നമ്മൾ .. ഇന്നലെകളിലെ കൂട്ടുകാർ , വാക്കുകളുടെ കത്തിമുനകൊണ്ട് അന്ന്യോന്ന്യം മനസ്സുകുത്തി കീറിയവർ പിന്നിട്ട ഓർമ്മകളെ പോസ്റ്റുമോർട്ടം നടത്തി പരസ്പരം വിതറിയ സ്നേഹ മുത്തുകളെ വാരി പുറത്തേക്കെറിഞ്ഞ് ആളുകൾക്ക് മുന്നിൽ വെളുക്കെ ചിരിച്ചവർ .. ഹൃദയ വാതിലുകൾ താഴിട്ടു പൂട്ടി താക്കോലെറിഞ്ഞു കളഞ്ഞവർ രക്തമൂറ്റുന്ന കൊതുകുകൾക്ക് മുന്നിൽ പച്ച ഞെരമ്പ് കാട്ടിക്കൊടുത്തവർ .. നമ്മൾ തകർന്ന് ഞാനും നീയുമായവർ .. ഇത്രയേറെയായിട്ടും ഒന്നു ചേരാൻ, വീണ്ടുമൊപ്പം നടക്കാൻ രണ്ടു കണ്ണുനീർ തുള്ളികളുടെ കനിവുറവ് മതിയെന്നറിയാത്തവർ നമ്മൾ , കൂട്ടുകാർ ...
Saturday, 16 November 2013
നമ്മൾ ..
നമ്മൾ .. ഇന്നലെകളിലെ കൂട്ടുകാർ , വാക്കുകളുടെ കത്തിമുനകൊണ്ട് അന്ന്യോന്ന്യം മനസ്സുകുത്തി കീറിയവർ പിന്നിട്ട ഓർമ്മകളെ പോസ്റ്റുമോർട്ടം നടത്തി പരസ്പരം വിതറിയ സ്നേഹ മുത്തുകളെ വാരി പുറത്തേക്കെറിഞ്ഞ് ആളുകൾക്ക് മുന്നിൽ വെളുക്കെ ചിരിച്ചവർ .. ഹൃദയ വാതിലുകൾ താഴിട്ടു പൂട്ടി താക്കോലെറിഞ്ഞു കളഞ്ഞവർ രക്തമൂറ്റുന്ന കൊതുകുകൾക്ക് മുന്നിൽ പച്ച ഞെരമ്പ് കാട്ടിക്കൊടുത്തവർ .. നമ്മൾ തകർന്ന് ഞാനും നീയുമായവർ .. ഇത്രയേറെയായിട്ടും ഒന്നു ചേരാൻ, വീണ്ടുമൊപ്പം നടക്കാൻ രണ്ടു കണ്ണുനീർ തുള്ളികളുടെ കനിവുറവ് മതിയെന്നറിയാത്തവർ നമ്മൾ , കൂട്ടുകാർ ...
തീയിൽ കുരുത്തവർ...
ഞാൻ , ഒരു യുദ്ദം ജയിച്ചവൻ ..
അവസാനിച്ച കിതപ്പുകളുടെ
തിരു ശേഷിപ്പ് ..
വിയർപ്പു ചാലിൽ കുറിച്ചിട്ട
ജീവന്റെ കഷണം
പേരറിയാ സഹോദരങ്ങളെ
മരണത്തിലേക്ക് തള്ളിവിട്ട്
ജീവന്റെ മധുരം
ഒറ്റയ്ക്ക് നുകർന്നവൻ ..
ഇരുട്ട് തിങ്ങി മരണം മണക്കുന്ന
നനഞ്ഞ വഴികളിൽ
തളരാതെ ഓടിയവൻ ..
ചത്തു വീഴുന്ന കൂടപ്പിറപ്പുകളെ
ചവിട്ടി പിന്നിലാക്കി
നിലനിൽപ്പിന്റെ സമരം
തനിയെ ജയിച്ച യോദ്ദാവ്
ഞാൻ തീയിൽ കുരുത്തവൻ
വെയിലുകളുടെ മുഖം നോക്കി
ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി
ജീവിക്കാനിറങ്ങിയവൻ ...
പുകച്ചുരുൾ
നിന്നിലേക്ക് ചുണ്ടുകൾ
ചേർത്തത് മനസ്സിൽ
നിറഞ്ഞു കത്തുന്ന
അവളുടെ ഓർമ്മകളെ
ശമിപ്പിക്കാനായിരുന്നു..
കിനാക്കൂട്ടിൽ എരിഞ്ഞു
കത്തുന്ന മിന്നാമിന്നി പോലെ
നീ ജ്വലിപ്പിച്ചതത്രയും എന്റെ
നഷ്ട്ട സ്വപ്നങ്ങളെയായിരുന്നു
ആയുസ്സിന്റെ കണക്കു
പുസ്തകത്തിലെ രൂപ രേഖ
നീ താഴേയ്ക്ക് ചായ്ച്ചത്
ആദ്യം അറിയിച്ചതെന്റെ
ഞെരമ്പുകളാണ് ..
ഇടറുന്ന കണ്ഠം ചുമച്ചു
തുപ്പിയ രക്തത്തിന്
കല്ലിൽ കൊത്തിയ എന്റെ
പേരിനു മുകളിൽ അവൾ
വച്ചിട്ടു പോയ റോസാപൂക്കളുടെ
അതേ ചുവപ്പായിരുന്നു ..
ഞാൻ പ്രണയിച്ചത്
നിന്നെയായിരുന്നെന്ന് തുറന്നു പറയാൻ
ഞാനില്ലാതായിരിക്കുന്നു ..
എരിഞ്ഞു തീർന്നിരിക്കുന്നു
നീയും ഞാനും
ശൂന്യതയുടെ ആഴങ്ങളിലേക്ക്..
(Photo: Gireesh kumar)
Monday, 15 October 2012
നായ്ജന്മങ്ങള്‍
അരണ്ട വെളിച്ചത്തില്‍ നിറഞ്ഞൊഴിയുന്ന കുപ്പി ഗ്ലാസിനു മുന്നിലിരുന്ന് അയാള്‍ മൂക്കറ്റം കുടിച്ചു. എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി വിരലിനെ പൊള്ളിച്ചപ്പോള്‍ അയാള്‍ അടുത്തത് കത്തിച്ചു . വായില്‍ നിന്നും മൂക്കിലേക്ക് കയറിയ ഒരു പുകക്കഷണത്തെ ശിരസ്സിലേക്ക് വലിച്ചു കയറ്റി അയാള്‍ സോഫയിലേക്ക് ചാരി കിടന്നു.
അയാള്‍ക്കൊന്നു ഉറക്കെ വിളിച്ചു കൂവാനും അടുത്ത മേശകള്‍ക്കു ചുറ്റുമിരുന്ന് അട്ടഹസിക്കുന്നവരെ തെറി പറയാനും തോന്നി .
പക്ഷെ താന്‍ വെറുമൊരു ഭീരുവാണെന്ന സത്യം അയാളോര്‍ത്തു, ഇന്ന് രാവിലെ മരിച്ച തന്‍റെ ശവമാണ് ഇവിടെയിരുന്നു മദ്യപിക്കുന്നതെന്നും അയാള്‍ക്ക് തോന്നി.
പലിശ തെറ്റിച്ചതിന് മാര്‍വാഡി രാവിലെ കോളറിനു കുത്തിപ്പിടിച്ചത് നാട്ടുകാരില്‍ ചിലര്‍ കണ്ടിട്ടുണ്ട് .. അയാള്‍ കുപ്പിയിലവശേഷിച്ച മദ്യം ഗ്ലാസ്സിലേക്ക് നിറചൊഴിച്ച് ശ്വാസമെടുക്കാതെ കുടിച്ചു തീര്‍ത്തിട്ട് സിഗരറ്റ് പുകക്കുള്ളില്‍ മുഖം പൂഴ്ത്തി .
ആ തണുപ്പുള്ള മുറിക്കുള്ളില്‍ തന്‍റെ അടിവയറിന് കനം വച്ച് വരുന്നത് അയാളെ അസ്വസ്ഥനാക്കി .. ബാര്‍ അടക്കാറായിരിക്കുന്നു ..
മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ അയാള്‍ ഒന്ന് ആടിയിട്ട് വീണ്ടും സോഫയിലേക്കിരുന്നു .
വഴിയില്‍ വീണു കിടക്കുന്ന ഒരു ശവത്തിനെയെന്നപോലെ അയാളെ നോക്കിയിട്ട് ആളുകള്‍ കടന്നു പോയി.
ബാറിലപ്പോള്‍ മങ്ങിയ ലൈറ്റുകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നതായി അയാള്‍ക്ക് തോന്നി , അതിനൊത്ത നടുവില്‍ ഒരു വലിയ ലൈറ്റ് തന്നെ നോക്കി പുച്ചിച്ച് ചിരിക്കുന്നു. അടിവയറ്റിലുരുണ്ട് കൂടിയ കനം ഇപ്പോള്‍ തോന്നുന്നില്ല.. പക്ഷെ എവിടെയൊക്കെയോ നനഞ്ഞിട്ടുണ്ട് ..
വലത്തേ തുടയില്‍ ആരോ കടിച്ചു മുറിച്ചത് പോലെ നീറുന്നു..
ആരാണത് ചെയ്തത് ??
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീട്ടിലെ ആ യക്ഷിയാവുമോ ? വിയര്‍പ്പിന് മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള ആ യക്ഷി .. അവളാണോ തന്‍റെ ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറച്ചു തന്നത് ? തന്നെ ആരാണ് അവളുടെ അടുത്തെത്തിച്ചത് ?
അതോ അവള്‍ തന്നെ തേടി വന്നതാണോ , അതിനും മാത്രം സ്നേഹമുണ്ടോ അവള്‍ക്ക്?
പിന്നിട്ട നിമിഷങ്ങളിലെ ഓര്‍മ്മകള്‍ അയാള്‍ക്ക് പിടി കൊടുക്കാതെ തലയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു .
നല്ല തണുത്ത മഞ്ഞിന്‍റെ കനമുള്ള കാറ്റ് അയാളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ ഓര്‍മ്മകളുടെ കറക്കം കുറഞ്ഞു വന്നു..
ഇതവള്‍ തന്നെയാണ് !
അപ്പോള്‍ താന്‍ ബാറിലായിരുന്നില്ലേ??
ആ അരണ്ട വെളിച്ചത്തില്‍ നിരത്തിയിട്ട വട്ട മേശകള്‍ക്കിടയിലൂടെ നടന്നു ചെന്നത് പോലെ ഓര്‍ക്കുന്നുണ്ട്.. മങ്ങിക്കത്തുന്ന വിളക്കുകള്‍ക്കു താഴെയിരുന്നതും ഒരു വലിയ കുപ്പിയിലെ താഴ്ന്നു കൊണ്ടിരുന്ന ചുവന്ന വെള്ളം വീണ്ടും വീണ്ടും കുടിച്ചത് പോലെയും ഒരോര്‍മ്മ നില്‍ക്കുന്നുണ്ട്..
പക്ഷെ എപ്പോളോ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച താന്‍ വേച്ചു വീണത് ബാറിലെ സോഫയിലേക്കായിരുന്നോ അതോ അവളുടെ മടിയിലേക്കായിരുന്നോ??
അവിടെ വീണ്ടും ഓര്‍മ്മ നൂല് പൊട്ടിയ ഒരു പട്ടം പോലെ കാറ്റില്‍ പറന്നു കളിച്ചു കൊണ്ടിരുന്നു .
അവളുടെ നീണ്ട നഖങ്ങള്‍ തന്‍റെ ശരീരത്തില്‍ മുഴുവന്‍ ഇഴഞ്ഞു നടക്കുന്നത് അയാള്‍ അറിഞ്ഞു.. അവള്‍ക്കൊട്ടും തന്നെ തിടുക്കമില്ലായിരുന്നു . എങ്കിലും ചിലയിടങ്ങളില്‍ ആ നഖങ്ങള്‍ മുറിവേല്‍പ്പിച്ചു . ഷര്‍ട്ടിന്‍റെ ബട്ടന്‍ കടിച്ചു പൊട്ടിച്ച അവള്‍ക്കു പക്ഷെ മടുപ്പിക്കുന്ന ചെമ്പക ഗന്ധം ഇല്ലായിരുന്നു .
പിന്നെ ആരാണിവള്‍ ?
കണ്ണുകള്‍ തുറക്കാന്‍ കഴിയാതെ വല്ലാത്തൊരു അവസ്ഥയില്‍ അയാള്‍ കിടന്നു .. അവളോട് നിര്‍ത്താന്‍ പറയാന്‍ നാവു പൊങ്ങുന്നില്ല , കൈകള്‍ അനക്കാന്‍ കഴിയുന്നില്ല , തന്‍റെ ശരീരം ഭാരമില്ലാത്ത ഒരു അപ്പൂപ്പന്‍ താടി പോലെ വായുവില്‍ നില്‍ക്കുന്നതായും അയാള്‍ക്ക് തോന്നി ..
അവളുടെ ശ്വാസ നിശ്വാസങ്ങള്‍ അപ്പോളേക്കും വല്ലാത്തൊരു മുരള്‍ച്ചയോടെ അയാളുടെ കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു, അയാള്‍ക്കപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി .. പെട്ടന്നൊരു നിമിഷത്തേക്ക് തുറന്ന കണ്ണുകളില്‍ അരണ്ട നിലാ വെളിച്ചവും മിന്നിക്കത്തുന്ന നക്ഷത്രങ്ങളും ആകാശവും നിര്‍ത്താതെ കറങ്ങിയപ്പോള്‍ അയാള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു കിടന്നു .
അവളുടെ ശ്വാസമപ്പോള്‍ കൂടുതല്‍ വ്യക്തമായി അയാളുടെ മുഖത്തടിച്ചു കൊണ്ടിരുന്നു.. ആ ചുണ്ടുകളും നാവും അയാളുടെ മുഖത്തിഴഞ്ഞു നടന്നു..
വല്ലാത്തോരാവേശതോടെ ആ അരമുള്ള നീണ്ട നാവ് അയാളുടെ ചുണ്ടുകളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ വീണു കിട്ടിയ നേരിയ ബോധത്തില്‍ അയാളത് തിരിച്ചറിഞ്ഞു..
അതൊരു തെരുവ് നായയായിരുന്നു !!
മുകളിലെ മങ്ങിക്കത്തുന്ന ബള്‍ബുകള്‍ നക്ഷത്രങ്ങള്‍ക്ക് വഴിമാറി..
വായിലേക്ക് തികട്ടി വന്ന കയ്പ്പ് രസം നീട്ടിതുപ്പിയത് അയാളുടെ കവിളിലൂടെ താഴെക്കിറങ്ങി.
വലത്തേ തുടയില്‍ തറച്ചിരുന്ന കുപ്പിച്ചില്ല് തട്ടിക്കളഞ്ഞ് അയാള്‍ ആ നനഞ്ഞു ചീഞ്ഞ ഇലകളില്‍ കിടന്നു ഞരങ്ങി
തലയ്ക്കു മുകളിലെ വിളക്ക് കാലില്‍ പിടിച്ച് അയാള്‍ കാനയിലെ ചെളിയില്‍ നിന്നും ഇടത്തെ കാല്‍ വലിച്ചെടുത്തു.
തൊട്ടിപ്പുറത്തെ റോഡില്‍ ഒരു വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കി പോയപ്പോള്‍ അവ്യക്തമായ ഭാഷയില്‍ അയാള്‍ ആരെയൊക്കെയോ ചീത്ത വിളിച്ചു..
വിളക്ക് കാലില്‍ പിടിച്ച് മെല്ലെ എഴുന്നേറ്റപ്പോള്‍ ആകാശത്തിന്‍റെ കറക്കം കൂടി.. മുകളില്‍ കത്തി നില്‍ക്കുന്ന വലിയ സോഡിയം വേപ്പര്‍ ലാമ്പ് വളഞ്ഞു വന്നു തന്‍റെ മൂക്കില്‍ തൊടുന്നതായി അയാള്‍ക്ക് തോന്നി ..
***
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീടിന്‍റെ അഴികളുള്ള ജനലിലൂടെ കടന്നു ചെന്ന ഉച്ച വെയില്‍ അയാളെ ഉണര്‍ത്തി.
വര്‍ഷ കാലത്ത് വെള്ളം കുടിച്ചു വീര്‍ത്ത മരവാതില്‍ പോലെയായ കണ്‍ പോളകള്‍ അയാള്‍ വിഷമിച്ചു തുറന്നു..
വെയിലിന്‍റെ ചൂട് മെല്ലെ മെല്ലെ ഓര്‍മ്മകളെ കൃത്യമായി അടുക്കി വച്ചു.
മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള വിയര്‍പ്പുമണം അയാളെ ഓര്‍മകളില്‍ നിന്നുണര്‍ത്തി, അതെ അവള്‍ തന്നെ ..
മുന്നില്‍ ആവി പാറുന്ന ചായ ഗ്ലാസും വീര്‍പ്പിച്ച മുഖവുമായി ആ യക്ഷി .. തന്‍റെ ഭാര്യ !
മാര്‍വാഡിയോടുള്ള പക അപ്പോളേക്കും അടങ്ങിയിരുന്നു എങ്കിലും അത് ചെറുതായി പുകയുന്നുണ്ട്..
ഇവള്‍ തന്നെ ചോദ്യം ചെയ്യാന്‍ വന്നാല്‍ സാധാരണ സംഭവിക്കുന്നത് പോലെ മാര്‍വാഡി രക്ഷപ്പെടും !
ആ മുഖമടച്ച് ഒരടി കൊടുത്താല്‍ തനിക്കു സ്വസ്ഥമായി ഉറങ്ങാം.. രാത്രികളില്‍ തന്നെ വേദനിപ്പിക്കുന്ന ആ കൂര്‍ത്ത പല്ലുകളില്‍ നിന്ന് ചുവന്ന വെള്ളമിറങ്ങുന്നത് കാണാന്‍ രസമാണ് .. അതൊരു ലഹരിയാണ് , സിരകളെ മത്ത് പിടിപ്പിക്കുന്ന ലഹരി ...
ചായ വലിച്ചു കുടിച്ചു കൊണ്ട് എന്നത്തേയും പോലെ അയാള്‍ വീണ്ടുമോര്‍ത്തു ..
ഇനി ആ നശിച്ച ബാറിലെ തല്ലിപ്പൊളി സാധനം കഴിക്കരുത് .
Thursday, 20 September 2012
മണിക്കുട്ടി
തങ്ങള്പറമ്പിന്‍റെ പടിക്കെട്ടില്‍ വന്നു നിന്ന് അബ്ദുറഹിമാന്‍ സാഹിബ് ദൂരെ റോഡില്‍ മിന്നിയോടുന്ന വണ്ടികള്‍ നോക്കി നിന്നു..
അതിലൊരു വണ്ടി കയറ്റമിറങ്ങി പടിഞ്ഞാറേ പറമ്പ് വഴി വന്നിരുന്നെങ്കില്‍...
അയാള്‍ നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഴിഞ്ഞുകൊണ്ട് പടിക്കെട്ടില്‍ ചാരി നിന്നു , നന്നേ വിയര്‍ക്കുന്നുണ്ട് , ഇന്നാകെ ഒരു വെപ്രാളമാണ് .
"സായ്ബെ റോഡിലെക്കണ്, മഴ വരണ കണ്ടില്ലീങ്ങള്?"
സൈക്കിള്‍ നിര്‍ത്താതെ കുമാരപ്പണിക്കരാണ്
അയാള്‍ മറുപടി പറയാതെ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു .
മണിക്കുട്ടി വിളിക്കുന്നുണ്ടോ ? അതോ തന്‍റെ തോന്നലാണോ ?
"ഉപ്പുപ്പാ മോള്‍ക്ക് പൂ വേണം , വെള്ളപ്പൂ ഉപ്പുപ്പാ .."
മുന്നേ പെയ്ത മഴയുടെ കനവുമായ് വലിയ നന്ത്യാര്‍വട്ടം നിന്നിരുന്നു , ഓള്‍ടെ കളിയാണ് തന്നെ നനയ്ക്കാന്‍
അയാള്‍ കിതച്ചു കൊണ്ട് വേഗം നടന്ന് നന്ത്യാര്‍ വട്ടത്തിന് താഴെ വന്നു
കാറ്റില്‍ ചിരിച്ച ഇലകളില്‍ നിന്നും വെള്ളമടര്‍ന്നു വീണപ്പോള്‍ അവളുടെ പതിവ് ചിരി കേട്ടില്ല
അയാള്‍ തളര്‍ന്നു താഴെയിരുന്ന് ഇടറിയ ശബ്ദത്തോടെ അകത്തു നോക്കി വിളിച്ചു ,
"സുബൈദാ, ന്നിങ്ങട് വരി, ഓള് വന്നിരിക്കണ്"
****
റസിയാന്‍റെ നഗ്നമായ വയറില്‍ ഇഴഞ്ഞ ഹരിയുടെ ചുണ്ടുകള്‍ അവളെ ഇക്കിളിപ്പെടുത്തി, അവിടെ ചുണ്ടുകള്‍ ചേര്‍ത്ത് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു
"മണിക്കുട്ടീ ..മണിക്കുട്ടീ.."
ഇപ്പോള്‍ അനങ്ങിയില്ലേ ഹരീ ??
"അനങ്ങി ഒന്നല്ല രണ്ടു വട്ടം , ഇതെന്‍റെ മണിക്കുട്ടി തന്ന്യാടോ .."
"ന്താ ത്ര ഉറപ്പ്?"
"എത്ര നാളായ് റസീ, ഇവളെന്‍റെ സ്വപ്നങ്ങളില്‍ വരുന്നു .. എനിക്ക് തീര്‍ച്ചയാണ് ."
ഉം .. അവളൊന്നു നീട്ടി മൂളിയിട്ട് മുകളില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി പറഞ്ഞു,
ഒക്കെയും ഞാന്‍ പറയണ് ണ്ട് ഓളോട് , ന്‍റെ പുറകെ നടന്ന്‍ണ്ടാക്കിയ പുകിലൊക്കെ , ന്നെ ആരുമില്ലാതോളാക്കിയതൊക്കെ ..
"ഇനി നമുക്ക് ഇവളില്ലേ റസീ .."
ഉം ..അവന്‍റെ മുടികല്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് അവള്‍ മെല്ലെ മൂളി ..
ഒരു കൊലുസ്സിന്‍റെ കിലുക്കം മാത്രമായിരുന്നു അവളുടെ മനസ്സിലപ്പോള്‍.
ആ കനത്ത മഴത്തനുപ്പില്‍ അവള്‍ ആ ഓര്‍മ്മകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു ..
****
മണിക്കുട്ടി ഓടുകയായിരുന്നു , കടപ്പുറത്തെ പൂഴി തട്ടിത്തെറിപ്പിച്ചു കൊണ്ട് ..
"അമ്മീ, പപ്പാ മോള്ക്കാ പട്ടം വേണം .."
കരീമിക്ക വില്‍ക്കാന്‍ വച്ചിരിക്കുന്ന പല നിറമുള്ള പട്ടങ്ങള്‍ നോക്കി അവള്‍ വീണ്ടും വീണ്ടും പറഞ്ഞു.
വീശിയടിച്ച തണുത്ത കടല്‍ക്കാറ്റിന്‍റെ ഉപ്പു നനവ് ആസ്വദിച്ചു കൊണ്ട് അവള്‍ അങ്ങുമിങ്ങും ഓടി ..
പെട്ടന്ന് ആര്‍ത്തലച്ചു വന്നു പാദം നനച്ചു പോയ ഒരു തിരയിറങ്ങിയപ്പോള്‍ അതില്‍ നിറയെ മിടായികള്‍ !!
അവള്‍ അത്ഭുതത്താല്‍ കണ്ണ് മിഴിച്ചു , കടപ്പുറം നിറയെ മിടായികലാണ് ! പല നിറത്തിലുള്ള തിളങ്ങുന്ന കടലാസ് പൊതിഞ്ഞ മിടായികള്‍ ..
അവള്‍ ഓടി നടന്നു രണ്ടു കയ്യിലും അത് വാരിയെടുത്തു, നോക്കെത്താ ദൂരത്തോളം മിടായിക്കൂമ്ബാരങ്ങലാണ് .. അവള്‍ പാവാടത്തുമ്പില്‍ മിടായികള്‍ വാരിക്കൂട്ടി , വീട്ടില്‍ ചെന്നിട്ടു എല്ലാവര്ക്കും കൊടുക്കണം , ഉപ്പുപ്പാന്റെ വീട്ടില്‍ പോയി രണ്ടാള്‍ക്കും കൊടുക്കണം , അമ്മൂമ്മയ്ക്ക് കൊടുക്കണം , പപ്പക്കും അമ്മിക്കും കൊടുക്കണം ..
അവള്‍ മിടായികലുമായി തിരിഞ്ഞപ്പോള്‍ പിന്നില്‍ അമ്മിയും പപ്പയുമില്ല !
നീണ്ടു പരന്നു കിടക്കുന്ന കടല്‍ മാത്രം ..
വാരിയെടുത്ത മിടായികള്‍ താഴെ കളഞ്ഞ് അവള്‍ കടലിനേക്കാള്‍ ഉച്ചത്തില്‍ അലറി വിളിച്ചു ..
"അമ്മീ.. പപ്പാ ..."
*****
ജനാലകള്‍ക്കപ്പുറം മഴയ്ക്ക് കട്ടി കൂടിയിരുന്നു , ആശുപത്രിയിലെ തണുത്ത മുറിയില്‍ അസ്വസ്ഥയായി അവള്‍ വീണ്ടും വീണ്ടും കരഞ്ഞു , അമ്മീ ..
റസിയ പെട്ടന്ന് ഞെട്ടിയുണര്‍ന്നു , പഴയ ഓര്‍മ്മകളില്‍ ചുറ്റിത്തിരിയുകയായിരുന്നു മനസ്സ് ..
"മണിക്കുട്ടീ , അമ്മിയില്ലേടാ അടുത്ത്.." അവളുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച് ആ മുടിയിഴകളില്‍ തഴുകി റസിയ ജനാലച്ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴച്ചാലില്‍ നോക്കിയിരുന്നു . അവള്‍ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണിരുന്നു .
മണിക്കുട്ടിയുടെ കുഞ്ഞു വിരലുകള്‍ ഐസ് പോലെ തണുത്തിരുന്നു . വീര്യമുള്ള മരുന്നിന്‍റെ ആലസ്യത്തിലും മണിക്കുട്ടി അവളുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു .
ഇന്നലെ തുടങ്ങിയതാണീ കാലം തെറ്റിയ നശിച്ച മഴ , പുറത്തെ അടങ്ങാത്ത തണുത്ത കാറ്റിനെ അവള്‍ ആദ്യമായി ഭയപ്പെട്ടു ..
മൂന്നര വര്‍ഷം മുന്‍പ് ഇതുപോലൊരു മഴയത്താണ് മണിക്കുട്ടി വന്നത് , അന്നവള്‍ക്ക് മഴയെ ഇഷ്ടമായിരുന്നു ജനാല തുറന്ന് തണുത്ത കാറ്റിന്‍റെ ഗന്ധം ആസ്വദിച്ച് , മുറ്റതൊഴുകുന്ന മഴ വെള്ളം നോക്കി എത്ര സമയം ഇരുന്നിട്ടുണ്ട് ... ഇന്നിപ്പോ ഈ മഴ പെയ്യുന്നത് മറ്റെന്തിനോ വേണ്ടിയാണെന്ന് തോന്നി പോകുന്നു ..
അവളുടെ ഉയര്‍ന്നു താഴുന്ന വയറില്‍ നോക്കിയിരുന്ന റസിയുടെ മനസ്സ് മെല്ലെ മഴയിലേക്കിരങ്ങി..
"മണിക്കുട്ടീ , അകത്തു കയറിപ്പോ .. മഴ പെയ്യുന്നത് കണ്ടില്ലേ നീ ?? മഴ നനഞ്ഞാല്‍ പനി വരുമെന്ന് അറിയില്ലേ ? പിന്നെ ഡോക്ടര്‍.. ഇന്‍ജക്ഷന്‍.. വേഗം അകത്തു കയറിക്കോ .."
മഴതുള്ളികള്‍ക്ക് നടുവിലേക്ക് ഇറങ്ങിയ മണിക്കുട്ടിക്കു പിന്നാലെ അവള്‍ ഓടി ...
****
അന്ന് വരെ കയറാത്ത ക്ഷേത്രത്തിന്‍റെ കല്‍പടവുകളിരങ്ങി വലിയ കല്‍വിളക്കിനു മുന്നില്‍ തൊഴുതു നിന്നപ്പോള്‍ ഹരിയുടെ മനസ്സ് നിറയെ അവളായിരുന്നു .
ശ്രീകോവിലിനുള്ളിലെ ദീപങ്ങളും ഭഗവാനും അവ്യക്തമായി കൂടിക്കലര്‍ന്നു അയാളുടെ കണ്ണില്‍ നിന്നും താഴേക്കൊഴുകി .
അയാള്‍ പ്രാര്‍ഥിക്കാന്‍ കഴിയാതെ തിരിച്ചിറങ്ങി ആല്‍ത്തറയില്‍ മുകളില്‍ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ നോക്കി ഇരുന്നു .. ആലില്‍ നിന്നും തൂങ്ങിയിറങ്ങിയ വള്ളികള്‍ തനിക്കു ചുറ്റും കറങ്ങുന്നതായി അയാള്‍ക്ക് തോന്നി .
നാളെയാണ് സര്‍ജറി .. ഇനി ജീവിതതിലെക്കവള്‍ക്ക് തിരിച്ചു വരാനുള്ള സാദ്യത തീരെ കുറവാണത്രേ ..
അയാള്‍ക്കുറക്കെയൊന്ന് അലറിക്കരയാന്‍ തോന്നി , റസി ഒരു ഭ്രാന്തിയെപ്പോലെ ആയിരിക്കുന്നു , ഒരു വല്ലാത്ത ഭയപ്പാടോടെ ആരോടും ഒന്നും മിണ്ടാതെ ഉറങ്ങാതെ അവള്‍ക്കു കാവലിരിക്കുകയാണ്.. അവള്‍ക്കു മുന്നില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു .
വീട്ടുകാര്‍ ഒക്കെയും വിവാഹത്തിന് എതിരായിരുന്നു ..
പലരും നെറുകയില്‍ കൈ വച്ച് പ്രാകി , അതോക്കെയാവുമോ മണിക്കുട്ടിക്കു മേല്‍ മഴ പോലെ പൊഴിയുന്നത് ?
പക്ഷെ എല്ലാവരെയും ഒരുമിപ്പിച്ചതും അവള്‍ തന്നെയാണ് . വെറുമൊരു ചിരി കൊണ്ടാണ് അവള്‍ റസിയുടെ ഉമ്മയുടെയും ഉപ്പയുടെയും വിദ്വേഷത്തെ ഇല്ലാതാക്കിയത് .
വെറും നിസ്സാര നാളുകള്‍ കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയങ്ങളെ കീഴ്പ്പെടുത്തി .
ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണ് , നല്ല മഴ വരാന്‍ പോകുന്നുണ്ട് .. കുട എവിടെയോ വച്ച് മറന്നു പോയിരിക്കുന്നു ..
മരണം മണക്കുന്ന ആ ആശുപത്രിക്കൂടിനുള്ളിലേക്ക് തിരിച്ചു പോകണം , അയാള്‍ നടന്ന് ആദ്യം വന്ന ബസ്സിലേക്ക് കയറി ഡോറിനടുത്തുള്ള സീറ്റില്‍ ഇരുന്നു ..
പിന്നോട്ട് പായുന്ന മധുരമുള്ള ഓര്‍മകളെല്ലാം ഇപ്പോള്‍ കാരമുള്ളുകള്‍ പോലെ നെഞ്ചിലേക്ക് തറച്ചു കയറുന്നതായി അയാള്‍ക്ക് തോന്നി ..
ബസ്സില്‍ കയറിയിറങ്ങുന്ന കൊച്ചു കുട്ടികള്‍ക്കെല്ലാം മണിക്കുട്ടിയുടെ മുഖം ! അയാള്‍ മനസ്സില്‍ പലതവണ അവളുടെ പേര് വിളിച്ച് വഴിക്കാഴ്ച്ചകളിലേക്ക് നോക്കി നിശബ്ദം കരഞ്ഞു .
***
ആശുപത്രിയില്‍ കൂടി നിന്ന ആരെയും നോക്കാതെ അയാള്‍ മുറിക്കുള്ളിലേക്ക് കയറി , വാടിയ മഷിത്തണ്ട് പോലെ കിടക്കുന്ന തന്‍റെ മണിക്കുട്ടിയെ നോക്കാന്‍ വയ്യ , ഇമയനക്കാതെ അവളെയും നോക്കിയിരിക്കുകയാണ് റസി .
ധൈര്യമോക്കെയും ചോരുന്നതായി അയാള്‍ക്ക് തോന്നി ,
നേഴ്സ് സര്‍ജറിയുടെ സമ്മതപത്രവുമായി വന്നു , അതിലോരോപിട്ട് അയാള്‍ ആശുപത്രിക്കാരെ സുരക്ഷിതരാക്കി .
അമ്മ പൂജിച്ചു കെട്ടിക്കൊടുത്ത ഏലസ്സും , തങ്ങളുപ്പാ ഒതിച്ചു കെട്ടിയ ചരടും അവര്‍ അഴിച്ചു അയാളുടെ കയ്യില്‍ കൊടുത്തു .
പെട്ടന്നവള്‍ ഉണര്‍ന്ന് പാതി കൂമ്പിയ മിഴികളുമായി എല്ലാവരെയും നോക്കി ,
പപ്പാ ..അവള്‍ കൈ നീട്ടി ,
"മോള്‍ക്ക് ബീച്ചില്‍ പോണം പട്ടം പറത്തണം .. ഐസ്ക്രീം കഴികണം . കൊണ്ട് പോ പപ്പാ "
പുറത്തെ അലറിപ്പെയ്യുന്ന മഴയൊച്ചയില്‍ അവളുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായി ..
മണിക്കുട്ടിയെ കയറ്റിയ മുറിക്കു പുറത്ത് ചുവന്ന ലൈറ്റ് തെളിഞ്ഞു, വാച്ചിലെ സെക്കന്റു സൂചിക്കൊപ്പം അയാളും ഓടി ..
റസിയുടെ നീണ്ട നഖങ്ങള്‍ അയാളുടെ കൈത്തണ്ടയില്‍ ആഴ്ന്നിരങ്ങുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നില്ല .
മരണം നിശബ്ദതയുടെ തണുത്ത കമ്പിളി പുതപ്പു പോലെ തങ്ങളെ പൊതിയുന്നതായി അവര്‍ക്ക് തോന്നി .
പെട്ടന്ന് മുറി തുറന്നൊരു നേഴ്സ് പുറത്തിറങ്ങിയപ്പോള്‍ അകത്തു നിന്നു അടക്കിയ സംസാരം കേട്ടു..
മൂന്നര വയസ്സേ ആയിട്ടുള്ളൂ പാവം കുട്ടി "
റസിയുടെ തേങ്ങല്‍ നിലച്ചിരുന്നു
അയാളവളുടെ മുഖം നെഞ്ചോടു ചേര്‍ത്ത് അമര്‍ത്തി വച്ചു. അവളുടെ ഹൃദയത്തിന്‍റെ പിടച്ചില്‍ തന്‍റെ സെക്കന്റു സൂചിയെ പിന്നിലാക്കുന്നതായി അയാള്‍ക്ക് തോന്നി .
മണിക്കൂറുകള്‍ നീണ്ട നിശ്ശബ്ദതക്കു ശേഷം വാതില്‍ തുറന്നു ഡോക്ടര്‍മാര്‍ പുറത്തിറങ്ങി ..
ഓപ്പറേഷന്‍ കഴിഞ്ഞു ..
ഇനി പേടിക്കേണ്ട , ഷീ ഈസ് സേഫ്, അവള്‍ ഇപ്പോള്‍ ഒബ്സര്‍വെഷനിലാണ് കുറച്ചു കഴിഞ്ഞു നിങ്ങള്ക്ക് കാണാം
റസി പെട്ടന്ന് വാതിക്കല്‍ നിന്ന നേഴ്സിനെ തള്ളിമാറ്റി അകത്തു കയറി ചില്ല് വാതിലിലൂടെ അവളെ നോക്കി
ശാന്തയായ് ഉറങ്ങുകയാണ് മണിക്കുട്ടി
അവള്‍ക്കരികില്‍ മിന്നിതെളിയുന്ന പള്സോക്സി മീറ്ററിലെ മാറുന്ന അക്കങ്ങള്‍ കണ്ട് റസിയ തറയിലേക്കിരുന്നു
"ഇനി പുറത്തിരുന്നോളൂ പേടിക്കേണ്ട " അവള്‍ക്കു പിന്നാലെ ചെന്ന ഹരിയോട് നേഴ്സ് പറഞ്ഞു
അയാള്‍ അവളെയും ചേര്‍ത്ത് പിടിച്ച് പുറത്തേക്കു നടന്നു .
അവരൊന്നും സംസാരിച്ചില്ല . ആശുപത്രി വരാന്തയിലെ പഴയ ഇരുമ്പ് ബഞ്ചിലിരുന്ന് അവര്‍ പരസ്പരം നോക്കി , യുദ്ദമവസാനിച്ച യുദ്ദഭൂമി പോലെയായിരുന്നു മനസ്സുകള്‍.. അവരുടെ ഹൃദയമിടിപ്പുകള്‍ക്ക് വരെ അപ്പോള്‍ ഒരേ താളമായിരുന്നു. തന്‍റെ വളര്‍ന്നിറങ്ങിയ താടി രോമങ്ങളില്‍ വിരലോടിച്ച് ഹരി അവളുടെ കുഴിഞ്ഞ കണ്ണുകള്‍ക്ക് മേല്‍ പാറി വീണു കിടന്നിരുന്ന മുടിയിഴകളെ നേരെയാക്കി .
പുറത്തിരുണ്ട് കൂടിയ കാരൊക്കെ എവിടെയോ പോയ് മറഞ്ഞിരുന്നു
മഴ മാറി ഇളം വെയില്‍ വന്നു നിറഞ്ഞു
ആശുപത്രി വരാന്തയിലെ തുറന്നിട്ട ജനാലക്കു മുകളില്‍ ഒരു കുരുവിക്കുഞ്ഞ് വന്നിരുന്ന് അവരെ നോക്കി ചിറകു കുടഞ്ഞ് ചിരിച്ചു .
***
Monday, 2 July 2012
സൂര്യകാന്തി പറഞ്ഞ കഥ
നിലീന കാണാന്‍ സുന്ദരിയായിരുന്നു ..
ജീവിക്കാന്‍ പഠിച്ചവള്‍..
എന്‍റെ ജീവിതത്തിലേക്ക് പൊടുന്നനെ കയറി വന്ന് എന്നെ ഞെട്ടിച്ച പെണ്ണ് !
തെളിഞ്ഞ ആകാശത്തിലെ ഒഴുകി നടക്കുന്ന വെള്ള മേഘങ്ങള്‍ക്ക് താഴെ നീണ്ടു പരന്നു കിടക്കുന്ന പെരമ്പല്ലൂരിലെ സൂര്യകാന്തി പാടങ്ങളില്‍ അവളെന്നെ പിന്തുടര്‍ന്നു.. ആയിരം രൂപക്ക് സുഖം കൊടുക്കുന്നവള്‍ക്ക് പറയാന്‍ ഒരു കഥയുണ്ടായിരുന്നു ...അത് വരെ ഞാന്‍ പുറമേ നിന്ന് നോക്കി കണ്ട പെണ്ണ് എന്ന മായാ പ്രപഞ്ചത്തെ പാടെ തകര്‍ത്തു കൊണ്ട് എന്‍റെ ഹൃദയത്തിലെക്കവള്‍ കയറിയത് ഒരു ട്രെയിന്‍ യാത്രക്കിടെയാണ് ..
****
എറണാകുളം റെയില്‍വെ സ്റെഷനിലേക്ക് നിരങ്ങി മൂളി വന്ന് നിന്ന ടീ ഗാര്‍ഡന്‍ എക്സ്പ്രസിനുള്ളിലേക്ക് നടന്നു കയറുമ്പോള്‍ മനസ്സില്‍ സന്തോഷമായിരുന്നു.
ആദ്യമാദ്യം വെറുപ്പായിരുന്ന തമിഴ് നാടിനോട് ഒരു പ്രത്യേക അടുപ്പം തോന്നി തുടങ്ങിയിരുന്നു , മല്ലിപ്പൂ ചൂടി മഞ്ഞള്‍ തേച്ച ഒരു തമിഴ് പെണ്‍കുട്ടിയെ പോലെ ആ നാട് എന്നെ കാത്തിരിക്കുന്നു..
ട്രെയിനില്‍ തിരക്ക് നന്നേ കുറവാണ്, മനസ്സ് തെളിഞ്ഞ ആകാശം പോലെ കിടക്കുകയാണ് , എന്തെങ്കിലുമൊക്കെ എഴുതണം ..
എന്‍റെ കംബാര്‍ട്ടുമെന്റില്‍ ആകെ രണ്ടു പേര്‍ മാത്രമേയുള്ളൂ , എല്‍ ജി കായത്തിന്‍റെ മഞ്ഞ സഞ്ചിയും മടിയില്‍ വച്ച് ഒരു അമ്മച്ചി , മുറുക്കി ചുവപ്പിച്ച ചുണ്ടുകളും വെറ്റിലക്കറ പുരണ്ട പല്ലുകളും , പ്രായം അറുപതു കവിയുമെങ്കിലും പൂ ചൂടാന്‍ മറന്നിട്ടില്ല . സൈഡിലെ ഒറ്റ സീറ്റില്‍ ഒരു മധ്യവയസ്ക്കനാണ് .,
കയറിയ പാടെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് അയാള്‍ .
ഞാന്‍ താഴത്തെ ബര്‍ത്തിലാണ് , ട്രെയിന്‍ പുറപ്പെടാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമേയുള്ളൂ , ഞാന്‍ ജനാലക്കരികിലേക്ക് നീങ്ങിയിരുന്നു .
പുറത്ത് പായുന്ന ജീവിതങ്ങളാണ് .. രണ്ടു കൊച്ചു കുട്ടികളെ കയ്യില്‍ പിടിച്ചു കൊണ്ട് ഓടുകയാണ് ഒരു വീട്ടമ്മ , പ്ലാട്ഫോമിലെ വിളക്കു കാലിനു താഴെ മുകളിലേക്ക് നോക്കിയിരിക്കുന്നു ഭ്രാന്തനെ പോലൊരാള്‍ , മുഷിഞ്ഞു കൂറകുത്തിയ ഭാണ്ഡം നിധി പോലെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ടയാല്‍..
അരയില്‍ ഒരു വലിയ താക്കോല്‍ കൂട്ടം തിരുകി വയറു പാതിയും പുറത്ത് കാണിച്ചു ആജാനബാഹുവായ ഒരു സ്ത്രീ ആരെയും കൂസാത ഭാവത്തില്‍ നടന്നു നീങ്ങുന്നു , പിന്നാലെ പെട്ടികളും പേറി ചുമട്ടു തൊഴിലാളികള്‍ ..
ട്രെയിന്‍ ഒന്ന് വിറച്ച് പതുക്കെ നിരങ്ങി നീങ്ങി , പെട്ടന്നാണ് എന്‍റെ ജനാലയില്‍ ആ കൈകള്‍ ശക്തിയില്‍ തട്ടിയത്...
"പ്ലീസ് ഓപ്പണ്‍ ദ ഡോര്‍ "
കൈകള്‍ക്ക് പിന്നിലെ പരിഭ്രമിച്ച മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ എന്നോടവള്‍ അത് വീണ്ടും ആവര്‍ത്തിച്ചു ..
ഞാന്‍ തൊട്ടപ്പുറതേക്ക് ചെന്ന് ഡോറില്‍ വലിച്ചു, പക്ഷെ അത് തുറയുന്നില്ലായിരുന്നു, വീണ്ടും ശക്തിയില്‍ ഡോര്‍ വലിച്ചു തുറന്ന എന്‍റെ നേര്‍ക്ക് ബാഗ് വലിച്ചെറിഞ്ഞ് അവള്‍ തിടുക്കത്തില്‍ ചാടിക്കയറി . ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു , ഒരു താങ്ക്സ് പറഞ്ഞു ബാഗ് വാങ്ങി അവള്‍ സീറ്റ് നമ്പര്‍ നോക്കി എനിക്ക് മുന്നിലിരുന്നു .
ഞാന്‍ ഡയറിയെടുത്ത് എഴുതാനിരുന്നെങ്കിലും അവളെ നോക്കാന്‍ മനസ്സ് കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു , മുഖമുയര്‍ത്തി അവളെ നോക്കിയപ്പോള്‍ മിഴികള്‍ ഉടക്കി .
അവള്‍ വളരെയേറെ സുന്ദരിയാണ് , ഇന്ന് എഴുത്ത് നടക്കുമോ ആവോ , പുറത്തെ വഴികള്‍ ഇരുട്ട് മൂടി തുടങ്ങിയിരുന്നു.
നിരയായി കത്തുന്ന ജനാല കാഴ്ചയിലെ വൈദ്യുത വിളക്കുകളിലേക്ക് മിഴികളെ തിരിച്ചപ്പോലും അത് അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ മുന്‍ സീറ്റിലേക്ക് പായാന്‍ വെമ്പുകയായിരുന്നു..
ഞാന്‍ ഇടയ്ക്കിടെ നോക്കുന്നത് അവള്‍ ശ്രദ്ദിച്ചിട്ടുണ്ടാകണം, അലസമായ് ജനാലയിലൂടെ വിദൂരതയില്‍ കണ്ണ് നട്ടിരുന്ന അവള്‍ എനിക്ക് നേരെ തിരിഞ്ഞു എന്നെ നോക്കി .. മിഴികള്‍ വീണ്ടും ഉടക്കിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു പക്ഷെ അവള്‍ നോട്ടം പിന്‍വലിച്ചില്ല !
ഒരൊറ്റ നോട്ടത്തില്‍ എന്നെ കീഴ്പ്പെടുത്തി എന്‍റെ കണ്ണുകളെ തിരിച്ച് ജാലകങ്ങളിക്ക് പായിച്ചു അവള്‍ , എനിക്ക് ജാള്യത തോന്നി ഒരു പെണ്ണിന്‍റെ നോട്ടത്തെ നേരിടാന്‍ ശക്തിയില്ലേ എനിക്ക് , ഞാന്‍ സ്വയം ചെറുതാവുന്നത് പോലെ തോന്നി .. എന്തായാലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് മിഴികള്‍ പായിക്കുന്നത് ശരിയല്ല .. ഒരിക്കലും തെറ്റായ ഒരു അര്‍ത്ഥത്തില്‍ ആയിരുന്നില്ല നോക്കിയത് , ഒരു ഭംഗിയുള്ള പൂവിനെയെന്നപോലെയാണ് നോക്കിയത്.
ആളൊഴിഞ്ഞ കംബാര്ട്ടുമെന്ടില്‍ ഈ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട എന്നെ അവള്‍ ഭയത്തോടെ നോക്കുമോ ?
ചിന്തകള്‍ വീണ്ടും കാട് കയറി, പക്ഷെ അപ്പോളേക്കും ആ മധുര ശബ്ദം എന്നെ തേടിയെത്തി ...
"എവിടേക്കാണ്?"
തിരുച്ചിരപ്പള്ളി .. തെല്ലോരാശ്വാസത്തോടെ ഞാന്‍ പറഞ്ഞു .
"അവിടെ പഠിക്കുകയാണോ, എന്താണ് പേര് ?"
അതെ എം .എച് .എ തേഡ് സെമെസ്ടര്‍, പേര് ഗോപന്‍ .. എന്താണ് പേര് ? എവിടേക്ക് പോകുന്നു ?
എന്‍റെ ചെറിയ ചോദ്യത്തിന് അവള്‍ ഒരു വലിയ മറുപടി തന്നു ..
മുഖത്തേക്ക് പാറി വീണ മുടിയിഴ കയ്യിലെടുത്ത് വശ്യമായി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു
"പേര് നിലീന മറിയം ജേക്കബ് , ട്രിച്ചിയിലെ ഒരു സുഹൃത്തിനെ കാണണം , അവളോടൊപ്പം ബാന്ഗ്ലൂര്‍ക്ക് പോകണം , അവിടെയാണ് പഠിക്കുന്നത് നേഴ്സിംഗ് ന് അവസാന വര്‍ഷം ആണ് .. വീട് പിറവതാണ്,
ട്രെയിനിന്‍റെ ശബ്ദം നേര്‍ത്തു സൌമ്യമായി തുടങ്ങിയിരുന്നു.. അവള്‍ കൈകളില്‍ ചുവന്ന വളകള്‍ അണിഞ്ഞിരുന്നു , കയ്യെടുത്ത് സംസാരിക്കുംബോളും മുഖത്ത് വീഴുന്ന മുടിയോതുക്കുംബോലും വളകള്‍ ചിരിച്ചു വര്‍ത്താനം പറഞ്ഞു . ഇടക്കെപ്പോഴോ പാറി വീണ മഴയില്‍ ഞങ്ങള്‍ ജാലകങ്ങള്‍ ചേര്‍ത്തടച്ചു . ഭക്ഷണം കഴിക്കാന്‍ മറന്നത് അപ്പോളാണ് ഓര്‍മ വന്നത്, വാഴയിലയില്‍ പൊതിഞ്ഞെടുത്ത ഭക്ഷണം ബാഗിലുണ്ട് . അത് കഴിക്കാന്‍ ഞാന്‍ അവളെ ക്ഷണിച്ചപ്പോള്‍ കയറുന്നതിനു മുന്‍പ് കഴിച്ചെന്നു പറഞ്ഞ് സ്നേഹപൂര്‍വ്വം അവളത് നിരസിച്ചു.. ഞാന്‍ ഇല തുറന്നപ്പോള്‍ അവള്‍ എഴുന്നേറ്റ് വാഷ് ബെസനരികിലേക്ക് പോയി.
വേഗത്തില്‍ കഴിച്ച് ഇല ചുരുട്ടിയെടുത് ഡോരിനരികിലേക്ക് ചെന്നപ്പോള്‍ അവിടെ അവളുണ്ടായിരുന്നു, ഒരു കാലി ബിസ്ക്കറ്റ് കൂട് അവള്‍ പുറത്തേക്കു വലിച്ചെറിഞ്ഞു..
ഭക്ഷണം കഴിച്ചെന്ന് അവള്‍ കള്ളം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി .
ഞാന്‍ കൈ കഴുകി സീറ്റിലിരുന്നപ്പോള്‍ അവളും വന്നിരുന്നു.
"വിശക്കുന്നുണ്ടോ" എന്ന എന്‍റെ ചോദ്യത്തിന് അവള്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി .. പിന്നീട് കുറച്ചു സമയം ആരും സംസാരിച്ചില്ല .
അവളുടെ വലതു കൈ മുട്ടിനു താഴെ നീളത്തില്‍ ഒരു തുന്നലിട്ട പാടുണ്ടായിരുന്നു .. മൌനം ഭഞ്ജിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു
"എന്ത് പറ്റിയതാണിത്?"
അവള്‍ ഒന്നും മിണ്ടാതെ ജനാല ചില്ല് മുകളിലെക്കുയര്തി വിദൂരതയില്‍ മിഴി നട്ടിരുന്നു .. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ എനിക്ക് നേരെ തിരിഞ്ഞു , ആ മിഴികളില്‍ നേരിയ നനവുണ്ടായിരുന്നു .
ഒരു ബൈക്കപകടം ... വീട്ടില്‍ നിന്ന് എറണാകുളത്തേക്കു പോകും വഴി .. എന്‍റെ ചേട്ടായി ആയിരുന്നു ഓടിച്ചിരുന്നത് ..
ആ മായാത്ത പാടില്‍ വിരലോടിച്ചു കൊണ്ട് അവള്‍ തുടര്‍ന്നു, ജോലി കിട്ടി ആദ്യത്തെ ശമ്പളത്തിന് ഡ്രസ്സ് വാങ്ങി തരാന്‍ കൊണ്ടുപോയതാണ് , രണ്ടു നാള്‍ ചേട്ടായി വെന്റിലെട്ടരില്‍ കിടന്നു ..
മൂന്നാം നാള്‍ ഒരു തണുത്ത കൂട്ടില്‍ വീട്ടു മുറ്റത്തെത്തി ..
അവളുടെ കവിളില്‍ ഒരു കണ്ണുനീര്‍ മുത്ത് താഴേക്കുള്ള വഴി തേടി നിന്നു..
പുറത്ത് ഓടിമറയുന്ന വൈദ്യുതി വിളക്കുകള്‍ എന്‍റെ കണ്ണില്‍ ഒഴുകി നടന്നു ...
ആദ്യ ശമ്പളത്തിന് അനിയത്തിക്ക് ഡ്രസ്സ് വാങ്ങി കൊടുക്കാന്‍ ആവേശത്തോടെ പോയ ആ ചേട്ടന്‍റെ മനസ്സായിരുന്നു അപ്പോളെനിക്ക്..
നിന്‍റെ സ്വന്തം ഏട്ടനെപ്പോലെ എന്നെയും കണ്ടോളു എന്ന് അവളോട് പല തവണ പറയണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല .. അവള്‍ പിന്നീട് ഒരക്ഷരം മിണ്ടിയില്ല.
ട്രെയിന്‍ പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലെത്തിയിരുന്നു, ഇനിയുമുണ്ട് കുറെ മണിക്കൂറുകള്‍ , ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു , അടുത്ത കംബാര്‍ത്ടുമെന്റിലേക്ക് പോയ തമിഴത്തി അമ്മച്ചിയുടെ "മുരുഹാ " വിളി കേള്‍ക്കാമായിരുന്നു ..
എപ്പോളോക്കെയോ അവള്‍ എന്നെ ശ്രദ്ദിക്കുന്നുന്ടെന്നു എനിക്ക് തോന്നി
പതിയെ അടഞ്ഞു പോയ എന്‍റെ കണ്ണുകളിലേക്ക് പെരംബല്ലൂരിലെ സൂര്യകാന്തിപാടം കടന്നു വന്നു .. നോക്കെത്താ ദൂരത്തോളം നീണ്ടു പറന്നു കിടക്കുന്ന മനോഹരങ്ങളായ സൂര്യകാന്തി പൂവുകള്‍ , അവക്കിടയിലൂടെ പൂക്കളിറുത്തു കൊണ്ട് എന്‍റെ അനിയത്തി ഓടുന്നു, പിന്നാലെ ഞാനും ..
പെട്ടന്ന് പെയ്ത കനത്ത മഴയിലും കാറ്റിലും ഇളകി മറിയുന്ന സൂര്യകാന്തി തോട്ടത്തില്‍ ഞങ്ങള്‍ക്ക് വഴി തെറ്റി .. ഇറുത്ത പൂക്കള്‍ വലിച്ചെറിഞ്ഞു എന്നെ തേടി അലയുന്ന എന്‍റെ അനിയത്തി... !
***
കൈത്തണ്ടയില്‍ ഒരു തണുത്ത സ്പര്‍ശം ..
ഞാന്‍ ഞെട്ടിയുണര്‍ന്നു , തൊട്ടു മുന്നില്‍ അവള്‍ !
നേരത്തെ ഞാന്‍ കണ്ട പെണ്ണല്ല ഇപ്പോളവല്‍ എന്നെനിക്കു തോന്നി , ഒരു ആവശ്യക്കാരിയുടെ ഭാവം ..
പെട്ടന്ന് തന്നെ അവള്‍ കാര്യം പറഞ്ഞു, ഒരു സ്വകാര്യം പോലെ ..
"എല്ലാവരും ഉറക്കത്തിലാണ്, എനിക്കൊരു ആയിരം രൂപയുടെ ആവശ്യമുണ്ട് ..
ഗിവ് മി തൌസന്ട്, ഐ വില്‍ ഗിവ് യു മാക്സിമം പ്ലെഷര്‍ ..."
ട്രെയിനിന്‍റെ കട കട ശബ്ദവും ഫാനിന്‍റെ മൂളക്കവും ഒന്നും തന്നെ ചെവിയിലേക്ക് വരുന്നില്ല ..
ശബ്ദമിറങ്ങിപ്പോയ ഞാന്‍ അവളുടെ മിഴികളിലേക്ക് പകച്ചു നോക്കിയപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു ..
"സെവന്‍ ഫിഫ്ടി ...?"
ഇവന്‍ ഒരു ആണല്ലേ എന്ന സംശയ ഭാവത്തില്‍ നിരാശയും അവജ്ഞയും കലര്‍ന്ന ഒരു നോട്ടവുമായി അവള്‍ അവിടെ നിന്ന് ധ്രിതിയില്‍ ഇറങ്ങിപ്പോയി ..
മനസ്സ് വല്ലാതെ അസ്വസ്ഥാമാവുകയായിരുന്നു.. ഒരു പെണ്ണിന് ഇങ്ങനെയും ഭാവങ്ങളുണ്ടോ?
പറഞ്ഞു കേട്ട കഥകളില്‍ നിന്ന് വിഭിന്നമായി ഇത്തരമൊരു പെണ്ണിനെ ആദ്യമായി കാണുകയായിരുന്നു
ചുവന്ന തെരുവുകളിലെ ചായം പൂശിയ ചുണ്ടുകളുമായി ശ്രിങ്കാരം അഭിനയിച്ച് വശ്യമായി ചിരിക്കുന്നവലാണ് വേശ്യ എന്നാണ് കേട്ടറിവ് , പക്ഷെ ഇവള്‍ ...
ഇവളെ അങ്ങനെ വിളിക്കാന്‍ വയ്യ ..
കത്തിക്കരിഞ്ഞ സൂര്യകാന്തി പാടത്തിനു നടുവിലൂടെ ഒത്തിരി ദൂരം ഓടി ഞാന്‍ നേരം വെളുപ്പിച്ചു ..
കണ്ണ് തുറന്നപ്പോള്‍ മുന്നിലെ ബര്‍ത്തില്‍ അവള്‍ ഉറങ്ങിക്കിടക്കുന്നു ..
ട്രിച്ചി എത്താന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മതി , ഗിരി സ്ടെഷനില്‍ കാത്തു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട്, അവനോടിതു പറഞ്ഞാല്‍ പരിഹസിക്കുമെന്നു തീര്‍ച്ചയാണ് ..
അവള്‍ എഴുന്നേറ്റിട്ട് തലേന്ന് അങ്ങനെയൊന്നു സംഭവിക്കാത്ത മട്ടില്‍ എന്നെ നോക്കി ..വെറുപ്പോട് കൂടി ഞാന്‍ തിരിച്ചും നോക്കി .
നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കി അവള്‍ എന്നോട് സംസാരിച്ചു "ഇന്നലെ രാത്രി ഞാന്‍ ഒന്നും പറഞ്ഞില്ലെന്നു കരുതിക്കോളൂ "
ഇന്നലത്തെ നിന്‍റെ കഥ കേട്ടപ്പോള്‍ ഞാന്‍ നിന്നെ ഒരു അനിയത്തിയെപ്പോലെ കണ്ടു പോയി ആ ഒരു വിഷമം മാത്രമേയുള്ളൂ എനിക്ക് ...
"ഹാഹാ, അവള്‍ ചിരിച്ചു വശ്യമായി ... അങ്ങനെയൊന്നും എന്നെ കാണേണ്ട, ഞാന്‍ ഒരു ചീത്ത പെണ്ണാണ് , എല്ലാവര്ക്കും ഇഷ്ടം എന്നെ അങ്ങനെ കാണാനാണ്, ആഗ്രഹങ്ങള്‍ തീര്‍ക്കാനുള്ള വെറുമൊരു ഉപകരണം , അതിനൊരു പേരിന്‍റെ കൂടെ ആവശ്യമില്ല ."
അവളോട് പറയാന്‍ വാക്കുകളൊന്നും കിട്ടാതിരുന്നപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നു .
തിരുച്ചിറപ്പള്ളി എന്ന ബോര്‍ഡിനെ മറി കടന്ന് ട്രെയിന്‍ നിന്നു.. എന്നെയും കാത്ത് അക്ഷമനായി ഗിരിയുണ്ടായിരുന്നു
"എത്ര നേരമായെടാ ഇവിടെ വായ് നോക്കി ഇരിക്കുന്നു "
നിനക്ക് അവിടെ ചെന്നിട്ട് മല മറിക്കാനോന്നുമില്ലല്ലോ ഗിരീ ..
ഞാന്‍ അവനോടു കാര്യങ്ങള്‍ വിശദീകരിച്ചു, കേട്ട് കഴിഞ്ഞതും അവന്‍ പറഞ്ഞു
"ശവം , എവിടെടാ അവള് ?"
ഞാന്‍ അവനെയും പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു , പുറത്ത് ഹോട്ടലിനു മുന്നില്‍ നിന്നപ്പോള്‍ അവള്‍ അങ്ങോട്ട് വന്നു
ഞാന്‍ ഗിരിയെ പരിചയപ്പെടുത്തി ,
അവളുടെ ഫ്രണ്ട് എത്താന്‍ അല്പം താമസം ഉണ്ടെന്നവള്‍ പറഞ്ഞു , എങ്കില്‍ പിന്നെ നമുക്കൊരു ചായ കുടിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖത് സന്തോഷത്തിന്‍റെ ഒരു ചിരി കണ്ടു.
ദോശ കഴിച്ചിരങ്ങിയപ്പോള്‍ അവളോട് സംസാരിക്കണം എന്ന് തോന്നി , വഴിയരികിലെ പുളിമര ചോട്ടിലേക്ക് നീങ്ങി നിന്നു ഞാന്‍ അവളോട് ചോദിച്ചു , എത്ര നാളായി നീ ഇങ്ങനെ ?
"കുറച്ചായി" , യാതൊരു ഭാവഭേദവുമില്ലാതെ അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു .
നിനക്കതില്‍ കുറ്റബോധമില്ലേ നിലീന ? ആളുകള്‍ നിന്നെ വിളിചേക്കാവുന്ന പേര് നിനക്കറിയില്ലേ ? ഈ സൌന്ദര്യം ഇല്ലാതാവുന്ന കാലത്ത് നിനക്കൊരു ജീവിതമുണ്ടാകുമോ ? എന്തിനു വേണ്ടിയാണ് നീ ഈ തരം താണ പ്രവര്‍ത്തിക്ക് ഇറങ്ങിയത്? പണത്തിനു വേണ്ടിയോ അതോ വെറും സുഖത്തിനു വേണ്ടിയോ ??
അവള്‍ വളരെ ശാന്തയായി എന്നെ നോക്കി " ചില യാടാര്ത്യങ്ങള്‍ക്ക് മുന്നില്‍ നിന്‍റെയീ ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല ഗോപന്‍ ..
പിന്നെ സുഖം , ഒരു വേശ്യ ഒരിക്കലും ആനന്ദിക്കുന്നില്ല, അവള്‍ ജീവിക്കുന്നത് ചത്ത ശരീരവും മരവിച്ച മനസ്സുമായാണ് .. കാമം തേടുന്നവന് മനസ്സ് വേണ്ടല്ലോ , നീ പറഞ്ഞ സുഖം തികച്ചും ഏകപക്ഷീയമാണ് ഗോപന്‍ .."
ഡാഡി നടത്തിയ ഫിനാന്‍സ് സ്ഥാപനം പൊളിഞ്ഞപ്പോള്‍ കുറെയേറെ കടങ്ങള്‍ വന്നു, ഒരു കഷണം കയറില്‍ തൂങ്ങി ഡാഡി ഒറ്റയ്ക്ക് രക്ഷപ്പെട്ടു ..
പിന്നീട് നാട്ടുകാരുടെ ഭീഷണിയും ശല്യവും കൂടി വന്നു, കൊടുക്കാനുള്ള പണം മറക്കാന്‍ പലരും തയ്യാറായിരുന്നു .. ഞാനും മമ്മിയും മതിയായിരുന്നു പലര്‍ക്കും , ജീവിതത്തെ ശരിക്കും അടുത്തറിഞ്ഞ നാളുകളായിരുന്നു അത്..
അത് വരെ ബഹുമാനത്തോടും വാല്സല്യതോടും സംസാരിച്ചിരുന്നവര്‍ വരെ മുഖത്ത് നോക്കി വില പറഞ്ഞു .. പെണ്ണിന് വിലയുണ്ടെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത് , കണ്മുന്നില്‍ വച്ച് മമ്മിയെ അപമാനിക്കാന്‍ ശ്രമിച്ചവനെ ഞാന്‍ തല്ലി..
അന്ന് രാത്രി അയാളെ കാണാന്‍ എനിക്ക് പോകേണ്ടി വന്നു ... അത് വരെ കണ്ട സ്വപ്നങ്ങളൊക്കെ അന്ന് നഷ്ടമായി ..
വീടും സ്ഥലവും വിറ്റ് കടങ്ങള്‍ ഏറെയും വീട്ടി, മമ്മിയുടെ ആരോഗ്യം മോശമാണ് ഇപ്പോള്‍ , മാസത്തില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യണം . ഞാന്‍ പഠിക്കുന്നതിനൊപ്പം ജോലി നോക്കുന്നുന്ടെന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത് .
പിന്നെ ആ പേര് നീയെന്നെ വിളിക്കുന്നതില്‍ എനിക്ക് വിഷമമില്ല ഗോപന്‍ , എന്‍റെ അനിയത്തി പഠിക്കുന്നു , മമ്മിയുടെ ചികിത്സ നടക്കുന്നു .. വീട്ടില്‍ പട്ടിണിയില്ലാതെ അവര്‍ ജീവിക്കുന്നു ..
അവളുടെ ചെറുതായി നനഞ്ഞ മിഴികള്‍ പക്ഷെ തുളുംബിയില്ല , കണ്ണ് നീരൊക്കെ നേരത്തെ വറ്റി കാണണം ..
എന്‍റെ കണ്ണുകള്‍ക്ക് മുന്നില്‍ അവളുടെ രൂപം ഒരു മൂടലായി നിന്നത് താഴേക്കു വീണു ,
നീ ചീത്തയല്ല പെണ്ണേ...
അവളുടെ വിരല്‍ പിടിച്ചു ഞാന്‍ പറഞ്ഞു .. അവളോട് സംസാരിക്കാന്‍ എന്‍റെ കയ്യില്‍ വാക്കുകള്‍ അവശേഷിക്കുന്നില്ല എന്ന് ഞാന്‍ ദുഖത്തോടെ മനസ്സിലാക്കി .
പേഴ്സില്‍ നിന്നു രണ്ട് അഞ്ഞൂറ് രൂപാ നോട്ടുകലെടുത്ത് അവളുടെ ബാഗിന്‍റെ കള്ളിയിലേക്ക് തിരുകിക്കയറ്റി മറുപടിക്ക് കാക്കാതെ ഗിരിയേയും കൂട്ടി ഞാന്‍ തിരിച്ചു നടന്നു ..
അവന്‍റെ മുഖം വിവര്‍ണ്ണമായിരുന്നു .. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല ..
പെരംബല്ലൂര്‍ ബസ്സില്‍ കയറിയപ്പോള്‍ ഗിരി ഓരോ മുഖങ്ങള്‍ക്കു പിന്നിലുമുള്ള ജീവിതങ്ങളെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു ..
ഞാന്‍ അപ്പോള്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു ..
മൂവായിരം രൂപയാണ് ഒരു മാസത്തെ ചിലവ്, ഇനി അതില്‍ രണ്ടായിരമേയുള്ളൂ ..
വല്ലലാര്‍ ഹോട്ടലിലും, ദേവിയിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റില്ല ! എപ്പോളും പോകാറുള്ള ട്രിച്ചിയിലെ മലക്കോട്ടയില്‍ പോയി കുന്നിന്‍റെ ഉച്ചിയില്‍ ഇരുന്ന് ഐസ് ക്രീം കഴിക്കാന്‍ പറ്റില്ല.. മായാസ് ബാറില്‍ കയറി ബിയര്‍ കുടിക്കണമെന്ന ആഗ്രഹവും ഈ മാസം നടക്കില്ല , എലിയാസിനോടോ സിറിലിനോടോ കടം വാങ്ങേണ്ടി വരും .. കണക്കില്‍ മോശമായിരുന്നത് കൊണ്ട് ഞാന്‍ കൂട്ടി നോക്കിയില്ല . ആകെയൊരു ആശ്വാസം ഉള്ളത് രാജ അണ്ണന്‍റെ തട്ടുകടയാണ്....
ബസ് അരിയള്ളൂരിലെ സൂര്യകാന്തി പാടങ്ങള്‍ക്കു നടുവിലെത്തിയിരുന്നു, നോക്കെത്താ ദൂരത്തോളം നീണ്ടു പരന്ന് കിടക്കുന്ന പാടത്ത് പൊള്ളുന്ന വെയിലിലും തലയുയര്‍ത്തി നിന്നു ചിരിക്കുന്ന സൂര്യകാന്തി പൂവുകള്‍ ...
മുകളില്‍ തെളിഞ്ഞ വെള്ള മുഘങ്ങള്‍ ഒഴുകുന്ന ആകാശം ..
ആകാശത്തിന് താഴെ ഇടതൂര്‍ന്ന സൂര്യകാന്തി ചെടികള്‍ക്കിടയിലൂടെ പൂക്കളിരു
***
Tuesday, 26 June 2012
സ്വപ്‌നങ്ങള്‍
കഴിഞ്ഞ ആഴ്ച പറമ്പില്‍ ഞാനൊരു പ്രിയോര്‍ മാവിന്‍റെ തൈ നട്ടു..
കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോലുള്ള അതിന്‍റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ് , ഇപ്പോള്‍ രാവിലെ എന്നും സംസാരിക്കും ..
അതിനുമുണ്ട് പരിഭവങ്ങള്‍ ഏറെ ..
തലയ്ക്കു മുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന പനയോല കാരണം കണ്ണ് കാണുന്നില്ലത്രേ !
അത് വെട്ടി മാറ്റിയപ്പോള്‍ പറയുന്നു , പടിഞ്ഞാട്ടു നില്‍ക്കുന്ന മഞ്ഞ മുളയുടെ ചെറുപ്പക്കാരായ കൊമ്പുകള്‍ അവളെ ശല്യം ചെയ്യുന്നെന്ന്..
ആ ശല്യം ഞാനൊതുക്കിയപ്പോള്‍ അടുത്ത പ്രശ്നം ..
തെക്കേതിലെ ആട്ടിന്‍ കുട്ടി തുറന്നിട്ട ഗേറ്റിലൂടെ വന്ന് കയറിപ്പിടിക്കാന്‍ നോക്കിയത്രെ!
ഒടുവില്‍ ഞാനവള്‍ക്കൊരു മുള്ളുവേലി തീര്‍ത്തു
ബന്ധനത്തിന്റെ കൈപ്പു നീര്‍ കുടിച്ചു താന്‍ ക്ഷീണിച്ച് കോലം കെടുമെന്ന് അവള്‍ ഭയപ്പെട്ടപ്പോള്‍ ഞാന്‍ അത് പൊളിച്ചു മാറ്റി ...
ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ് , ഇന്ന് രാവിലെ കൂടി അവളെന്‍റെ വിരലുകളെ തഴുകി ..
ഞാനും ഇപ്പോള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ...
മധുരമുള്ള സ്വപ്‌നങ്ങള്‍ !
ഇവളെനിക്ക് തണലാകുമെന്നും ചുണ്ടുകള്‍ക്ക് മധുരം പകരുമെന്നും നിറം മങ്ങുന്ന
എന്‍റെ സായാഹ്നത്തില്‍ കഥകള്‍ പറഞ്ഞു തന്നു കൂട്ടാകുമെന്നും
ഒടുവില്‍ നട്ടു നനച്ച് ഞാന്‍ വളര്‍ത്തിയ അവളുടെ കൈകളിലൊന്ന് എനിക്ക് വിറകാവുമെന്നും...
നൂറ്റി ഇരുപതു രൂപയ്ക്കു ഞാന്‍ വാങ്ങിയ അവള്‍ എന്‍റെ സ്വപ്‌നങ്ങള്‍ അറിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമോ ആവോ ?
എന്‍റെ പ്രതീക്ഷകളുടെ ചൂടില്‍ അവളുടെ ഇലകള്‍ കൊഴിഞ്ഞെക്കാം , പൂക്കള്‍ വാടിയെക്കാം ..
ഞാന്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചു ..
ഇനി എനിക്കായി അവള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ് എന്നും ..!
ബാച്ചിലര്‍ പാര്‍ട്ടി (ബാച്ചിലര്‍ അക്രമം )
ബാച്ചിലര്‍ പാര്‍ട്ടി (ബാച്ചിലര്‍ അക്രമം )
അതിമനോഹരമായ ഒരു സ്ലോ മോഷന്‍ ചിത്രം !!
പ്രത്യേകിച്ചു പറയാന്‍ ഒരു വേലയും കൂലിയും ഇല്ലെങ്കിലും ആര്ഭാടതിനു
കുറവില്ലാതെ നാല് നേരവും മദ്യപിച്ച് നടക്കുന്ന അഞ്ചു പേരുടെ കഥയാണ് ഈ
സംഭവം.. രെമ്യയുടെ ഐറ്റം ഡാന്‍സും പ്രിതിരാജു ചേട്ടന്റെ ഐറ്റം ഫൈട്ടുമാണ്
സിനിമയുടെ ഹൈ ലൈറ്റ് .
2012 ലെ ഏറ്റവും വലിയ ഒരു സിനിമാ അക്രമം ആയി മാറിയേക്കാവുന്ന ചിത്രം കൂടിയാവും ഇത് എന്നതില്‍ തര്‍ക്കമില്ല.
ഇതിലെ മുന്നൂറു കോടി രൂപ അടിച്ചു മാറ്റുന്ന ഒരു രംഗം ചിലപ്പോള്‍ ഹോളിവുഡ് സിനിമകള്‍ കട്ടെടുക്കാന്‍ സാദ്യതയുള്ളതാണ്!
വെറുതെ പട്ടി ചന്തക്കു പോകുന്നത് പോലെയാണ് നാലും കൂടി പോയി ആ പണം ചുമ്മാ അങ്ങ് തോളത്തിട്ടു കൊണ്ട് പോകുന്നത് !!
തമാശക്കാനെങ്കില്‍ സിനിമയില്‍ ഒരു പഞ്ഞവുമില്ല , തുടക്കം മുതല്‍ ഒടുക്കം
വരെ കലിപ്പ് മുഖവുമായി തമാശ പറയാന്‍ മത്സരിക്കുകയാണ് റഹ്മാനും മണിയും ..
മറ്റൊരു സവിശേഷത ഉത്സവ പറമ്പിലെ പൊട്ടാസ് തോക്കുകള്‍ ആണ് ഈ സിനിമയില്‍
വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് , ആളുകള്‍ ചാവാത്തത്
കാണുമ്പോള്‍ സ്ക്രീനിലേക്ക് കയറി തല്ലിക്കൊല്ലാന്‍ വരെ നമുക്ക്
തോന്നിയേക്കാവുന്ന നിരവധി രംഗങ്ങള്‍ .
രണ്ടാം പകുതിയില്‍ ആന വരും ചേന വരും എന്ന് കരുതി ആദ്യ പകുതിയിലെ ക്ഷീണം മറക്കുന്ന നമ്മളെ കാത്തിരിക്കുന്നത് അതിലും വലിയതാണ് .
രണ്ടാം പകുതി പൊട്ടാസും പുകയും നിറഞ്ഞതാണ് , വെടി കൊണ്ട് അരിപ്പ പോലെ തുള
വീണു നില്‍ക്കുന്ന മണി , റഹ്മാന്‍ , ഇന്ദ്രജിത്ത്, വിനായകന്‍ , എന്നിവര്‍
പൊട്ടിച്ചിരിക്കുന്ന രംഗം അതിമനോഹരമാണ്.. അതിനു ശേഷം എല്ലാവരെയും കൊന്നു
തീര്‍ത്തിട്ട് ബീഡി വലിക്കുന്ന രംഗം !!! ഹോ പ്രേക്ഷകന്‍ ആനന്ദ
നിര്‍വൃതിയടയുന്ന ആ രംഗം വന്‍ ആവേശത്തോടെയാണ് കാഴ്ചക്കാര്‍ ഏറ്റെടുത്ത് ..
അവിടെയും തീരാത്ത സിനിമ ഈ കാലന്മാര്‍ നരകതിലെതി അവിടെ നടക്കുന്ന മറ്റൊരു
ഐറ്റം ഡാന്‍സിലാണ് തീര്‍ന്ന് കാഴ്ചക്കാരന് അന്ത്യ കൂദാശ കൊടുക്കുന്നത്.
അടിച്ചു പോയ ചെവിയുടെ ഡയഫ്രം ശരിയാക്കാന്‍ ഉടന്‍ തന്നെ ഒരു ഇ എന്‍ ടി യെ കാണേണ്ടി വരുമെന്ന് ഭയപ്പെട്ട നിമിഷങ്ങള്‍ ...
വളരെ മനോഹരമായി ഒരു പ്രേക്ഷകനെ എങ്ങനെ കൊല്ലാം എന്ന് അമല്‍ നീരദ് എന്ന മിടുക്കനായ സംവിധായകന്‍ തെളിയിച്ചിരിക്കുന്നു ..
സംവിധായകന്‍ കന്ജാവടിച്ചിരുന്നോ എന്ന ഒരു സംശയം മനസ്സില്‍ ബാക്കി
നില്കുംബോലും ഞാന്‍ പ്രാകിയത് വിഷ്ണുവിനെയാണ്, ഇത് കാണാന്‍
കയറിയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ച ചിരിയിലെ അപകടം
മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..
അതിമനോഹരമായ ഒരു സ്ലോ മോഷന്‍ ചിത്രം !!
പ്രത്യേകിച്ചു പറയാന്‍ ഒരു വേലയും കൂലിയും ഇല്ലെങ്കിലും ആര്ഭാടതിനു കുറവില്ലാതെ നാല് നേരവും മദ്യപിച്ച് നടക്കുന്ന അഞ്ചു പേരുടെ കഥയാണ് ഈ സംഭവം.. രെമ്യയുടെ ഐറ്റം ഡാന്‍സും പ്രിതിരാജു ചേട്ടന്റെ ഐറ്റം ഫൈട്ടുമാണ് സിനിമയുടെ ഹൈ ലൈറ്റ് .
2012 ലെ ഏറ്റവും വലിയ ഒരു സിനിമാ അക്രമം ആയി മാറിയേക്കാവുന്ന ചിത്രം കൂടിയാവും ഇത് എന്നതില്‍ തര്‍ക്കമില്ല.
ഇതിലെ മുന്നൂറു കോടി രൂപ അടിച്ചു മാറ്റുന്ന ഒരു രംഗം ചിലപ്പോള്‍ ഹോളിവുഡ് സിനിമകള്‍ കട്ടെടുക്കാന്‍ സാദ്യതയുള്ളതാണ്!
വെറുതെ പട്ടി ചന്തക്കു പോകുന്നത് പോലെയാണ് നാലും കൂടി പോയി ആ പണം ചുമ്മാ അങ്ങ് തോളത്തിട്ടു കൊണ്ട് പോകുന്നത് !!
തമാശക്കാനെങ്കില്‍ സിനിമയില്‍ ഒരു പഞ്ഞവുമില്ല , തുടക്കം മുതല്‍ ഒടുക്കം വരെ കലിപ്പ് മുഖവുമായി തമാശ പറയാന്‍ മത്സരിക്കുകയാണ് റഹ്മാനും മണിയും ..
മറ്റൊരു സവിശേഷത ഉത്സവ പറമ്പിലെ പൊട്ടാസ് തോക്കുകള്‍ ആണ് ഈ സിനിമയില്‍ വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് , ആളുകള്‍ ചാവാത്തത് കാണുമ്പോള്‍ സ്ക്രീനിലേക്ക് കയറി തല്ലിക്കൊല്ലാന്‍ വരെ നമുക്ക് തോന്നിയേക്കാവുന്ന നിരവധി രംഗങ്ങള്‍ .
രണ്ടാം പകുതിയില്‍ ആന വരും ചേന വരും എന്ന് കരുതി ആദ്യ പകുതിയിലെ ക്ഷീണം മറക്കുന്ന നമ്മളെ കാത്തിരിക്കുന്നത് അതിലും വലിയതാണ് .
രണ്ടാം പകുതി പൊട്ടാസും പുകയും നിറഞ്ഞതാണ് , വെടി കൊണ്ട് അരിപ്പ പോലെ തുള വീണു നില്‍ക്കുന്ന മണി , റഹ്മാന്‍ , ഇന്ദ്രജിത്ത്, വിനായകന്‍ , എന്നിവര്‍ പൊട്ടിച്ചിരിക്കുന്ന രംഗം അതിമനോഹരമാണ്.. അതിനു ശേഷം എല്ലാവരെയും കൊന്നു തീര്‍ത്തിട്ട് ബീഡി വലിക്കുന്ന രംഗം !!! ഹോ പ്രേക്ഷകന്‍ ആനന്ദ നിര്‍വൃതിയടയുന്ന ആ രംഗം വന്‍ ആവേശത്തോടെയാണ് കാഴ്ചക്കാര്‍ ഏറ്റെടുത്ത് ..
അവിടെയും തീരാത്ത സിനിമ ഈ കാലന്മാര്‍ നരകതിലെതി അവിടെ നടക്കുന്ന മറ്റൊരു ഐറ്റം ഡാന്‍സിലാണ് തീര്‍ന്ന് കാഴ്ചക്കാരന് അന്ത്യ കൂദാശ കൊടുക്കുന്നത്.
അടിച്ചു പോയ ചെവിയുടെ ഡയഫ്രം ശരിയാക്കാന്‍ ഉടന്‍ തന്നെ ഒരു ഇ എന്‍ ടി യെ കാണേണ്ടി വരുമെന്ന് ഭയപ്പെട്ട നിമിഷങ്ങള്‍ ...
വളരെ മനോഹരമായി ഒരു പ്രേക്ഷകനെ എങ്ങനെ കൊല്ലാം എന്ന് അമല്‍ നീരദ് എന്ന മിടുക്കനായ സംവിധായകന്‍ തെളിയിച്ചിരിക്കുന്നു ..
സംവിധായകന്‍ കന്ജാവടിച്ചിരുന്നോ എന്ന ഒരു സംശയം മനസ്സില്‍ ബാക്കി നില്കുംബോലും ഞാന്‍ പ്രാകിയത് വിഷ്ണുവിനെയാണ്, ഇത് കാണാന്‍ കയറിയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ച ചിരിയിലെ അപകടം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..
Saturday, 16 June 2012
"സ്പിരിറ്റ് "
മനോഹരമായ ഒരു രഞ്ജിത്ത് സിനിമ..
മദ്യത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറം ലോകം നോക്കി കാണുന്ന രഘുനന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം നമുക്ക് ചുറ്റുമുള്ള അനേകം ആളുകളില്‍ ഒന്ന് തന്നെയാണ്. മദ്യം മാറ്റിയെടുത്ത ഒരു മനുഷ്യന്‍, അതയാള്‍ക്ക് ഒരു ലോകം തന്നെ തീര്‍ത്തു കൊടുക്കുന്നു ..
ആ ലോകത്തില്‍ നിന്നും പുറത്തിറങ്ങുന്ന അയാള്‍ കാണുന്നത് നിറമുള്ള ജീവിത കാഴ്ചകള്‍ ആണ് !
ആ കാഴ്ചകളിലെ സത്യം ആണ് സ്പിരിറ്റ് എന്ന സിനിമ . മോഹന്‍ലാല്‍ എന്ന അതുല്ല്യ നടന്‍റെ അഭിനയ മികവു കൊണ്ടും ശ്രദ്ദേയമായ ചിത്രം.. മദ്യപാനിയായ രഘുനന്ദനായി മോഹന്‍ലാല്‍ ജീവിക്കുകയാണ് സിനിമയില്‍ , സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ഈ അഭിനയ മികവ് തന്നെയാണ്.
ഒപ്പം മികച്ച അഭിനയവുമായി തിലകനും നന്ദുവും..
നന്ദു എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വേഷം ഇത് തന്നെയാവും .
സിനിമ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം വളരെ നന്നായി കാഴ്ച്ചക്കാരനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം . എല്ലാവര്ക്കും അറിയാവുന്ന വിഷയമാണെങ്കില്‍ പോലും അതിനു ശരിയായ പ്രാധാന്യം കൊടുത്ത് കാഴ്ചക്കാരന്റെ ഉള്ളു തുറപ്പിക്കുന്ന ലളിതമായ ചിത്രം ആണ് സ്പിരിറ്റ് .
മദ്യത്തിന്‍റെ ദൂഷ്യ ഫലങ്ങളെ ശക്തമായി അനാവരണം ചെയ്യുന്ന ചിത്രം ഇന്നത്തെ മാറുന്ന മദ്യ സംസ്ക്കാരത്തിനു നേരെ പിടിച്ച കണ്ണാടിയാണ് .
ഒരു നല്ല സംവിധായകന്‍റെ സമൂഹത്തോടുള്ള കടമ നിറവേട്ടാനായതില്‍ രണ്ജിതിനു അഭിമാനിക്കാം .
Subscribe to:
Posts (Atom)








