Saturday 7 March 2015

സാജിത



എനിക്കുവേണ്ടി ആദ്യമായി ഒരു പാട്ട് പാടി തന്നത് സാജിതയാണ്.. 
ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് പങ്കജ് ഉദാസിന്റെ “ഓര്‍ ആഹിസ്താ.. കീജിയേ ബാതേം.. ദട്കനെ കോയി സുന്‍രഹാ ഹോഗാ..” അവളിത് പാടുമ്പോള്‍ ബെഡിനരികിലെ പള്സോക്സി മീറ്ററിലും അവളുടെ ഹൃദയത്തിന്റെ ദുർബലമായ താളം തന്നെയായിരുന്നു..

ഒരു പാട്ടില്‍ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുന്ന ഇടവേളകളില്‍ പോലും അവള്‍ മുഖത്തുനിന്നും കണ്ണെടുത്തിരുന്നില്ല. 
ഇടക്കെപ്പോഴോ അവള്‍ പാട്ടു മുറിച്ച് ഉറക്കത്തിലേക്ക് വഴുതിവീണു, ഉണര്‍ന്നപ്പോള്‍ എന്നെ വീണ്ടും അന്വേഷിച്ചു, വാശി പിടിച്ചു കരഞ്ഞു, എത്തിയപ്പോള്‍ വീണ്ടുമവള്‍ പാടി തുടങ്ങി, കേട്ടിട്ടില്ലാത്ത ഒരു മാപ്പിള പാട്ടിന്റെ നാലുവരി.. അതിനുശേഷം നിക്കാഹ് കഴിക്കുമോ എന്ന ചോദ്യവും..
മരണത്തിന്റെ നിഴലോ, ശരീരത്തിന്റെ തളര്‍ച്ചയോ, അട്രോപിന്റെ പ്രവര്‍ത്തനമോ, എന്തെന്നറിയില്ല അവളുടെ ഭാവങ്ങള്‍ വിചിത്രമായിരുന്നു. അവള്‍ പാടുന്നതും പറയുന്നതും മറ്റൊരു ലോകത്തിലിരുന്നാണെന്ന തോന്നലായിരുന്നു എനിക്ക്.

ഹോസ്പിടല്‍ അഡ്മിനിസ്ട്രെഷനില്‍ പിജി പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ ജോയിന്‍ ചെയ്തിട്ട് വര്‍ഷം ഒന്ന് തികയുന്നേയുണ്ടായിരുന്നുള്ളൂ, മണിക്കൂറുകള്‍ക്കു മുന്‍പാണ് വിഷം കഴിച്ച് അത്യാസന്ന നിലയില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ അവളെ കാഷ്വാലിറ്റിയില്‍ കൊണ്ടുവരുന്നത്..
മരണത്തിന്റെ പടി വാതിലിലെത്തി തിരിച്ചു വരുന്നവരുണ്ട്, ഒരു യാത്ര പോലും പറയാനാവാതെ പോകുന്നവരും..
പുതു ജീവന്റെ ആഹ്ലാദങ്ങള്‍ക്കും, വേര്‍പാടുകളുടെ കൂട്ട കരച്ചിലുകള്‍ക്കും നടുവിലൂടെയാണ്‌ ഓരോ ദിവസവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

പക്ഷെ വിസ്മയിപ്പിച്ചത് അവളുടെ പ്രണയമായിരുന്നു, അതും മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന അവസാന നിമിഷങ്ങളില്‍..
അവളുടെ ശരീരവും മനസ്സും അട്രോപിന്‍ കീഴ്പ്പെടുത്തിയിരുന്നു എങ്കിലും പാടിയ പാട്ടുകളിലോക്കെ പ്രണയം നിറഞ്ഞിരുന്നു..
രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവളെ റൂമിലേക്ക്‌ മാറ്റിയപ്പോള്‍ അന്നത്തെ രാത്രിയില്‍ എന്നോട് പറഞ്ഞതെല്ലാം അവള്‍ മറന്നു പോയിരുന്നു.
എത്ര വിചിത്രമാണ് മനുഷ്യന്‍റെ മനസ്സ്, ഒരാഴ്ച്ചക്കു ശേഷം വീണ്ടും വരില്ലെന്ന് കണ്ണുകളില്‍ നോക്കിയവള്‍ പറഞ്ഞിട്ടു പോകുമ്പോള്‍ മഴയത്ത് കുടക്കീഴില്‍ വന്നു നിന്ന ഒരു അനിയത്തിക്കുട്ടിയായി മാറിയിരുന്നു അവളെന്ന് ഞാന്‍ ആ കണ്ണുകളില്‍ നിന്നും തിരിച്ചറിഞ്ഞു.

ഓര്‍മ്മയുടെ ഒരു മുറിയില്‍ അവളുമുണ്ട്.
ഒരു പാതിരാത്രിയില്‍ ഉറക്കത്തെ കീറി മുറിച്ച് കടന്നു വന്നവള്‍, എടുത്തു കൊണ്ടു വന്ന നാലുപേരുടെ നിലവിളികളും നിശബ്ദമായ തേങ്ങലുകളും..
മുറിക്കു പുറത്തെ പ്രതീക്ഷ വറ്റാത്ത കണ്ണുകള്‍.. ഇതൊന്നുമറിയാതെ പാട്ടുകള്‍ പാടി സംസാരിച്ചു കൊണ്ടിരുന്ന ഒരു മനസ്സ്..

സാജിതയെ പിന്നീടൊരിക്കലും കണ്ടിട്ടില്ല, പക്ഷെ അവളുടെ പാട്ടുകളില്‍ ചിലത് ശൂന്യതയില്‍ പലവട്ടം കേട്ടിട്ടുണ്ട്. ഒരുപക്ഷെ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ അവള്‍ ഇപ്പോളും പാടിക്കൊണ്ടിരിക്കുന്നുണ്ടാവണം..

“ദട്കനെ കോയി സുന്‍ രഹാ ഹോഗാ..”

3 comments: