Tuesday 25 November 2014

തിരുശേഷിപ്പുകള്‍



അച്ഛനും മകനും പരസ്പരം മിണ്ടിയില്ല.. 
ആരംഭിക്കാന്‍ പോകുന്ന തുലാവര്‍ഷ രാത്രി പോലെയായിരുന്നു അച്ഛന്റെ മുഖം. അയാളൊരു കടലിനെ മുഖത്തൊളിപ്പിച്ചിരുന്നു. ഖനീഭവിച്ച ഓര്‍മ്മകളുടെ ഭാരം പേറി, കാറ്റിളക്കങ്ങളില്ലാതെ, തീരം തൊടാത്ത തിരമാലകളുമായി അയാളെന്ന കടല്‍ വിജനതയിലേക്ക് മിഴിനട്ടിരുന്നു..

മകന്‍ സംസാരിക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു. 
അച്ഛനോട് സംസാരിക്കാനൊരു വിഷയമില്ല എന്നത് അവനെ അസ്വസ്ഥനാക്കിയില്ല, അവനു പറയാനുള്ളതൊക്കെയും കേട്ടിരുന്നത് അമ്മയായിരുന്നു. എന്തിനും ആദ്യം ശകാരിക്കുന്ന അമ്മ, പറയുന്ന കാര്യത്തിലെ നല്ലതും ചീത്തയും വേര്‍തിരിക്കുന്ന അമ്മ, തന്‍റെ ഇഷ്ടങ്ങള്‍ക്ക് എന്നുമൊപ്പം നിന്നിട്ടുള്ള അമ്മ..അമ്മയുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല, അമ്മയുടെ ഇഷ്ട്ടങ്ങളെ സ്നേഹിക്കാനും ശ്രമിച്ചിട്ടില്ല.. 
താനെന്ന മകന്‍ സ്വാര്‍ത്ഥനാണ്. അവനു വിഷമം തോന്നി, അതോടൊപ്പം മറ്റു പലതിനോടും ദേഷ്യവും..
ദേഷ്യം കാറിന്റെ ആക്സിലേറ്ററില്‍പലതവണ കൂടുതലുരഞ്ഞമര്‍ന്നു കൊണ്ടിരുന്നു. കാറൊരു നേര്‍ റോഡിലൂടെ നിലം തൊടാതെ പാഞ്ഞു. ഇരു വശവും നെല്‍ പാടങ്ങളാണ്. കുറച്ചു മുന്‍പ് കുളിച്ചു കയറിയ പുഴയുടെ കൈ വഴികളിലൊന്ന് തങ്ങളെ പിന്‍ തുടരുന്നതായി അവനു തോന്നി..സ്പീഡ് വീണ്ടും കൂടിയപ്പോള്‍ അമ്മ പിന്നിലിരുന്ന് ശാസിച്ചു. “നിനക്കെന്താ ഭ്രാന്ത് പിടിച്ചോ, പതുക്കെ പോയാല്‍ മതി”. അവന്‍ മറുപടി പറഞ്ഞില്ല, 

മുകളില്‍ ആകാശം ഇരുണ്ടുകൂടി നില്‍പ്പുണ്ട്. ഏറെക്കുറെ വിജനമായ റോഡില്‍ കുറച്ചു മുന്നിലായൊരു പെട്ടിക്കട കണ്ടപ്പോള്‍ അച്ഛന്‍ വണ്ടി നിര്‍ത്താന്‍ ആഗ്യം കാണിച്ചു.കടയ്ക്കു മുന്നില്‍ പൊടി പറത്തിക്കൊണ്ട് നിരങ്ങി നിന്ന കാറില്‍ നിന്നും അയാള്‍ മാത്രമിറങ്ങി. കടയിലെ നരച്ച മുടിയുള്ള വയസ്സന്റെ കണ്ണുകളില്‍ തിളക്കം കണ്ടു. റോഡരികിലെ പുളിമരത്തിന്‍റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്ന അയാളുടെ വിരലുകള്‍ക്കിടയില്‍ തീയെരിയുന്നുണ്ടായിരുന്നു..അവന്‍ ഡോറിന്റെ ഗ്ലാസ് താഴ്ത്തി, കാറ്റടിക്കുന്നുണ്ടായിരുന്നു. മുന്നിലൂടെ കടന്നു പോയ രണ്ടുപേര്‍ക്ക് വാറ്റു ചാരായത്തിന്റെ മണം.. അടിവാരത്ത് കഞ്ചാവും വാറ്റ് ചാരായവും വില്‍ക്കുന്ന ഒരു കിഴവനുണ്ടെന്ന്‍ പറഞ്ഞു കേട്ടിട്ടുണ്ട്,പോകണം..തെറുത്ത ബീഡിയുടെ മൂന്നാമത്തെ പുകയും ഉള്ളിലിരുത്തി കുന്ന് കയറണം, പുഴ മുറിച്ചു കടക്കണം, പിന്നിലേക്ക്‌ പോകണം, അഞ്ചു ദിവസം പിന്നിലേക്ക്‌..അതോര്‍ത്തപ്പോള്‍ അവന്‍റെ തലക്കുള്ളില്‍ ഒരു കടന്നല്‍ കൂടിളകി, ഒക്കെയും മറക്കണം, പക്ഷെ എങ്ങിനെ മറക്കാനാണ്? തനിക്കതിനാവില്ല.

സിഗരറ്റ് കുറ്റി ഓടയില്‍ കളഞ്ഞ് അച്ഛന്‍ കാറിലേക്ക് കയറി, അവന്‍ വണ്ടിയെടുത്തു. അഞ്ചു ദിവസമായി ഉറങ്ങിയിട്ട്, കണ്ണടച്ചാല്‍ പല കാഴ്ചകളാണ്, മോഹിപ്പിക്കുന്ന കാഴ്ച്ചകള്‍.. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചെവിക്കുള്ളില്‍ആരോ പറയുമ്പോള്‍ ഭയം തോന്നുന്നു..
എഫ് എമില്‍ ഇഷ്ട്ട ഗാനം..“തുച്സെ നാരാസ് നഹി സിന്ദഗി, ഹേരാന് ഹു മെ..”
പിന്‍ സീറ്റില്‍ അമ്മ പുഞ്ചിരിക്കുന്നു, അമ്മയ്ക്ക് ചിരിക്കാം, മകനെപ്പറ്റി ചിന്തയില്ലാത്ത ഒരമ്മ..
അമ്മക്ക് തന്നെക്കാളിഷ്ട്ടം ചെടികളും പൂക്കളും മരങ്ങളുമൊക്കെയാണല്ലോ.. തന്‍റെ കഥകള്‍ ചിരിച്ചു കൊണ്ട് കേള്‍ക്കുംബോളും അമ്മയുടെ മനസ്സ് നിറയെ മറ്റുള്ളവരുടെ വിഷമങ്ങളായിരുന്നല്ലോ..സ്വാര്‍ത്ഥനായ മകന്‍.. അതെ അതു തന്നെയാണ് താന്‍..

പാട്ട് അതിന്‍റെ അവസാന വരികള്‍ കൊണ്ട് അവനെ ഉറക്കത്തിലേക്ക് കെട്ടിത്തൂക്കിയിരുന്നു, ഒരു നേര്‍ത്ത പിടച്ചില്‍ പോലുമില്ലാതെ അവന്‍ ഉറക്കത്തിലേക്ക് മരിച്ചു വീണു..രണ്ടു നിമിഷങ്ങള്‍.. അതോ അതിലധികമോ, മണിക്കൂറുകള്‍ നീണ്ട ഗാഡമായ ഒരുറക്കം പോലെ അതവനെ തോന്നിപ്പിച്ചു. തുറന്നു പിടിച്ച കണ്ണുകള്‍ക്കുള്ളിലെ അടഞ്ഞ ലോകം...അങ്ങനെയെത്ര ദൂരം താണ്ടിയിട്ടുണ്ടാവും..
“അപ്പുവേ...”പിന്‍ സീറ്റില്‍ നിന്നും അമ്മയുറക്കെ വിളിച്ചപ്പോളാണ് ഞെട്ടിയുണര്‍ന്നത്..
പെട്ടന്ന് സ്റ്റിയറിംഗ് വളച്ചെടുത്തു, കാര്‍ റോഡരികിലെ മരങ്ങള്‍ക്കടുത്ത് എത്തിയിരുന്നു..അമ്മ വഴക്ക് പറയുന്നുണ്ട്, അച്ഛന്‍ ഉറക്കമാണ്.

അവന് ചെറുതല്ലാത്ത അത്ഭുതം തോന്നി..തനിക്കെങ്ങനെ ഉറങ്ങാന്‍ കഴിഞ്ഞു??നൂല് പൊട്ടിയ ഒരു പട്ടം കണക്ക് പായുകയാണ് മനസ്സ്..ഒരു ശിഖരത്തിലും ഉടക്കാതെ, ഒരിലയില്‍ പോലും തൊടാതെ ആകാശത്തിന്‍റെ അനന്തതയിലേക്ക് അതാരെയോ തിരഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്നു..എല്ലാവരോടും വെറുപ്പ് തോന്നുന്നു, തനിച്ചാക്കി പോയവരോട്, മഴയത്ത് കുടയില്‍ നിന്നിറക്കി വിട്ട അമ്മയോട്, സംസാരിക്കാത്ത അച്ഛനോട്.. സഹതപിക്കുന്ന ആളുകളോട്.. അമ്മ നട്ട മരങ്ങളോട്.. തനിക്ക് കിട്ടേണ്ട സ്നേഹം പകുത്തെടുത്ത പൂക്കളോടും ചെടികളോടും..
സ്വാര്‍ത്ഥത..

കണ്ണു നിറഞ്ഞ് റോഡ്‌ അവ്യക്തമായപ്പോള്‍ അവന്‍ പല്ലു കടിച്ചു കൊണ്ട് വണ്ടിയോടിച്ചു..വലിഞ്ഞു മുറുകിയ മുഖം നനച്ചുകൊണ്ട് രണ്ടു പുഴകള്‍ ഒഴുകി..രാവിലെ കര്‍മ്മം ചെയ്ത് കുളിച്ചു കയറിയ പുഴയില്‍ ലയിച്ച അതേ നീര്‍ ചാലുകള്‍..

വീടെത്തിയിരിക്കുന്നു.വീര്‍പ്പു മുട്ടിക്കുന്ന പകലുകളും ഉറക്കം തരാത്ത രാത്രികളും മാത്രം തരുന്ന വീട്..അച്ഛനിറങ്ങി ഗേറ്റ് തുറന്നിട്ട്‌ വീട്ടിലേക്ക് നടന്നു.രണ്ടു പേരും പരസ്പരം നോക്കാന്‍ ഭയപ്പെട്ടിരുന്നു..കാര്‍ നിര്‍ത്തിയിട്ടും പിന്‍ സീറ്റിലേക്ക് നോക്കിയില്ല..പിന്‍ വാതിലുകള്‍ അടഞ്ഞു തന്നെ കിടന്നു, ഈ വീട്ടില്‍ ഇറങ്ങാനുള്ളത് അച്ഛനും മകനും മാത്രമാണ്.അമ്മയിറങ്ങി പോയിട്ട് അഞ്ചു ദിവസം...

അവന്‍ വണ്ടിയില്‍ നിന്നിറങ്ങി തെക്കേ പറമ്പിലേക്ക് നടന്നു. ഇരു വശവും നിരന്നു നില്‍ക്കുന്ന ചെടികളെ വെറുപ്പോടെ നോക്കി, പക്ഷെ അവ ചിരിച്ചു തന്നെ നിന്നു..ചിരിക്കുന്ന പൂവുകള്‍!
പേര മരത്തിലേക്ക് പടര്ത്തിയിട്ടിരിക്കുന്ന മുല്ലപ്പന്തല്‍ നിറയെ പൂവിട്ടിരിക്കുന്നു.. ഒരു വള്ളിയില്‍ മെല്ലെ വലിച്ചു കുടഞ്ഞപ്പോള്‍ പൂമഴ!!ആദ്യമായി കൌതുകത്തോടെ അവനാ മഴ നനഞ്ഞു..ഇലപ്പടര്‍പ്പുകള്ക്കിടയിലൂടെ ആകാശം കണ്ടു, ഇരുണ്ട് കൂടിയ കാര്‍ മേഘങ്ങളെ ആരോ മായ്ച്ചിരിക്കുന്നു. ഇലകള്‍ക്കുള്ളിലിരുന്നു ഒരു കുയില്‍ അവനു വേണ്ടി നീട്ടി പാടി.
തൊട്ടടുത്ത് ശംഖു പുഷ്പ ഇലകള്‍ക്കിടയില്‍ ഒരു കുരുവിക്കൂട്..കുഞ്ഞിന് കാവലിരിക്കുന്ന ഒരു അമ്മക്കിളി..അടുത്ത് ചെന്നിട്ടും അത് പറന്നു പോയില്ല, നീ ഞങ്ങള്‍ക്ക് അന്യനല്ല എന്നു അത് മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം ഇവിടെ മുന്‍പും ഉണ്ടായിരുന്നോ എന്നവന്‍ അത്ഭുതപ്പെട്ടു.. അമ്മയുടെ ലോകം!!  

മരചാമ്പയില്‍ നിന്നും കാറ്റടര്‍ത്തിയിട്ട ഒരു ചാമ്പക്കയെടുത്തവന്‍ കടിച്ചു, ഇതുവരെ തോന്നാത്ത മധുരം..ചാമ്പ പൂത്തത് ആദ്യം കാണിക്കാന്‍ അമ്മ  ഓടിവന്നു തന്നെ വിളിച്ചത് അവനോര്‍ത്തു, അതുപോലെ കുരുവി മുട്ടയിട്ടത്. പല പുതിയ ചെടികളും പൂവിട്ടത്. മാവ് ആദ്യായിട്ട് പൂത്തതും, പുതിയ കിളികള്‍ വിരുന്നു വന്നതും.. 
അങ്ങനെ എത്രയെത്ര കൌതുക കാഴ്ച്ചകളായിരുന്നു.. പിന്നെ കാണാമെന്നു പറഞ്ഞ് എത്രയോ തവണ തന്‍റെ ലോകത്തിരുന്നിട്ടുണ്ട്..
അവനു കാലുകള്‍ തളരും പോലെ തോന്നി..ആഞ്ഞിലി മരത്തിന്‍റെ നെറുകയില്‍ നിന്നും ഒരു കാറ്റ് വട്ടം ചുറ്റി താഴേക്കിറങ്ങി അവന്‍റെ മുടികളെ തഴുകി.. അമ്മയുടെ വിരലുകള്‍!! 
വാടി നില്‍ക്കുന്ന കോവലും വെള്ളരിയും കണ്ടപ്പോള്‍ അവനതിനു വെള്ളമൊഴിച്ചു കൊടുത്തു..ചുറ്റും ചിരിക്കുന്ന ഇലകള്‍, പൂക്കള്‍, കായ്കള്‍..അവനുറക്കം വന്നു, 

പറമ്പിന്റെ തെക്കേയറ്റത്തെ ചാമ്പപ്പൂ മെത്തയില്‍ ഇരുന്ന് കൊണ്ട് അവനഞ്ചു ദിവസം മുന്‍പ് നട്ട തുളസി തൈ നോക്കി..
അതവനെ നോക്കി ചിരിച്ചു..കിളികളും കാറ്റും ചെടികളും അവനു കൂട്ടിരുന്നപ്പോള്‍ അസ്ഥികളില്‍ വേരുറപ്പിച്ച ആ തുളസിചെടി അവനൊരു തിരു ശേഷിപ്പിന്റെ ഉയര്‍പ്പ് കഥ പറഞ്ഞു കൊടുത്തു..;
മരണമില്ലാത്ത ചില സ്നേഹങ്ങള്‍ ഭൂമിയിലവശേഷിപ്പിക്കുന്ന വേരുകളുടെ കഥ..

2 comments: