Monday 20 February 2012

റസിയാന്റെ പ്രേതം



"നിന്റെ വാക്കുകളിലെ സ്നേഹം മരിച്ചപ്പോള്‍ തെറ്റിയത് എന്റെ ഹൃദയ താളമാണ് ."

ഒരു മുഴം കയറില്‍ തൂങ്ങിയാടുകയാണ് റസിയാന്റെ മരവിച്ച ശരീരം ...

ഞാന്‍ ഒരു പെണ്‍കുട്ടിയെ വഞ്ചിചിരിക്കുന്നു..

പ്രതീക്ഷയറ്റ അവളുടെ കണ്ണുകളില്‍ നിരാശയാണോ അതോ എന്നോടുള്ള പകയോ ?


ഞാന്‍ ഇറങ്ങിയോടി ...
കത്തുന്ന താഴ്വരയിലെ മിന്നുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഭ്രാന്തമായ എന്തിനെയോ പോലെ പായുകയാണ് മനസ്സ് ...
കൂരിരുട്ടില്‍ ആകാശം പിളര്‍ത്തി ഒരു കൊള്ളിയാന്‍ മുന്നില്‍ മിന്നി മറഞ്ഞു ..

കാതുകളില്‍ മുഴങ്ങുന്നത് അവളുടെ ശബ്ദമാണ് ,

" കയറില്‍ തൂങ്ങുന്നതിന് എത്രയോ മുന്‍പേ നീയെന്നെ കൊന്നു ... നിന്റെ വാക്കുകളാല്‍ എന്റെ ഹൃദയം മുറിഞ്ഞു രക്തം വാര്‍ന്നത് നീ കണ്ടില്ലെന്നു നടിച്ചു .."
നിന്റെ അകല്‍ച്ച എന്റെ പ്രാണനില്ലാതാക്കുമെന്ന് അറിയാമായിരുന്നിട്ടു കൂടി നീയെന്നില്‍ നിന്നകന്നു ...
ഞാന്‍ ചെവി പൊത്തി..
അവളുടെ വാക്കുകള്‍ കാരമുള്ളു പോലെ തുളച്ചിരങ്ങുന്നത് എന്റെ ഹൃദയത്തിലേക്കാണ് ..

" നക്ഷത്രങ്ങള്‍ പൂക്കുന്ന താഴ്‌വരയില്‍ പരസ്പരം കൈകോര്‍ത്തു, ഹൃദയ താളങ്ങള്‍ക്കു കാതോര്‍ത്തു എത്രയെത്ര പകലുകള്‍ ... " ഈ പുല്‍നാമ്പിലെ മഞ്ഞു കണങ്ങള്‍ പോലെ പവിത്രമാണ് നമ്മുടെ പ്രണയമെന്ന് എത്ര വട്ടം നീയെന്റെ കാതില്‍ പറഞ്ഞിരിക്കുന്നു.. "

എന്റെ കാലുകള്‍ തളരുകയാണ് .. തൊട്ടു പിന്നില്‍ റസിയയുണ്ട് .. അവള്‍ക്കു വേണ്ടതെന്റെ അവസാന ശ്വസമാണ് .. അവളെന്നെ കൊല്ലും ..
നെറ്റിയിലുരുണ്ട് കൂടിയ വിയര്‍പ്പു മണികളുടെ നനവ്‌ ഭയമായി എന്നിലേക്ക്‌ അരിച്ചിരങ്ങുകയാണ്...
എനിക്ക് രക്ഷപ്പെടണം ..
ക്ഷേത്രക്കുളം കഴിഞ്ഞു ആല്‍തറ പിന്നിട്ടാല്‍ ഭീമന്‍ കോട്ട വാതിലാണ് .. നാലാള്‍ പൊക്കമുള്ള കോട്ടവാതില്‍ കടന്നു കിട്ടിയാല്‍ പിന്നെ ജനവാസമുള്ള പ്രദേശങ്ങളാണ് ..
നേരം വെളുക്കാരാകുന്നേയുള്ളൂ , ഈ വിജനതയില്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത് ആല്‍ മരത്തിലെ രക്തദാഹികളായ വവ്വാല്‍ക്കൂട്ടങ്ങളാണ് ..

ഇനി രക്ഷപ്പെടാനാവില്ല ..

തീ തുപ്പിയലറുന്ന ഒരു കൂട്ടം തെയ്യങ്ങള്‍ എനിക്ക് ചുറ്റും നിരന്നിരിക്കുന്നു ..
അതാ തൊട്ടു മുന്നില്‍ കോട്ട വാതിലില്‍ ചാരി, എന്നെയും നോക്കികൊണ്ട്‌ അവള്‍ ...

എന്നിലേക്ക്‌ പടര്‍ന്നു കയറുകയാണ് അവളുടെ കൈകള്‍ ...

അവളുടെ ശ്വാസത്തിന് പാല പൂത്ത ഗന്ധമില്ല , ഒരുതരം മടുപ്പിക്കുന്ന രക്ത ഗന്ധം ..

" നീയും മരിക്കണം "

അവളുടെ മരവിച്ച നീണ്ട വിരലുകള്‍ എന്റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ് ...
അവളുടെ കണ്ണിലെ പക തീരണമെങ്കില്‍ എന്റെ ശ്വാസം നിലക്കണം...
എന്റെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകുകയാണ് .. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ... എനിക്ക് ജീവിക്കണം ..
സര്‍വ്വ ശക്തിയുമെടുത്തു ഞാനവളെ തള്ളി മാറ്റി ..

തെറിച്ചു വീണ തലയിണയും താഴെ വട്ടം കറങ്ങുന്ന വെള്ളം കുപ്പിയുമാണ് എന്നെ ഉണര്‍ത്തിയത് ..

"ജീവിതം തിരിച്ചു തന്നിരിക്കുന്നു സ്വപ്നം "

ഭാഗ്യം തൊണ്ട നനക്കാനുള്ള വെള്ളമുണ്ട് കുപ്പിയില്‍ ..

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ്‌ റസിയയെ ഞാന്‍ ആദ്യമായി കാണുന്നത് , അവളിപ്പോള്‍ ആരെയും ശല്യപ്പെടുത്താതെ ഞങ്ങളുടെ ആശുപത്രി മോര്‍ച്ചരിയിലെ ഫ്രീസരിനുള്ളില്‍ ഉറങ്ങികിടക്കുകയാണ് ..
മുഖങ്ങള്‍ക്കു പിന്നിലെ കഥയന്വേഷിക്കുന്ന മനസ്സാണ് എന്നെ സ്വപ്നം കാണിച്ചു ഭയപ്പെടുത്തിയത് !

തണുത്തുറഞ്ഞു വാടിയ താമരതണ്ട് പോലെ ശാന്തയായ് ഉറങ്ങി കിടക്കുന്ന അവളുടെ കണ്ണുകള്‍ക്ക്‌ പക്ഷെ ഒരു വഞ്ചനയുടെ കഥ പറയാനുള്ളത് പോലെ തോന്നി ..

നേരം വെളുത്തിരിക്കുന്നു .. എനിക്കിന്നലെ നൈറ്റ്‌ ഡ്യൂട്ടിയായിരുന്നു , അപകടങ്ങള്‍ നിറഞ്ഞ ഒരു രാത്രിയാണ്‌ കടന്നു പോയത് .. ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല .. ആകെ കിട്ടിയ രണ്ടു മണിക്കൂറാണ് റസിയ തട്ടിയെടുത്തത് ..

എന്തിനായിരിക്കും അവള്‍ ആത്മഹത്യ ചെയ്തത് ??

അവളെന്നോട് പറഞ്ഞത് പോലെ സ്നേഹം മരിച്ച കുറെ വാക്കുകളായിരിക്കുമോ അവളുടെ ജീവനെടുത്തത് ??

വാക്കുകളില്‍ സ്നേഹമുണ്ട് , ജീവിതമുണ്ട് അത് പോലെ തന്നെ മരണവും ... ഏതാനും വാക്കുകള്‍ക്കു ഒരാളുടെ ജീവിതത്തില്‍ പ്രത്യാശയുടെ തിരി തെളിക്കാന്‍ കഴിയും,മാനസികമായി തളര്ത്താനും കഴിയും ..

റസിയ ഉത്തരമില്ലാത്ത ഒരു കടങ്കഥയായി അവശേഷിക്കുന്നു .....

ആത്മഹത്യ ഒരു കൊലപതകമല്ലേ ??

കുറച്ചു വാക്കുകള്‍ കൊണ്ട് ഒരാളെ കൊന്നാല്‍ അത് ആത്മഹത്യയാകുമോ ???

2 comments:

  1. ഇതും നന്നായിരിയ്ക്കുന്നു. കഥാഗതി ഇതേപോലെയുള്ള ഗോപൂന്റെ ഒരു പഴയ കഥ പിന്നെയും (അത് സ്പെസിഫൈ ചെയ്യാന്‍ പറ്റുന്നില്ല ട്ടോ) മനസിലേക്ക് വന്നു.

    ReplyDelete