Tuesday 26 June 2012

സ്വപ്‌നങ്ങള്‍


 


കഴിഞ്ഞ ആഴ്ച പറമ്പില്‍ ഞാനൊരു പ്രിയോര്‍ മാവിന്‍റെ തൈ നട്ടു..
കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോലുള്ള അതിന്‍റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ് , ഇപ്പോള്‍ രാവിലെ എന്നും സംസാരിക്കും ..
അതിനുമുണ്ട് പരിഭവങ്ങള്‍ ഏറെ ..
തലയ്ക്കു മുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന പനയോല കാരണം കണ്ണ് കാണുന്നില്ലത്രേ !
അത് വെട്ടി മാറ്റിയപ്പോള്‍ പറയുന്നു , പടിഞ്ഞാട്ടു നില്‍ക്കുന്ന മഞ്ഞ മുളയുടെ ചെറുപ്പക്കാരായ കൊമ്പുകള്‍ അവളെ ശല്യം ചെയ്യുന്നെന്ന്..
ആ ശല്യം ഞാനൊതുക്കിയപ്പോള്‍ അടുത്ത പ്രശ്നം ..
തെക്കേതിലെ ആട്ടിന്‍ കുട്ടി തുറന്നിട്ട ഗേറ്റിലൂടെ വന്ന് കയറിപ്പിടിക്കാന്‍ നോക്കിയത്രെ!
ഒടുവില്‍ ഞാനവള്‍ക്കൊരു മുള്ളുവേലി തീര്‍ത്തു
ബന്ധനത്തിന്റെ കൈപ്പു നീര്‍ കുടിച്ചു താന്‍ ക്ഷീണിച്ച് കോലം കെടുമെന്ന് അവള്‍ ഭയപ്പെട്ടപ്പോള്‍ ഞാന്‍ അത് പൊളിച്ചു മാറ്റി ...
ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ് , ഇന്ന് രാവിലെ കൂടി അവളെന്‍റെ വിരലുകളെ തഴുകി ..

ഞാനും ഇപ്പോള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ...
മധുരമുള്ള സ്വപ്‌നങ്ങള്‍ !
ഇവളെനിക്ക് തണലാകുമെന്നും ചുണ്ടുകള്‍ക്ക് മധുരം പകരുമെന്നും നിറം മങ്ങുന്ന എന്‍റെ സായാഹ്നത്തില്‍ കഥകള്‍ പറഞ്ഞു തന്നു കൂട്ടാകുമെന്നും
ഒടുവില്‍ നട്ടു നനച്ച് ഞാന്‍ വളര്‍ത്തിയ അവളുടെ കൈകളിലൊന്ന് എനിക്ക് വിറകാവുമെന്നും...

നൂറ്റി ഇരുപതു രൂപയ്ക്കു ഞാന്‍ വാങ്ങിയ അവള്‍ എന്‍റെ സ്വപ്‌നങ്ങള്‍ അറിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമോ ആവോ ?
എന്‍റെ പ്രതീക്ഷകളുടെ ചൂടില്‍ അവളുടെ ഇലകള്‍ കൊഴിഞ്ഞെക്കാം , പൂക്കള്‍ വാടിയെക്കാം ..
ഞാന്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചു ..
ഇനി എനിക്കായി അവള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ് എന്നും ..!

ബാച്ചിലര്‍ പാര്‍ട്ടി (ബാച്ചിലര്‍ അക്രമം )

ബാച്ചിലര്‍ പാര്‍ട്ടി (ബാച്ചിലര്‍ അക്രമം )


അതിമനോഹരമായ ഒരു സ്ലോ മോഷന്‍ ചിത്രം !!
പ്രത്യേകിച്ചു പറയാന്‍ ഒരു വേലയും കൂലിയും ഇല്ലെങ്കിലും ആര്ഭാടതിനു കുറവില്ലാതെ നാല് നേരവും മദ്യപിച്ച് നടക്കുന്ന അഞ്ചു പേരുടെ കഥയാണ് ഈ സംഭവം.. രെമ്യയുടെ ഐറ്റം ഡാന്‍സും പ്രിതിരാജു ചേട്ടന്റെ ഐറ്റം ഫൈട്ടുമാണ് സിനിമയുടെ ഹൈ ലൈറ്റ് .
2012 ലെ ഏറ്റവും വലിയ ഒരു സിനിമാ അക്രമം ആയി മാറിയേക്കാവുന്ന ചിത്രം കൂടിയാവും ഇത് എന്നതില്‍ തര്‍ക്കമില്ല.

ഇതിലെ മുന്നൂറു കോടി രൂപ അടിച്ചു മാറ്റുന്ന ഒരു രംഗം ചിലപ്പോള്‍ ഹോളിവുഡ് സിനിമകള്‍ കട്ടെടുക്കാന്‍ സാദ്യതയുള്ളതാണ്!
വെറുതെ പട്ടി ചന്തക്കു പോകുന്നത് പോലെയാണ് നാലും കൂടി പോയി ആ പണം ചുമ്മാ അങ്ങ് തോളത്തിട്ടു കൊണ്ട് പോകുന്നത് !!
തമാശക്കാനെങ്കില്‍ സിനിമയില്‍ ഒരു പഞ്ഞവുമില്ല , തുടക്കം മുതല്‍ ഒടുക്കം വരെ കലിപ്പ് മുഖവുമായി തമാശ പറയാന്‍ മത്സരിക്കുകയാണ് റഹ്മാനും മണിയും ..

മറ്റൊരു സവിശേഷത ഉത്സവ പറമ്പിലെ പൊട്ടാസ് തോക്കുകള്‍ ആണ് ഈ സിനിമയില്‍ വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് , ആളുകള്‍ ചാവാത്തത് കാണുമ്പോള്‍ സ്ക്രീനിലേക്ക് കയറി തല്ലിക്കൊല്ലാന്‍ വരെ നമുക്ക് തോന്നിയേക്കാവുന്ന നിരവധി രംഗങ്ങള്‍ .
രണ്ടാം പകുതിയില്‍ ആന വരും ചേന വരും എന്ന് കരുതി ആദ്യ പകുതിയിലെ ക്ഷീണം മറക്കുന്ന നമ്മളെ കാത്തിരിക്കുന്നത് അതിലും വലിയതാണ് .
രണ്ടാം പകുതി പൊട്ടാസും പുകയും നിറഞ്ഞതാണ്‌ , വെടി കൊണ്ട് അരിപ്പ പോലെ തുള വീണു നില്‍ക്കുന്ന മണി , റഹ്മാന്‍ , ഇന്ദ്രജിത്ത്, വിനായകന്‍ , എന്നിവര്‍ പൊട്ടിച്ചിരിക്കുന്ന രംഗം അതിമനോഹരമാണ്.. അതിനു ശേഷം എല്ലാവരെയും കൊന്നു തീര്‍ത്തിട്ട് ബീഡി വലിക്കുന്ന രംഗം !!! ഹോ പ്രേക്ഷകന്‍ ആനന്ദ നിര്‍വൃതിയടയുന്ന ആ രംഗം വന്‍ ആവേശത്തോടെയാണ് കാഴ്ചക്കാര്‍ ഏറ്റെടുത്ത് ..
അവിടെയും തീരാത്ത സിനിമ ഈ കാലന്മാര്‍ നരകതിലെതി അവിടെ നടക്കുന്ന മറ്റൊരു ഐറ്റം ഡാന്‍സിലാണ് തീര്‍ന്ന് കാഴ്ചക്കാരന് അന്ത്യ കൂദാശ കൊടുക്കുന്നത്.

അടിച്ചു പോയ ചെവിയുടെ ഡയഫ്രം ശരിയാക്കാന്‍ ഉടന്‍ തന്നെ ഒരു ഇ എന്‍ ടി യെ കാണേണ്ടി വരുമെന്ന് ഭയപ്പെട്ട നിമിഷങ്ങള്‍ ...
വളരെ മനോഹരമായി ഒരു പ്രേക്ഷകനെ എങ്ങനെ കൊല്ലാം എന്ന് അമല്‍ നീരദ് എന്ന മിടുക്കനായ സംവിധായകന്‍ തെളിയിച്ചിരിക്കുന്നു ..

സംവിധായകന്‍ കന്ജാവടിച്ചിരുന്നോ എന്ന ഒരു സംശയം മനസ്സില്‍ ബാക്കി നില്കുംബോലും ഞാന്‍ പ്രാകിയത് വിഷ്ണുവിനെയാണ്, ഇത് കാണാന്‍ കയറിയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ച ചിരിയിലെ അപകടം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..

Saturday 16 June 2012

"സ്പിരിറ്റ്‌ "



മനോഹരമായ ഒരു രഞ്ജിത്ത് സിനിമ..
മദ്യത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറം ലോകം നോക്കി കാണുന്ന രഘുനന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം നമുക്ക് ചുറ്റുമുള്ള അനേകം ആളുകളില്‍ ഒന്ന് തന്നെയാണ്. മദ്യം മാറ്റിയെടുത്ത ഒരു മനുഷ്യന്‍, അതയാള്‍ക്ക്‌ ഒരു ലോകം തന്നെ തീര്‍ത്തു കൊടുക്കുന്നു ..
ആ ലോകത്തില്‍ നിന്നും പുറത്തിറങ്ങുന്ന അയാള്‍ കാണുന്നത് നിറമുള്ള ജീവിത കാഴ്ചകള്‍ ആണ് !
ആ കാഴ്ചകളിലെ സത്യം ആണ് സ്പിരിറ്റ്‌ എന്ന സിനിമ . മോഹന്‍ലാല്‍ എന്ന അതുല്ല്യ നടന്‍റെ അഭിനയ മികവു കൊണ്ടും ശ്രദ്ദേയമായ ചിത്രം.. മദ്യപാനിയായ രഘുനന്ദനായി മോഹന്‍ലാല്‍ ജീവിക്കുകയാണ് സിനിമയില്‍ , സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ഈ അഭിനയ മികവ് തന്നെയാണ്.
ഒപ്പം മികച്ച അഭിനയവുമായി തിലകനും നന്ദുവും..
നന്ദു എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വേഷം ഇത് തന്നെയാവും .
സിനിമ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം വളരെ നന്നായി കാഴ്ച്ചക്കാരനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം . എല്ലാവര്ക്കും അറിയാവുന്ന വിഷയമാണെങ്കില്‍ പോലും അതിനു ശരിയായ പ്രാധാന്യം കൊടുത്ത് കാഴ്ചക്കാരന്റെ ഉള്ളു തുറപ്പിക്കുന്ന ലളിതമായ ചിത്രം ആണ് സ്പിരിറ്റ്‌ .
മദ്യത്തിന്‍റെ ദൂഷ്യ ഫലങ്ങളെ ശക്തമായി അനാവരണം ചെയ്യുന്ന ചിത്രം ഇന്നത്തെ മാറുന്ന മദ്യ സംസ്ക്കാരത്തിനു നേരെ പിടിച്ച കണ്ണാടിയാണ് .

ഒരു നല്ല സംവിധായകന്‍റെ സമൂഹത്തോടുള്ള കടമ നിറവേട്ടാനായതില്‍ രണ്ജിതിനു അഭിമാനിക്കാം .