരിക്കുമോ ?
അവനു ഭ്രാന്താണ് , ജീവിതം ആസ്വദിക്കാനരിയാത്ത വെറും വിഡ്ഢി.
റോസ് മേരിയെ തന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ച് ഒടുവില്‍ വഴക്കിട്ടു പോയതാണ് അവന്‍ . ആത്മാര്‍ഥത എന്ന വാക്കിനും അതിന്റെ അര്‍ത്ഥത്തിനും ഇന്നത്തെ ലോകത്തില്‍ വലിയ വിലയൊന്നുമില്ല.

***
വൈകിട്ട് ഷെറിന്‍ വരും, ഫ്ലാറ്റിലേക്ക് തനിച്ചു വരാന്‍ അവള്‍ക്കു മടിയൊന്നുമില്ല. പക്ഷെ വിചാരിച്ചത് പോലെയല്ല കാര്യങ്ങള്‍ ,അവളോട്‌ സംസാരിക്കുമ്പോള്‍ മനസ്സ് പലതില്‍ നിന്നും വല്ലാതെ ഉള്‍വലിയുന്നുണ്ട് . ഇത് വരെ ആരോടും തോന്നാത്ത ഒരു അടുപ്പം അവളോടുണ്ട് .
കാളിംഗ് ബെല്‍ മുഴങ്ങുന്നുണ്ട് , ഷെരിനായിരിക്കും..
അതെ ..
ഹായ് ശരത് ..
കമോണ്‍ യാര്‍
സോഫയിലേക്ക് അമര്‍ന്നിരുന്നു ആകര്‍ഷകമായി അവള്‍ ചിരിച്ചു
ഞാന്‍ വരുമെന്ന് നീ പ്രതീക്ഷിച്ചോ ശരത് ?
ഉവ്വ് ഷെറിന്‍ എനിക്കറിയാമായിരുന്നു എന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കാവില്ല
അവള്‍ പതുക്കെ ചിരിച്ചു.. ടീപോയിയിലെ ഫ്ലവര്‍ വേസില്‍ നിന്ന് വാടിയ ഒരു പൂവെടുത്ത് മൂക്കോട് ചേര്‍ത്ത് മെല്ലെ ചോദിച്ചു "ഇതളുകള്‍ കൊഴിഞ്ഞു വാടിയ പൂവിനു ആവശ്യക്കാരുണ്ടാകുമോ ശരത് ?"
എനിക്കറിയില്ല ഷെറിന്‍ , ഒന്ന് മാത്രം അറിയാം നിന്നെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു ..

നനുങ്ങനെ തുടങ്ങിയ മഴ പുറത്തു ശക്തിയായിരിക്കുന്നു.. മഴ ചാറ്റല്‍ അടിക്കാതിരിക്കാന്‍ അയാള്‍ ജനലുകള്‍ ചേര്‍ത്തടച്ചു.. വീശിയടിച്ച കാറ്റിന്റെ തണുപ്പ് മുറിയില്‍ നിറഞ്ഞു ..
ശരത് എനിക്ക് നിന്റെ കുട വേണം ..
എന്തിനു ഷെറിന്‍ ? ഈ മഴയത്ത് നീ ?
അയാള്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി .

"ഈ മഴ പൊഴിയുന്നത് എനിക്ക് വേണ്ടിയാണെന്ന് തോന്നുന്നു.. എനിക്കത് നനയണം "
അവന്റെ കണ്ണിലേക്കു നോക്കി അവള്‍ വശ്യമായി ചിരിച്ചു..
മഴ നൂലുകള്‍ക്കിടയിലേക്കിരങ്ങി അവള്‍ വീണ്ടും ചിരിച്ചു.. ഞാന്‍ വരും ശരത് , നിനക്ക് വേണ്ടി മാത്രം, നീ ആഗ്രഹിക്കുന്നത് തരാന്‍ .
ഇപ്പോള്‍ മഴ പെയ്യുന്നത് അയാളുടെ മനസ്സിലാണ് .. ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന് തണുത്ത കാറ്റിനെ അയാള്‍ ഹൃദയത്തോട് ചേര്‍ത്തു..

***

സാര്‍ ..
സാര്‍ കപ്പലണ്ടി തരട്ടെ ?
സായാഹ്നത്തിലെ ഈ തണുത്ത കാറ്റില്‍ കടലിന്റെ ഭംഗി ആസ്വദിച്ചിരികുമ്പോള്‍ പലപ്പോളും പരിസരം മറന്നു പോകാറുണ്ട് ..
വേണ്ട
"സാര്‍ ഒരു കൂട് ..."
വേണ്ട പോ ..
ഇവനൊരു ശല്യം പിടിച്ച ചെറുക്കനാണ്
തമിഴനാനെന്നു തോന്നുന്നു, ഇവനെ ജനിപ്പിച്ചവന്‍ ഒരു പക്ഷെ ഈ കൊച്ചിയുടെ സന്തതി ആവാനാണ് സാദ്യത .. ഹാ അവന്റെ ഭൂതകാലം ചികയേണ്ട ആവശ്യം തനിക്കില്ലല്ലോ ..
ഇന്ന് ദേവി വരും , വരുന്ന ആഴ്ച അവള്‍ കാനഡക്ക് പോവുകയാണ് . യാത്ര പറയണം, ഇതൊഴിവാക്കാന്‍ ശ്രമിച്ചതാണ് .. പക്ഷെ കഴിഞ്ഞില്ല. കാണണമെന്ന് അവള്‍ക്കു നിര്‍ബന്ധം ..
അതില്‍ തെറ്റില്ല, അവള്‍ കൊച്ചിയിലുണ്ടായിരുന്ന ഒരു വര്‍ഷം എനിക്കവള്‍ ഭാര്യയായിരുന്നു.
താലിച്ചരട് കെട്ടിയുണ്ടാക്കുന്ന വിവാഹം എന്ന ബന്ധനത്തിന് താല്പര്യമില്ല എന്നാണു അവളോടന്നു പറഞ്ഞത് . പിന്നീടവളില്‍ മനസ്സ് മടുക്കുമ്പോള്‍ പൊട്ടിച്ചെറിയാന്‍ ഒരു ചരട് ബാക്കിയാവരുതല്ലോ .. അവള്‍ക്കെന്തായിരിക്കും തന്നോട് പറയാനുള്ളത് ?
"ശരത് .."
കപ്പലണ്ടിക്കാരന്‍ ചെറുക്കന് തന്റെ പേരറിയില്ലല്ലോ .. വീണ്ടും ഓര്മകളിലാഴ്ന്നു പോയിരിക്കുന്നു .. ദേവിയാണ് .
ഹായ് ദേവി
കാത്തിരുന്നു മുഷിഞ്ഞോ ശരത് ?
ഇല്ല മുന്‍പും കാത്തിരുന്നിട്ടുണ്ടല്ലോ നിന്നെ ..
ഉം .. അന്നൊക്കെ കാത്തിരിക്കാന്‍ കാരണങ്ങളുമുണ്ടായിരുന്നല്ലോ നിനക്ക് ..എന്നില്‍ മോഹമുണ്ടായിരുന്നു,ആഗ്രഹങ്ങള്‍ ബാക്കിയായിരുന്നു
ഇത് ജീവിതമാണ് ദേവി, നീ കാണുന്ന സിനിമകളല്ല.. ഈ യാത്രയില്‍ ബന്ധങ്ങള്‍ തടസ്സമാകുന്നത് എനിക്കിഷ്ടമല്ല ..
ഞാന്‍ നിന്നോട് തര്‍ക്കിച്ചു ജയിക്കാന്‍ വന്നതല്ല ശരത് .. നിന്നെ വിശ്വസിക്കരുതെന്ന് പറഞ്ഞ പീറ്റര്‍ അന്നെനിക്ക് ശത്രുവായിരുന്നു.. മനസ്സിന് ന്യായീകരിക്കാന്‍ കഴിയാത്ത അന്നത്തെ തെറ്റുകളില്‍ നീയെനിക്ക് ഒപ്പമുണ്ടാകുമെന്ന് വെറുതെ ആഗ്രഹിച്ചിരുന്നു അന്നൊക്കെ ..
ഞാനിന്നു ഒരുപാട് മാറിപോയി ശരത് ..
ഹൃദയം തകര്‍ന്ന് മോഹങ്ങള്‍ മരവിച്ചു ഭാവി എന്ന ശൂന്യതയിലേക്ക് ഇറങ്ങിപ്പോയ ആ പാവം പെണ്‍കുട്ടിയല്ല ഇന്ന് ദേവി !
രാത്രികള്‍ക്ക് വില കൂടിയിരിക്കുന്നു, സുഗന്ധവും ..
ആയുസ്സില്ലാത്ത സ്നേഹിക്കുന്ന മുഖങ്ങള്‍ക്കു നടുവിലാനിന്നു ജീവിതം .. ഒന്ന് മാത്രം മാറിയിട്ടില്ല, മനസ്സിന്റെ മരവിപ്പ് ...
നീയൊരു ഫ്രോടാണ് ശരത്
ദേവിയെന്ന പാവം പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഓര്‍മകളില്‍ പോലും കുഴിച്ചു മൂടിയത് നീയാണ് ..
നീ സ്നേഹിച്ചതും സ്നേഹിക്കുന്നതും നിന്നെ മാത്രമാണ് .. യു ആര്‍ എ ഫ്രോഡ് ശരത്

ഏതാനും മണല്‍തരികളെ നനച്ച കണ്ണ് നീരിനെ തനിച്ചാക്കി അവളുടെ നിഴലകന്നു പോകുന്നത് അയാള്‍ നോക്കി നിന്നു.

അവള്‍ കുറച്ചു കൂടി മോശമായി സംസാരിക്കുമെന്നാണ് കരുതിയത് , ഒരു കാര്യം സത്യമാണ് , ഞാന്‍ സ്നേഹിച്ചത് എന്നെ മാത്രമാണ് ...
അയാള്‍ ചിരിച്ചു, ഒരു ശല്യം ഒഴിവായിരിക്കുന്നു ..

***
ഷെറിന്‍ വന്നത് താന്‍ ആഗ്രഹിച്ച സമ്മാനവുമായാണ്.. തനിക്കൊപ്പം താമസിക്കാന്‍ അവള്‍ തയ്യാറായിരിക്കുന്നു .
മഴ കൂടുകയാണ് ..
മുന്തിരി വള്ളി പോലെ പടര്‍ന്നു പൂവിട്ട പ്രണയം ബ്ലാങ്കറ്റിനുള്ളിലെ ചെറു ചൂടില്‍ മനസ്സ് കൊരുത്തു ഹൃദയങ്ങളെ ഒന്നാക്കിയിരിക്കുന്നു !!
പ്രണയം പൊഴിക്കുന്ന മഴത്തുള്ളികളുടെ കുളിര്‍മ ഹൃദയത്തില്‍ നഖങ്ങളാല്‍ കോറിയിട്ട് അവള്‍ മനസ്സു നിറച്ചിരിക്കുന്നു.. മഴയുടെ സംഗീതം നിലക്കുകയാണ് , ആലസ്യത്തിന്റെ പടി വാതിലില്‍ അവള്‍ അവനോടു ചോദിച്ചു
" നീയെന്നെ വിവാഹം കഴിക്കുമോ ശരത്?"
മഴ നിലച്ചിരിക്കുന്നു, പുറത്തു നിര്‍ത്താതെ കരയുന്ന ചീവീടുകളുടെ ശബ്ദത്തേക്കാള്‍ അയാളെ അലോസരപ്പെടുത്തിയത് ആ ചോദ്യമാണ് ..
നീ ഭയപ്പെടേണ്ട ശരത് , ഞാന്‍ വെറുതെ ചോദിച്ചതാണ് .. അങ്ങനെയൊരു സ്നേഹം ഞാന്‍ നിന്നില്‍ നിന്ന് പ്രതീക്ഷിച്ചിട്ടില്ല .

മഴ മാറി വീണ്ടും വെയിലായി .. വിരസതയുടെ യാമങ്ങളില്‍ മടുപ്പിക്കുന്ന നിശബ്ദതയുമായി മാസങ്ങള്‍ കൊഴിഞ്ഞു ..
അവളുടെ കണ്ണുകളിലെ കഥകള്‍ തീര്‍ന്നിരിക്കുന്നു..
വാകുകള്‍ക്ക് പഴയ വശ്യതയില്ല
ഇവിടെ നിന്ന് മാറി നില്‍ക്കണം കുറച്ചു നാള്‍ .. ഷെറിനോട്‌ എന്തെങ്കിലും കള്ളം പറയണം .

ശരത് ..
എന്താ ഷെറിന്‍ ?
ഞാന്‍ നിന്നോടൊന്നു പറയാന്‍ മറന്നു .. എനിക്കൊന്നു നാട്ടിലേക്ക് പോകണം , നാളെ ട്രെയിനുണ്ട്.. ഒരാഴ്ച കഴിഞ്ഞു വരും ഞാന്‍ , നീയെന്നെ സ്റെഷനില്‍ ഒന്ന് ഡ്രോപ്പ് ചെയ്യണം നാളെ .
ഒക്കേ ഷെറിന്‍ , എന്താ പ്രത്യേകിച്ചു ?
പിന്നീട് പറയാം ശരത് ..
ഉം ശരി ..

***

ട്രെയിന്‍ പുറപ്പെടാരായിരിക്കുന്നു..
അവളോട്‌ പറയണം തിരിച്ചു വരരുതെന്നും , തന്നെ കാത്തിരിക്കരുതെന്നും..അവള്‍ എങ്ങനെ പ്രതികരിക്കും ?
ട്രെയിന്‍ സ്ടാര്ട്ട് ചെയ്തതിനു ശേഷം പറയുന്നതായിരികും നല്ലത് .. അവള്‍ ഇറങ്ങിയാലോ ?
ഭാഗ്യം വിന്‍ഡോക്കരികിലെ സീറ്റ് തന്നെ കിട്ടി
അയാള്‍ മുഖത്ത് വിഷമം വരുത്താന്‍ ശ്രമിച്ചു
അവളുടെ വിരലുകളെ അവസാനമായി സ്പര്‍ശിച്ചു ..
ശരത് ..
പതിയെ നീങ്ങാന്‍ തുടങ്ങിയ ട്രെയിനൊച്ചയെ മറി കടന്നു അവളുടെ വാക്കുകള്‍ അയാളെ ഞെട്ടിച്ചു
ഞാനിനി തിരിച്ചു വരില്ല ശരത് ..
ഷെറിന്‍ ..?
മുഖത്ത് കൂടുതല്‍ വിഷമം വരുത്തി അയാള്‍ വിളിച്ചു ..
കലങ്ങിയ കണ്ണുകളും ചിരിക്കുന്ന മനസ്സുമായി അയാള്‍ ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞു ..
ശരത് ..
"ശരത് ഞാന്‍ നിന്നെ വഞ്ചിക്കുകയായിരുന്നു"
നോ ഷെറിന്‍ .. ഒന്നും പറയേണ്ട, നീ എവിടെയായാലും സന്തോഷമായിരിക്കുന്നത് കണ്ടാല്‍ മതി എനിക്ക് ..
ഇല്ല ശരത് .. നീ കേള്‍ക്കണം
ഞാന്‍ നിന്നെ വഞ്ചിക്കുകയായിരുന്നു ..
ഓടിത്തുടങ്ങിയ ട്രെയിനിന്റെ ജനലഴികളില്‍ പിടിച്ചു അയാള്‍ ഒപ്പം ഓടി ..
ഐ ആം ആന്‍ എയിഡ്സ് പേഷ്യന്റ് ശരത് ..
ഞാനൊരു എയിഡ്സ് രോഗിയാണ് ..ഇപ്പോള്‍ നീയും ..

അയാള്‍ പിടി വിട്ടു.. കഥ പറയുന്ന കണ്ണുകള്‍ ട്രെയിനിനോപ്പം ഒരു മൂടലായകന്നു ..

ആളുകളുടെ ശബ്ദവും ട്രെയിനിന്റെ ഇരമ്പലും കാതുകളിലെക്കെതുന്നില്ല ..
അവള്‍ തന്നിലവശേഷിപ്പിച്ചത് മരണമാണ്
വെയില്‍ കനക്കുന്ന പ്രഭാതത്തിലും സന്ധ്യയുടെ ഗന്ധം അയാള്‍ തിരിച്ചറിഞ്ഞു ..
താന്‍ മൂലം പൊഴിഞ്ഞ കണ്ണ് നീര്‍ തുള്ളികള്‍ മഴയായ് തനിക്കു മീതെ പെയ്യുകയാണോ ?
തല ചുറ്റുന്നത്‌ പോലെ,
ചുറ്റും കറങ്ങുകയാണ് കുറെ മുഖങ്ങള്‍ .. റോസ് മേരിയും, ഷെരിനും, ദേവിയും..

തെളിഞ്ഞ ആകാശത്തിനു താഴെ കാരിരുണ്ട് കൂടിയ മിഴികളടച്ചു പ്ലാട്ഫോമിലെ വിളക്കു കാലില്‍ ചാരി അയാളിരുന്നു .
 

1 comment: