Thursday 1 October 2015

നീലരാത്രികള്‍..

അന്നത്തെ രാത്രി എങ്ങനെ മറക്കാനാണ്..
വ്യക്തമായി പറഞ്ഞാല്‍ അതൊരു ഭ്രാന്തിന്‍റെ ആരംഭമായിരുന്നു
വെയിലേറെ തിന്ന ഒരു പകലിനവസാനം തണുപ്പ് കാറ്റുമായി അവള്‍ വന്നു കയറിയ രാത്രി..
അവളെ കണ്ടു മുട്ടിയ നിമിഷങ്ങളിലൊക്കെ തന്നെയും കടുത്ത ശ്വാസം മുട്ടലനുഭവപ്പെട്ടിരുന്നു, താങ്ങാനാവുന്നതിലുമധികം ഭയം ചുമന്നു കൊണ്ട് ഹൃദയം അതിന്‍റെ തളര്‍ച്ചയുടെ തോത് ഉറക്കെയുറക്കെ അറിയിച്ചു കൊണ്ടിരുന്നു..
വിരല്‍ തുമ്പുകളിലും കൈവെള്ളയിലും വിയര്‍പ്പ് പൊടിഞ്ഞിരുന്നു..
തൊണ്ട വരളുകയും, തളര്‍ന്നു പോയൊരു നാവ് വാക്കുകളെ കൂട്ടി യോജിപ്പിക്കാന്‍ നന്നേ പരിശ്രമിച്ചു കൊണ്ട് പരാജയമേറ്റുവാങ്ങുകയും ചെയ്തിരുന്നു..
പെരംബല്ലൂരിലെ പുതിയ ബസ് സ്റ്റാണ്ടിനടുത്തുള്ള കുന്നിന്‍ ചരിവിലെയാ ഒറ്റ മുറിയില്‍ അവള്‍ കടന്നു വരുമ്പോള്‍ സമയം പാതിരാത്രി പിന്നിട്ടിരുന്നു.
അകലെ പുതിയ ബസ് സ്റ്റാന്റപ്പോള്‍ വിളക്കുകള്‍ പാതിയുമണഞ്ഞ് ഇരുട്ടിലേക്ക് മുങ്ങിത്തുടങ്ങിയിരുന്നു, അവസാന ബസ്സും പോയി ആളൊഴിഞ്ഞ സ്റ്റാന്റില്‍ നിന്നും ഒരു ഭ്രാന്തന്‍റെ ഉറക്കെയുള്ള പാട്ട് പലപ്പോളായി കേട്ടിരുന്നു..
അന്നൊരു മഴ പോലുമലറി പെയ്തില്ല
കുന്നിന്‍ ചരിവില്‍ നിന്നും വട്ടം ചുറ്റിയെത്തിയ പാതിരാക്കാറ്റിലന്ന് വല്ലാത്തൊരു ഗന്ധം നിറഞ്ഞിരുന്നു.
മുന്‍പേതോ ഒരു സ്വപ്നത്തിലോ, ജന്മത്തിലോ മഞ്ഞു വീഴുന്ന ഈ കുന്നിന്‍ ചരിവിലെ ഒറ്റമുറി വീട്ടില്‍ നീയീ ഗന്ധത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന്‍ പല തവണ കാതിലാരോ പറയുന്നതായി അനുഭവപ്പെട്ടിരുന്നു..
അന്ന് തനിച്ചായിരുന്നു
പല തവണ ശബ്ദത്തോടെ ചേര്‍ന്നടഞ്ഞു കൊണ്ടിരുന്ന ജനാലകള്‍ അടച്ചിട്ടു കൊണ്ട് വാതില്‍ തുറന്ന്‍ നടപ്പാതയവസാനിക്കുന്ന വീടിനു മുന്നിലെ ചവിട്ടു പടികളിലിരുന്നുകൊണ്ട് പുറത്തെ വഴിയിലെ ഇരുട്ടുനിറഞ്ഞ നിശബ്ദതയുടെ ആഴങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ പിന്നിലെ മുറിയില്‍ ഒരു തരം വാടിയ മുല്ലപ്പൂ മണം നിറഞ്ഞിരുന്നു...
മുറിക്കകത്തേക്ക് കയറാന്‍ ഭയം അനുവദിചില്ലെങ്കിലും പെട്ടന്ന് കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിക്കാനായി അകത്തു കയറേണ്ടി വന്നു, ഒരു തീപ്പെട്ടിയിലെ പത്തിലധികം കൊള്ളികള്‍ ഉരഞ്ഞു തീര്‍ന്നിട്ടും ആ മെഴുകുതിരി കത്തിയില്ല..
ഒരു മുഖമോ രൂപമോ ഇല്ലാത്ത മുല്ലപ്പൂ ചൂടിയ ഒരു വിയര്‍പ്പ് ഗന്ധം ആ മുറിയിലെന്നെപ്പൊതിഞ്ഞു നിന്നു..
കഴുത്തില്‍ മുടിനാര് പോലെന്തോ ഉരഞ്ഞു നീങ്ങി..
പഴയ നോക്കിയ മൊബൈലിലെ ബാറ്ററിയുടെ ചാര്‍ജ് അവസാനിച്ചില്ലാതായ ശബ്ദമെന്നെ ലോകത്തില്‍ നിന്നും അടര്‍ത്തി മാറ്റിക്കൊണ്ട് മുറിക്കുള്ളില്‍ തനിച്ചാക്കി..
ആരാണെന്ന് മനസ്സ് ചോദിച്ച ചോദ്യം തളര്‍ന്നു പോയ നാവില്‍ ഇല്ലാതായെങ്കിലും
അതൊരു പെണ്ണായിരുന്നു..
നീളമുള്ള മുടിയും കയ്യില്‍ വളകളും കാലില്‍ കൊലുസുമുണ്ടായിരുന്നു..
അവള്‍ക്ക് ശബ്ദമില്ലായിരുന്നു, ഭംഗിയുള്ളൊരു മുഖമില്ലായിരുന്നു.
പുറത്തെ കാറ്റ് മെല്ലെയടങ്ങുമ്പോളും ചുറ്റിപ്പൊതിഞ്ഞു നിന്ന ചില നിശ്വാസങ്ങള്‍ കടല്‍ത്തിരകള്‍ പോലെ ഞാനെന്ന തീരവുമായി ഭാഷയുടെ സഹായമില്ലാതെ സംസാരിച്ചു തുടങ്ങിയിരുന്നു.
മെല്ലെ എന്നിലെ വിയര്‍പ്പടങ്ങി, ഹൃദയം ആശ്വസിച്ചുകൊണ്ട് മിടിപ്പുകളെ നിയന്ത്രിച്ചു, ശ്വാസമതിന്‍റെ താളം വീണ്ടെടുത്തു
കയ്യിലെ വാച്ച് വളരെ പതുക്കെയോടി, രാത്രിയാവട്ടെ മെല്ലെയിഴഞ്ഞു കൊണ്ടുമിരുന്നു..
അവളെന്നോടൊരു കഥ പറഞ്ഞു.
ഏതോ ജന്മത്തില്‍ എവിടെയോ വച്ച് പാതി വഴിയില്‍ ഉരുകിയില്ലാതായ ഒരു പകലിന്‍റെ കഥ, പിന്നെക്കുറെ രാത്രികളുടേതും.
അവളുടെ മുടി നാരുകള്‍ മഴ പെയ്യും പോലെ കരഞ്ഞു, ഇടയ്ക്ക് ചിരിച്ചു..
ഒരു രാത്രി മുഴുവന്‍ സംസാരിച്ചു..
കുന്നിന്‍ ചരിവില്‍ നിന്നു വന്ന കാറ്റ് പിന്നെ ജനാലകളെ തൊട്ടില്ല, തെല്ലും അലോസരപ്പെടുത്തിയുമില്ല..
ഒരാകാശം, കുറെ നക്ഷത്രങ്ങള്‍, കഥയ്ക്ക് കൂട്ടിരുന്ന കാറ്റ്, കുന്നിന്‍ ചരിവിലെയാ ഒറ്റ മുറി, വാടിയ മുല്ലപ്പൂ മണം, മടുപ്പിക്കാത്ത ഒരു വിയര്‍പ്പ് ഗന്ധം, ചിരിച്ചു കരഞ്ഞ് ചിത്രം വരച്ച മുടിനാരുകള്‍, ഒക്കെയും സത്യമായിരുന്നു.
എനിക്ക് ഭ്രാന്താണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് നേരം വെളുത്തു, കഴിഞ്ഞതത്രയും സ്വപ്നമാകുമെന്നും അല്ലെങ്കിലെന്‍റെ മനസ്സിന്‍റെ ഭ്രാന്ത് പിടിച്ച ചിന്തകളാവുമെന്നും കരുതി അന്നേ ദിവസത്തിന്‍റെ തിരക്കിലേക്ക് സംശയങ്ങളോടെ വീണുകൊണ്ട് തലേ രാത്രി മറക്കാന്‍ തുടങ്ങുമ്പോള്‍ അവളെന്നെ വീണ്ടും ഞെട്ടിച്ചു..
എന്നോ കഴിഞ്ഞു പോയൊരു ജന്മത്തിന്റെ ഓര്‍മ്മപ്പെടുത്തലെന്നോണം അവളെന്നില്‍ അവളെ രേഖപ്പെടുത്തിയിരുന്നു !!
ഇടത് നെഞ്ചില്‍ നഖം കൊണ്ട് നീളത്തില്‍ അടയാളപ്പെടുത്തിയ മൂന്ന്‍ ചിത്രങ്ങളിലൂടെ...
പിന്നെക്കുറെ പകല്‍ രാത്രികള്‍ മനസ്സ് വിഷം തീണ്ടിയത് പോലെ നീലച്ചങ്ങനെ കിടന്നു..
ആ നീല രാത്രികളുടെ ഒരു യാമത്തിലും പിന്നീടവള്‍ വന്നില്ല, കൂട്ടിരുന്നില്ല, കഥയേതും പറഞ്ഞുമില്ല. വിഷം തീണ്ടിയ ഞാനാവട്ടെ ഉറങ്ങിയാല്‍ മരിക്കുമെന്നോര്‍ത്ത് ജനാലകള്‍ തുറന്നിട്ടുകൊണ്ട് കാറ്റിലെ ഗന്ധം വേര്‍തിരിക്കാന്‍ ഉറങ്ങാതെ കാത്തിരുന്നു..
അങ്ങനെ നീലച്ചു നീലച്ച് പിന്നീടെപ്പോഴോ ഞാനും ചത്തു പോയി..

2 comments: