Monday, 9 March 2015

മൌനങ്ങൾ പറയുന്നത്..പെയ്തു തീർന്നൊരു വൻ മഴയിലെ അവസാന തുള്ളികൾ പോലെ അവർ ഒരിരുമ്പ് ബഞ്ചിന്റെ രണ്ടറ്റങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു...ഏതാനും വാക്കുകളുടെ കനം കൊണ്ട് താഴേക്കടർന്നു വീഴാൻ വഴി തേടി നിൽക്കുന്ന രണ്ടു തുള്ളികൾ തന്നെയായിരുന്നു അപ്പോളവരുടെ മനസ്സുകൾ.


കടൽഹൃദയത്തിലേക്ക് കോറിയിട്ട നേർത്ത ഒരു ഞെരമ്പ് പോലെ കിടന്ന കടൽപ്പാലം ഏറെക്കുറെ ശാന്തവും വിജനവുമായിരുന്നു.അങ്ങിങ്ങ് കല്ലുകൾ ഇളകി പഴക്കം ചെന്ന പാലത്തിന്റെ കൈവരികളിൽ പലതും അടർന്നു വീണിരുന്നു, കടലിന്റെ രോദനങ്ങൾ ഏറ്റുവാങ്ങി ബഞ്ചുകളിലെ മനസ്സുകളെയും ചുമന്ന് അത് ആകാശം നോക്കി കിടന്നു.


അയാൾക്കും അവൾക്കും നടുവിൽ മൌനത്തിന്റെ വലിയൊരു കുന്നുണ്ടായിരുന്നു.. പലവട്ടം അതിനു മുകളിൽ നിന്നു ചാടി മരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു ബഞ്ചിന്റെ രണ്ടറ്റങ്ങളിൽ ഇരിക്കുമ്പോളും മൈലുകളുടെ ദൂരം അവർക്കിടയിൽ ഉണ്ടായിരുന്നു..കാരിരുണ്ട് മൂടിയ ആകാശത്തിന് താഴെ കടൽ ശാന്തമായിരുന്നെങ്കിലും അവരുടെ മനസ്സുകൾ ഇരമ്പിയാർത്തു മറിയുകയായിരുന്നു.എല്ലാം പറഞ്ഞു തീർത്ത് പിരിയണമെന്നുറപ്പിച്ചാണ് വന്നതെങ്കിലും പ്രണയത്തിന്റെ അവസാന തുള്ളിയുടെ സ്വാദ് അവർക്കന്ന്യമായിരുന്നു..

ദൂരെ കടലിൽ ഒരു വള്ളം കാഴ്ച്ചയിൽ നിന്ന് ചെറുതായി ചെറുതായി മാഞ്ഞു പോകുന്നതും നോക്കി അവരിരുന്നു...അവളുടെ കാറ്റിൽ പൊട്ടിയ ഒരു മുടിനാര് അയാളുടെ മുഖത്തുരഞ്ഞു നിന്നപ്പോൾ പറക്കുന്ന മുടിയിഴകൾക്കുള്ളിലെ അവളുടെ മുഖത്തേക്കയാൾ നിർവ്വികാരതയോടെ നോക്കി..

അവൾ നന്നേ ക്ഷീണിച്ചിരിക്കുന്നു.. കണ്ണെഴുതിയിട്ടില്ലെന്നു തോന്നുന്നു, കുഴിഞ്ഞ കണ്ണുകൾക്ക്‌ താഴെ ഉറക്കമില്ലാത്ത രാത്രികളുടെ കഥ പറഞ്ഞു കൊണ്ട് കറുത്ത പാട് വീണിരിക്കുന്നു..കണ്ണുകളിലെ വിഷാദം മറയ്ക്കാനെന്ന പോലെ കണ്ണടയും..പഴയ പ്രസരിപ്പും ഉത്സാഹവും അവൾ എവിടെയോ നഷ്ട്ടപ്പെടുതിയിരിക്കുന്നു, നേർത്തു നീണ്ട വിരലുകളിലെ നെയിൽ പോളീഷ്‌ അവിടവിടെ അടർന്നു പോയിരിക്കുന്നു..ആറു വർഷം മുൻപ് ആദ്യമായി കണ്ട അമ്മുവും ഇപ്പോളത്തെ ഈ രൂപവും തമ്മിലുള്ള അന്തരം അയാളുടെ മനസ്സിനെ നൊമ്പരപ്പെടുത്തി..

ഒരു വേനലിൽ ഉരുകിയൊലിച്ച് ആദ്യമിവിടെ വന്നത് അയാളോർത്തു, അന്നവളുടെ വിരൽ തുമ്പ് തന്റെ വിരലിൽ അറിയാതെ തോട്ടതത്രയും താൻ മനസ്സിൽ എണ്ണിയിരുന്നു..കടലും ആകാശവും പാലവും ചുട്ടു പഴുത്തു കിടക്കുമ്പോളും മനസ്സിൽ അന്ന് നിർത്താതെ മഴയായിരുന്നു..പിന്നീടെത്രയോ പകലുകൾ വെയിലിനെയും മഴയേയും തുറിച്ചു നോട്ടങ്ങളെയും തോൽപ്പിച്ച് ഇവിടെ ചിലവിട്ടിരിക്കുന്നു..കണ്ണു നനഞ്ഞപ്പോൾ അയാളെഴുന്നേറ്റ് കടലാഴങ്ങളിൽ മിഴി തൊട്ട് നിന്നു..

ആദ്യ ചുംബനത്തിന്റെ ഉപ്പായിരുന്നു അവളുടെ മനസ്സിലപ്പോൾ, അയാളുടെ ശ്വാസത്തിന് തിരമാലകളുടെ ശക്തിയുണ്ടായിരുന്നു, മുടിയിഴകൾക്കുള്ളിൽ ആ വിരലുകളോടിയപ്പോൾ താനെതോ സ്വപ്നത്തിൽ ആയിരുന്നു, ഇടയ്ക്കിടെ വീശിയടിച്ച് ദേഹം മൂടി കടന്നുപോയ തിരമാലകളുടെ ഉപ്പു രസം പിന്നീട് മധുരമായി തോന്നി !

രണ്ടു വർഷം ചില്ലറ മാറ്റമോന്നുമല്ല ഹരിയിലും വരുത്തിയിരിക്കുന്നത്, കുറെക്കൂടെ ഗൌരവം മുഖത്തു വന്നിരിക്കുന്നു, മുടിയിലങ്ങിങ്ങു നര കയറിയിരിക്കുന്നു, വെട്ടിയൊതുക്കാത്ത മീശയും വളർന്നു നീണ്ട താടിയും അയാളെ വേറെയാരോ ആക്കിയിരിക്കുന്നു .. ഭ്രാന്തൻ എന്നു വിളിച്ചു താൻ കളിയാക്കാറുണ്ടായിരുന്ന അയാളിപ്പോൾ അതുപോലെയായിരിക്കുന്നു, അവൾക്ക് വിഷമം തോന്നി .. 
പ്രണയത്തിന്റെ അവസാന തുള്ളിയുടെ ഉപ്പിൽ നിന്നും ആദ്യ തുള്ളിയുടെ മധുരത്തിലേക്ക് ഓടിതളർന്ന് കിതയ്ക്കുകയായിരുന്നു അപ്പോൾ ഞെട്ടറ്റു താഴേക്കുതിർന്ന രണ്ടിലകളെ പോലെ അവർ..

എവിടെയാണ് താളം തെറ്റിയതെന്ന് കൃത്യമായി ഓർക്കുന്നില്ല, പരിഭവങ്ങളുടെയും പിണക്കങ്ങളുടെയും കടലാഴങ്ങളിലേക്ക് മനസ്സുകൾ താഴുമ്പോൾ, ഒരുമിച്ച് കൈകോർത്ത് മനസ്സ് പങ്കു വച്ച് ഒരു സ്വർഗത്തിലൂടെ നടന്നു കയറിയവരാണ് തങ്ങളെന്ന് മനപ്പൂർവ്വം മറന്നിടത്താവാം വിരസതയും വിദ്വേഷവും കടന്നു വന്നത്..
ഹരി ജോലിക്ക് വേണ്ടി നാട്ടിൽ നിന്ന് പോയപ്പോൾ താനും, തനിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങിയപ്പോൾ ഹരിയും നിസ്സഹായതയുടെയും ദുഖത്തിന്റെയും വഴി നടന്നിട്ടുണ്ടാവാം

ഇനിയൊരു തവണ കൂടി കാണാനുള്ള സ്നേഹം തങ്ങൾക്കിടയിൽ അവശേഷിക്കുന്നുണ്ടോ എന്നവൾ വെറുതെ ഓർത്തു.. യാത്ര പറയണം , അടുത്ത മാസം വിവാഹമാണ്.. പുതിയ ജീവിതം തുടങ്ങാൻ പോകുന്നു.ഹരിയെ അറിയിച്ചില്ലെങ്കിൽ പിന്നീടൊരിക്കലും തനിക്ക് മനസമാദാനം കിട്ടില്ല..

എത്രയും പെട്ടന്ന് പറഞ്ഞു തീർത്ത് പോകണമെന്ന് അയാൾക്കും തോന്നി, ഈ നിമിഷങ്ങൾ തികച്ചും അസഹ്യമാണ്.. ഒരു വട്ടം കൂടി അവളുടെ മുഖത്ത് നോക്കിയാൽ അവളെ ജീവിതത്തിലേക്ക് വിളിക്കേണ്ടി വരുമോ എന്നയാൾ ഭയപ്പെട്ടു..പലപ്പോളും കാണുന്ന സ്വപ്നങ്ങൾക്ക് അവളുടെ വിരൽതുമ്പിന്റെ ചൂടും ഗന്ധവുമാണ്..

അയാൾ മുഖം തുടച്ചു കൊണ്ട് ബഞ്ചിൽ വന്നിരുന്നപ്പോൾ അവൾ ക്ഷണക്കത്ത് നീട്ടി.അടുത്ത മാസാണ് വിവാഹം, ഞാൻ നിനക്ക് എഴുതിയിരുന്നല്ലോ..നീ തീർച്ചയായും വരണം, നല്ലയാളാണ് ആദർശ്, എന്റെ നല്ല സുഹൃത്താണ്.. 
അയാളവളുടെ മുഖത്ത് നോക്കാതെ കാർഡ് വാങ്ങി.സ്വർണ്ണ നിറമുള്ള കുറെ അക്ഷരങ്ങൾ...അതിൽ അവളുടെ പേരൊഴിച്ച് ബാക്കിയൊന്നും അയാളുടെ കണ്ണിൽ തെളിഞ്ഞില്ല.കണ്മുനയിലെ നനവിൽ അക്ഷരങ്ങൾ കൂടിച്ചേർന്നപ്പോൾ അയാളത് മടക്കി ബഞ്ചിൽ വച്ചു.

"കണ്ഗ്രാചുലേഷൻസ്" യാന്ത്രികമായി നീട്ടിയ അവളുടെ വിരലുകൾ ചേർത്തുപിടിച്ച് അയാൾ കടലിലേക്ക്‌ നോക്കി പറഞ്ഞു.."എന്റെ കാര്യം ഉറപ്പില്ല, തിരക്കുള്ള ദിവസാണ്.. വരാൻ ശ്രമിക്കാം, നിനയ്ക്കു വേണ്ടി പ്രാർഥിക്കാം..."കൈക്കുള്ളിൽ അവളുടെ വിരലുകൾ വിയർത്തു നനഞ്ഞപ്പോൾ അയാൾ ഒന്നുകൂടെ അമർത്തി പിടിച്ചു.

"മഴ വരാൻ പോകുന്നു ഹരീ..." 
"ഉം, നല്ല മഴക്കാറുണ്ട്.. ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം നിന്നെ.." വിരലുകളെ സ്വതന്ത്രമാക്കി അവളുടെ മുഖത്തു നോക്കി അയാൾ പറഞ്ഞു.."വേണ്ട ഞാൻ പൊയ്ക്കൊള്ളാം .. കുടയെടുത്തിട്ടില്ല .."അവളതു പറഞ്ഞപ്പോൾ കവിളിൽ വഴി തേടി നിന്ന ഒരു നീർതുള്ളി താഴേക്കടർന്നു .. 
സംസാരിക്കാൻ വിഷയമില്ലാതെ വീണ്ടുമവർ വിദൂരതയിൽ വാക്കുകൾ തേടിയലഞ്ഞപ്പോൾ നനുങ്ങനെ മഴ തുടങ്ങി..

"നമുക്ക് പോകാം അമ്മൂ", അയാൾ എഴുന്നേറ്റ് കൈ നീട്ടി.അയാളുടെ വിരൽ പിടിച്ച് എഴുന്നേറ്റിട്ട് അവൾ ചേർന്നു നടന്നു..

ഒഴിഞ്ഞ ബഞ്ചുകളും പ്രണയം തിന്നു കാലിയായ കപ്പലണ്ടി കൂടുകളും പിന്നിട്ടവർ ഇടതൂർന്നു നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ പുറത്തേക്കു നടന്നു..മഴയ്ക്ക്‌ കട്ടി കൂടിയപ്പോൾ അവളുടെ ശിരസ്സിനു മുകളിൽ കൈത്തലം വച്ച് അയാളവളെ തന്നോട് ചേർത്തു നടത്തി.

"ഹരീ നിനക്കെന്നെ മറക്കാൻ കഴിയുമോ ??"പെട്ടന്ന് മുന്നിലേക്ക്‌ കടന്നു നിന്ന അവളുടെ കണ്ണുകളിലേക്ക് അയാൾ നോക്കി..പഴയ കണ്ണുകൾ.. "പറയൂ എനിക്കറിയണം.." അയാളുടെ വളർന്നു നീണ്ട താടി രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് അവളത് വീണ്ടും ചോദിച്ചു ..

കാർമൂടിയ ആകാശത്തിന് താഴെയുലയുന്ന കാറ്റാടി മരങ്ങൾക്ക് നടുവിൽ, നോവിക്കുന്ന മഴ നൂലുകൾക്കുള്ളിൽ നിന്നു കൊണ്ട് അയാളവളെ തന്നിലേക്ക് ചേർത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു..അയാളുടെ വിരലുകൾ അവളുടെ നനഞ്ഞ മുടിയിഴകൾക്കുള്ളിൽ വഴി തേടിയപ്പോൾ അവൾ മഴയറിഞ്ഞില്ല..അവരൊരു സ്വപ്നത്തിലായിരുന്നു, വീശിയടിച്ച തണുത്ത കാറ്റും കടലിരമ്പവും അവരറിഞ്ഞില്ല..

ശരീരം നഷ്ട്ടപ്പെടുത്തി മനസ്സോന്നാക്കിയ രണ്ടാത്മാക്കളെ പോലെ അവരൊരു മഴയുടെ ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, ദൂരെ ബഞ്ചിൽ സ്വർണ്ണ നിറമുള്ള കുറച്ചക്ഷരങ്ങൾ മഴയിൽ ഒഴുകി തുടങ്ങിയിരുന്നു..

7 comments: