Sunday 30 August 2015

മല്ലി..



മല്ലി വീട്ടുജോലിക്ക് വന്നവളാണ്.

എണ്ണക്കറുപ്പ്, പിന്നിട്ട മുടിയും വാരി ചുറ്റിയ സാരിയുമായി മുഖമുയര്‍ത്താതെ നിന്ന അവളോട് ചോദ്യങ്ങളൊന്നും ചോദിക്കാന്‍ തോന്നിയില്ല.
അവള്‍ക്കൊരു പതിനാറ് വയസ്സേ പ്രായം കാണുമായിരുന്നുള്ളൂ, എനിക്കന്ന് ഇരുപതാണ് പ്രായം..
അച്ഛമ്മയുടെ മുറിയിലായി നിലത്തവള്‍ക്കൊരു പായ വിരിക്കപ്പെട്ടു, അവള്‍ക്ക് ഭാഷ വശമില്ലായിരുന്നു, എന്തു പറഞ്ഞാലും ചെയ്യാനുള്ള ഒരടിമയാണ് താനെന്ന് അവള്‍ വിശ്വസിച്ചിരുന്നതായി എനിക്ക് തോന്നി.
അവള്‍ വീട്ടിലൊരു പൂച്ചയെപ്പോലെ പതുങ്ങി നടന്നു, ഒന്നിലും തട്ടാതെ മുട്ടാതെ, മിണ്ടാതെ, ആര്‍ക്കുമൊരു ശല്യമാവാതെ മെല്ലെ മെല്ലെ വീടിനോടിണങ്ങി, ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് തമിഴില്‍ മറ്റെന്തൊക്കെയോ മറുപടി പറഞ്ഞു..
അവളുടെ വീട് സേലത്താണെന്നും, അപ്പാ ഇരന്തു പോയെന്നും, ചിത്തപ്പയാണ് ഇവിടേക്ക് ജോലിക്കയച്ചതെന്നും, ഒരു തമ്പിയുണ്ടെന്നും മറ്റും ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ മനസ്സിലാക്കി.
അടുക്കളയില്‍ അവള്‍ ചെയ്തു കൂട്ടിയ മണ്ടത്തരങ്ങള്‍ ചില്ലറയായിരുന്നില്ല, അച്ഛമ്മ പലപ്പോളും തലയ്ക്ക് കൈ കൊടുത്ത് ആരോടെന്നില്ലാതെ പിറുപിറുക്കുന്നത് സ്ഥിരമായി.. പരാതികള്‍ കൂടിയപ്പോള്‍ മല്ലിയെന്ന പൂച്ചപ്പെണ്ണ് പുറത്തെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി, മുറ്റത്തെ പുല്ലു പറിക്കലും, മുറ്റമടിക്കലും, പാത്രം കഴുകലുമൊക്കെയായി അവള്‍ ഒതുങ്ങിക്കൂടി.
വയസ്സറിയിച്ചത് അവള്‍ വീട്ടുകാരെ മുഴുവന്‍ അറിയിച്ചു, അച്ഛമ്മയുടെ മുറിയില്‍ നിന്നും പുറത്തെ വാതില്‍ വരെ അവള്‍ രക്ത തുള്ളികള്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടത് ആദ്യമെന്നെ ഭയപ്പെടുത്തി, അന്നാദ്യമായി അച്ഛമ്മയവളെ ശകാരിച്ചു, അവള്‍ പുറത്തെ ചവിട്ടു പടിയിലിരുന്ന് ഒരു പകല്‍ കരഞ്ഞു തീര്‍ത്തു.
അന്നാദ്യമായി എനിക്കവളോട് സ്നേഹം തോന്നി.
വേണ്ടപ്പെട്ടവരാരുമില്ലാതെ ഒരന്യ വീട്ടില്‍ താന്‍ പ്രായപൂര്‍ത്തിയായത് ശകാരത്തിലൂടെ അറിയാന്‍ വിധിക്കപ്പെട്ട അവളോട്‌ സഹതാപം തോന്നി. അഞ്ചു നാള്‍ അവളോടാരും ജോലിയൊന്നും പറഞ്ഞില്ല, അവള്‍ പൂച്ചയെപ്പോലെ ചുരുണ്ടുകൂടി മിണ്ടാതിരുന്നു, ഇടയ്ക്ക് കരഞ്ഞു..

അന്നാദ്യമായി ഞാന്‍ അവളോടു സംസാരിച്ചു, നിനക്ക് വീട്ടില്‍ പോകണമോ? എന്ന് ചോദിച്ചു, അവളന്നേരം പൊട്ടിക്കരഞ്ഞു കൊണ്ട് ചിത്തപ്പ കൊല്ലുമെന്നു പറഞ്ഞു, പട്ടിണിക്കിടുമെന്ന് പറഞ്ഞു.
അവളെ ആശ്വസിപ്പിക്കുവാനുള്ള വാക്കുകള്‍ അന്നെനിക്ക് അറിയില്ലായിരുന്നു.
ഒരു ദിവസം പനി പിടിച്ച് അമ്മയെ വിളിച്ചു കരഞ്ഞ അവളുടെ മുഖം എന്റെത് പോലെയായിരുന്നു, ജോലി കിട്ടുമ്പോള്‍ മല്ലിക്കൊരു സാരി വാങ്ങി കൊടുക്കണമെന്ന് അന്ന് മനസ്സില്‍ കരുതിയിരുന്നു. മല്ലിയുടെ കല്യാണത്തിന് സേലത്ത് പോകുന്നത് എപ്പോളോ സ്വപ്നം കണ്ടു, മല്ലിയെന്ന പൂച്ചക്കുട്ടി ജീവിതത്തിന്‍റെ ഭാഗമായത് പെട്ടന്നാണ്. 

വീട്ടിലാര്‍ക്കും പക്ഷെ അവളോട്‌ താല്പര്യമില്ലായിരുന്നു, അവള്‍ ചെയ്യുന്നതെല്ലാം അബദ്ധത്തില്‍ കലാശിച്ചിരുന്നു, അങ്ങനെയവളെ മാറ്റി കുറച്ചുകൂടെ വീട്ടുജോലികള്‍ അറിയുന്ന ആരെയെങ്കിലും വേണമെന്ന് അച്ഛന്‍ അവളെ കൊണ്ടുവന്ന ഏജന്റിനോട് ആവശ്യപ്പെട്ടത് വിഷമമുണ്ടാക്കി.
അന്നവള്‍ പതിവിലും നേരത്തെ കുളിച്ചു തയ്യാറായി നിന്നു, കൊണ്ടു വന്ന വസ്ത്രങ്ങള്‍ കവറിലാക്കി ഒരുക്കി വച്ചു, ആരോടും മിണ്ടാതെ കണ്ണ്‍ നിറച്ച് നിന്നു. എജന്റ്റ് വന്ന്‍ പൈസ വാങ്ങി അവളെയും കൊണ്ടു പോയി, അവളെന്നെ തിരിഞ്ഞു നോക്കി ചിരിച്ചെന്നു വരുത്തി..

ഒരു പൂച്ചക്കുട്ടിയെ കണ്ണു കെട്ടി പുഴ കടത്തും പോലെ ഞാന്‍ നിസ്സഹായതയുടെ ഉടുപ്പിനുള്ളില്‍ മെല്ലെയൊളിച്ചു..
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി ആ ഏജന്റിനെ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കാര്യം തിരക്കി..
അവള്‍ ചത്തുപോയെന്ന് വിഷമമില്ലാതെ അയാള്‍ പറഞ്ഞു..
അല്ലെങ്കിലും അങ്ങനെയാണല്ലോ.. പൂച്ചകള്‍ മരിക്കില്ല
ചത്തു പോകുകയാണ് പതിവ്..
ഒരേട്ടനും അന്ന് ചത്തു പോയി..