Monday, 2 July 2012

സൂര്യകാന്തി പറഞ്ഞ കഥ


നിലീന കാണാന്‍ സുന്ദരിയായിരുന്നു ..
ജീവിക്കാന്‍ പഠിച്ചവള്‍..
എന്‍റെ ജീവിതത്തിലേക്ക് പൊടുന്നനെ കയറി വന്ന് എന്നെ ഞെട്ടിച്ച പെണ്ണ് !
തെളിഞ്ഞ ആകാശത്തിലെ ഒഴുകി നടക്കുന്ന വെള്ള മേഘങ്ങള്‍ക്ക് താഴെ നീണ്ടു പരന്നു കിടക്കുന്ന പെരമ്പല്ലൂരിലെ  സൂര്യകാന്തി പാടങ്ങളില്‍ അവളെന്നെ പിന്തുടര്‍ന്നു.. ആയിരം രൂപക്ക് സുഖം കൊടുക്കുന്നവള്‍ക്ക് പറയാന്‍ ഒരു കഥയുണ്ടായിരുന്നു ...അത് വരെ ഞാന്‍ പുറമേ നിന്ന് നോക്കി കണ്ട പെണ്ണ് എന്ന മായാ പ്രപഞ്ചത്തെ പാടെ തകര്‍ത്തു കൊണ്ട് എന്‍റെ ഹൃദയത്തിലെക്കവള്‍  കയറിയത് ഒരു ട്രെയിന്‍ യാത്രക്കിടെയാണ് .. 

****

എറണാകുളം റെയില്‍വെ സ്റെഷനിലേക്ക് നിരങ്ങി മൂളി വന്ന് നിന്ന ടീ ഗാര്‍ഡന്‍ എക്സ്പ്രസിനുള്ളിലേക്ക്  നടന്നു കയറുമ്പോള്‍ മനസ്സില്‍ സന്തോഷമായിരുന്നു.
ആദ്യമാദ്യം വെറുപ്പായിരുന്ന തമിഴ് നാടിനോട് ഒരു പ്രത്യേക അടുപ്പം തോന്നി തുടങ്ങിയിരുന്നു , മല്ലിപ്പൂ ചൂടി മഞ്ഞള്‍ തേച്ച ഒരു തമിഴ് പെണ്‍കുട്ടിയെ പോലെ ആ നാട് എന്നെ കാത്തിരിക്കുന്നു.. 
ട്രെയിനില്‍ തിരക്ക് നന്നേ കുറവാണ്, മനസ്സ് തെളിഞ്ഞ ആകാശം പോലെ കിടക്കുകയാണ് , എന്തെങ്കിലുമൊക്കെ എഴുതണം ..
എന്‍റെ കംബാര്‍ട്ടുമെന്റില്‍ ആകെ രണ്ടു പേര്‍ മാത്രമേയുള്ളൂ , എല്‍ ജി കായത്തിന്‍റെ മഞ്ഞ സഞ്ചിയും മടിയില്‍ വച്ച് ഒരു അമ്മച്ചി , മുറുക്കി ചുവപ്പിച്ച ചുണ്ടുകളും വെറ്റിലക്കറ പുരണ്ട പല്ലുകളും , പ്രായം അറുപതു കവിയുമെങ്കിലും പൂ ചൂടാന്‍ മറന്നിട്ടില്ല . സൈഡിലെ ഒറ്റ സീറ്റില്‍ ഒരു മധ്യവയസ്ക്കനാണ് .,
കയറിയ പാടെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് അയാള്‍ .
ഞാന്‍ താഴത്തെ ബര്‍ത്തിലാണ് , ട്രെയിന്‍ പുറപ്പെടാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമേയുള്ളൂ , ഞാന്‍ ജനാലക്കരികിലേക്ക് നീങ്ങിയിരുന്നു .
പുറത്ത് പായുന്ന ജീവിതങ്ങളാണ് .. രണ്ടു കൊച്ചു കുട്ടികളെ കയ്യില്‍ പിടിച്ചു കൊണ്ട് ഓടുകയാണ് ഒരു വീട്ടമ്മ , പ്ലാട്ഫോമിലെ വിളക്കു കാലിനു താഴെ മുകളിലേക്ക് നോക്കിയിരിക്കുന്നു ഭ്രാന്തനെ പോലൊരാള്‍ , മുഷിഞ്ഞു കൂറകുത്തിയ ഭാണ്ഡം നിധി പോലെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ടയാല്‍..
അരയില്‍ ഒരു വലിയ താക്കോല്‍ കൂട്ടം തിരുകി വയറു പാതിയും പുറത്ത് കാണിച്ചു ആജാനബാഹുവായ ഒരു സ്ത്രീ ആരെയും കൂസാത ഭാവത്തില്‍ നടന്നു നീങ്ങുന്നു , പിന്നാലെ പെട്ടികളും പേറി ചുമട്ടു തൊഴിലാളികള്‍ ..

ട്രെയിന്‍ ഒന്ന് വിറച്ച് പതുക്കെ നിരങ്ങി നീങ്ങി , പെട്ടന്നാണ് എന്‍റെ ജനാലയില്‍ ആ കൈകള്‍ ശക്തിയില്‍ തട്ടിയത്...
"പ്ലീസ് ഓപ്പണ്‍ ദ ഡോര്‍ "
കൈകള്‍ക്ക് പിന്നിലെ പരിഭ്രമിച്ച മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ എന്നോടവള്‍ അത് വീണ്ടും ആവര്‍ത്തിച്ചു ..
ഞാന്‍ തൊട്ടപ്പുറതേക്ക് ചെന്ന് ഡോറില്‍ വലിച്ചു, പക്ഷെ അത് തുറയുന്നില്ലായിരുന്നു, വീണ്ടും ശക്തിയില്‍ ഡോര്‍ വലിച്ചു തുറന്ന എന്‍റെ നേര്‍ക്ക്‌ ബാഗ്‌ വലിച്ചെറിഞ്ഞ് അവള്‍ തിടുക്കത്തില്‍ ചാടിക്കയറി . ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു , ഒരു താങ്ക്സ് പറഞ്ഞു ബാഗ്‌ വാങ്ങി അവള്‍ സീറ്റ് നമ്പര്‍ നോക്കി എനിക്ക് മുന്നിലിരുന്നു .
ഞാന്‍ ഡയറിയെടുത്ത് എഴുതാനിരുന്നെങ്കിലും അവളെ നോക്കാന്‍ മനസ്സ് കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു , മുഖമുയര്‍ത്തി അവളെ നോക്കിയപ്പോള്‍ മിഴികള്‍ ഉടക്കി .
അവള്‍ വളരെയേറെ സുന്ദരിയാണ് , ഇന്ന് എഴുത്ത് നടക്കുമോ ആവോ , പുറത്തെ വഴികള്‍ ഇരുട്ട് മൂടി തുടങ്ങിയിരുന്നു. 
നിരയായി കത്തുന്ന ജനാല കാഴ്ചയിലെ വൈദ്യുത വിളക്കുകളിലേക്ക് മിഴികളെ തിരിച്ചപ്പോലും അത് അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ മുന്‍ സീറ്റിലേക്ക് പായാന്‍ വെമ്പുകയായിരുന്നു..
ഞാന്‍ ഇടയ്ക്കിടെ നോക്കുന്നത് അവള്‍ ശ്രദ്ദിച്ചിട്ടുണ്ടാകണം, അലസമായ് ജനാലയിലൂടെ വിദൂരതയില്‍ കണ്ണ് നട്ടിരുന്ന അവള്‍ എനിക്ക് നേരെ തിരിഞ്ഞു എന്നെ നോക്കി .. മിഴികള്‍ വീണ്ടും ഉടക്കിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു പക്ഷെ അവള്‍ നോട്ടം പിന്‍വലിച്ചില്ല !
ഒരൊറ്റ നോട്ടത്തില്‍ എന്നെ കീഴ്പ്പെടുത്തി എന്‍റെ കണ്ണുകളെ തിരിച്ച് ജാലകങ്ങളിക്ക് പായിച്ചു അവള്‍ , എനിക്ക് ജാള്യത തോന്നി ഒരു പെണ്ണിന്‍റെ നോട്ടത്തെ നേരിടാന്‍ ശക്തിയില്ലേ എനിക്ക് , ഞാന്‍ സ്വയം ചെറുതാവുന്നത്‌ പോലെ തോന്നി .. എന്തായാലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് മിഴികള്‍ പായിക്കുന്നത് ശരിയല്ല .. ഒരിക്കലും തെറ്റായ ഒരു അര്‍ത്ഥത്തില്‍ ആയിരുന്നില്ല നോക്കിയത് , ഒരു ഭംഗിയുള്ള പൂവിനെയെന്നപോലെയാണ് നോക്കിയത്.
ആളൊഴിഞ്ഞ കംബാര്ട്ടുമെന്ടില്‍ ഈ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട എന്നെ അവള്‍ ഭയത്തോടെ നോക്കുമോ ?
ചിന്തകള്‍ വീണ്ടും കാട് കയറി, പക്ഷെ അപ്പോളേക്കും ആ മധുര ശബ്ദം എന്നെ തേടിയെത്തി ...
"എവിടേക്കാണ്?"
തിരുച്ചിരപ്പള്ളി .. തെല്ലോരാശ്വാസത്തോടെ ഞാന്‍ പറഞ്ഞു .
"അവിടെ പഠിക്കുകയാണോ, എന്താണ് പേര് ?"
അതെ എം .എച് .എ തേഡ് സെമെസ്ടര്‍, പേര് ഗോപന്‍  .. എന്താണ് പേര് ? എവിടേക്ക് പോകുന്നു ? 
എന്‍റെ ചെറിയ ചോദ്യത്തിന് അവള്‍ ഒരു വലിയ മറുപടി തന്നു ..
മുഖത്തേക്ക് പാറി വീണ മുടിയിഴ കയ്യിലെടുത്ത്‌ വശ്യമായി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു 
"പേര് നിലീന മറിയം ജേക്കബ് , ട്രിച്ചിയിലെ  ഒരു സുഹൃത്തിനെ കാണണം , അവളോടൊപ്പം ബാന്ഗ്ലൂര്‍ക്ക് പോകണം , അവിടെയാണ് പഠിക്കുന്നത് നേഴ്സിംഗ് ന് അവസാന വര്‍ഷം ആണ് .. വീട് പിറവതാണ്, 
ട്രെയിനിന്‍റെ ശബ്ദം നേര്‍ത്തു സൌമ്യമായി തുടങ്ങിയിരുന്നു.. അവള്‍ കൈകളില്‍ ചുവന്ന വളകള്‍ അണിഞ്ഞിരുന്നു , കയ്യെടുത്ത് സംസാരിക്കുംബോളും മുഖത്ത് വീഴുന്ന മുടിയോതുക്കുംബോലും വളകള്‍ ചിരിച്ചു വര്‍ത്താനം പറഞ്ഞു . ഇടക്കെപ്പോഴോ പാറി വീണ മഴയില്‍ ഞങ്ങള്‍ ജാലകങ്ങള്‍ ചേര്‍ത്തടച്ചു . ഭക്ഷണം കഴിക്കാന്‍ മറന്നത് അപ്പോളാണ് ഓര്‍മ വന്നത്, വാഴയിലയില്‍ പൊതിഞ്ഞെടുത്ത ഭക്ഷണം ബാഗിലുണ്ട് . അത് കഴിക്കാന്‍ ഞാന്‍ അവളെ ക്ഷണിച്ചപ്പോള്‍ കയറുന്നതിനു മുന്‍പ് കഴിച്ചെന്നു പറഞ്ഞ്‌ സ്നേഹപൂര്‍വ്വം അവളത് നിരസിച്ചു.. ഞാന്‍ ഇല തുറന്നപ്പോള്‍ അവള്‍ എഴുന്നേറ്റ് വാഷ് ബെസനരികിലേക്ക് പോയി.
വേഗത്തില്‍ കഴിച്ച് ഇല ചുരുട്ടിയെടുത് ഡോരിനരികിലേക്ക് ചെന്നപ്പോള്‍ അവിടെ അവളുണ്ടായിരുന്നു, ഒരു കാലി ബിസ്ക്കറ്റ് കൂട് അവള്‍ പുറത്തേക്കു വലിച്ചെറിഞ്ഞു..
ഭക്ഷണം കഴിച്ചെന്ന് അവള്‍ കള്ളം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി .
ഞാന്‍ കൈ കഴുകി സീറ്റിലിരുന്നപ്പോള്‍ അവളും വന്നിരുന്നു.
"വിശക്കുന്നുണ്ടോ" എന്ന എന്‍റെ ചോദ്യത്തിന് അവള്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി .. പിന്നീട് കുറച്ചു സമയം ആരും സംസാരിച്ചില്ല .
അവളുടെ വലതു കൈ മുട്ടിനു താഴെ നീളത്തില്‍ ഒരു തുന്നലിട്ട പാടുണ്ടായിരുന്നു .. മൌനം ഭഞ്ജിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു
"എന്ത് പറ്റിയതാണിത്?"
അവള്‍ ഒന്നും മിണ്ടാതെ ജനാല ചില്ല് മുകളിലെക്കുയര്തി വിദൂരതയില്‍ മിഴി നട്ടിരുന്നു .. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ എനിക്ക് നേരെ തിരിഞ്ഞു , ആ മിഴികളില്‍ നേരിയ നനവുണ്ടായിരുന്നു .
ഒരു ബൈക്കപകടം ... വീട്ടില്‍ നിന്ന് എറണാകുളത്തേക്കു  പോകും വഴി .. എന്‍റെ ചേട്ടായി ആയിരുന്നു ഓടിച്ചിരുന്നത് ..
ആ മായാത്ത പാടില്‍ വിരലോടിച്ചു കൊണ്ട് അവള്‍ തുടര്‍ന്നു, ജോലി കിട്ടി ആദ്യത്തെ ശമ്പളത്തിന് ഡ്രസ്സ്‌ വാങ്ങി തരാന്‍ കൊണ്ടുപോയതാണ് , രണ്ടു നാള്‍ ചേട്ടായി വെന്റിലെട്ടരില്‍ കിടന്നു ..
മൂന്നാം നാള്‍ ഒരു തണുത്ത കൂട്ടില്‍ വീട്ടു മുറ്റത്തെത്തി ..
അവളുടെ കവിളില്‍ ഒരു കണ്ണുനീര്‍ മുത്ത്‌ താഴേക്കുള്ള വഴി തേടി നിന്നു..

പുറത്ത് ഓടിമറയുന്ന വൈദ്യുതി വിളക്കുകള്‍ എന്‍റെ കണ്ണില്‍ ഒഴുകി നടന്നു ...
ആദ്യ ശമ്പളത്തിന് അനിയത്തിക്ക് ഡ്രസ്സ്‌ വാങ്ങി കൊടുക്കാന്‍ ആവേശത്തോടെ പോയ ആ ചേട്ടന്‍റെ മനസ്സായിരുന്നു അപ്പോളെനിക്ക്..
നിന്‍റെ സ്വന്തം ഏട്ടനെപ്പോലെ എന്നെയും കണ്ടോളു എന്ന് അവളോട്‌ പല തവണ പറയണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല .. അവള്‍ പിന്നീട് ഒരക്ഷരം മിണ്ടിയില്ല.

ട്രെയിന്‍ പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലെത്തിയിരുന്നു, ഇനിയുമുണ്ട് കുറെ മണിക്കൂറുകള്‍ , ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു , അടുത്ത കംബാര്‍ത്ടുമെന്റിലേക്ക് പോയ തമിഴത്തി അമ്മച്ചിയുടെ "മുരുഹാ " വിളി കേള്‍ക്കാമായിരുന്നു ..
എപ്പോളോക്കെയോ  അവള്‍ എന്നെ ശ്രദ്ദിക്കുന്നുന്ടെന്നു എനിക്ക് തോന്നി
പതിയെ അടഞ്ഞു പോയ എന്‍റെ കണ്ണുകളിലേക്ക് പെരംബല്ലൂരിലെ സൂര്യകാന്തിപാടം കടന്നു വന്നു .. നോക്കെത്താ ദൂരത്തോളം നീണ്ടു പറന്നു കിടക്കുന്ന മനോഹരങ്ങളായ സൂര്യകാന്തി പൂവുകള്‍ , അവക്കിടയിലൂടെ പൂക്കളിറുത്തു കൊണ്ട് എന്‍റെ അനിയത്തി ഓടുന്നു, പിന്നാലെ ഞാനും ..
പെട്ടന്ന് പെയ്ത കനത്ത മഴയിലും കാറ്റിലും ഇളകി മറിയുന്ന സൂര്യകാന്തി തോട്ടത്തില്‍ ഞങ്ങള്‍ക്ക് വഴി തെറ്റി .. ഇറുത്ത പൂക്കള്‍ വലിച്ചെറിഞ്ഞു എന്നെ തേടി അലയുന്ന എന്‍റെ അനിയത്തി... !

***

കൈത്തണ്ടയില്‍ ഒരു തണുത്ത സ്പര്‍ശം ..
ഞാന്‍ ഞെട്ടിയുണര്‍ന്നു , തൊട്ടു മുന്നില്‍ അവള്‍ !
നേരത്തെ ഞാന്‍ കണ്ട പെണ്ണല്ല ഇപ്പോളവല്‍ എന്നെനിക്കു തോന്നി , ഒരു ആവശ്യക്കാരിയുടെ ഭാവം ..
പെട്ടന്ന് തന്നെ അവള്‍ കാര്യം പറഞ്ഞു, ഒരു സ്വകാര്യം പോലെ ..
"എല്ലാവരും ഉറക്കത്തിലാണ്, എനിക്കൊരു ആയിരം രൂപയുടെ ആവശ്യമുണ്ട് .. 

ഗിവ് മി തൌസന്ട്, ഐ വില്‍ ഗിവ് യു മാക്സിമം പ്ലെഷര്‍ ..."
ട്രെയിനിന്‍റെ കട കട ശബ്ദവും ഫാനിന്‍റെ മൂളക്കവും ഒന്നും തന്നെ ചെവിയിലേക്ക് വരുന്നില്ല ..
ശബ്ദമിറങ്ങിപ്പോയ ഞാന്‍ അവളുടെ മിഴികളിലേക്ക് പകച്ചു നോക്കിയപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു ..
"സെവന്‍ ഫിഫ്ടി ...?"

ഇവന്‍ ഒരു ആണല്ലേ എന്ന സംശയ ഭാവത്തില്‍ നിരാശയും അവജ്ഞയും കലര്‍ന്ന ഒരു നോട്ടവുമായി അവള്‍ അവിടെ നിന്ന് ധ്രിതിയില്‍ ഇറങ്ങിപ്പോയി ..

മനസ്സ് വല്ലാതെ അസ്വസ്ഥാമാവുകയായിരുന്നു.. ഒരു പെണ്ണിന് ഇങ്ങനെയും ഭാവങ്ങളുണ്ടോ?
പറഞ്ഞു കേട്ട കഥകളില്‍ നിന്ന് വിഭിന്നമായി ഇത്തരമൊരു പെണ്ണിനെ ആദ്യമായി കാണുകയായിരുന്നു
ചുവന്ന തെരുവുകളിലെ ചായം പൂശിയ ചുണ്ടുകളുമായി ശ്രിങ്കാരം അഭിനയിച്ച് വശ്യമായി ചിരിക്കുന്നവലാണ്‌ വേശ്യ എന്നാണ് കേട്ടറിവ് , പക്ഷെ ഇവള്‍ ...
ഇവളെ അങ്ങനെ വിളിക്കാന്‍ വയ്യ ..
കത്തിക്കരിഞ്ഞ സൂര്യകാന്തി പാടത്തിനു നടുവിലൂടെ ഒത്തിരി ദൂരം ഓടി ഞാന്‍ നേരം വെളുപ്പിച്ചു ..
കണ്ണ് തുറന്നപ്പോള്‍ മുന്നിലെ ബര്‍ത്തില്‍ അവള്‍ ഉറങ്ങിക്കിടക്കുന്നു ..

ട്രിച്ചി എത്താന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മതി , ഗിരി സ്ടെഷനില്‍ കാത്തു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട്, അവനോടിതു പറഞ്ഞാല്‍ പരിഹസിക്കുമെന്നു തീര്‍ച്ചയാണ് ..
അവള്‍ എഴുന്നേറ്റിട്ട് തലേന്ന് അങ്ങനെയൊന്നു സംഭവിക്കാത്ത മട്ടില്‍ എന്നെ നോക്കി ..വെറുപ്പോട് കൂടി ഞാന്‍ തിരിച്ചും നോക്കി .
നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കി അവള്‍ എന്നോട് സംസാരിച്ചു "ഇന്നലെ രാത്രി ഞാന്‍ ഒന്നും പറഞ്ഞില്ലെന്നു കരുതിക്കോളൂ "
ഇന്നലത്തെ നിന്‍റെ കഥ കേട്ടപ്പോള്‍ ഞാന്‍ നിന്നെ ഒരു അനിയത്തിയെപ്പോലെ കണ്ടു പോയി ആ ഒരു വിഷമം മാത്രമേയുള്ളൂ എനിക്ക് ...
"ഹാഹാ, അവള്‍ ചിരിച്ചു വശ്യമായി ... അങ്ങനെയൊന്നും എന്നെ കാണേണ്ട, ഞാന്‍ ഒരു ചീത്ത പെണ്ണാണ് , എല്ലാവര്ക്കും ഇഷ്ടം എന്നെ അങ്ങനെ കാണാനാണ്, ആഗ്രഹങ്ങള്‍ തീര്‍ക്കാനുള്ള വെറുമൊരു ഉപകരണം , അതിനൊരു പേരിന്‍റെ കൂടെ ആവശ്യമില്ല  ."
അവളോട്‌ പറയാന്‍ വാക്കുകളൊന്നും കിട്ടാതിരുന്നപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നു .
തിരുച്ചിറപ്പള്ളി എന്ന ബോര്‍ഡിനെ മറി കടന്ന്‌ ട്രെയിന്‍ നിന്നു.. എന്നെയും കാത്ത് അക്ഷമനായി ഗിരിയുണ്ടായിരുന്നു
"എത്ര നേരമായെടാ ഇവിടെ വായ്‌ നോക്കി ഇരിക്കുന്നു "
നിനക്ക് അവിടെ ചെന്നിട്ട് മല മറിക്കാനോന്നുമില്ലല്ലോ ഗിരീ ..
ഞാന്‍ അവനോടു കാര്യങ്ങള്‍ വിശദീകരിച്ചു, കേട്ട് കഴിഞ്ഞതും അവന്‍ പറഞ്ഞു
"ശവം , എവിടെടാ അവള് ?"
ഞാന്‍ അവനെയും പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു , പുറത്ത് ഹോട്ടലിനു മുന്നില്‍ നിന്നപ്പോള്‍ അവള്‍ അങ്ങോട്ട്‌ വന്നു
ഞാന്‍ ഗിരിയെ പരിചയപ്പെടുത്തി ,
അവളുടെ ഫ്രണ്ട് എത്താന്‍ അല്പം താമസം ഉണ്ടെന്നവള്‍ പറഞ്ഞു , എങ്കില്‍ പിന്നെ നമുക്കൊരു ചായ കുടിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖത് സന്തോഷത്തിന്‍റെ ഒരു ചിരി കണ്ടു.
ദോശ കഴിച്ചിരങ്ങിയപ്പോള്‍ അവളോട്‌ സംസാരിക്കണം എന്ന് തോന്നി , വഴിയരികിലെ പുളിമര ചോട്ടിലേക്ക് നീങ്ങി നിന്നു ഞാന്‍ അവളോട്‌ ചോദിച്ചു , എത്ര നാളായി നീ ഇങ്ങനെ ?
"കുറച്ചായി" , യാതൊരു ഭാവഭേദവുമില്ലാതെ അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു .

നിനക്കതില്‍ കുറ്റബോധമില്ലേ നിലീന ? ആളുകള്‍ നിന്നെ വിളിചേക്കാവുന്ന പേര് നിനക്കറിയില്ലേ ? ഈ സൌന്ദര്യം ഇല്ലാതാവുന്ന കാലത്ത് നിനക്കൊരു ജീവിതമുണ്ടാകുമോ ? എന്തിനു വേണ്ടിയാണ് നീ ഈ തരം താണ പ്രവര്‍ത്തിക്ക് ഇറങ്ങിയത്? പണത്തിനു വേണ്ടിയോ അതോ വെറും സുഖത്തിനു വേണ്ടിയോ ??

അവള്‍ വളരെ ശാന്തയായി എന്നെ നോക്കി " ചില യാടാര്ത്യങ്ങള്‍ക്ക് മുന്നില്‍ നിന്‍റെയീ ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല ഗോപന്‍ ..
പിന്നെ സുഖം , ഒരു വേശ്യ ഒരിക്കലും ആനന്ദിക്കുന്നില്ല, അവള്‍ ജീവിക്കുന്നത് ചത്ത ശരീരവും മരവിച്ച മനസ്സുമായാണ് .. കാമം തേടുന്നവന് മനസ്സ് വേണ്ടല്ലോ , നീ പറഞ്ഞ സുഖം തികച്ചും ഏകപക്ഷീയമാണ് ഗോപന്‍ .."
ഡാഡി നടത്തിയ ഫിനാന്‍സ് സ്ഥാപനം പൊളിഞ്ഞപ്പോള്‍ കുറെയേറെ കടങ്ങള്‍ വന്നു, ഒരു കഷണം കയറില്‍ തൂങ്ങി ഡാഡി ഒറ്റയ്ക്ക് രക്ഷപ്പെട്ടു ..
പിന്നീട് നാട്ടുകാരുടെ ഭീഷണിയും ശല്യവും കൂടി വന്നു, കൊടുക്കാനുള്ള പണം മറക്കാന്‍ പലരും തയ്യാറായിരുന്നു .. ഞാനും മമ്മിയും  മതിയായിരുന്നു പലര്‍ക്കും , ജീവിതത്തെ ശരിക്കും അടുത്തറിഞ്ഞ നാളുകളായിരുന്നു അത്..
അത് വരെ ബഹുമാനത്തോടും വാല്സല്യതോടും സംസാരിച്ചിരുന്നവര്‍ വരെ മുഖത്ത് നോക്കി വില പറഞ്ഞു .. പെണ്ണിന് വിലയുണ്ടെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത് , കണ്മുന്നില്‍ വച്ച് മമ്മിയെ അപമാനിക്കാന്‍ ശ്രമിച്ചവനെ ഞാന്‍ തല്ലി..
അന്ന് രാത്രി അയാളെ കാണാന്‍ എനിക്ക് പോകേണ്ടി വന്നു  ... അത് വരെ കണ്ട സ്വപ്നങ്ങളൊക്കെ അന്ന് നഷ്ടമായി ..
വീടും സ്ഥലവും വിറ്റ് കടങ്ങള്‍ ഏറെയും  വീട്ടി, മമ്മിയുടെ ആരോഗ്യം മോശമാണ് ഇപ്പോള്‍ , മാസത്തില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യണം . ഞാന്‍ പഠിക്കുന്നതിനൊപ്പം ജോലി നോക്കുന്നുന്ടെന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത് .
പിന്നെ ആ പേര് നീയെന്നെ വിളിക്കുന്നതില്‍ എനിക്ക് വിഷമമില്ല ഗോപന്‍ , എന്‍റെ അനിയത്തി പഠിക്കുന്നു , മമ്മിയുടെ ചികിത്സ നടക്കുന്നു .. വീട്ടില്‍ പട്ടിണിയില്ലാതെ
അവര്‍ ജീവിക്കുന്നു ..

അവളുടെ ചെറുതായി നനഞ്ഞ മിഴികള്‍ പക്ഷെ തുളുംബിയില്ല , കണ്ണ് നീരൊക്കെ നേരത്തെ വറ്റി കാണണം ..
എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ അവളുടെ രൂപം ഒരു മൂടലായി നിന്നത് താഴേക്കു വീണു ,
നീ ചീത്തയല്ല പെണ്ണേ...

അവളുടെ വിരല്‍ പിടിച്ചു ഞാന്‍ പറഞ്ഞു .. അവളോട്‌ സംസാരിക്കാന്‍ എന്‍റെ കയ്യില്‍ വാക്കുകള്‍ അവശേഷിക്കുന്നില്ല എന്ന് ഞാന്‍ ദുഖത്തോടെ മനസ്സിലാക്കി .
പേഴ്സില്‍ നിന്നു രണ്ട് അഞ്ഞൂറ് രൂപാ നോട്ടുകലെടുത്ത് അവളുടെ ബാഗിന്‍റെ കള്ളിയിലേക്ക് തിരുകിക്കയറ്റി മറുപടിക്ക് കാക്കാതെ ഗിരിയേയും കൂട്ടി ഞാന്‍ തിരിച്ചു നടന്നു ..

അവന്‍റെ മുഖം വിവര്‍ണ്ണമായിരുന്നു .. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല ..
പെരംബല്ലൂര്‍ ബസ്സില്‍ കയറിയപ്പോള്‍ ഗിരി ഓരോ മുഖങ്ങള്‍ക്കു പിന്നിലുമുള്ള ജീവിതങ്ങളെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു ..
ഞാന്‍ അപ്പോള്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു ..

മൂവായിരം രൂപയാണ് ഒരു മാസത്തെ ചിലവ്, ഇനി അതില്‍ രണ്ടായിരമേയുള്ളൂ ..
വല്ലലാര്‍ ഹോട്ടലിലും, ദേവിയിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റില്ല ! എപ്പോളും പോകാറുള്ള ട്രിച്ചിയിലെ മലക്കോട്ടയില്‍ പോയി കുന്നിന്‍റെ ഉച്ചിയില്‍ ഇരുന്ന് ഐസ് ക്രീം കഴിക്കാന്‍ പറ്റില്ല.. മായാസ് ബാറില്‍ കയറി ബിയര്‍ കുടിക്കണമെന്ന ആഗ്രഹവും ഈ മാസം നടക്കില്ല , എലിയാസിനോടോ സിറിലിനോടോ കടം വാങ്ങേണ്ടി വരും .. കണക്കില്‍ മോശമായിരുന്നത് കൊണ്ട് ഞാന്‍ കൂട്ടി നോക്കിയില്ല . ആകെയൊരു ആശ്വാസം ഉള്ളത് രാജ അണ്ണന്‍റെ  തട്ടുകടയാണ്....

ബസ് അരിയള്ളൂരിലെ സൂര്യകാന്തി പാടങ്ങള്‍ക്കു നടുവിലെത്തിയിരുന്നു, നോക്കെത്താ ദൂരത്തോളം നീണ്ടു പരന്ന് കിടക്കുന്ന പാടത്ത് പൊള്ളുന്ന വെയിലിലും തലയുയര്‍ത്തി നിന്നു ചിരിക്കുന്ന സൂര്യകാന്തി പൂവുകള്‍ ...
മുകളില്‍ തെളിഞ്ഞ വെള്ള മുഘങ്ങള്‍ ഒഴുകുന്ന ആകാശം ..
ആകാശത്തിന് താഴെ  ഇടതൂര്‍ന്ന സൂര്യകാന്തി ചെടികള്‍ക്കിടയിലൂടെ 
പൂക്കളിരുത്ത് ചിരിച്ചു കൊണ്ട് ഓടുന്ന ഒരു അനിയത്തിയും ചേട്ടനും !

***

13 comments:

 1. This comment has been removed by the author.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. 'സൂര്യകാന്തി പറഞ്ഞ കഥ' ഒരു സൂര്യകാന്തിപ്പൂവായ് ഈ കഥ മനുഷ്യമനസ്സില്‍ തങ്ങി നില്‍ക്കട്ടെ! സ്ത്രീയെ മനസ്സില്ലാക്കാനും അഭിനന്ദിക്കാനും കാട്ടിയ ആ വലിയ മനസ്സിന് നമസ്കാരം. നിലീന സ്ത്രീയുടെ ഒരു മുഖം മാത്രം. സാമൂഹിക നന്മകള്‍ ഉണര്‍ത്തുവാന്‍ ഒരു കലാകാരന് കഴിയണം. അതിവിടെ എടുത്ത് കാണിക്കുന്നു. നിലീനയുടെ അനുഭവം ഒരു സ്ത്രീയ്ക്കും ഉണ്ടാകാതിരിക്കട്ടെ! ചത്ത്‌ ജീവിക്കുന്നവള്‍ നിലീന. സ്ത്രീ നോമ്പരങ്ങള്‍ക്ക് തൂലിക തുമ്പിലൂടെ പുനര്‍ജനി ആശംസിക്കുന്നു. ഇനിയും കഥകള്‍ എഴുതുക. വാക്കുകളിലൂടെ ഒരു 'ഉയര്‍ത്തെഴുനേല്‍പ്പ്' സ്ത്രീയ്ക്കരുണോദയം. അതാവട്ടെ കഥാകാരാ നിന്‍റെ ലക്ഷ്യം.
  അഭിനന്ദനങ്ങള്‍ ഗോപകുമാര്‍ !

  ReplyDelete
  Replies
  1. നന്ദി ഓപ്പോളേ ..

   Delete
 4. ആകാശത്തിന് താഴെ ഇടതൂര്‍ന്ന സൂര്യകാന്തി ചെടികള്‍ക്കിടയിലൂടെ പൂക്കളിരുത്ത് ചിരിച്ചു കൊണ്ട് ഓടുന്ന ഒരു അനിയത്തിയും ചേട്ടനും !
  ശരിയ്ക്കും മനസിനെ വേദനിപ്പിച്ചു നിലിന .............

  ReplyDelete
  Replies
  1. വേദനിപ്പിക്കുന്ന ഓര്‍മകളാണ് മനസ്സില്‍ കൂടുതല്‍ നിലനില്‍ക്കുക ...
   എട്ടു വര്‍ഷം മുന്‍പ് ഞാന്‍ അനുഭവിച്ച വേദന അത് പോലെ തന്നെ ഇന്നുമുണ്ട് ...

   Delete
 5. നന്ദി ഓപ്പോളേ .. @sreedevi jayan

  ReplyDelete
 6. ഓരോരോ സാഹചര്യങ്ങള്‍ ആണ് നമ്മെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നതെന്ന് കേട്ടിട്ടുണ്ട്.
  സാഹചര്യങ്ങള്‍ക്ക് അടിപ്പെടരുതെന്നും കേട്ടിട്ടുണ്ട്.

  ഈ പെണ്‍കുട്ടിയുടെ അവസ്ഥയില്‍ ആര്‍ക്കാണ് ഇത്രേം ചിന്തിക്കാന്‍ കഴിയുക! കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

  ReplyDelete
 7. സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്ക് വെളിച്ചമാകുന്ന നിലീനമാര്‍ ചുറ്റിനും നിന്നു ജ്വലിക്കുമ്പോള്‍ പൊള്ളലേറ്റ് തളര്‍ന്നു പോകുന്നു ഹൃദയം...! ഹൃദ്യമായ അവതരണം ഗോപൂ...

  ReplyDelete
 8. നിങ്ങള്‍ നല്ലൊരു കഥകാരനാണ്

  ReplyDelete