Tuesday, 20 March 2012

കാവ്"അശ്രീകരം .. തറവാട് മുടിക്കാന്‍ പിറന്ന ഒരുബെട്ടോള് .. കൊന്നു കായലില്‍ താഴ്ത്തും ന്നെ .."
ഗോവിന്ദമ്മാമ നിന്ന് കലി തുള്ളുകയാണ്  
ആ പരുക്കന്‍ കൈ ശ്രീക്കുട്ടിയുടെ കവിളില്‍ ആഞ്ഞു പതിച്ചപ്പോള്‍ ശിവദാസന്‍റെ കാലുകള്‍ വിറച്ചു .
ഒരു നികൃഷ്ട ജീവിയെയെന്ന പോലെ അവനെ കഴുത്തിന്‌ പിടിച്ച് സര്‍പ്പക്കാവിലെ കല്ലിലേക്ക് ആഞ്ഞു തള്ളി അയാള്‍ അലറി ,
"കയ്യും കാലും വെട്ടി ഈ പുഴ കടത്തും മുന്നേ ഇന്നാട് വിട്ടോ നീയ്യ്‌ "

സര്‍പ്പക്കാവിനടുത്തെ ഇടതൂര്‍ന്ന മുളങ്കൂട്ടങ്ങള്‍ക്കും കശുമ്മാവിന്‍ തോട്ടത്തിനും ഇടയിലൂടെ അവളെ വലിച്ചിഴച്ച് അയാളുടെ ടോര്‍ച്ചു വെട്ടം 
മറയുന്നത് ശിവദാസന്‍ നിര്‍വികാരതയോടെ നോക്കി കിടന്നു . 
എവിടൊക്കെയോ നീറുന്നുണ്ട്  ..

നാഗയക്ഷിക്കല്ലില്‍ കൈ കുത്തി അയാള്‍ എഴുന്നേറ്റിരുന്നു.
ഇല്ലിക്കല്‍ തറവാട്ടിലെ ശ്രീദേവിക്കുട്ടിയെന്ന  ശ്രീക്കുട്ടിയെ അസമയത്ത് കാവില്‍ വച്ച് സ്പര്‍ശിക്കാന്‍ പോയിട്ട് ഒന്ന്‍ മിണ്ടാനുള്ള 
യോഗ്യത പോലുമില്ലാതവനാണ് കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍..
കിഴക്കെതൊടിയിലെ സുഭദ്രയുടെ ഭര്‍ത്താവ് മരിക്കുന്നത് ശിവദാസന്‍ ജനിക്കുന്നതിനു മുന്‍പാണ് . സുഭദ്രയുടെ വയറ്റില്‍ കുരുത്ത
ശിവദാസന്‍റെ കര്‍മ്മയോഗാനത്രേ ദിവാകരനെ തോണി മുക്കി കൊന്നത് ..
കയറിചെല്ലുന്നിടതെല്ലാം പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു "അച്ഛനെ കൊന്നവന്‍ "

അയാള്‍ കാവിലെ കുളത്തിന്‍റെ പടവുകളിരങ്ങി, വെള്ളത്തിന്‍റെ തണുപ്പ് നീറ്റലുണ്ടാക്കുന്നുണ്ട്.. അവന്‍ മെല്ലെ വെള്ളത്തിലേക്ക്‌ മുഖം പൂഴ്ത്തി 
കണ്ണ് നീരിനെ അലിയിച്ചു .

ശ്രീക്കുട്ടിക്കിന്നു ഉറക്കണ്ടാവില്ല ..
വിസ്ഥാരമായിരിക്കും , തറവാടിന്റെ മാനം കെടുത്തിയിരിക്കുന്നു..
മച്ചിലെ ഭഗോതി കോപിക്കും..
കാവില് പൂരം നടക്കുമ്പോള്‍ അസമയത്ത് പിന്നിലെ സര്‍പ്പക്കാവില്‍ പോയിരിക്കുന്നു, അതും തറവാട്ടു മുറ്റത്ത്‌ കാലു കുത്താന്‍ പോലും യോഗ്യതയില്ലാത്ത 
ഒരുത്തന്‍റെ കൂടെ..
ശിക്ഷ കിട്ടും അവള്‍ക്ക്..
കോളേജിലെ പഠിപ്പ് നില്‍ക്കും, എട്ടുകെട്ട് വീടിന്‍റെ പടിപ്പുര ഇനി അവള്‍ക്ക് മുന്നില്‍ തുറക്കില്ലായിരിക്കും ..

പൂരം കഴിഞ്ഞു ആളുകള്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു ..
"ദാസാ "
അനക്കെന്താടോ പറ്റീത് , ആകനെ നനഞ്ഞിട്ടണ്ടല്ലോ ?
വടക്കേചിറയിലെ  ദിനെശേട്ടനാണ്..
ന്നൂല്ല്യ , ഒന്ന് മുങ്ങീതാ കാവില കുളത്തില്  
ഈ അസമയത്ത് കാവില കുളത്തില് പൂവ്വേ !, അനക്കെന്താടോ പ്രാന്താണോ ??
സര്‍പ്പങ്ങളും യക്ഷികളും വിഹരിക്ക്ന സ്ഥലാണ്.. പോരാതെനു വിഷം തീണ്ടി മരിച്ച കുമാരക്കണിയാനും ..
പലരും കണ്ടിരിക്കന്...

ദാസന്‍ മിണ്ടാതെ നടന്നു, അവനു യക്ഷികളെ ഇഷ്ടാണ്, വെറുപ്പ്‌ മനുഷ്യരോട് മാത്രം.. കൊല്ലാതെ കൊല്ലുന്ന ശവങ്ങള് ..
സ്നേഹം നിറഞ്ഞ നോട്ടത്തിന്‍റെ സുഖം അറിഞ്ഞത്‌ ശ്രീക്കുട്ടിയില്‍ നിന്ന് മാത്രമാണ്.. സഹതാപമായിരുന്നു അവള്‍ക്കാദ്യം ,
തന്തയില്ലാത്തവന്‍ എന്ന് മറ്റുള്ളവര്‍ കളിയാക്കി വിളിക്കുന്ന ക്ലാസ്സിലെ ചെക്കനോട് തോന്നിയ ഒരടുപ്പം .

***
ശ്രീക്കുട്ടി ...
കളഭത്തിന്‍റെ ഗന്ധാണ് അവള്‍ക്ക്.. വിരലുകള്‍ക്ക് ചന്ദനത്തിന്‍റെ കുളിര്‍മ്മയും..  
തുളസിയിട്ടു കാച്ചിയ എണ്ണയുടെയും വാസന സോപ്പിന്‍റെയും നരുമണാണ് അവളുടെ മുടിയിഴകള്‍ക്ക്‌.. 
അവള്‍ കടന്നു പോയാല്‍ ആരും ഒന്ന് തിരിഞ്ഞു നോക്കും, പക്ഷെ ശിവദാസന്‍ അവളെ ശ്രദ്ദിക്കാരില്ലായിരുന്നു, അവന് 
വെറുപ്പായിരുന്നു എല്ലാവരോടും ..
നിരവധി കഥകളാണ് അവളെ പറ്റി കുട്ടികള്‍ പറഞ്ഞിരുന്നത് ..
ഓള്‍ട തറവാട്ടില് നിധീണ്ട്, മച്ചില് ഭഗോതിയും ..
ഓള്‍ക്ക് ഒരു പെട്ടി നിറയെ സ്വര്നാഭരനങ്ങ ലുണ്ടത്രേ !
കാവിലെ പൂരത്തിന് വൈരം പതിച്ച നാഗപട മാലയാണ് അണിയാര്..
വല്യ പത്രാസുകാരിയാണ് , അങ്ങനെ ആരേം നോക്കി ചിരിക്കാറില്ല , പക്ഷേങ്കില് 
ഓള്‍ക്ക് ചൊവ്വ ദോഷാണ് !!
ക്ലാസ്സില്‍ അവള്‍ ആകെ മിണ്ടീട്ടുല്ലത് മുണ്ടൂര്‍ക്കലെ  ശ്രീധരനോടാണ്, പെന്‍സില്‍ ചെത്താന്‍ ബ്ലേട്‌ ചോദിച്ച സംഭവം വിവരിക്കാന്‍ ഓന് നൂറു നാവാണ് ..

പത്താം തരത്തിലായപ്പോള്‍ സര്‍പ്പക്കാവിലെ ആയില്യം പൂജക്കാണ് അവളെ ആദ്യമായി ശ്രദ്ദിക്കുന്നത്..
ഫീസടക്കാനുള്ള പണത്തിനായി നാഗയക്ഷിയോടു പ്രാര്‍ഥിച്ചു നില്‍ക്കുമ്പോള്‍ നാഗങ്ങളെ പ്രദക്ഷിണം വച്ച് അവള്‍ മുന്നിലെത്തി ..
ചുറ്റും കളഭ സുഗന്ധം ..
ചുവന്ന പട്ടു പാവാടയും ബ്ലൌസുമിട്ട് നനവ്‌ മാറാത്ത മുടിയഴിച്ചിട്ട് മുന്നില്‍ വന്ന  അവളെയാണ് കണ്ണ്
തുറന്നപ്പോള്‍ കണ്ടത് ..
ഒരു നിമിഷം ഞെട്ടുക തന്നെ ചെയ്തു ..
ഇത് നാഗയക്ഷിയാണോ ??
കരിമഷിയെഴുതിയ പാതി കൂമ്പിയ മിഴികള്‍.. കാവിലെ ഇലപ്പടര്‍പ്പുകല്‍ക്കിടയിലൂടെ പതിക്കുന്ന സൂര്യ രശ്മിയില്‍ തിളങ്ങുന്ന മുഖം ..
അവളും നോക്കി മിഴികള്‍ തുറന്ന്..
പെട്ടന്ന് നോട്ടം പിന്‍വലിച് അവന്‍ അവള്‍ക്ക് വഴിമാറി നിന്നു..
ഷര്‍ട്ടിന്റെ കീറാല്‍ കൈ
കൊണ്ടു മറക്കാന്‍ പാട് പെട്ട  അവനെ അവള്‍ ഒരിക്കല്‍ കൂടി നോക്കിയിട്ട് കാവിന്‍റെ പടവുകളിരങ്ങി .

കണ്ണെത്താ ദൂരത്തോളം നിറഞ്ഞു കിടക്കുന്ന നെല്‍പ്പാടത്തിന്റെ അറ്റത്ത്‌ അവളൊരു പൊട്ടാകുന്നത് വരെ അവന്‍ നോക്കി നിന്നു .

***
സാറേ , ദാസ് സാറേ ..
അയാള്‍ സീറ്റിലോന്നു നിവര്‍ന്നിരുന്നു . ഡ്രൈവറാണ്..
കാര്‍ നഗര തിരക്കില്‍ നിന്ന് ഗ്രാമത്തിന്‍റെ പച്ചപ്പിലേക്ക് എത്തിയിരിക്കുന്നു .
ഒന്നുറങ്ങി പോയി , അയാള്‍ പറഞ്ഞു .
ഇനിയും ഒന്നര മണിക്കൂര്‍ യാത്രയുണ്ട്, സാറിനു ചായ വല്ലതും കുടിക്കണോ ?
വേണ്ട സുഭാഷേ നമുക്ക് പോകാം ..

നീണ്ട ഇരുപതു വര്‍ഷങ്ങള്‍ !!
നഗരത്തിന്‍റെ വ്യാപ്തി കൂടിയിരിക്കുന്നു , ഗ്രാമം ചെറുതായിരിക്കുന്നു .
എല്ലാം മാറിയിട്ടുണ്ടാകും , ആളുകളും ..
ഒരിക്കലും തിരിച്ചു വരരുതെന്ന് തീരുമാനിച്ചിരുന്നതാണ് . നാട്ടിലുള്ളതത്രയും
വേദനിപ്പിക്കുന്ന ഓര്‍മകളാണ് . എല്ലാവരും അവജ്ഞയോടെ മാത്രം കണ്ടിരുന്ന 
കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍ ഇന്ന് ശ്രെഷ്ടനും സംബന്നനുമാണ് 
പക്ഷെ ജീവിതത്തെ ഇവിടെ വിട്ടിട്ടു പോന്നിട്ട് ഇരുപതു വരഷാവുന്നു.. അതിനിടയില്‍ വിവാഹം മറന്നു ,
അത് പക്ഷെ പണ്ട് കാവില്‍ വച്ച് നടന്നു കഴിഞ്ഞതാണ്.. 

"പുറപ്പിള്ളി കാവില് പൂരട്തട്ടണ്ട് സാറേ, ഇക്കുറി ഗംഭീരാവും "
ഉം .. അയാള്‍ ഒന്നമര്തി മൂളി ..

പുറപ്പിള്ളിക്കാവിലെ പൂരം ....
അയാള്‍ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു..
അയാള്‍ മൂക്കിലേക്ക് ആവാഹിച്ചു, കത്തുന്ന കര്‍പ്പൂര ഗന്ധം ഇഴ ചേരുന്ന കളഭ , ഭസ്മ ഗന്ധത്തോടൊപ്പം പൊടി മണ്ണിന്‍റെ മണവും ..
ഇണ ചേരുന്ന പാമ്പുകളെ പോലെ മുടിയഴിച്ചിട്ട് കളത്തിലിഴയുന്ന പെണ്ണുങ്ങള്‍ , ആലിലകളുടെ സംഗീതം , ഇട നെഞ്ചിനെ പ്രകമ്പനം കൊള്ളിക്കുന്ന ശീവേലി എഴുന്നള്ളിപ്പ് .. ചെമ്പട്ടില്‍ മുങ്ങിയ ദേവി .. അന്തരീക്ഷത്തില്‍ ഉയരുന്ന ആര്‍പ്പു വിളികളും പ്രാര്‍ത്ഥന മന്ത്രങ്ങളും ....
കത്തുന്ന കല്‍ വിളക്കിന് പിന്നില്‍ തൊഴുതു നില്‍ക്കുന്ന ശ്രീക്കുട്ടിയെ ആള്‍ക്കൂട്ടത്തിലും മിഴികള്‍ തേടിപ്പിടിക്കുകയായിരുന്നു.. നിറഞ്ഞു കത്തുന്ന വിളക്കിനേക്കാള്‍ സൌന്ദര്യം അവളുടെ കണ്ണുകള്‍ക്കാണ്..
നെറ്റിയില്‍ നേരിയ ചന്ദനക്കുറി , തീവെട്ടിയുടെ വെളിച്ചത്തില്‍ അവളൊരു ദേവിയെപ്പോലെ സുന്ദരിയായിരുന്നു ..
പിന്നീട് തിരക്കില്‍ അവളെ നഷ്ടപ്പെട്ടു.

സര്‍പ്പം പാട്ടും മുടിയാട്ടവും നടക്കുന്ന ആല്‍തറക്കടുത്ത് നിന്നപ്പോള്‍ തൊട്ടു പിന്നില്‍ നിന്നും ആ കളഭ സുഗന്ധം ഒഴുകി വന്നു. അവള്‍ തന്‍റെ പിന്നില്‍ വന്നു നിന്നതാണോ ?
മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മിഴിയില്‍ കണ്ടത് തന്നെത്തന്നെയാണ് ! അവള്‍ പുഞ്ചിരിച്ചു !
പെന്‍സില്‍ ചെത്താന്‍ ബ്ലേട്‌ കൊടുത്ത ശ്രീധരനെ നോക്കി അവള്‍ പുഞ്ചിരിച്ചിട്ടില്ല !
കളത്തിലിഴയുന്ന പെണ്ണുങ്ങള്‍ക്ക്‌ വേഗം കൂടിയിരിക്കുന്നു ,
കെട്ട് പിണഞ്ഞ്  മുടിയഴിച്ച് കളം മായ്ക്കുന്ന പാമ്പുകള്‍ ..
ശിവദാസന്‍ ശ്വാസം ആസ്വദിച്ച് വലിച്ചു.. അവന്‍റെ ഹൃദയമിടിപ്പ്‌ കൂട്ടിയത് പിന്നിലെ കളഭ സുഗന്ധമാണ് ..
പെട്ടന്നാണവള്‍ തനിക്ക് മുന്നിലേക്ക്‌ കടന്ന്‌ ആല്‍തറക്കടുതെക്ക് നീങ്ങിയത് ..
വാസന സോപ്പ് മണക്കുന്ന മുടിയിഴകള്‍ മൂക്കിലുരഞ്ഞു കടന്ന്‌ പോയി ...

***
പിറ്റേന്ന് റിസല്‍ട്ടാണ് ..
പത്താം തരം കടക്കുമോ എന്ന ഭയമില്ല , കാരണം ജയിച്ചാലും തോറ്റാലും ഇനി പഠിപ്പില്ല..
ശ്രീക്കുട്ടിക്ക്‌ കോളേജില്‍ പോയി പഠിക്കാം, പണമുണ്ട് .
ജയിച്ചാല്‍ നൂല്‍ കമ്പനിയില് കണക്കെഴുതുന്ന ജോലി തരപ്പെടുതാമെന്ന് സുകുമാരന്‍ വല്ല്യച്ചന്‍ പറഞ്ഞിട്ടുണ്ട് .

റിസള്‍ട്ട്‌ വന്നു..
ശിവദാസന്‍ ക്ലാസ്സില്‍ ഒന്നാമാതായിരിക്കുന്നു ..
കഷ്ടിച്ച് കടന്ന്‌ കൂടിയ ശ്രീധരന്‍ മധുരം വിതരണം ചെയ്തു, അവന്‍ കോളേജില്‍ പോവുംത്രേ ..
അതും ശ്രീക്കുട്ടി ചേരണ കൊളേജില്.
മൂന്നു തവണ തോറ്റ ശ്രീധരന്‍ വയസ്സിനു മൂത്തതാണ്, താഴത്തങ്ങാടിക്കടുത്തുള്ള     
അമ്പതെക്കര്‍ നിലവും തോട്ടവും അവനു സ്വന്താണ്.

ശിവദാസനെ ആരും അനുമോദിച്ചില്ല  ..

പിറ്റേ ആഴ്ച സുകുമാരന്‍ വല്ല്യച്ചനെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍കുമ്പോള്‍ അവള്‍ വന്നു കൂടെ കാരണവരും .
അവനു ജാള്യത തോന്നി, ഷര്‍ട്ട്‌ പഴയതാണ് .. അവന്‍ കുറച്ചു മാറി നിന്നു.
വൈകുന്ന ബസ്സിനെ പ്രാകുകയാണ് പലരും.
അവന്‍ ശ്രീക്കുട്ടിയെ നോക്കി, അവള്‍ അല്പം പുറകിലേക്ക് ഇറങ്ങി നിന്ന് തന്നെയാണ് ശ്രദ്ദിക്കുന്നത്, അവള്‍ ചിരിച്ചു  !
ബസ് വന്നു വല്യച്ചന്‍ ബസ്സിലിരുന്നു കൈ കാണിച്ചതനുസരിച്ച് അവനും കയറി .
വളരെ അപൂര്‍വമാണ് ബസ് യാത്രകള്‍ . വല്യച്ചന്‍ കൊണ്ട് പോകുന്നത് കമ്പനിയില്‍ പരിചയപ്പെടുത്താനാണ് .
ബസ്സിന്‍റെ മുന്‍ വശത്തെ സീറ്റിലിരുന്ന് അവള്‍ തന്നെ നോക്കുന്നു ..
എത്ര ശ്രമിച്ചിട്ടും ഓടുന്ന മരങ്ങളിലേക്കും വഴിയോര കാഴ്ച്ചകളിലേക്കും കണ്ണുകള്‍ പോകുന്നില്ല..
അത് മുന്‍ സീറ്റിലെ പാവാടക്കാരിയുടെ കണ്ണില്‍ ഉടക്കി കിടക്കുന്നു ..
അവള്‍ ടൌണിലെ കോളേജില്‍ ചേരാന്‍ പോകുകയാവും, ഇനി ഒരു പക്ഷെ കണ്ടെന്നു വരില്ല.

അതോര്‍ക്കുമ്പോള്‍ എന്തോ ഒരു വിഷമം..
തനിക്കെന്താണ്‌ പറ്റുന്നത് ??
പലപ്പോഴും കണ്ണടച്ചാല്‍ തെളിയുക കല്‍വിളക്കിനു  പിന്നിലെ ആ പാതി കൂമ്പിയ മിഴികലാണ് .. 
മനസ്സിനെ നിയന്ത്രിക്കണം, അവള്‍ ഇല്ലിക്കല്‍ തറവാട്ടിലെ ശ്രീക്കുട്ടിയാണ്.. താന്‍ വെറും കിഴക്കേതൊടിക്കാരന്‍ 
ശിവദാസനും .
ഇറങ്ങാന്‍ നേരം ഒരിക്കല്‍ കൂടി അവള്‍ നോക്കി .. അവനും ..

***

ജോലി ഏതാണ്ട് ഉറപ്പായി ..
അടുത്ത മാസം ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. കാവില് നൂറും പാലും കഴിക്കാന്‍ അമ്മയാണ് പറഞ്ഞത്..
പുറപ്പിള്ളിക്കാവില്‍ പൂജ കഴിച്ച് പിന്നിലെ ഊടുവഴിയിരങ്ങി സര്‍പ്പക്കാവിലേക്ക് നടന്നു , കാവിലെ വിജനത അയാള്‍ക്കിഷ്ടാണ് . പണ്ടെങ്ങോ വിഷം തീണ്ടി മരിച്ച കുമാരക്കണിയാന്‍റെ പ്രേതത്തെ അസമയത്ത് അവിടെ കണ്ടവരുണ്ട് ! പക്ഷെ ശിവദാസന് പേടിയില്ല, കാരണം കൂട്ടിന് നാഗങ്ങലുണ്ട്. കാലിലൂടിഴഞ്ഞു പോയിട്ടുണ്ട് പലതവണ ..
ജോലിക്കാര്യം പ്രാര്‍ഥിക്കാന്‍ നാഗ യക്ഷിക്ക് മുന്നില്‍ നിന്നപ്പോള്‍ മനസ്സില്‍ വന്നത് ശ്രീക്കുട്ടിയാണ് ..
തൊഴുത് തിരിഞ്ഞിരങ്ങാന്‍ ഭാവിച്ചപ്പോള്‍ തൊട്ടു മുന്നില്‍ അവള്‍ !!

" ഇയ്യാള്‍ക്ക് നല്ല മാര്‍ക്കുണ്ടല്ലോ , കോളേജില്‍ ചേരനില്ലേ ?"
ഇല്ല്യ .. ന്നി പഠിക്കാന്‍ കഴിയില്ല്യ .. സാധിക്കില്ല്യ ..
ഇലഞ്ഞിയില്‍ നിന്ന് പടര്‍ന്നു തൂങ്ങിയ താളിയില ഇറുത് താഴെയിട്ട് അവന്‍ പറഞ്ഞു , അത് പറയുമ്പോള്‍ ശബ്ദം ഒന്നിടരി ..
"സാരല്ല്യ വിഷമിക്കേണ്ട "
അവള്‍ ചുറ്റുമൊന്നു നോക്കിയിട്ട് കയ്യിലെ ഇലപ്പോതി തുറന്നു ..
പെട്ടന്ന് അവളുടെ വിറയാര്‍ന്ന വിരലുകളുടെ കുളിര്‍മ്മ അവന്‍റെ നെറ്റിയില്‍ ചന്ദനവുമായി ചേര്‍ന്നലിഞ്ഞു ...
ഒന്നാമ നായതിന്‍റെ സമ്മാനം ..
വേഗത്തില്‍ കല്‍ പടവുകള്‍ ഓടിയിറങ്ങിയ അവള്‍ തിരിഞ്ഞു നോക്കി പറഞ്ഞു ..
ന്നി ഇയ്യാളെ കാണാന്‍ കഴിയോന്നരില്ല്യ .. ഞാന്‍ ടൌണിലെ കോളേജില്‍ ചേര്‍ന്നു..
നിക്ക് വിലാസറിയാം, കതെഴ്തന്ട്..

അവന്‍ കല്‍ പടവില്‍ ഇരുന്നു ..
ആദ്യമായിട്ട് ഒരാള്‍ തന്നെ അനുമോദിചിരിക്കുന്നു ! ജീവിതത്തിനു ഇപ്പോള്‍ ഒരു അര്‍ത്ഥമുണ്ടായിരികുന്നു .
തനിക്കു കത്തെഴുതാനും ഒരാള്‍ !!
***

ഒന്നര മാസം കഴിഞ്ഞപ്പോള്‍ ആ അത്ഭുതം സംഭവിച്ചു .. കിഴക്കെതൊടിയില്‍ ശിവദാസനെ തേടി ആദ്യത്തെ കത്ത് വന്നു അമ്മയാനെടുത്തു തന്നത്. എന്നിട്ട് ഭയത്തോടെ ചോദ്യ ഭാവത്തില്‍ നോക്കി ..
ന്നൂല്ല്യമ്മേ ..കൂട്ടുകാരനാണ് ..
"ന്താട അതിലെഴുതീര്ക്കണേ ??"
മറുപടി പറയാന്‍ നിന്നില്ല , കത്തുമായി ഓടിയത് കാവിലെ ആല്‍തറയിലേക്കാണ് .
ക്ഷേത്രത്തിനു ചുറ്റും വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട് .
ഇല്ലന്ടിനെ നോവിക്കാതെ തുറന്നു , മൂന്നേ മൂന്നു വരിയെ എഴുതിയിട്ടുള്ളൂ ..
അവന്‍ കത്ത് മടക്കി , വായിക്കാന്‍ ഭയമാകുന്നു , എന്തായിരിക്കും ?
നെറ്റിയില്‍ നിന്നും വിയര്‍പ്പോഴുകുന്നു .. അവനത് വീണ്ടും തുറന്നു ..

"ജോലിക്ക് പോയി മിടുക്കനാവണം , ന്നാലെ ഇല്ലിക്കല്‍ വന്ന് 
ഈ ചൊവ്വാ ദോഷക്കാരിയെ പെണ്ണ് ചോദിക്കാന്‍ കഴിയൂ ..
കാത്തിരിക്കാന്‍ ആളുണ്ട് ... "
ശ്രീക്കുട്ടി .

ക്ഷേത്രത്തിനു ചുറ്റും തെളിഞ്ഞു കത്തുന്ന ദീപ നാളങ്ങളിലെല്ലാം അവളുടെ ചിരിക്കുന്ന മുഖം !
എവിടെ നിന്നോ ഒഴുകി വരുന്നു ആ കളഭ സുഗന്ധവും ചന്ദനത്തിന്‍റെ കുളിര്‍മ്മയും ..
അവന്‍ ആല്‍ തറയിലേക്ക്‌ തല ചായ്ച്ചു , ആലിലകള്‍ക്കിടയില്‍ ചിരിക്കുന്ന നക്ഷത്രങ്ങള്‍ ..
അല്ല അവിടെയും ശ്രീക്കുട്ടി !!!
***

കാറിന്‍റെ ഹോണടി ശബ്ദം ചെവി തുളച്ച് ഓര്‍മകളെ പിടിച്ചു നിര്‍ത്തി . വഴിയില്‍ ഏതോ ഒരു വികൃതി 
പയ്യന്‍ കുറുകെ ചാടിയതാണ് ..
എത്താറായിട്ടുണ്ട്..
പാടത്തിനു നടുക്കൂടെ ഒരു ചാല് കീറിയത് പോലെ പഴയ റോഡ്‌ , അതിനു മാറ്റമൊന്നുമില്ല ..
ടാര്‍ ചെയ്ത് വീതി കൂട്ടിയിട്ടുണ്ട്.
സുലൈമാന്‍ സാഹിബിനു വിറ്റു പോയ ഇല്ലിക്കലെ  കമുകിന്‍ തോട്ടം എത്തിയിരിക്കുന്നു ..
അതിന്‍റെ വടക്കേ മൂലയിലെ പുളി മരത്തിലാണ് തന്നെ പണ്ട് കെട്ടിയിട്ടു തല്ലിയത്..
ഗോവിന്ദമ്മാമയുടെ നേത്രിത്വത്തില്‍..
ഇടാതെ തുടയിലെ മായാത്ത പാടില്‍ അയാളുടെ കൈ വിരലുകള്‍ മെല്ലെ ഓടി ..

ചെയ്ത തെറ്റ് ഗുരുതരമായിരുന്നു 
ശ്രീക്കുട്ടിയെ കാവില്‍ വച്ച് ചുംബിച്ചു..
കാവ് ആശുദ്ദമാക്കി , തറവാടിനു സര്‍പ്പ കോപം വരുത്തി വച്ചു..
ദേഹമാസകലം അടി കിട്ടിയിട്ടും അന്ന് പക്ഷെ കരഞ്ഞില്ല ..
ചുണ്ട് പൊട്ടി വായിലേക്കൂറി വന്ന ഉപ്പു രസത്തെ വലിച്ചെടുത്തു തുപ്പിയപ്പോള്‍ 
ചിരിയാണ് വന്നത് ..
തന്നെ അവര്‍ ഭയപ്പെടുന്നു !!
കാരണം താന്‍ ഒരു ആണ്‍ പിറന്നവനായിരിക്കുന്നു !  
അതെ കിഴക്കെതൊടിയില്‍ ശിവദാസന്‍ ആണാണ് .

***

"സുഭാഷേ വണ്ടിയൊന്നു നിര്‍ത്തു"
ജീവിതത്തില്‍ അണയാതെ കത്തുന്ന ഓര്‍മകളിലെ ഇടവഴിയിലൂടെയാണ് ഇപ്പോള്‍ പോകുന്നത് ..
ഇല്ലിക്കലെ പടിപ്പുരയെതിയിരിക്കുന്നു !
തകര്‍ച്ചയുടെ പ്രതീകം പോലെ അങ്ങിങ്ങ് കുറച്ച് ഓടുകലുമായി മരണം കാത്തു കിടക്കുന്ന പഴയ 
കൂറ്റന്‍ പടിപ്പുര ..
അയാള്‍ തറവാട്ടു മുറ്റത്തേക്ക് ഒന്നെത്തിച്ചു നോക്കി 
പഴയ എട്ടു കെട്ട് തറവാടിന്‍റെ പടിഞ്ഞാറേ മൂല മുഴുവനായും മണ്ണോടു ചേര്‍ന്നിരിക്കുന്നു ..
മുറ്റം കാട് കയറി നശിച്ചിരിക്കുന്നു ..
ഇരുട്ട് കുത്തിയ ആ ചുവരുകള്‍ക്കുള്ളില്‍ എവിടെയോ തന്‍റെ ശ്രീക്കുട്ടിയുണ്ടാവണം 
തന്നെ അവള്‍ മറന്നിട്ടുണ്ടാവുമോ?
ഓര്‍ത്തിരിക്കാന്‍ ഒരു ജീവിതമൊന്നും സമ്മാനിച്ചിട്ടില്ല , കുറച്ച് നിമിഷങ്ങള്‍ മാത്രം ..

"പോകാം കാവില് നിര്‍ത്തണം "
ഈ തറവാട് ശരിക്കും ക്ഷയിച്ചു സാറേ , കാര്‍ന്നോര്‍ക്ക് ലേശം നോസ്സുണ്ടത്രേ ..
ക്കെ ആ കുട്ടീടെ യോഗാണ്‌.. അനുഭവിക്കാതെ തരമില്ലല്ലോ ..
ഭര്‍ത്താവ് വാഴില്ല . ശ്രീധരന്‍ പോയതോടെ ഒക്കെയും മുടിഞ്ഞു , പിന്നൊരു മംഗലം ഉണ്ടായില്ല ..
താലി കെട്ടി മുപ്പതാം നാളല്ലേ പോയത് .. പുഴ നീന്തി അക്കരെ പോയിട്ടുള്ള ആളാണ്‌ ശ്രീധരന്‍ പക്ഷെ അന്നെന്തോ പിഴച്ചു ..
പിന്നെയും തറവാട്ടില്‍ ദുര്‍ മരണങ്ങള്‍ , ഒക്കെത്തിനും പഴി കേള്‍ക്കാന്‍ ആ കുട്ടിയും ..
ഇപ്പൊ മുറി വിട്ട് പുറത്തിറങ്ങാരില്ലത്രേ ..
   
ദാ കാവെത്തി..
"സുഭാഷ് കാര്‍ വീട്ടിലെക്കിട്ടോളൂ, ഞാന്‍ നടന്നു വന്നോളാം ..
താന്‍ പണി കഴിപ്പിച്ച വീട്ടിലിപ്പോള്‍ ഇളയച്ഛന്റെ മക്കള്‍ ആണ് ..വീട് കാണാന്‍ പോലും ഇത് വരെ ചെന്നിട്ടില്ല .
"സാറെ , ഇഴ ജന്തുക്കള്‍ ഉണ്ട് സൂക്ഷിക്കണം "

ആ പറഞ്ഞത് അയാള്‍ കേട്ടില്ല , ആവേശത്തോടെ പടവുകള്‍ ഓടിക്കയറി ആല്‍തറയിലിരുന്നു .
വര്‍ഷങ്ങളോളം ആകാശത്ത് പറന്ന് ഒടുവില്‍ ഭൂമി തൊട്ടതിന്‍റെ സുഖം ..
അവളോട്‌ അവസാനായിട്ടു സംസാരിച്ചത് ഇവിടെ വച്ചു തന്നെയാണ് .. പുറപ്പിള്ളിക്കാവിലെ പൂരത്തിന്‍റെ അന്ന്...
അതിനു മുന്നേ എഴുതിയ കത്തിലവള്‍ ആദ്യമായി ആവശ്യപ്പെട്ടത് ശിവദാസന്‍റെ ഒരു ഷര്‍ട്ടാണ്..

ക്ഷേത്രത്തിനു പിന്നില്‍ കാത്തു നിന്ന ശിവദാസനെ തേടി കളഭ സുഗന്ധം എത്തി .. 
പിന്നിലെ സര്‍പ്പക്കാവില്‍ അന്ന് പൂജയില്ല  
അവളുടെ കൈ പിടിച്ച് കല്ല്‌ വെട്ടിയ  വഴിയിറങ്ങി കാവിലെതിയപ്പോള്‍ ദൂരെ 
ക്ഷേത്രത്തില്‍ സര്‍പ്പം പാട്ട് കേള്‍ക്കാമായിരുന്നു .. 
ആലിലകള്‍ക്കിടയിലൂടെ നക്ഷത്രങ്ങളെ നോക്കി ചേര്‍ന്നിരുന്നു ..
അകലെ പാട്ടും പാട്ടിലിഴയുന്ന നാഗങ്ങളും വേഗത്തിലായപ്പോള്‍ ശിവദാസന്‍റെ 
ചുണ്ടുകള്‍ അവളുടെ നെറ്റിയിലെ കളം മായ്ച്ചു ..
കളഭ സുഗന്ധവും ചന്ദനത്തിന്‍റെ കുളിര്‍മ്മയും വിരല്‍ തൊട്ടറിഞ്ഞ നിമിഷങ്ങളില്‍ അവള്‍ 
നാഗ യക്ഷിക്കല്ലിലേക്ക് തല ചായ്ച്ചു ..    
മുടിയിഴകളുടെ വാസന സോപ്പ് മണം മഞ്ഞള്‍ കലര്‍ന്ന ഭസ്മ ഗന്ധത്തിനു വഴിമാറിയിരുന്നു..
ക്ഷേത്രത്തിലെ സര്‍പ്പം പാട്ട് പിന്നെ ചെവികളിലേക്ക്‌ എത്തിയില്ല   
ശിവദാസന്‍റെ ഭസ്മം പുരണ്ട ചുണ്ടുകള്‍ അവളുടെ ചുണ്ടിലുരഞ്ഞു കഥ പറയുമ്പോളാണ്
ആ ടോര്‍ച്ചു വെട്ടം എത്തിയത് !
ഗോവിന്ദമ്മാമ.. 
അയാള്‍ ഒന്ന് നിശ്വസിച്ചു , ജീവിതത്തിലെ മധുരമുള്ള ഓര്‍മകളാണ്      
കാവിന് പഴയ ആ ഗന്ധം നഷ്ടപ്പെട്ടിരിക്കുന്നു ..
പക്ഷെ നീ ഞങ്ങള്‍ക്ക് അന്യനല്ല എന്ന് കാവിലെ കൂറ്റന്‍ അരയാലും ആഞ്ഞിലിയും ഇലഞ്ഞിയുമെല്ലാം മന്ത്രിക്കുന്നതായി അയാള്‍ക്ക്‌ തോന്നി ...

***

ശ്രീധരനെ കൊല്ലണം..
മൂസാക്കാന്‍റെ പീടികയില്‍ നിന്ന് വലിയ ഇരുമ്പ് കത്തിയും വാങ്ങി അവസാനമായിട്ട് ആല്‍തറയിലിരുന്നപ്പോള്‍  ഒരു ലക്ഷ്യമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..
അവസാനിപ്പിക്കണം എല്ലാം 
അവന്‍ ശ്രീക്കുട്ടിയുടെ കഴുത്തില്‍ താലി കെട്ടരുത് .. കുത്തിക്കീറണം 
പക്ഷെ ഒന്നിനും കഴിഞ്ഞില്ല ..
അവളുടെ ചെറിയമ്മ മുന്നില്‍ നിന്ന് കരഞ്ഞു 
"ഒള്ക്കിത് നല്ല ബന്ധാണ്.. ഇത് പോയാല് ഓള്‍ട ജീവിതം നശിക്കും , ചൊവ്വാ ദോഷക്കാരിയെ കെട്ടാന്‍ 
നല്ല തറവാട്ടുകാരു വരൂല്ല്യ ..
ഓള്‍ട കണ്ണീരു വീഴ്തരുത് .."
"ഓള്‍ട കണ്ണീര്.." കാവിലെ കുളത്തിലേക്ക്‌ കത്തി വലിച്ചെറിഞ്ഞ് തീരുമാനമെടുത്തു, ഈ നശിച്ച നാട്ടീന്നു പോണം ..
എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു ..

അയാള്‍ ഒന്ന് നിശ്വസിച്ചു 
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവ് അവള്‍ക്കു വേണ്ടി മാത്രമാണ് 
ശ്രീക്കുട്ടിയെ കൂടാതെ ഇനിയൊരു തിരിച്ചു പോക്കില്ല , ഇനിയെതിര്‍ക്കാന്‍ ആരുമില്ല 
ക്ഷയിച്ചു നിലം പൊത്താറായ തറവാട്ടില്‍ ഭ്രാന്തു പിടിച്ച ഒരു കാരണവര്‍ മാത്രം 

പിറ്റേന്ന് ഒരു കത്തെഴുതി ഒരു കുട്ടിയുടെ കയ്യില്‍ ഇല്ലിക്കലേക്ക് കൊടുത്തു വിട്ടു
കൂടുതലൊന്നും എഴുതിയില്ല 
"ഞാന്‍ തറവാട്ടിലേക്ക് വരും , കൂടെ വരണം 
തിരിച്ചു വന്നത് നിനക്ക് വേണ്ടി മാത്രമാണ് , നീയില്ലാതെ ഇനിയൊരു തിരിച്ചു പോക്കില്ല "
ശിവദാസന്‍ .

പോയ കുട്ടിയെ കാണുന്നില്ല അയാള്‍ അക്ഷമനായി കാവിലേക്കു നടന്നു 
ഏറെ കഴിഞ്ഞപ്പോള്‍ നനഞ്ഞ ഒരു കടലാസ് കഷണത്തില്‍ മറുപടി എത്തി 
" സ്നേഹിക്കുന്നയാല്‍ അകലെയാണെങ്കിലും ജീവനോടെയുണ്ട് എന്ന വിശ്വാസമായിരുന്നു 
ഇത്രയും നാളത്തെ ജീവിതം .. അത് തകര്‍ന്നാല്‍ പിന്നെ ശ്രീക്കുട്ടിയില്ല
തിരിച്ചു പോകണം , കൂടെ ഈ ചൊവ്വാ ദോഷക്കാരി ഉണ്ടാകരുത് ..
ഈ ജീവിതം മുഴുവനും കാത്തിരിക്കാം , പക്ഷെ ഞാന്‍ വരില്ല ..
മച്ചിലെ ദേവി സത്യം"
സ്വന്തം ശ്രീക്കുട്ടി  

കത്ത് മടക്കി നെഞ്ചോട്‌ ചേര്‍ത്തയാള്‍ ആല്‍തറയില്‍ കിടന്നു 
ശ്രീധരന്‍റെ മരണം അറിഞ്ഞത്‌ കുറച്ച് നാള്‍ മുന്‍പാണ് , അവള്‍ തനിചാകുന്നത് 
ഒര്കാന്‍ കൂടി വയ്യായിരുന്നു   
വരേണ്ടിയിരുന്നില്ല .. 
പക്ഷെ തന്നെ ഇങ്ങോട് വരുത്തിയ ഏതോ ഒരു ശക്തിയുണ്ട് ..
നാഗയക്ഷിയാവുമോ ? അതോ കാവിലെ നാഗങ്ങളോ ?
പച്ചക്കര്‍പ്പൂരത്തിന്‍റെ മണം കാവ് നിറയെ ..
എവിടെയോ കാട്ടു ചെമ്പകം പൂത്തിട്ടുണ്ടോ ? കാറ്റില്‍ ആ ഗന്ധം അടുത്തടുത്ത്‌ വരുന്നു 
കാവിലെ വിജനതയില്‍ ആദ്യമായി അയാള്‍ക്ക്‌ ഭയം തോന്നി 

നാഗ യക്ഷിക്ക് മുന്നിലെത്തി ബലിക്കല്ലില്‍ നിന്ന് ഭസ്മമെടുത്തപ്പോള്‍ അയാള്‍ ഞെട്ടി 
തൂവെള്ള പട്ടുടുത്ത അഞ്ചടി ഉയരമുള്ള നാഗയക്ഷി വിഗ്രഹം ചിരിക്കുന്നു !!
തലയ്ക്കു മുകളില്‍ അരയാലും ഇലഞ്ഞിയും കൂറ്റന്‍ ആഞ്ഞിലിയും പതിയെ കറങ്ങുമ്പോള്‍ 
ശിവദാസന്‍ ഓര്‍ത്തു 
കാവിലെ ചുവന്ന പട്ടുടുത്ത നാഗ യക്ഷി വിഗ്രഹത്തിനു കഷ്ടിച്ച് രണ്ടരയടി ഉയരമേ ഉണ്ടായിരുന്നുള്ളൂ !!! 

***
പിറ്റേന്ന് കുട്ടികള്‍ ഓടി ..
കാവില്‍ ആരെയോ വിഷം തീണ്ടിയിരിക്കുന്നു 
വെളുപ്പിന് മരിച്ചുത്രെ !
ആരാ ആള് ??
ഏതോ ഒരു ശിവദാസന്‍ .. കിഴക്കെതൊടിക്കാരന്‍ ശിവദാസന്‍ 

***

ഇരുട്ട് കുത്തിയ ഇല്ലിക്കല്‍ തറവാട്ടില്‍ വെളിച്ചം വീണു 
ജാലകപ്പാളികലെല്ലാം ശ്രീക്കുട്ടി വലിച്ചു തുറന്നു ..
എന്നിട്ടും പോകുന്നില്ല തലേന്ന് രാത്രി കൂടിയ മടുപ്പിക്കുന്ന ആ ചെമ്പക ഗന്ധം 

കാവിലേക്കു പോയിട്ട് ഏതാണ്ട് ഇരുപതു വര്‍ഷത്തോളം ആയിരിക്കുന്നു, ഇന്ന് പോകണം .
അതിനു മുന്നേ ഭഗോതി വാഴുന്ന തട്ടിന്‍പുറത്ത് കയറണം 
ശ്രീക്കുട്ടി കുളിച്ചു, പതിവിലും നേരത്തെ ..
നെറ്റിയില്‍ കുറിയിട്ട് മാറാല നൂലുകല്‍ക്കിടയിലൂടെ തട്ടിന്‍ പുറത്തു നിന്നാ പഴയ ട്രങ്കു പെട്ടി തപ്പിയെടുത്തു ..
പഴകിയ കുറെ കടലാസ് തുണിക്കഷണങ്ങള്‍ക്കടിയില്‍ നിന്നും അവളത് പുറത്തെടുത്തു 
അലക്കി തേച്ചു വച്ചിരിക്കുന്ന നിറം മങ്ങിയ ശിവദാസന്‍റെ ആ പഴയ ഷര്‍ട്ട്..
അതില്‍ വിരലോടിച്ചു അവള്‍ സ്വയം പറഞ്ഞു   
"ഒക്കെയും യോഗാണ്, കാത്തിരുന്ന ആള്‍ വന്നു വിളിച്ചാല്‍ പോകാതെങ്ങനെയാ .."
മച്ചിലെ ദൈവങ്ങള്‍ നോക്കി ചിരിക്കുന്നു ..
അവള്‍ കയര്‍ത്തു 
അങ്ങനിപ്പോള്‍ ജയിക്കണ്ട 
നെഞ്ചോട്‌ ചെര്‍തെടുത്ത ഷര്‍ട്ടവല്‍ നടു മുറ്റത്തിട്ടു  കത്തിച്ചു   
ആ കറുത്ത പുകച്ചുരുള്‍ നോക്കി അവള്‍ വീണ്ടും വീണ്ടും ചിരിച്ചു 

ഒന്നും രണ്ടുമല്ല ഇരുപതു വര്‍ഷാണ് കാത്തിരുന്നത് , ഇനിയും വയ്യ ..
നിത്യവും വിളക്ക് തെളിയിക്കുന്ന തുളസി തറയിലെ തുളസിചെടി പറിച്ചു ദൂരെക്കെരിഞ്ഞിട്ട് 
അവള്‍ അകത്തു കയറി കതകു കുറ്റിയിട്ടു .

***

കാവിന്‍റെ കല്ല്‌ ചെത്തിയ പടവ് കയറി ശിവദാസന്‍ ആല്‍തറയില്‍ ഇരുന്നു ..
അവള്‍ വരും .
ഒത്തിരിയുണ്ട് പറയാന്‍ .. നിലാവത്ത് മിന്നുന്ന നക്ഷത്രങ്ങള്‍ നോക്കി അങ്ങനെ കിടക്കണം..
മടിയില്‍ തല വച്ച് ആലിലകളുടെ സംഗീതം കേള്‍ക്കണം ..
പിന്നെയുമുണ്ട് മോഹങ്ങള്‍ ബാക്കി 

നനുങ്ങനെ കാറ്റ് വീശുന്നുണ്ട് ..
കാവില്‍ വിളക്കുകള്‍ തെളിയുകയായി 
തലേന്നത്തെ ചെമ്പക ഗന്ധം ഇല്ല 
ആകെ ഒരു തണുപ്പ് , തനിക്കു ചുറ്റും മഞ്ഞു പൊഴിയുന്നുണ്ടോ ?
അയാള്‍ കണ്ണുകളടച്ച്‌ കാത്തിരുന്ന ആ ഗന്ധം, ആസ്വദിച്ച്‌ മൂക്കുകളിലേക്ക് വലിച്ചു കയറ്റി 
കളഭത്തിന്‍റെ ഗന്ധം , അവള്‍ വന്നിരിക്കുന്നു !!
നെറ്റി തഴുകിയ വിരലുകള്‍ക്ക് ചന്ദനത്തിന്‍റെ കുളിര്‍മ !!!
***********

8 comments:

 1. ഇവിടെ Jean-Luc Godard നെ പട്ടി പറയാതെ വയ്യ .... ഫ്രഞ്ച് കാരനായ മഹാനാ യ സിനിമ സംവിധായകന്‍ ... വ്യത്യസ്തതകള്‍ കൊണ്ട് സിനിമയ്ക്ക് ഒരു പുതിയ അര്‍ദ്ധ തലങ്ങള്‍ നല്‍കിയ അമൂല്യ പ്രതിഭ... ഗോടര്ധിന്റെ പല സിനിമകളും മനസ്സിലാകണമെങ്കില്‍ ഒന്നിഅധികം തവണ കാണാനാമാരുന്നു കാരണം അദ്ദേഹം സിനിമയെ മൂന്നു പാര്‍ട്ട്‌ ആയി തിരിച്ചു .. ആദ്യഭാഗം , മധ്യഭാഗം ... അന്ത്യ ഭാഗം എങ്ങിനെ ... ഈ മൂന്നു ഭാഗങ്ങളെയും ഷഫിള്‍ ചെയ്തു വ്യത്യസ്തത സൃഷ്ടിച്ച അദ്ദേഹം സിനിമ ഒരു ഉപജീവന മാര്‍ഗത്തെ ക്കള്‍ ഗവേഷണങ്ങള്‍ ക്കുള്ള വേദിയായി കണ്ടു തന്മൂലം ഇന്ന് നമ്മള്‍ കാണുന്ന പല അവതരണ ശൈലി യും പിറന്നു
  നിന്നെ ഞാന്‍ മഹാനായ ഗോടര്തിനോടോന്നും ഉപമിയ്ക്കുന്നില്ല .. പക്ഷേ ... കഴിഞ്ഞ രണ്ടു മൂന്നു കഥകളില്‍ നിന്റെ വ്യത്യസ്തമായ അവതരണ ശൈലി കണ്ടു ... അത് ആരു കഥാകാരന് അവിശ്യമുള്ള ഒന്നാണ് പക്ഷേ ഓരോ വെട്ടവും എഴുതുന്ന ശൈലി ഒരേപോലെ ആകരുത് ....... നീ എത്രത്തോളം ശൈലി കല്‍ മാറ്റുന്നോ അത്രോതോളം വായനക്കാരനില്‍ ജിജ്ഞാസ ഉണ്ടാകും...
  കാവിനെ പറ്റി രണ്ടു വാക്ക് :
  ഇതൊരു നെല്ലിക്കയാണ്
  അക്ഷരങ്ങള്‍ തീര്‍ക്കുന്ന മായിക പ്രപഞ്ചത്തിലെ ജീവറെ ഉച്ചിഷ്ടം അല്ല ഇത് ... ഇതില്‍ ജീവന്റെ സ്പന്ദനം ഉണ്ട്..... തുടിപ്പുണ്ട് .... പഴമയുടെ ഗന്ധമുണ്ട് .....വാക്കുകള്‍ എന്നെ ഒരു സഞ്ചാരി ആക്കി മാറ്റി....ഗതാകലങ്ങളില്‍ എന്നോ എവിടെയോ ജീവിതത്തിന്റെ പുതിയ അര്‍ദ്ധ തലങ്ങള്‍ ക്ക്മുന്നില്‍ ഹോമിച്ച പ്രണയവും അതില്‍ അവശേഷിച്ച മാനസിക വ്യഥയുടെ വിഴിപ്പും പിന്നീട് കിട്ടിയ നവ ശ്വാസത്തിന്റെ മധുരവും .. എല്ലാം ഈ നെല്ലിക്കയില്‍ ഞാന്‍ വീണ്ടു മനുഭാവിച്ച്ചു. കാവ്‌ എന്നാ ലളിതമായ പടത്തില്‍ ഇതിനു പേര്‍ വച്ചത് ശരിയായില്ല ......അഭിപ്രായം പറഞ്ജൂന്നെ ഉള്ളൂ ...
  ചിലപ്പോളൊക്കെ വേര്‍പാടിന്റെ വേദനനകള്‍ മനസ്സിനുള്ളിലെ മരിയ്ക്കാത്ത ഓര്‍മ്മകള്‍ ആകാറുണ്ട് ... ഒരുപക്ഷേയ്‌ ഒരിയ്ക്കലും നമുക്ക് തുറന്നു കട്ടന്‍ കഴിയാത്ത .... കഴിയാന്‍ അനുവദിയ്ക്കാത്ത സാഹചര്യങ്ങളുടെ മായിക ബന്ധനങ്ങലാല്‍ ചുറ്റപ്പെട്ട ഒരു മനസ്സിന്റെ അവസ്ഥ .... അതിനു വര്നങ്ങലകുന്ന ഭാഷകള്‍ കൊണ്ട് മോടിപിടിപ്പിയ്ക്കുംപോള്‍ ....കഥകള്‍ പുനര്‍ജനിയ്ക്കുന്നു ....
  എന്റെ ജീവിതം കൊണ്ട് ഞാന്‍ പഠിച്ച പാഠം ഉണ്ട് " ജീവിതം വരന ശോഭാമാണ് പക്ഷേ .....നിറങ്ങള്‍ വേണ്ട രീതിയില്‍ ചാലിയ്ക്കുംപോള്‍ മാത്രം "
  ഇനി എഴുതാന്‍ വയ്യ........... നിരത്തുന്നു
  ഒടിയന്‍

  ReplyDelete
 2. വിലയേറിയ അഭിപ്രായത്തിനു നന്ദി ഗിരി ..
  കഥയെ ആഴത്തില്‍ സമീപിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

  ReplyDelete
 3. ഗോപാ.. എഴുത്ത് നന്നായ്ട്ടുണ്ട്, ഒരു MT സ്റ്റൈല്‍. പലയിടങ്ങളിലും 'നാലുകെട്ടി'നെ അനുസ്മരിപ്പിച്ചു.

  ഇനിയും ഏറെ എഴുതണം. അഭിവാദ്യങ്ങള്‍...

  ReplyDelete
 4. ചേട്ടാ, ഈ രചന ഒരു പുസ്തകായിട്ടു കാണാന്‍ ആഗ്രഹം ണ്ട്. ഒരു അവാര്‍ഡ്‌ കിട്ടാനുള്ള സകല കോളും ഈ കഥയ്ക്ക് ണ്ട്. ഇത്രേം നല്ല രചനകള്‍ (മലയാളം ബ്ലോഗ്‌ മീഡിയത്തില്‍)) വേറെ ഞാന്‍ വായിച്ചിട്ടില്ല, ഞാന്‍ ബ്ലോഗു വായന തൊടങ്ങീട്ട് കൊരച്ചേ ആയുള്ളൂ. ന്നാലും. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 5. അനുമോദനത്തിനായി വാക്കുകൾ തേടിപോയി ..
  എഴുത്തിന്റെ ഈ സർഗ സൌന്ദര്യത്തെ വിവരിക്കാൻ വാക്കുകൾ ഇവിടെ അപൂർണം ...
  വായിച്ചു കഴിഞ്ഞപ്പോൾ ഹൃദയത്തിലേയ്ക്ക് നനഞ്ഞലിഞ്ഞു ചേർന്ന ആ കളഭ ഭസ്മ സുഗന്ധവും കർപ്പൂര ഗന്ധവും ..
  ഒരിക്കലും മായ്ക്കാനാവാത്ത സുഗന്ധമായി ...ശ്രീകുട്ടിയേയും ശിവദാസനേയും ഗ്രാമീണ ജീവിതത്തിന്റെ വർണ്ണ രസ ഗന്ധ വൈവിധ്യങ്ങളിലൂടെ വായനകാരന്റെ മനസ്സിലേയ്ക് ജീവിപ്പിക്കാൻ ..അനശ്വരമായ അനുഭൂതിയുടെ പ്രകാശ തീരങ്ങളിലെയ്കു കൈപിടിച്ച് നടത്താൻ ഇവിടെ കഥാകാരൻ വിജയിച്ചിരിക്കുന്നു...

  അഭിനന്ദങ്ങൾ ...ഗോപൻ ..!!!

  ReplyDelete