Tuesday 26 June 2012

സ്വപ്‌നങ്ങള്‍


 


കഴിഞ്ഞ ആഴ്ച പറമ്പില്‍ ഞാനൊരു പ്രിയോര്‍ മാവിന്‍റെ തൈ നട്ടു..
കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോലുള്ള അതിന്‍റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ് , ഇപ്പോള്‍ രാവിലെ എന്നും സംസാരിക്കും ..
അതിനുമുണ്ട് പരിഭവങ്ങള്‍ ഏറെ ..
തലയ്ക്കു മുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന പനയോല കാരണം കണ്ണ് കാണുന്നില്ലത്രേ !
അത് വെട്ടി മാറ്റിയപ്പോള്‍ പറയുന്നു , പടിഞ്ഞാട്ടു നില്‍ക്കുന്ന മഞ്ഞ മുളയുടെ ചെറുപ്പക്കാരായ കൊമ്പുകള്‍ അവളെ ശല്യം ചെയ്യുന്നെന്ന്..
ആ ശല്യം ഞാനൊതുക്കിയപ്പോള്‍ അടുത്ത പ്രശ്നം ..
തെക്കേതിലെ ആട്ടിന്‍ കുട്ടി തുറന്നിട്ട ഗേറ്റിലൂടെ വന്ന് കയറിപ്പിടിക്കാന്‍ നോക്കിയത്രെ!
ഒടുവില്‍ ഞാനവള്‍ക്കൊരു മുള്ളുവേലി തീര്‍ത്തു
ബന്ധനത്തിന്റെ കൈപ്പു നീര്‍ കുടിച്ചു താന്‍ ക്ഷീണിച്ച് കോലം കെടുമെന്ന് അവള്‍ ഭയപ്പെട്ടപ്പോള്‍ ഞാന്‍ അത് പൊളിച്ചു മാറ്റി ...
ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ് , ഇന്ന് രാവിലെ കൂടി അവളെന്‍റെ വിരലുകളെ തഴുകി ..

ഞാനും ഇപ്പോള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ...
മധുരമുള്ള സ്വപ്‌നങ്ങള്‍ !
ഇവളെനിക്ക് തണലാകുമെന്നും ചുണ്ടുകള്‍ക്ക് മധുരം പകരുമെന്നും നിറം മങ്ങുന്ന എന്‍റെ സായാഹ്നത്തില്‍ കഥകള്‍ പറഞ്ഞു തന്നു കൂട്ടാകുമെന്നും
ഒടുവില്‍ നട്ടു നനച്ച് ഞാന്‍ വളര്‍ത്തിയ അവളുടെ കൈകളിലൊന്ന് എനിക്ക് വിറകാവുമെന്നും...

നൂറ്റി ഇരുപതു രൂപയ്ക്കു ഞാന്‍ വാങ്ങിയ അവള്‍ എന്‍റെ സ്വപ്‌നങ്ങള്‍ അറിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമോ ആവോ ?
എന്‍റെ പ്രതീക്ഷകളുടെ ചൂടില്‍ അവളുടെ ഇലകള്‍ കൊഴിഞ്ഞെക്കാം , പൂക്കള്‍ വാടിയെക്കാം ..
ഞാന്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചു ..
ഇനി എനിക്കായി അവള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ് എന്നും ..!

1 comment:

  1. ഇനി എനിക്കായി അവള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ് എന്നും ❤

    ReplyDelete