Saturday, 7 March 2015


കടല്‍ മദ്ധ്യത്തിലൊരു 
ചെറു തുരുത്ത് പോലെ 
അവളുടെ ഇടത്തെ കണ്ണിലൊരു 
കാക്കപ്പുള്ളി ഒരു കടല്‍ 
യാത്രക്കൊടുവിലാണയാള്‍
കണ്ടെത്തിയത്..

ദാമ്പത്യത്തിന്‍റെ
നീണ്ട പതിനാല്
സംവത്സരങ്ങള്‍ക്കപ്പുറം
ഹൃദയമിടിപ്പുകള്‍
മാത്രമവശേഷിച്ച ഒരു
നിശബ്ദതയില്‍
അയാള്‍ തളര്‍ന്നു വീണത്
അവളുടെ ഇടത്തെ
കണ്ണിലേക്കായിരുന്നു..

പുതിയ തീരം കണ്ടെത്തിയ
നാവികന്‍റെ ആവേശത്തോടെ
അയാളത് ചൂണ്ടി കാണിക്കുമ്പോള്‍
അവളുടെ മനസ്സില്‍
ആദ്യ കാമുകനായിരുന്നു..

എത്ര പെട്ടന്നാണവന്‍
പ്രണയം പറഞ്ഞു
പതിനാലാം മിനിറ്റില്‍
കണ്ണിലെ കാക്കപ്പുള്ളിയെക്കുറിച്ച്‌
കവിതയെഴുതിയത്..

GK

Tuesday, 25 November 2014

തിരുശേഷിപ്പുകള്‍



അച്ഛനും മകനും പരസ്പരം മിണ്ടിയില്ല.. 
ആരംഭിക്കാന്‍ പോകുന്ന തുലാവര്‍ഷ രാത്രി പോലെയായിരുന്നു അച്ഛന്റെ മുഖം. അയാളൊരു കടലിനെ മുഖത്തൊളിപ്പിച്ചിരുന്നു. ഖനീഭവിച്ച ഓര്‍മ്മകളുടെ ഭാരം പേറി, കാറ്റിളക്കങ്ങളില്ലാതെ, തീരം തൊടാത്ത തിരമാലകളുമായി അയാളെന്ന കടല്‍ വിജനതയിലേക്ക് മിഴിനട്ടിരുന്നു..

മകന്‍ സംസാരിക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു. 
അച്ഛനോട് സംസാരിക്കാനൊരു വിഷയമില്ല എന്നത് അവനെ അസ്വസ്ഥനാക്കിയില്ല, അവനു പറയാനുള്ളതൊക്കെയും കേട്ടിരുന്നത് അമ്മയായിരുന്നു. എന്തിനും ആദ്യം ശകാരിക്കുന്ന അമ്മ, പറയുന്ന കാര്യത്തിലെ നല്ലതും ചീത്തയും വേര്‍തിരിക്കുന്ന അമ്മ, തന്‍റെ ഇഷ്ടങ്ങള്‍ക്ക് എന്നുമൊപ്പം നിന്നിട്ടുള്ള അമ്മ..അമ്മയുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല, അമ്മയുടെ ഇഷ്ട്ടങ്ങളെ സ്നേഹിക്കാനും ശ്രമിച്ചിട്ടില്ല.. 
താനെന്ന മകന്‍ സ്വാര്‍ത്ഥനാണ്. അവനു വിഷമം തോന്നി, അതോടൊപ്പം മറ്റു പലതിനോടും ദേഷ്യവും..
ദേഷ്യം കാറിന്റെ ആക്സിലേറ്ററില്‍പലതവണ കൂടുതലുരഞ്ഞമര്‍ന്നു കൊണ്ടിരുന്നു. കാറൊരു നേര്‍ റോഡിലൂടെ നിലം തൊടാതെ പാഞ്ഞു. ഇരു വശവും നെല്‍ പാടങ്ങളാണ്. കുറച്ചു മുന്‍പ് കുളിച്ചു കയറിയ പുഴയുടെ കൈ വഴികളിലൊന്ന് തങ്ങളെ പിന്‍ തുടരുന്നതായി അവനു തോന്നി..സ്പീഡ് വീണ്ടും കൂടിയപ്പോള്‍ അമ്മ പിന്നിലിരുന്ന് ശാസിച്ചു. “നിനക്കെന്താ ഭ്രാന്ത് പിടിച്ചോ, പതുക്കെ പോയാല്‍ മതി”. അവന്‍ മറുപടി പറഞ്ഞില്ല, 

മുകളില്‍ ആകാശം ഇരുണ്ടുകൂടി നില്‍പ്പുണ്ട്. ഏറെക്കുറെ വിജനമായ റോഡില്‍ കുറച്ചു മുന്നിലായൊരു പെട്ടിക്കട കണ്ടപ്പോള്‍ അച്ഛന്‍ വണ്ടി നിര്‍ത്താന്‍ ആഗ്യം കാണിച്ചു.കടയ്ക്കു മുന്നില്‍ പൊടി പറത്തിക്കൊണ്ട് നിരങ്ങി നിന്ന കാറില്‍ നിന്നും അയാള്‍ മാത്രമിറങ്ങി. കടയിലെ നരച്ച മുടിയുള്ള വയസ്സന്റെ കണ്ണുകളില്‍ തിളക്കം കണ്ടു. റോഡരികിലെ പുളിമരത്തിന്‍റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്ന അയാളുടെ വിരലുകള്‍ക്കിടയില്‍ തീയെരിയുന്നുണ്ടായിരുന്നു..അവന്‍ ഡോറിന്റെ ഗ്ലാസ് താഴ്ത്തി, കാറ്റടിക്കുന്നുണ്ടായിരുന്നു. മുന്നിലൂടെ കടന്നു പോയ രണ്ടുപേര്‍ക്ക് വാറ്റു ചാരായത്തിന്റെ മണം.. അടിവാരത്ത് കഞ്ചാവും വാറ്റ് ചാരായവും വില്‍ക്കുന്ന ഒരു കിഴവനുണ്ടെന്ന്‍ പറഞ്ഞു കേട്ടിട്ടുണ്ട്,പോകണം..തെറുത്ത ബീഡിയുടെ മൂന്നാമത്തെ പുകയും ഉള്ളിലിരുത്തി കുന്ന് കയറണം, പുഴ മുറിച്ചു കടക്കണം, പിന്നിലേക്ക്‌ പോകണം, അഞ്ചു ദിവസം പിന്നിലേക്ക്‌..അതോര്‍ത്തപ്പോള്‍ അവന്‍റെ തലക്കുള്ളില്‍ ഒരു കടന്നല്‍ കൂടിളകി, ഒക്കെയും മറക്കണം, പക്ഷെ എങ്ങിനെ മറക്കാനാണ്? തനിക്കതിനാവില്ല.

സിഗരറ്റ് കുറ്റി ഓടയില്‍ കളഞ്ഞ് അച്ഛന്‍ കാറിലേക്ക് കയറി, അവന്‍ വണ്ടിയെടുത്തു. അഞ്ചു ദിവസമായി ഉറങ്ങിയിട്ട്, കണ്ണടച്ചാല്‍ പല കാഴ്ചകളാണ്, മോഹിപ്പിക്കുന്ന കാഴ്ച്ചകള്‍.. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചെവിക്കുള്ളില്‍ആരോ പറയുമ്പോള്‍ ഭയം തോന്നുന്നു..
എഫ് എമില്‍ ഇഷ്ട്ട ഗാനം..“തുച്സെ നാരാസ് നഹി സിന്ദഗി, ഹേരാന് ഹു മെ..”
പിന്‍ സീറ്റില്‍ അമ്മ പുഞ്ചിരിക്കുന്നു, അമ്മയ്ക്ക് ചിരിക്കാം, മകനെപ്പറ്റി ചിന്തയില്ലാത്ത ഒരമ്മ..
അമ്മക്ക് തന്നെക്കാളിഷ്ട്ടം ചെടികളും പൂക്കളും മരങ്ങളുമൊക്കെയാണല്ലോ.. തന്‍റെ കഥകള്‍ ചിരിച്ചു കൊണ്ട് കേള്‍ക്കുംബോളും അമ്മയുടെ മനസ്സ് നിറയെ മറ്റുള്ളവരുടെ വിഷമങ്ങളായിരുന്നല്ലോ..സ്വാര്‍ത്ഥനായ മകന്‍.. അതെ അതു തന്നെയാണ് താന്‍..

പാട്ട് അതിന്‍റെ അവസാന വരികള്‍ കൊണ്ട് അവനെ ഉറക്കത്തിലേക്ക് കെട്ടിത്തൂക്കിയിരുന്നു, ഒരു നേര്‍ത്ത പിടച്ചില്‍ പോലുമില്ലാതെ അവന്‍ ഉറക്കത്തിലേക്ക് മരിച്ചു വീണു..രണ്ടു നിമിഷങ്ങള്‍.. അതോ അതിലധികമോ, മണിക്കൂറുകള്‍ നീണ്ട ഗാഡമായ ഒരുറക്കം പോലെ അതവനെ തോന്നിപ്പിച്ചു. തുറന്നു പിടിച്ച കണ്ണുകള്‍ക്കുള്ളിലെ അടഞ്ഞ ലോകം...അങ്ങനെയെത്ര ദൂരം താണ്ടിയിട്ടുണ്ടാവും..
“അപ്പുവേ...”പിന്‍ സീറ്റില്‍ നിന്നും അമ്മയുറക്കെ വിളിച്ചപ്പോളാണ് ഞെട്ടിയുണര്‍ന്നത്..
പെട്ടന്ന് സ്റ്റിയറിംഗ് വളച്ചെടുത്തു, കാര്‍ റോഡരികിലെ മരങ്ങള്‍ക്കടുത്ത് എത്തിയിരുന്നു..അമ്മ വഴക്ക് പറയുന്നുണ്ട്, അച്ഛന്‍ ഉറക്കമാണ്.

അവന് ചെറുതല്ലാത്ത അത്ഭുതം തോന്നി..തനിക്കെങ്ങനെ ഉറങ്ങാന്‍ കഴിഞ്ഞു??നൂല് പൊട്ടിയ ഒരു പട്ടം കണക്ക് പായുകയാണ് മനസ്സ്..ഒരു ശിഖരത്തിലും ഉടക്കാതെ, ഒരിലയില്‍ പോലും തൊടാതെ ആകാശത്തിന്‍റെ അനന്തതയിലേക്ക് അതാരെയോ തിരഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്നു..എല്ലാവരോടും വെറുപ്പ് തോന്നുന്നു, തനിച്ചാക്കി പോയവരോട്, മഴയത്ത് കുടയില്‍ നിന്നിറക്കി വിട്ട അമ്മയോട്, സംസാരിക്കാത്ത അച്ഛനോട്.. സഹതപിക്കുന്ന ആളുകളോട്.. അമ്മ നട്ട മരങ്ങളോട്.. തനിക്ക് കിട്ടേണ്ട സ്നേഹം പകുത്തെടുത്ത പൂക്കളോടും ചെടികളോടും..
സ്വാര്‍ത്ഥത..

കണ്ണു നിറഞ്ഞ് റോഡ്‌ അവ്യക്തമായപ്പോള്‍ അവന്‍ പല്ലു കടിച്ചു കൊണ്ട് വണ്ടിയോടിച്ചു..വലിഞ്ഞു മുറുകിയ മുഖം നനച്ചുകൊണ്ട് രണ്ടു പുഴകള്‍ ഒഴുകി..രാവിലെ കര്‍മ്മം ചെയ്ത് കുളിച്ചു കയറിയ പുഴയില്‍ ലയിച്ച അതേ നീര്‍ ചാലുകള്‍..

വീടെത്തിയിരിക്കുന്നു.വീര്‍പ്പു മുട്ടിക്കുന്ന പകലുകളും ഉറക്കം തരാത്ത രാത്രികളും മാത്രം തരുന്ന വീട്..അച്ഛനിറങ്ങി ഗേറ്റ് തുറന്നിട്ട്‌ വീട്ടിലേക്ക് നടന്നു.രണ്ടു പേരും പരസ്പരം നോക്കാന്‍ ഭയപ്പെട്ടിരുന്നു..കാര്‍ നിര്‍ത്തിയിട്ടും പിന്‍ സീറ്റിലേക്ക് നോക്കിയില്ല..പിന്‍ വാതിലുകള്‍ അടഞ്ഞു തന്നെ കിടന്നു, ഈ വീട്ടില്‍ ഇറങ്ങാനുള്ളത് അച്ഛനും മകനും മാത്രമാണ്.അമ്മയിറങ്ങി പോയിട്ട് അഞ്ചു ദിവസം...

അവന്‍ വണ്ടിയില്‍ നിന്നിറങ്ങി തെക്കേ പറമ്പിലേക്ക് നടന്നു. ഇരു വശവും നിരന്നു നില്‍ക്കുന്ന ചെടികളെ വെറുപ്പോടെ നോക്കി, പക്ഷെ അവ ചിരിച്ചു തന്നെ നിന്നു..ചിരിക്കുന്ന പൂവുകള്‍!
പേര മരത്തിലേക്ക് പടര്ത്തിയിട്ടിരിക്കുന്ന മുല്ലപ്പന്തല്‍ നിറയെ പൂവിട്ടിരിക്കുന്നു.. ഒരു വള്ളിയില്‍ മെല്ലെ വലിച്ചു കുടഞ്ഞപ്പോള്‍ പൂമഴ!!ആദ്യമായി കൌതുകത്തോടെ അവനാ മഴ നനഞ്ഞു..ഇലപ്പടര്‍പ്പുകള്ക്കിടയിലൂടെ ആകാശം കണ്ടു, ഇരുണ്ട് കൂടിയ കാര്‍ മേഘങ്ങളെ ആരോ മായ്ച്ചിരിക്കുന്നു. ഇലകള്‍ക്കുള്ളിലിരുന്നു ഒരു കുയില്‍ അവനു വേണ്ടി നീട്ടി പാടി.
തൊട്ടടുത്ത് ശംഖു പുഷ്പ ഇലകള്‍ക്കിടയില്‍ ഒരു കുരുവിക്കൂട്..കുഞ്ഞിന് കാവലിരിക്കുന്ന ഒരു അമ്മക്കിളി..അടുത്ത് ചെന്നിട്ടും അത് പറന്നു പോയില്ല, നീ ഞങ്ങള്‍ക്ക് അന്യനല്ല എന്നു അത് മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം ഇവിടെ മുന്‍പും ഉണ്ടായിരുന്നോ എന്നവന്‍ അത്ഭുതപ്പെട്ടു.. അമ്മയുടെ ലോകം!!  

മരചാമ്പയില്‍ നിന്നും കാറ്റടര്‍ത്തിയിട്ട ഒരു ചാമ്പക്കയെടുത്തവന്‍ കടിച്ചു, ഇതുവരെ തോന്നാത്ത മധുരം..ചാമ്പ പൂത്തത് ആദ്യം കാണിക്കാന്‍ അമ്മ  ഓടിവന്നു തന്നെ വിളിച്ചത് അവനോര്‍ത്തു, അതുപോലെ കുരുവി മുട്ടയിട്ടത്. പല പുതിയ ചെടികളും പൂവിട്ടത്. മാവ് ആദ്യായിട്ട് പൂത്തതും, പുതിയ കിളികള്‍ വിരുന്നു വന്നതും.. 
അങ്ങനെ എത്രയെത്ര കൌതുക കാഴ്ച്ചകളായിരുന്നു.. പിന്നെ കാണാമെന്നു പറഞ്ഞ് എത്രയോ തവണ തന്‍റെ ലോകത്തിരുന്നിട്ടുണ്ട്..
അവനു കാലുകള്‍ തളരും പോലെ തോന്നി..ആഞ്ഞിലി മരത്തിന്‍റെ നെറുകയില്‍ നിന്നും ഒരു കാറ്റ് വട്ടം ചുറ്റി താഴേക്കിറങ്ങി അവന്‍റെ മുടികളെ തഴുകി.. അമ്മയുടെ വിരലുകള്‍!! 
വാടി നില്‍ക്കുന്ന കോവലും വെള്ളരിയും കണ്ടപ്പോള്‍ അവനതിനു വെള്ളമൊഴിച്ചു കൊടുത്തു..ചുറ്റും ചിരിക്കുന്ന ഇലകള്‍, പൂക്കള്‍, കായ്കള്‍..അവനുറക്കം വന്നു, 

പറമ്പിന്റെ തെക്കേയറ്റത്തെ ചാമ്പപ്പൂ മെത്തയില്‍ ഇരുന്ന് കൊണ്ട് അവനഞ്ചു ദിവസം മുന്‍പ് നട്ട തുളസി തൈ നോക്കി..
അതവനെ നോക്കി ചിരിച്ചു..കിളികളും കാറ്റും ചെടികളും അവനു കൂട്ടിരുന്നപ്പോള്‍ അസ്ഥികളില്‍ വേരുറപ്പിച്ച ആ തുളസിചെടി അവനൊരു തിരു ശേഷിപ്പിന്റെ ഉയര്‍പ്പ് കഥ പറഞ്ഞു കൊടുത്തു..;
മരണമില്ലാത്ത ചില സ്നേഹങ്ങള്‍ ഭൂമിയിലവശേഷിപ്പിക്കുന്ന വേരുകളുടെ കഥ..

Thursday, 16 October 2014

അഞ്ചു ദിവസങ്ങൾ..


കലണ്ടറിൽ ചുവപ്പു വട്ടമിട്ട ഒന്നാം ദിവസം അവസാനിക്കാറായപ്പോൾ ഫാനിൽ കെട്ടിയ സാരിത്തുമ്പിൽ മനസ്സിനെ കുരുക്കി പിടയുകയായിരുന്നു അവൾ.
മുറിയുടെ നാലു ചുവരുകളും ചുരുങ്ങി ചുരുങ്ങി തന്നെ ശ്വാസം മുട്ടിക്കുന്നതായി തോന്നിയപ്പോൾ അവളൊരു മൂലയിലേക്ക് പതുങ്ങിയിരുന്ന് നിശബ്ദം കരഞ്ഞു..
മനസ്സ് തീ പിടിച്ച ഒരു പട്ടം കണക്ക് എവിടേയ്ക്കോ പായുകയാണ്, ശരീരത്തിൽ എവിടെയൊക്കെയോ മുറിഞ്ഞ് രക്തം വാർന്നോഴുകുന്നതായി അവൾക്കു തോന്നി. പാതി ചാരിയ ജനാലയിൽ നിന്നും ഇടയ്ക്കിടെ വീശുന്ന പാതിരാക്കാറ്റിനെപ്പോലും അവൾ വല്ലാതെ ഭയപ്പെട്ടു..

ഇരുട്ടിന്റെ പുതപ്പുമായ് മരണം തണുത്തുറഞ്ഞ ഒരു കാറ്റ് പോലെ തന്റെ ജനാലകൾക്കു പിന്നിൽ വല്ലാത്തൊരു കൊതിയോടെ കാത്തു നിൽക്കുന്നതായി അവൾക്കു തോന്നി, മരണമതിന്റെ എല്ലാ സൗന്ദര്യവുമായി വന്ന് മോഹിപ്പിക്കുന്ന ഒരു പൂവിനെപ്പോലെ ചിരിക്കുന്നു..

ബഡ് ഷീറ്റിനടിയിൽ കിടന്ന് മൊബൈൽ ഫോണ്‍ രണ്ടാം വട്ടം കരഞ്ഞു തുടങ്ങിയിരിക്കുന്നു..
അയാൾ പോയിട്ട് മാസം മൂന്നാവാറായിരിക്കുന്നു.. അയാളുടെ അവസാന മെസേജ് വെറുപ്പോടെ വായിചിട്ടവൾ ഡിലീറ്റ് ചെയ്തു.
എന്നത്തെയും പോലെ പ്രത്യേകതകൾ ഒന്നുമില്ല അതിൽ.. ജോലിയിലെ തിരക്കുകൾ.. പുതിയ നേട്ടങ്ങൾ.. ചില ഓർമ്മപ്പെടുത്തലുകളും നിർദ്ധേശങ്ങളും..

ചുവരിലെ ഫാൻസി ലൈറ്റിനടിയിൽ നിന്നും ഒരു പല്ലി ഇടയ്ക്കിടെ തലയെത്തിച്ചു നോക്കിക്കൊണ്ടിരുന്നു..
വെളിച്ചം കണ്ടു മോഹിച്ചെത്തിയ ഒരു കുഞ്ഞു പ്രാണി ആ വായ്ക്കുള്ളിൽ ജീവിതം അവസാനിപ്പിക്കുന്നത് കണ്ടപ്പോൾ അവളെഴുന്നേറ്റു നടന്നു..
മുറിയിലെ ഫാനിനേക്കാൾ വേഗത്തിലാണ് മനസ്സ് കറങ്ങുന്നത്.
മനസ്സിലും ശരീരത്തിലും എന്തോ കത്തിക്കൊണ്ടിരിക്കുന്നു, ശരീരം മനസ്സിനോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.. ഈ നശിച്ച രാത്രിയോന്ന് അവസാനിചിരുന്നെങ്കിൽ ..
ഇരുട്ടിലെവിടെ നിന്നോ ചെമ്പകം പൂവിട്ട ഗന്ധം വരുന്നുണ്ട്.
ആദ്യത്തെ രാത്രിയിൽ തന്റെ വിയർപ്പിന് ചെമ്പകത്തിന്റെ മണമാണെന്ന് അയാൾ പറഞ്ഞത് അവൾ വെറുതെയോർത്തു.
കുറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കും അനാവശ്യ സംശയങ്ങൾക്കിടയിലും രാത്രികൾക്ക് മാത്രം ചെമ്പക ഗന്ധം മതിയായിരുന്നു അയാൾക്ക്‌..
അയാളുടെ സന്തോഷങ്ങൾക്കൊപ്പം നടന്നിട്ടും ഒരിക്കൽ പോലും തനിക്കിഷ്ടമുള്ള ഗന്ധം അയാൾ അറിയാൻ ശ്രമിച്ചില്ല.

അഴിഞ്ഞു വീഴാറായ സാരിയഴിച്ച് ബഡിലേക്കെറിഞ്ഞ് മുടിയഴിച്ചു കൊണ്ടവൾ ജനാലകൾ തള്ളി തുറന്നു..
കട്ടി കൂടിയ ഇരുട്ടിന് മഞ്ഞിന്റെ കനമുണ്ട് ..
അകലെയെവിടെയോ ഒരു പക്ഷി ശോഷിച്ച ശബ്ദത്തിൽ പാടുന്നു.
ഇടയ്ക്കിടെ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി നിന്നപ്പോളാണ് താൻ നഗ്നയാണെന്ന കാര്യം അവളോർത്തത്, മഞ്ഞു നനവുള്ള തണുത്ത കാറ്റടിച്ചപ്പോൾ ഈ ഇരുട്ടിന് കരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു..
അകത്തൊരു കടൽ ഇരമ്പി മറിയുകയാണ്.. മനസ്സിലൊരു യുദ്ധം നടക്കുന്നു.
മനസ്സ് രണ്ടു പാതികളായിരിക്കുന്നു, അതിലൊന്ന് ഇപ്പോളും അയാൾക്ക്‌ വേണ്ടി വാദിക്കുന്നതോർത്തപ്പോൾ അവൾക്ക് ആശ്ചര്യം തോന്നി.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധമാണ് മറു വശത്ത്, എതിർ ചേരിയിൽ ലോകം മുഴുവനുമുണ്ട്..
മുൻ നിരയിൽ അയാളും ബന്ധുക്കളും നാട്ടുകാരും..
അവൾക്കുറക്കെയുറക്കെ പൊട്ടിക്കരയാൻ തോന്നി

പ്രലോഭനങ്ങളും ചൂഴ്ന്നു നോക്കുന്ന കണ്ണുകളും പ്രണയം കത്തുന്ന മുഖങ്ങളും ഏറെയുണ്ടായിരുന്നിട്ടും അയാളുടേത് മാത്രമായിരുന്നു താൻ.
ചുവരുകൾക്കപ്പുറമുള്ള സ്വർഗ്ഗം കണ്ടില്ലെന്നു നടിച്ചു.. അടച്ചു പൂട്ടിയ ജനലുകൽക്കും വാതിലുകൾക്കും ഉള്ളിലെ ലോകം സുന്ദരമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..
എന്നിട്ടും തന്റെ ചുവന്ന കവിളുകൾ പല തവണ ചുവരിൽ ഉരഞ്ഞു, അയാളുടെ തടിച്ച കൈ വിരലുകൾ അതിൽ അപൂർണ്ണങ്ങളായ ചിത്രങ്ങൾ വരച്ചു..

കോളേജ് ജീവിതം അവസാനിച്ചപ്പോൾ ജോലിക്ക് പോകാൻ വീട്ടുകാർ അനുവദിച്ചില്ല, മനസ്സിനിഷ്ട്ടപ്പെട്ടയാൾ ഒരു മറുപടി പോലും പറയാതെ പോയപ്പോൾ വീട്ടുകാരുടെ അഭിപ്രായത്തിനൊപ്പം നിന്നു.. പിന്നെ വിവാഹം ..

മനസ്സിന്റെ ജാലകങ്ങളൊക്കെയും കൊട്ടിയടച്ചത് അന്ന് മുതലാണ്‌. അയാളുടെ ഇഷ്ടങ്ങൾ.. അയാൾക്കിഷ്ടമുള്ള വസ്ത്രം, അയാൾ പറയുന്ന സൌഹൃദം..
തന്റെ മനസ്സിന്റെ ഇഷ്ടങ്ങൾ ആരാണ് ചോദിച്ചിട്ടുള്ളത് ?
ജീവിതത്തിന്റെ നല്ല ഭാഗം കഴിയാറാവുന്നു.. ഇനിയൊരു നല്ല പകൽ ജീവിതത്തിലുണ്ടാവില്ല.
കണ്ണുകളിൽ നിന്നും ദേഹത്തേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നു രണ്ടു ചാലുകൾ..
എരിഞ്ഞു കത്തുകയാണ് മനസ്സിൽ ചിന്തകൾ, ശേഷിച്ച വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് ഒരു ഭ്രാന്തിയെപ്പോലെ അവളാ മുറിയിൽ പലകുറി നടന്നു..
ചുവന്ന കാൽപ്പാടുകളിൽ വീണ്ടും ചവിട്ടി, കളങ്ങൾ വരച്ചു കൊണ്ട് ശരീരം നഷ്ട്ടപ്പെട്ട ഒരാത്മാവിനെപ്പോലെ അവളാ ജനലഴികളിൽ പിടിച്ചു കൊണ്ട് ഇരുട്ടിനോട്‌ സംസാരിച്ചു..

ഇരുട്ടിന്റെ കരങ്ങൾ തന്റെ ശരീരത്തിലേക്ക് പടർന്നു കയറി ഒരു സ്വർഗ്ഗത്തിന്റെ അനന്തതയിലേക്ക് തന്നെ കൊണ്ടു പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. മുഖമില്ലാത്ത ഇരുട്ട് തന്നെ കരവലയങ്ങൾക്കുള്ളിലൊതുക്കി ചുണ്ടുകൾ കൊണ്ട് കഥ പറഞ്ഞ് ഒരു കുഞ്ഞിനെയെന്നപോലെ സമാധാനം നിറഞ്ഞ ഒരു ആലസ്യത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ട് പോകുന്നത് അവൾ സ്വപ്നം കണ്ടു.
പാതിരാക്കാറ്റടങ്ങിയപ്പോൾ അവൾ നടന്ന് ബാത്ത് റൂമിൽ കയറി ഷവർ ഓണ്‍ ചെയ്തു, കുത്തിയൊഴുകുന്ന വെള്ളം പല കൈകൾ കണക്ക് നീർ ചാലുകൾ കൊണ്ട് ചിത്രം വരച്ചപ്പോൾ കണ്ണുകളടച്ചവൾ നീർ ചാലുകളുടെ ഹൃദയത്തിലേക്കിറങ്ങി ഒരു മഴയെ ഉൾക്കൊള്ളാൻ തയ്യാറെടുത്തു.

****

കലണ്ടറിലെ ചുവപ്പു വരച്ച രണ്ടാം നാൾ ആലസ്യം നിറഞ്ഞതായിരുന്നെങ്കിലും അവൾക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല, പത്രക്കാരനോടും മറ്റും വെറുതെ കയർക്കേണ്ടിയിരുന്നില്ല എന്നവൾക്ക് പിന്നീട് തോന്നി. തലയ്ക്ക് വല്ലാത്ത കനം .. കെട്ടു പൊട്ടിയ ചിന്തകളെ അടുക്കി വയ്ക്കാൻ തുടങ്ങിയിരിക്കുന്നു മനസ്സ്. പേരറിയാത്ത ഒരു വിഷമത്തിന്റെ കരി നിഴൽ തനിക്കു മീതെ വീണു കിടക്കുന്നതായി അവൾക്കു തോന്നി..
മനസ്സിന്റെ പാതികൾ തമ്മിലുള്ള തർക്കങ്ങൾ അവസാനിച്ചിട്ടില്ല..
അവൾ മുറിയിലേക്കൊന്നു പാളി നോക്കി.. കാറ്റിൽ പറക്കുന്ന കടലാസ് കഷണങ്ങൾ, തന്റെ ചിന്തകൾ പോലെ അലക്ഷ്യമായി ചിതറിക്കിടക്കുന്നു പലതും.. വലിച്ചു കീറിയ പുസ്തകതാളുകൾ.. തലയിണകൾ.. താഴെ തകർന്ന ഫ്ലവർ വെയ്സിൽ നിന്നും ചാടിപ്പോയ വാടിയ പൂക്കൾ..

അതെല്ലാം നേരെയാക്കാൻ മനസ്സ് അനുവദിക്കുന്നില്ല..
വാതിലുകളും ജനലുകളും കൊട്ടിയടച്ച് ഇരുട്ട് പകർന്നു തരുന്ന ആലസ്യത്തിൽ എവിടെയെങ്കിലും ചുരുണ്ടു കൂടിയിരിക്കാനാണ് തോന്നുന്നത്..
പുറത്ത് നല്ല മഴക്കാറുണ്ട്, മൂടിക്കെട്ടി നിൽക്കുകയാണ് അന്തരീക്ഷം, ഒന്നും കഴിക്കാൻ തോന്നുന്നില്ല എങ്കിലും അവൾ പല തവണ അങ്ങുമിങ്ങും നടന്ന് പലതും കഴിച്ചു. 
ജനലിനു പുറത്തെ ഇലപ്പടർപ്പുകളിൽ ഇരുന്ന് ചീവീടുകൾ കരയുന്നതും ഗർഭിണിയായ ആകാശം പ്രസവിക്കുന്നതും നോക്കിയിരുന്ന് അവൾ ദിവസങ്ങൾ തള്ളി നീക്കി..

നാലാം നാൾ പൊതുവെ ശാന്തമായിരുന്നു.
ഉൾക്കടലിൽ എത്തപ്പെട്ട തോണിയെപ്പോലെ മനസ്സ് യാത്രയുടെ വേഗം കുറച്ച് നല്ലതെന്തിനെയോ കാത്തിരിക്കാൻ തയ്യാറെടുത്ത് തുടങ്ങിയിരുന്നു.
പിന്നിട്ട ദിവസങ്ങൾ ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി.
തെറ്റുകളിലേക്ക് പോകാതിരിക്കാൻ അവൾ മനസ്സിനെ ശാസിച്ചു.
മനസ്സ് പറയുന്നത് കേൾക്കാൻ ശരീരം തയ്യാറാവാതായിരിക്കുന്നു, അവൾക്ക് തിരുവനന്ത പുരത്ത് പോയി അയാളെ കാണാൻ തോന്നി. അയാൾ അടുത്തുണ്ടെങ്കിൽ ഒരാശ്വാസം തന്നെയാണ്, ഏകാന്തതയുടെ തടവിൽ ഒരു കൂട്ട്, അതിലും വലിയ ആഗ്രഹങ്ങൾ ഇല്ലാതായിരിക്കുന്നു. 
മനസ്സ് ശാന്തമാവാൻ തനിച്ചല്ലെന്നുള്ള തോന്നൽ മാത്രം മതി.
അവൾ തിടുക്കത്തിൽ കുളിച്ചു, ചുവപ്പും കറുപ്പും നിറമുള്ള ഒരു സാരിയെടുത്ത് ദേഹത്ത് വച്ചു നോക്കി, കണ്ണാടിക്കു മുന്നിൽ നിന്ന് പൊട്ടു കുത്തുമ്പോൾ ചുണ്ടിൽ ഒരു മൂളിപ്പാട്ട് വന്നു..
അവൾക്കു സന്തോഷം തോന്നി, കാര്മേഘമൊഴിഞ്ഞ്‌ തെളിഞ്ഞ ആകാശം പോലെയായി വരുന്നു മനസ്സ്..

റെഡിയായി വേഗമിറങ്ങി ഒരോട്ടോ പിടിച്ച് റെയിൽവേ സ്റ്റെഷനിലെത്തിയപ്പോൾ മുന്നിൽ ആനന്ദ്..
ഇന്ദൂ.. വാട്ട് എ സർപ്രൈസ്.. നീ എവിടെക്കാണ്‌ ?
ട്രിവാൻഡ്രം.. 
"ഞാനുമതെ, കണ്ടത് ഭാഗ്യമായി, ഒരുപാടുണ്ട് പറയാൻ വിശേഷങ്ങൾ.. നീയിവിടെ നിന്നോളൂ," അയാൾ വേഗത്തിൽ ഒരു കാൽ വലിച്ചു വച്ചുകൊണ്ട് ടിക്കറ്റ് കൌണ്ടറിനു മുന്നിലെ തിരക്കിൽ ലയിച്ചു.. 

അവൾ വല്ലാത്തൊരു പകപ്പോടെ അയാളെ നോക്കി..
ആനന്ദിന്റെ ഒരു കാൽ വയ്പ്പുകാൽ ആണ്! മുട്ടിനു താഴേക്ക്.. ശ്രദ്ധിച്ചപ്പോൾ ഒരു കൈക്കുമുണ്ട് എന്തോ പ്രശ്നം.. 
അലക്ഷ്യമായി കിടക്കുന്ന മുടിയും അങ്ങിങ്ങ് നര കയറിയ താടിയും.. ആനന്ദ് എന്ന ആ പഴയ സുന്ദരന് വന്ന മാറ്റം അവളെ അത്ഭുതപ്പെടുത്തി..
ഒരു കോളേജ് തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം ജയിച്ചതിന്റെ ചിലവ് ചോദിച്ചപ്പോൾ "നിനക്കൊരു ജീവിതം തരട്ടെ " എന്ന് പറഞ്ഞ ആനന്ദ്..
ലൈബ്രറിയിലേക്കുള്ള ഗോവണിച്ചുവട്ടിലെ ഇരുട്ടിലേക്ക് നീക്കി നിർത്തി പേടിച്ചരണ്ട തന്റെ കൈക്കുള്ളിലേക്ക് ആദ്യത്തെ പ്രണയ ലേഖനം തിരുകി വച്ചുതന്ന ആനന്ദ്.. കല്ല്യാണം തീരുമാനിച്ചു എന്നെഴുതിയ തന്റെ കത്തിന് ഒരു മറുപടി പോലുമെഴുതാതെ ശൂന്യതയിൽ മറഞ്ഞ അതേ ആനന്ദ്..
ടിക്കറ്റുമായി അയാൾ മുന്നിലെതിയപ്പോളും അവളാ പഴയ കോളേജിന്റെ പഴക്കം ചെന്ന ഏതോ ഒരു ഇടനാഴിയിൽ ആയിരുന്നു..

"വരൂ നടക്കാം നമുക്ക് .."
അവൾ യാന്ത്രികമായി അയാളെ അനുഗമിച്ചു..
ട്രെയിൽ വരാൻ ഇനിയും മുപ്പത് മിനിട്ടുണ്ട്, നമുക്കൊരു ചായ കുടിക്കാം 

അയാൾ അവളെയും കൊണ്ട് റെയിൽവേ കാന്റീനിലെക്കു കയറി..
ചായ വന്നിട്ടും അവർക്കിടയിൽ മൌനം കൂട് കൂട്ടിയപ്പോൾ അയാൾ സംസാരിച്ചു
വീണ്ടുമൊരു കണ്ടുമുട്ടൽ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാവുമല്ലേ നിനക്ക് ?
അവളാ ചോദ്യം കേട്ടില്ല.. "കാലിന് എന്തു പറ്റി ആനന്ദ് ? 

ഓ അതൊരപകടം .. നിന്റെ കല്യാണത്തിന് രണ്ടു മാസം മുൻപ്.. ജീവിക്കുന്ന രക്തസാക്ഷിയെന്ന് വേണമെങ്കിൽ പറയാം.. അയാൾ ചിരിച്ചു..
എന്റെ കത്ത് കിട്ടിയില്ലേ ?

അയാൾ മറുപടി പറഞ്ഞില്ല 
ചായ ഗ്ലാസിലേക്കും അവളുടെ കണ്ണുകളിലേക്കും നോക്കിയിട്ട് മനസ്സിൽ പറഞ്ഞു, അന്നാ അപകടം നടന്നില്ലായിരുന്നെങ്കിൽ നീയിന്ന് എന്റെ കൂടെ ഉണ്ടാവുമായിരുന്നു ..

പിന്നീടവർ സംസാരിച്ചില്ല, അവിടെ നിന്നിറങ്ങി പ്ലാറ്റ് ഫോമിലെത്തി ട്രെയിൻ കാത്തു നിന്നു 
ട്രെയിൻ വന്നപ്പോൾ അവളാദ്യം കയറിയിട്ട് അയാളെ പിടിച്ചു കയറ്റി, തിരക്ക് നന്നേ കുറവായിരുന്നു. അവരൊരു സീറ്റിൽ അടുത്തടുത്ത് ഇരുന്നു.
ട്രെയിൻ നീങ്ങിയപ്പോൾ അയാൾ പേഴ്സിൽ നിന്നും പഴയൊരു ഫോട്ടോയെടുത്ത് അവളെ കാണിച്ചു..
താരയുടെ കല്യാണത്തിന് തങ്ങളിരുവരും ചേർന്നെടുത്ത ഫോട്ടോ ..
ആ ഫോട്ടോ വീണ്ടുമവളെ പിന്നിലേക്ക്‌ കൊണ്ടുപോയി.. തന്റെ മനസ്സ് ഒരുപാട് നാളുകൾക്കു ശേഷം കൂടുതൽ കൂടുതൽ സന്തോഷിക്കുന്നത് അവളറിഞ്ഞു.. അവരോരുപാട് സംസാരിച്ചു.. 
തിരുവനന്തപുരം എത്തിയപ്പോൾ അവരെഴുന്നേറ്റു, അവളുടെ നമ്പർ സേവ് ചെയ്ത് വിളിക്കാമെന്ന് പറഞ്ഞിട്ട് അയാൾ തിടുക്കത്തിൽ തിരക്കിലേക്ക് മറഞ്ഞു.. 

പുറത്തപ്പോൾ വെയിൽ കനത്തിരുന്നു
അയാളുടെ ഓഫീസിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.. അയാളിലേക്ക് അടുക്കുന്തോറും അവൾ മനസ്സിൽ നിന്ന് ആനന്ദിനെ മായ്ക്കുകയായിരുന്നു, ആനന്ദ് വെറുമൊരു സ്വപ്നമായിരുന്നെങ്കിൽ എന്നവൾ ഓർത്തു. ഓഫീസിൽ എത്തിയപ്പോൾ അയാൾ പുറത്തു പോയിരിക്കുകയാണെന്നും മൂന്നു മണിക്കേ എത്തുകയുള്ളൂ എന്നും റിസപ്ഷനിലെ പെണ്‍കുട്ടി പറഞ്ഞു. അവളുടെ ചിരിയിൽ ഒരു പരിഹാസത്തിന്റെ ചുവയുള്ളത് പോലെ അവൾക്കു തോന്നി..
അവൾ പുറത്തേക്കിറങ്ങി നടന്നു.. തൊട്ടടുത്ത് തീയറ്ററുണ്ട്, സമയം പോകാൻ കയറാം.. ആദ്യായിട്ടാണ്‌ തനിച്ചു പോകുന്നത് . ആനന്ദിനെ കണ്ടപ്പോൾ മനസ്സിനൊരു ധൈര്യം..
അവൾ ടിക്കട്ടെടുത്ത് ഇരുട്ടിലേക്ക് നടന്നു കയറി, തുടങ്ങിയിട്ട് പത്തു മിനിട്ടായെന്നാണ് പറഞ്ഞത്. മൊബൈൽ തെളിച്ച് അരികിൽ കണ്ട ഒരു സീറ്റിൽ അവളിരുന്നു.. ആ നിരയിലെ സീറ്റൊക്കെയും കാലിയാണ്. തൊട്ടു മുന്നിലെ സീറ്റിൽ നിന്നും അടുക്കിപ്പിടിച്ച സംസാരം കേൾക്കാം. രണ്ടു പേർ ചേർന്നിരുന്ന് പ്രേമിക്കുന്നു. സ്ക്രീനിലേതോ ഹിന്ദി സിനിമയാണ്..

സിനിമ കാണാൻ താല്പര്യമില്ലാതിരുന്നിട്ടും അവൾ സ്ക്രീനിൽ നോക്കിയിരിന്നു, മനസ്സ് വെറെയെവിടെയോ ആയിരുന്നു  ഇടയ്ക്ക് കണ്ണുകൾ മുൻസീറ്റിലേക്ക് ചെന്നപ്പോൾ മുന്നിലിരിക്കുന്നയാൾ ആ പെണ്‍കുട്ടിയെ തന്നിലേക്ക് ചേർത്തു പിടിച്ച് ചുംബിക്കുന്നതാണ് കണ്ടത്.. പെണ്‍കുട്ടിയുടെ  കഴുത്തിൽ നിന്നും അയാളുടെ വിരലുകൾ മുടികളെ മാറ്റി തോളിൽ അമർത്തി പിടിച്ചപ്പോൾ സ്ക്രീനിൽ വെളിച്ചം വന്നു..
പെട്ടന്നവൾ ചാടിയെഴുന്നേറ്റ് ഒരിക്കൽ കൂടി അവരെ നോക്കിയിട്ട് പുറത്തേക്ക് നടന്നു..  

പുറത്തെ വെയിലിലേക്ക്‌ ഇറങ്ങി നടന്നപ്പോൾ അവൾക്ക് കണ്ണുകളിൽ ഇരുട്ട് കയറുംപോലെ തോന്നി..
മുൻ സീറ്റിലെ പെണ്‍കുട്ടിയെ തഴുകിയ അയാളുടെ തടിച്ച വിരലുകൾ.. അതിലൊന്നിലെ തന്റെ പേര് കൊത്തിയ സ്വർണ്ണ മോതിരം !!
വെയിൽ കനത്തിട്ടും അവൾ കുട നിവർത്തിയില്ല, കണ്ണുകൾ നിറഞ്ഞതുമില്ല .. മനസ്സിന്റെ പാതികൾ തമ്മിലുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു.
ട്രെയിനിൽ കയറി ഗ്ലാസ് വിൻഡോ ഉയർത്തി ആകാശ മേഘങ്ങളിലേക്ക് കണ്ണ് നട്ടിരുന്നപ്പോൾ മഴയും വെയിലും മാറി മാറി വന്നു..
പൂക്കളും പുഴകളും ചിരിക്കുന്ന മുഖങ്ങളും ആംബുലൻസിന്റെ കരച്ചിലും ഘോഷയാത്രകളും നഗര തിരക്കുകളും പിന്നിട്ട് നാട്ടിലെത്തി.

അഞ്ചാം ദിവസം രാവിലെ ടി വി ഓണ്‍ ചെയ്തപ്പോൾ കോളേജിൽ ആനന്ദ് പാടാറുണ്ടായിരുന്ന പാട്ട്..
ആനന്ദിനെ കാണണം, സംസാരിക്കണം .. പ്രേമിക്കാനല്ല, തനിക്കിപ്പോൾ വേണ്ടത് ആനന്ദിലെ ആ പഴയ സുഹൃത്തിനെയാണ്. തന്റെ സന്തോഷം മാത്രം ആഗ്രഹിച്ചു നടന്ന നല്ല കൂട്ടുകാരൻ..
അവൾ ജനാലകൾ തുറന്നിട്ടു, മഴക്കാർ മൂടിക്കിടക്കുകയാണ് അന്തരീക്ഷമെങ്കിലും പൂക്കൾ ചിരിച്ചു കൊണ്ട് തലയുയർത്തി തന്നെ നിൽക്കുന്നു.. 
അവൾ മൊബൈലെടുത്ത് നമ്പർ ഡയൽ ചെയ്തു..

****

അവർ ജൂതപ്പള്ളിക്കരികിലൂടെ വെറുതെ നടന്നു..
ഏറെക്കുറെ വിജനമായിരുന്ന വഴിയിലൂടെ രണ്ടു കുട്ടികൾ സൈക്കിളിൽ പറന്നു പോയി 
സെമിത്തേരി റോഡിൽ കടന്ന് നിരന്നു കിടക്കുന്ന കുഴിമാടങ്ങളുടെ അടുത്തെത്തിയപ്പോളെക്കും വെയിൽ കനത്തിരുന്നു. ദൂരെ കടലിലെ തിരയിളക്കങ്ങൾ അവർക്കു സംഗീതമായി തോന്നി..

അവരൊന്നും സംസാരിച്ചില്ല, വാക്കുകളേക്കാൾ വേഗത്തിൽ കെട്ടുപിണഞ്ഞിരുന്നു രണ്ടു മനസ്സുകൾ.
അവർക്കു ചുറ്റും മഴ പെയ്തില്ല, വഴിയരികിലെ പൂമരങ്ങൾ പൂക്കൾ വർഷിച്ചതുമില്ല.. രണ്ടു നീർച്ചാലുകൾ ഒഴുകിയൊന്നായതു പോലെ അവരാ സെമിത്തേരിയുടെ പൂട്ടിയിട്ട ഇരുമ്പ് ഗേറ്റിൽ പിടിച്ചു നിന്നു.

സെമിത്തേരിയുടെ മതിലരികിൽ പടർന്നു കയറിയ ഇലച്ചെടികൾക്കുള്ളിലിരുന്ന് ചീവീടുകൾ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടിരുന്നു..
വെയിൽ മങ്ങി, വിഷമങ്ങൾ പറഞ്ഞു തീർത്തപ്പോളെക്കും സന്ധ്യയായിരുന്നു.. 
പിരിയാൻ നേരം അയാളുടെ വരണ്ട ചുണ്ടുകൾ അവളുടെ നെറ്റി തൊട്ടപ്പോൾ അരൂപികളായ കുറച്ചാത്മാക്കൾ കുഴിമാടങ്ങൾക്ക് മുകളിൽ നൃത്തം വയ്ക്കുന്നുണ്ടായിരുന്നു..

***

നഷ്ട്ടപ്പെട്ട എന്നെ തിരയാൻ 
ഇനിയുള്ളത് 
നിന്റെ മനസ്സിന്റെ 
ഇരുൾ മാറാല മൂടിയ 
അടച്ചിട്ട മുറികൾ മാത്രം 

അതിലുമില്ലെങ്കിൽ
തിരിഞ്ഞു നടക്കാം
പറഞ്ഞു തീർത്ത വാക്കുകൾ
കൊണ്ടുണ്ടാക്കിയ കടലാസ്
വഞ്ചികൾ നനഞ്ഞു താഴുന്നതും
നോക്കി വെറുതെയിരിക്കാം

ചേർന്നു നനഞ്ഞ മഴയിലും,
ഉള്ളിൽ പൊടിഞ്ഞൊന്നു ചേർന്ന
വിയർപ്പു തുള്ളികൾക്ക്
വെറും കറിയുപ്പിന്റെ
സ്വാദായിരുന്നെന്ന്
ബെറുക്കനെ പറയാം

Saturday, 16 November 2013

നമ്മൾ ..



നമ്മൾ .. ഇന്നലെകളിലെ കൂട്ടുകാർ , വാക്കുകളുടെ കത്തിമുനകൊണ്ട് അന്ന്യോന്ന്യം മനസ്സുകുത്തി കീറിയവർ പിന്നിട്ട ഓർമ്മകളെ പോസ്റ്റുമോർട്ടം നടത്തി പരസ്പരം വിതറിയ സ്നേഹ മുത്തുകളെ വാരി പുറത്തേക്കെറിഞ്ഞ് ആളുകൾക്ക് മുന്നിൽ വെളുക്കെ ചിരിച്ചവർ .. ഹൃദയ വാതിലുകൾ താഴിട്ടു പൂട്ടി താക്കോലെറിഞ്ഞു കളഞ്ഞവർ രക്തമൂറ്റുന്ന കൊതുകുകൾക്ക് മുന്നിൽ പച്ച ഞെരമ്പ് കാട്ടിക്കൊടുത്തവർ .. നമ്മൾ തകർന്ന് ഞാനും നീയുമായവർ .. ഇത്രയേറെയായിട്ടും ഒന്നു ചേരാൻ, വീണ്ടുമൊപ്പം നടക്കാൻ രണ്ടു കണ്ണുനീർ തുള്ളികളുടെ കനിവുറവ് മതിയെന്നറിയാത്തവർ നമ്മൾ , കൂട്ടുകാർ ...

അഭിവാദ്യങ്ങൾ


നാവിൻ തുമ്പിൽ 
ആത്മഹത്യ ചെയ്ത 
വാക്കുകളുടെ 
രക്തസാക്ഷിയാവാം 
നമ്മുടെ പ്രണയം ..

എനിക്കും നിനക്കുമാശ്വസിക്കാം 
ഹൃദയത്തിൽ കുടീരം തീർത്ത് 
അഭിവാദ്യങ്ങൾ അർപ്പിക്കാം 
കിതയ്ക്കുന്ന സ്പന്ദനങ്ങളാൽ 
തളരുന്ന ഹൃദയത്തിന്റെ 
അവസാന മിടിപ്പുകളിലും 
തളരാതെ ചൊല്ലാം 
രക്തസാക്ഷി മരിക്കില്ലെന്ന് !

തീയിൽ കുരുത്തവർ...



ഞാൻ , ഒരു യുദ്ദം ജയിച്ചവൻ ..
അവസാനിച്ച കിതപ്പുകളുടെ 
തിരു ശേഷിപ്പ് ..
വിയർപ്പു ചാലിൽ കുറിച്ചിട്ട 
ജീവന്റെ കഷണം 

പേരറിയാ സഹോദരങ്ങളെ 
മരണത്തിലേക്ക് തള്ളിവിട്ട് 
ജീവന്റെ മധുരം 
ഒറ്റയ്ക്ക് നുകർന്നവൻ ..

ഇരുട്ട് തിങ്ങി മരണം മണക്കുന്ന 
നനഞ്ഞ വഴികളിൽ 
തളരാതെ ഓടിയവൻ ..

ചത്തു വീഴുന്ന കൂടപ്പിറപ്പുകളെ 
ചവിട്ടി പിന്നിലാക്കി 
നിലനിൽപ്പിന്റെ സമരം 
തനിയെ ജയിച്ച യോദ്ദാവ് 

ഞാൻ തീയിൽ കുരുത്തവൻ 
വെയിലുകളുടെ മുഖം നോക്കി 
ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി 
ജീവിക്കാനിറങ്ങിയവൻ ...

പുകച്ചുരുൾ



നിന്നിലേക്ക്‌ ചുണ്ടുകൾ
ചേർത്തത് മനസ്സിൽ
നിറഞ്ഞു കത്തുന്ന
അവളുടെ ഓർമ്മകളെ
ശമിപ്പിക്കാനായിരുന്നു..

കിനാക്കൂട്ടിൽ എരിഞ്ഞു
കത്തുന്ന മിന്നാമിന്നി പോലെ
നീ ജ്വലിപ്പിച്ചതത്രയും എന്റെ
നഷ്ട്ട സ്വപ്നങ്ങളെയായിരുന്നു

ആയുസ്സിന്റെ കണക്കു
പുസ്തകത്തിലെ രൂപ രേഖ
നീ താഴേയ്ക്ക് ചായ്ച്ചത്
ആദ്യം അറിയിച്ചതെന്റെ
ഞെരമ്പുകളാണ് ..
ഇടറുന്ന കണ്ഠം ചുമച്ചു
തുപ്പിയ രക്തത്തിന്
കല്ലിൽ കൊത്തിയ എന്റെ
പേരിനു മുകളിൽ അവൾ
വച്ചിട്ടു പോയ റോസാപൂക്കളുടെ
അതേ ചുവപ്പായിരുന്നു ..

ഞാൻ പ്രണയിച്ചത്
നിന്നെയായിരുന്നെന്ന് തുറന്നു പറയാൻ
ഞാനില്ലാതായിരിക്കുന്നു ..

എരിഞ്ഞു തീർന്നിരിക്കുന്നു
നീയും ഞാനും
ശൂന്യതയുടെ ആഴങ്ങളിലേക്ക്..


(Photo: Gireesh kumar)

Monday, 15 October 2012

നായ്ജന്മങ്ങള്‍



അരണ്ട വെളിച്ചത്തില്‍ നിറഞ്ഞൊഴിയുന്ന കുപ്പി ഗ്ലാസിനു മുന്നിലിരുന്ന് അയാള്‍ മൂക്കറ്റം കുടിച്ചു. എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി വിരലിനെ പൊള്ളിച്ചപ്പോള്‍ അയാള്‍ അടുത്തത് കത്തിച്ചു . വായില്‍ നിന്നും മൂക്കിലേക്ക് കയറിയ ഒരു പുകക്കഷണത്തെ ശിരസ്സിലേക്ക് വലിച്ചു കയറ്റി അയാള്‍ സോഫയിലേക്ക് ചാരി കിടന്നു.
അയാള്‍ക്കൊന്നു ഉറക്കെ വിളിച്ചു കൂവാനും അടുത്ത മേശകള്‍ക്കു ചുറ്റുമിരുന്ന് അട്ടഹസിക്കുന്നവരെ തെറി പറയാനും തോന്നി .
പക്ഷെ താന്‍ വെറുമൊരു ഭീരുവാണെന്ന സത്യം അയാളോര്‍ത്തു, ഇന്ന് രാവിലെ മരിച്ച തന്‍റെ ശവമാണ്‌ ഇവിടെയിരുന്നു മദ്യപിക്കുന്നതെന്നും അയാള്‍ക്ക്‌ തോന്നി.
പലിശ തെറ്റിച്ചതിന് മാര്‍വാഡി രാവിലെ കോളറിനു കുത്തിപ്പിടിച്ചത് നാട്ടുകാരില്‍ ചിലര്‍ കണ്ടിട്ടുണ്ട് .. അയാള്‍ കുപ്പിയിലവശേഷിച്ച മദ്യം  ഗ്ലാസ്സിലേക്ക്‌ നിറചൊഴിച്ച് ശ്വാസമെടുക്കാതെ കുടിച്ചു തീര്‍ത്തിട്ട് സിഗരറ്റ് പുകക്കുള്ളില്‍ മുഖം പൂഴ്ത്തി .
ആ തണുപ്പുള്ള മുറിക്കുള്ളില്‍ തന്‍റെ അടിവയറിന് കനം വച്ച് വരുന്നത് അയാളെ അസ്വസ്ഥനാക്കി .. ബാര്‍ അടക്കാറായിരിക്കുന്നു ..
മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ അയാള്‍ ഒന്ന് ആടിയിട്ട് വീണ്ടും സോഫയിലേക്കിരുന്നു .

വഴിയില്‍ വീണു കിടക്കുന്ന ഒരു ശവത്തിനെയെന്നപോലെ അയാളെ നോക്കിയിട്ട് ആളുകള്‍ കടന്നു പോയി.
ബാറിലപ്പോള്‍ മങ്ങിയ ലൈറ്റുകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നതായി അയാള്‍ക്ക്‌ തോന്നി , അതിനൊത്ത നടുവില്‍ ഒരു വലിയ ലൈറ്റ് തന്നെ നോക്കി പുച്ചിച്ച്   ചിരിക്കുന്നു. അടിവയറ്റിലുരുണ്ട്  കൂടിയ കനം ഇപ്പോള്‍ തോന്നുന്നില്ല.. പക്ഷെ എവിടെയൊക്കെയോ നനഞ്ഞിട്ടുണ്ട് ..
വലത്തേ തുടയില്‍ ആരോ കടിച്ചു മുറിച്ചത് പോലെ നീറുന്നു..
ആരാണത് ചെയ്തത് ??
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീട്ടിലെ ആ യക്ഷിയാവുമോ ? വിയര്‍പ്പിന് മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള ആ യക്ഷി .. അവളാണോ തന്‍റെ ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറച്ചു തന്നത് ? തന്നെ ആരാണ് അവളുടെ അടുത്തെത്തിച്ചത് ?
അതോ അവള്‍ തന്നെ തേടി വന്നതാണോ , അതിനും മാത്രം സ്നേഹമുണ്ടോ അവള്‍ക്ക്?
പിന്നിട്ട നിമിഷങ്ങളിലെ ഓര്‍മ്മകള്‍ അയാള്‍ക്ക്‌ പിടി കൊടുക്കാതെ തലയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു .
നല്ല തണുത്ത മഞ്ഞിന്‍റെ കനമുള്ള കാറ്റ് അയാളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ ഓര്‍മ്മകളുടെ കറക്കം കുറഞ്ഞു വന്നു..
ഇതവള്‍ തന്നെയാണ് !
അപ്പോള്‍ താന്‍ ബാറിലായിരുന്നില്ലേ??
ആ അരണ്ട വെളിച്ചത്തില്‍ നിരത്തിയിട്ട വട്ട മേശകള്‍ക്കിടയിലൂടെ നടന്നു ചെന്നത് പോലെ ഓര്‍ക്കുന്നുണ്ട്.. മങ്ങിക്കത്തുന്ന വിളക്കുകള്‍ക്കു താഴെയിരുന്നതും ഒരു വലിയ കുപ്പിയിലെ താഴ്ന്നു കൊണ്ടിരുന്ന ചുവന്ന വെള്ളം വീണ്ടും വീണ്ടും കുടിച്ചത് പോലെയും ഒരോര്‍മ്മ നില്‍ക്കുന്നുണ്ട്..
പക്ഷെ എപ്പോളോ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച താന്‍ വേച്ചു വീണത് ബാറിലെ സോഫയിലേക്കായിരുന്നോ അതോ അവളുടെ മടിയിലേക്കായിരുന്നോ??
അവിടെ വീണ്ടും ഓര്‍മ്മ നൂല് പൊട്ടിയ ഒരു പട്ടം പോലെ കാറ്റില്‍ പറന്നു കളിച്ചു കൊണ്ടിരുന്നു .

അവളുടെ നീണ്ട നഖങ്ങള്‍ തന്‍റെ ശരീരത്തില്‍ മുഴുവന്‍ ഇഴഞ്ഞു നടക്കുന്നത് അയാള്‍ അറിഞ്ഞു.. അവള്‍ക്കൊട്ടും തന്നെ തിടുക്കമില്ലായിരുന്നു . എങ്കിലും ചിലയിടങ്ങളില്‍ ആ നഖങ്ങള്‍ മുറിവേല്‍പ്പിച്ചു . ഷര്‍ട്ടിന്‍റെ ബട്ടന്‍ കടിച്ചു പൊട്ടിച്ച അവള്‍ക്കു പക്ഷെ മടുപ്പിക്കുന്ന ചെമ്പക ഗന്ധം ഇല്ലായിരുന്നു .
പിന്നെ ആരാണിവള്‍ ?
കണ്ണുകള്‍ തുറക്കാന്‍ കഴിയാതെ വല്ലാത്തൊരു അവസ്ഥയില്‍ അയാള്‍ കിടന്നു .. അവളോട്‌ നിര്‍ത്താന്‍ പറയാന്‍ നാവു പൊങ്ങുന്നില്ല , കൈകള്‍ അനക്കാന്‍ കഴിയുന്നില്ല , തന്‍റെ ശരീരം ഭാരമില്ലാത്ത ഒരു അപ്പൂപ്പന്‍ താടി പോലെ വായുവില്‍ നില്‍ക്കുന്നതായും അയാള്‍ക്ക്‌ തോന്നി ..
അവളുടെ ശ്വാസ നിശ്വാസങ്ങള്‍ അപ്പോളേക്കും വല്ലാത്തൊരു മുരള്‍ച്ചയോടെ അയാളുടെ കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു, അയാള്‍ക്കപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി .. പെട്ടന്നൊരു നിമിഷത്തേക്ക് തുറന്ന കണ്ണുകളില്‍ അരണ്ട നിലാ വെളിച്ചവും മിന്നിക്കത്തുന്ന നക്ഷത്രങ്ങളും ആകാശവും നിര്‍ത്താതെ കറങ്ങിയപ്പോള്‍ അയാള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു കിടന്നു .

അവളുടെ ശ്വാസമപ്പോള്‍ കൂടുതല്‍ വ്യക്തമായി അയാളുടെ മുഖത്തടിച്ചു കൊണ്ടിരുന്നു.. ആ ചുണ്ടുകളും നാവും അയാളുടെ മുഖത്തിഴഞ്ഞു നടന്നു..
വല്ലാത്തോരാവേശതോടെ ആ അരമുള്ള നീണ്ട നാവ് അയാളുടെ ചുണ്ടുകളെ വീണ്ടും വീണ്ടും തഴുകിയപ്പോള്‍ വീണു കിട്ടിയ നേരിയ ബോധത്തില്‍ അയാളത് തിരിച്ചറിഞ്ഞു..
അതൊരു തെരുവ് നായയായിരുന്നു !!

മുകളിലെ മങ്ങിക്കത്തുന്ന ബള്‍ബുകള്‍ നക്ഷത്രങ്ങള്‍ക്ക് വഴിമാറി..
വായിലേക്ക് തികട്ടി വന്ന കയ്പ്പ് രസം നീട്ടിതുപ്പിയത് അയാളുടെ കവിളിലൂടെ താഴെക്കിറങ്ങി.
വലത്തേ തുടയില്‍ തറച്ചിരുന്ന കുപ്പിച്ചില്ല് തട്ടിക്കളഞ്ഞ് അയാള്‍  ആ നനഞ്ഞു ചീഞ്ഞ ഇലകളില്‍ കിടന്നു ഞരങ്ങി
തലയ്ക്കു മുകളിലെ വിളക്ക് കാലില്‍ പിടിച്ച് അയാള്‍ കാനയിലെ ചെളിയില്‍ നിന്നും ഇടത്തെ കാല്‍ വലിച്ചെടുത്തു.
തൊട്ടിപ്പുറത്തെ റോഡില്‍ ഒരു വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കി പോയപ്പോള്‍ അവ്യക്തമായ ഭാഷയില്‍ അയാള്‍ ആരെയൊക്കെയോ ചീത്ത വിളിച്ചു..
വിളക്ക് കാലില്‍ പിടിച്ച് മെല്ലെ എഴുന്നേറ്റപ്പോള്‍ ആകാശത്തിന്‍റെ കറക്കം കൂടി.. മുകളില്‍ കത്തി നില്‍ക്കുന്ന വലിയ സോഡിയം വേപ്പര്‍ ലാമ്പ് വളഞ്ഞു വന്നു തന്‍റെ മൂക്കില്‍ തൊടുന്നതായി അയാള്‍ക്ക് തോന്നി ..

***
പൂക്കാരന്‍ മുക്കിലെ അവസാനത്തെ വീടിന്‍റെ അഴികളുള്ള ജനലിലൂടെ കടന്നു ചെന്ന ഉച്ച വെയില്‍ അയാളെ ഉണര്‍ത്തി.
വര്‍ഷ കാലത്ത് വെള്ളം കുടിച്ചു വീര്‍ത്ത മരവാതില്‍ പോലെയായ  കണ്‍ പോളകള്‍ അയാള്‍ വിഷമിച്ചു തുറന്നു..
വെയിലിന്‍റെ ചൂട് മെല്ലെ മെല്ലെ ഓര്‍മ്മകളെ കൃത്യമായി അടുക്കി വച്ചു.
മടുപ്പിക്കുന്ന ചെമ്പക ഗന്ധമുള്ള വിയര്‍പ്പുമണം അയാളെ ഓര്‍മകളില്‍ നിന്നുണര്‍ത്തി, അതെ അവള്‍ തന്നെ ..
മുന്നില്‍ ആവി പാറുന്ന ചായ ഗ്ലാസും വീര്‍പ്പിച്ച മുഖവുമായി ആ യക്ഷി .. തന്‍റെ ഭാര്യ !

മാര്‍വാഡിയോടുള്ള  പക അപ്പോളേക്കും അടങ്ങിയിരുന്നു എങ്കിലും അത് ചെറുതായി പുകയുന്നുണ്ട്..
ഇവള്‍ തന്നെ ചോദ്യം ചെയ്യാന്‍ വന്നാല്‍ സാധാരണ സംഭവിക്കുന്നത്‌ പോലെ മാര്‍വാഡി രക്ഷപ്പെടും !
ആ മുഖമടച്ച് ഒരടി കൊടുത്താല്‍ തനിക്കു സ്വസ്ഥമായി ഉറങ്ങാം.. രാത്രികളില്‍ തന്നെ വേദനിപ്പിക്കുന്ന ആ കൂര്‍ത്ത പല്ലുകളില്‍ നിന്ന് ചുവന്ന വെള്ളമിറങ്ങുന്നത് കാണാന്‍ രസമാണ് .. അതൊരു ലഹരിയാണ് , സിരകളെ മത്ത് പിടിപ്പിക്കുന്ന ലഹരി ...

ചായ വലിച്ചു കുടിച്ചു കൊണ്ട് എന്നത്തേയും പോലെ അയാള്‍ വീണ്ടുമോര്‍ത്തു ..
ഇനി ആ നശിച്ച ബാറിലെ തല്ലിപ്പൊളി സാധനം കഴിക്കരുത് .




Thursday, 20 September 2012

മണിക്കുട്ടി



തങ്ങള്പറമ്പിന്‍റെ പടിക്കെട്ടില്‍ വന്നു നിന്ന് അബ്ദുറഹിമാന്‍ സാഹിബ് ദൂരെ റോഡില്‍ മിന്നിയോടുന്ന വണ്ടികള്‍ നോക്കി നിന്നു..
അതിലൊരു വണ്ടി കയറ്റമിറങ്ങി പടിഞ്ഞാറേ പറമ്പ് വഴി വന്നിരുന്നെങ്കില്‍...
അയാള്‍ നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഴിഞ്ഞുകൊണ്ട് പടിക്കെട്ടില്‍ ചാരി നിന്നു , നന്നേ വിയര്‍ക്കുന്നുണ്ട് , ഇന്നാകെ ഒരു വെപ്രാളമാണ് .

"സായ്ബെ റോഡിലെക്കണ്, മഴ വരണ കണ്ടില്ലീങ്ങള്?"
സൈക്കിള്‍ നിര്‍ത്താതെ കുമാരപ്പണിക്കരാണ്
അയാള്‍ മറുപടി പറയാതെ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു .
മണിക്കുട്ടി വിളിക്കുന്നുണ്ടോ ? അതോ തന്‍റെ തോന്നലാണോ ?
"ഉപ്പുപ്പാ മോള്‍ക്ക്‌ പൂ വേണം , വെള്ളപ്പൂ ഉപ്പുപ്പാ .."
മുന്നേ പെയ്ത മഴയുടെ കനവുമായ് വലിയ നന്ത്യാര്‍വട്ടം നിന്നിരുന്നു , ഓള്‍ടെ കളിയാണ് തന്നെ നനയ്ക്കാന്‍
അയാള്‍ കിതച്ചു കൊണ്ട് വേഗം നടന്ന് നന്ത്യാര്‍ വട്ടത്തിന് താഴെ വന്നു
കാറ്റില്‍ ചിരിച്ച ഇലകളില്‍ നിന്നും വെള്ളമടര്‍ന്നു വീണപ്പോള്‍   അവളുടെ പതിവ് ചിരി കേട്ടില്ല
അയാള്‍ തളര്‍ന്നു താഴെയിരുന്ന് ഇടറിയ ശബ്ദത്തോടെ അകത്തു നോക്കി വിളിച്ചു ,
"സുബൈദാ, ന്നിങ്ങട് വരി, ഓള് വന്നിരിക്കണ്"

****

റസിയാന്‍റെ നഗ്നമായ വയറില്‍ ഇഴഞ്ഞ ഹരിയുടെ ചുണ്ടുകള്‍ അവളെ ഇക്കിളിപ്പെടുത്തി, അവിടെ ചുണ്ടുകള്‍ ചേര്‍ത്ത് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു
"മണിക്കുട്ടീ ..മണിക്കുട്ടീ.."
ഇപ്പോള്‍ അനങ്ങിയില്ലേ ഹരീ ??
"അനങ്ങി ഒന്നല്ല രണ്ടു വട്ടം , ഇതെന്‍റെ മണിക്കുട്ടി തന്ന്യാടോ .."
"ന്താ ത്ര ഉറപ്പ്‌?"
"എത്ര നാളായ് റസീ, ഇവളെന്‍റെ  സ്വപ്നങ്ങളില്‍ വരുന്നു .. എനിക്ക് തീര്‍ച്ചയാണ് ." 
ഉം .. അവളൊന്നു നീട്ടി മൂളിയിട്ട് മുകളില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി പറഞ്ഞു,
ഒക്കെയും ഞാന്‍ പറയണ് ണ്ട് ഓളോട് , ന്‍റെ പുറകെ നടന്ന്‍ണ്ടാക്കിയ പുകിലൊക്കെ , ന്നെ ആരുമില്ലാതോളാക്കിയതൊക്കെ    ..
"ഇനി നമുക്ക് ഇവളില്ലേ റസീ .."
ഉം ..അവന്‍റെ മുടികല്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് അവള്‍ മെല്ലെ മൂളി ..
ഒരു കൊലുസ്സിന്‍റെ  കിലുക്കം മാത്രമായിരുന്നു അവളുടെ മനസ്സിലപ്പോള്‍.
ആ കനത്ത മഴത്തനുപ്പില്‍ അവള്‍ ആ ഓര്‍മ്മകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു ..

****

മണിക്കുട്ടി ഓടുകയായിരുന്നു , കടപ്പുറത്തെ പൂഴി തട്ടിത്തെറിപ്പിച്ചു കൊണ്ട് ..
"അമ്മീ, പപ്പാ മോള്ക്കാ പട്ടം വേണം .."
കരീമിക്ക വില്‍ക്കാന്‍ വച്ചിരിക്കുന്ന പല നിറമുള്ള പട്ടങ്ങള്‍ നോക്കി അവള്‍ വീണ്ടും വീണ്ടും പറഞ്ഞു.
വീശിയടിച്ച തണുത്ത കടല്‍ക്കാറ്റിന്‍റെ  ഉപ്പു നനവ്‌ ആസ്വദിച്ചു കൊണ്ട് അവള്‍ അങ്ങുമിങ്ങും ഓടി ..
പെട്ടന്ന് ആര്‍ത്തലച്ചു വന്നു പാദം നനച്ചു പോയ ഒരു തിരയിറങ്ങിയപ്പോള്‍ അതില്‍ നിറയെ മിടായികള്‍  !!
അവള്‍ അത്ഭുതത്താല്‍ കണ്ണ് മിഴിച്ചു , കടപ്പുറം നിറയെ മിടായികലാണ് ! പല നിറത്തിലുള്ള തിളങ്ങുന്ന കടലാസ് പൊതിഞ്ഞ മിടായികള്‍ ..
അവള്‍ ഓടി നടന്നു രണ്ടു കയ്യിലും അത് വാരിയെടുത്തു, നോക്കെത്താ ദൂരത്തോളം മിടായിക്കൂമ്ബാരങ്ങലാണ് .. അവള്‍ പാവാടത്തുമ്പില്‍ മിടായികള്‍ വാരിക്കൂട്ടി , വീട്ടില്‍ ചെന്നിട്ടു എല്ലാവര്ക്കും കൊടുക്കണം , ഉപ്പുപ്പാന്റെ വീട്ടില്‍ പോയി  രണ്ടാള്‍ക്കും കൊടുക്കണം , അമ്മൂമ്മയ്ക്ക് കൊടുക്കണം , പപ്പക്കും അമ്മിക്കും കൊടുക്കണം ..
അവള്‍ മിടായികലുമായി തിരിഞ്ഞപ്പോള്‍ പിന്നില്‍ അമ്മിയും പപ്പയുമില്ല !
നീണ്ടു പരന്നു കിടക്കുന്ന കടല്‍ മാത്രം ..
വാരിയെടുത്ത മിടായികള്‍ താഴെ കളഞ്ഞ്  അവള്‍ കടലിനേക്കാള്‍ ഉച്ചത്തില്‍ അലറി വിളിച്ചു ..
"അമ്മീ.. പപ്പാ ..."

*****

ജനാലകള്‍ക്കപ്പുറം  മഴയ്ക്ക് കട്ടി കൂടിയിരുന്നു , ആശുപത്രിയിലെ തണുത്ത മുറിയില്‍ അസ്വസ്ഥയായി അവള്‍ വീണ്ടും വീണ്ടും കരഞ്ഞു , അമ്മീ ..
റസിയ പെട്ടന്ന് ഞെട്ടിയുണര്‍ന്നു ,  പഴയ ഓര്‍മ്മകളില്‍ ചുറ്റിത്തിരിയുകയായിരുന്നു മനസ്സ് ..
"മണിക്കുട്ടീ , അമ്മിയില്ലേടാ അടുത്ത്.." അവളുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച്  ആ മുടിയിഴകളില്‍ തഴുകി  റസിയ ജനാലച്ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴച്ചാലില്‍  നോക്കിയിരുന്നു . അവള്‍ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണിരുന്നു .
മണിക്കുട്ടിയുടെ കുഞ്ഞു വിരലുകള്‍ ഐസ് പോലെ തണുത്തിരുന്നു . വീര്യമുള്ള മരുന്നിന്‍റെ ആലസ്യത്തിലും മണിക്കുട്ടി  അവളുടെ  കയ്യില്‍ മുറുകെ പിടിച്ചിരുന്നു .
ഇന്നലെ തുടങ്ങിയതാണീ കാലം തെറ്റിയ നശിച്ച മഴ , പുറത്തെ അടങ്ങാത്ത തണുത്ത കാറ്റിനെ അവള്‍ ആദ്യമായി ഭയപ്പെട്ടു ..
മൂന്നര വര്‍ഷം മുന്‍പ് ഇതുപോലൊരു മഴയത്താണ് മണിക്കുട്ടി വന്നത് , അന്നവള്‍ക്ക് മഴയെ ഇഷ്ടമായിരുന്നു ജനാല തുറന്ന് തണുത്ത കാറ്റിന്‍റെ ഗന്ധം ആസ്വദിച്ച് , മുറ്റതൊഴുകുന്ന മഴ വെള്ളം നോക്കി എത്ര സമയം ഇരുന്നിട്ടുണ്ട് ... ഇന്നിപ്പോ ഈ മഴ പെയ്യുന്നത് മറ്റെന്തിനോ വേണ്ടിയാണെന്ന് തോന്നി പോകുന്നു ..

അവളുടെ ഉയര്‍ന്നു താഴുന്ന വയറില്‍ നോക്കിയിരുന്ന റസിയുടെ മനസ്സ് മെല്ലെ മഴയിലേക്കിരങ്ങി..
"മണിക്കുട്ടീ , അകത്തു കയറിപ്പോ .. മഴ പെയ്യുന്നത് കണ്ടില്ലേ നീ ?? മഴ നനഞ്ഞാല്‍ പനി വരുമെന്ന് അറിയില്ലേ ? പിന്നെ ഡോക്ടര്‍.. ഇന്‍ജക്ഷന്‍.. വേഗം അകത്തു കയറിക്കോ .."
മഴതുള്ളികള്‍ക്ക്‌ നടുവിലേക്ക് ഇറങ്ങിയ മണിക്കുട്ടിക്കു പിന്നാലെ അവള്‍ ഓടി ...

****

അന്ന് വരെ കയറാത്ത ക്ഷേത്രത്തിന്‍റെ കല്‍പടവുകളിരങ്ങി വലിയ കല്‍വിളക്കിനു മുന്നില്‍ തൊഴുതു നിന്നപ്പോള്‍ ഹരിയുടെ മനസ്സ് നിറയെ അവളായിരുന്നു .
ശ്രീകോവിലിനുള്ളിലെ ദീപങ്ങളും ഭഗവാനും അവ്യക്തമായി കൂടിക്കലര്‍ന്നു  അയാളുടെ കണ്ണില്‍ നിന്നും താഴേക്കൊഴുകി .
അയാള്‍ പ്രാര്‍ഥിക്കാന്‍ കഴിയാതെ തിരിച്ചിറങ്ങി ആല്‍ത്തറയില്‍ മുകളില്‍ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ നോക്കി ഇരുന്നു .. ആലില്‍ നിന്നും തൂങ്ങിയിറങ്ങിയ വള്ളികള്‍ തനിക്കു ചുറ്റും കറങ്ങുന്നതായി അയാള്‍ക്ക്‌ തോന്നി .
നാളെയാണ് സര്‍ജറി .. ഇനി ജീവിതതിലെക്കവള്‍ക്ക് തിരിച്ചു വരാനുള്ള സാദ്യത തീരെ കുറവാണത്രേ ..
അയാള്‍ക്കുറക്കെയൊന്ന്  അലറിക്കരയാന്‍ തോന്നി , റസി ഒരു ഭ്രാന്തിയെപ്പോലെ ആയിരിക്കുന്നു , ഒരു വല്ലാത്ത ഭയപ്പാടോടെ ആരോടും ഒന്നും മിണ്ടാതെ ഉറങ്ങാതെ അവള്‍ക്കു കാവലിരിക്കുകയാണ്.. അവള്‍ക്കു മുന്നില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു .
വീട്ടുകാര്‍ ഒക്കെയും വിവാഹത്തിന് എതിരായിരുന്നു ..
പലരും നെറുകയില്‍ കൈ വച്ച് പ്രാകി , അതോക്കെയാവുമോ മണിക്കുട്ടിക്കു മേല്‍ മഴ പോലെ പൊഴിയുന്നത് ?
പക്ഷെ എല്ലാവരെയും ഒരുമിപ്പിച്ചതും അവള്‍ തന്നെയാണ് . വെറുമൊരു ചിരി കൊണ്ടാണ് അവള്‍ റസിയുടെ ഉമ്മയുടെയും ഉപ്പയുടെയും വിദ്വേഷത്തെ ഇല്ലാതാക്കിയത് .
വെറും നിസ്സാര നാളുകള്‍ കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയങ്ങളെ കീഴ്പ്പെടുത്തി .

ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണ് , നല്ല മഴ വരാന്‍ പോകുന്നുണ്ട് .. കുട എവിടെയോ വച്ച് മറന്നു പോയിരിക്കുന്നു ..
മരണം മണക്കുന്ന ആ ആശുപത്രിക്കൂടിനുള്ളിലേക്ക്  തിരിച്ചു പോകണം  , അയാള്‍ നടന്ന് ആദ്യം വന്ന ബസ്സിലേക്ക് കയറി ഡോറിനടുത്തുള്ള സീറ്റില്‍ ഇരുന്നു ..
പിന്നോട്ട് പായുന്ന മധുരമുള്ള ഓര്‍മകളെല്ലാം    ഇപ്പോള്‍ കാരമുള്ളുകള്‍ പോലെ നെഞ്ചിലേക്ക് തറച്ചു കയറുന്നതായി അയാള്‍ക്ക്‌ തോന്നി ..
ബസ്സില്‍ കയറിയിറങ്ങുന്ന കൊച്ചു കുട്ടികള്‍ക്കെല്ലാം മണിക്കുട്ടിയുടെ മുഖം ! അയാള്‍ മനസ്സില്‍ പലതവണ അവളുടെ പേര് വിളിച്ച് വഴിക്കാഴ്ച്ചകളിലേക്ക് നോക്കി നിശബ്ദം കരഞ്ഞു .

***
ആശുപത്രിയില്‍ കൂടി നിന്ന ആരെയും നോക്കാതെ അയാള്‍ മുറിക്കുള്ളിലേക്ക് കയറി , വാടിയ മഷിത്തണ്ട് പോലെ കിടക്കുന്ന തന്‍റെ മണിക്കുട്ടിയെ നോക്കാന്‍ വയ്യ , ഇമയനക്കാതെ അവളെയും നോക്കിയിരിക്കുകയാണ് റസി .
ധൈര്യമോക്കെയും ചോരുന്നതായി അയാള്‍ക്ക്‌ തോന്നി ,
നേഴ്സ് സര്‍ജറിയുടെ സമ്മതപത്രവുമായി വന്നു , അതിലോരോപിട്ട്‌ അയാള്‍ ആശുപത്രിക്കാരെ സുരക്ഷിതരാക്കി .
അമ്മ പൂജിച്ചു കെട്ടിക്കൊടുത്ത ഏലസ്സും , തങ്ങളുപ്പാ ഒതിച്ചു കെട്ടിയ ചരടും അവര്‍ അഴിച്ചു അയാളുടെ കയ്യില്‍ കൊടുത്തു .
പെട്ടന്നവള്‍ ഉണര്‍ന്ന് പാതി കൂമ്പിയ മിഴികളുമായി എല്ലാവരെയും നോക്കി ,
പപ്പാ ..അവള്‍ കൈ നീട്ടി ,
 "മോള്‍ക്ക്‌ ബീച്ചില്‍ പോണം പട്ടം പറത്തണം .. ഐസ്ക്രീം കഴികണം . കൊണ്ട് പോ പപ്പാ "
പുറത്തെ അലറിപ്പെയ്യുന്ന മഴയൊച്ചയില്‍ അവളുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായി ..

മണിക്കുട്ടിയെ കയറ്റിയ മുറിക്കു പുറത്ത് ചുവന്ന ലൈറ്റ് തെളിഞ്ഞു, വാച്ചിലെ സെക്കന്റു സൂചിക്കൊപ്പം അയാളും ഓടി ..
റസിയുടെ നീണ്ട നഖങ്ങള്‍ അയാളുടെ കൈത്തണ്ടയില്‍ ആഴ്ന്നിരങ്ങുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നില്ല .
മരണം നിശബ്ദതയുടെ  തണുത്ത കമ്പിളി പുതപ്പു പോലെ തങ്ങളെ പൊതിയുന്നതായി അവര്‍ക്ക് തോന്നി .
പെട്ടന്ന് മുറി തുറന്നൊരു  നേഴ്സ് പുറത്തിറങ്ങിയപ്പോള്‍ അകത്തു നിന്നു അടക്കിയ സംസാരം കേട്ടു..
മൂന്നര വയസ്സേ ആയിട്ടുള്ളൂ പാവം കുട്ടി "

റസിയുടെ തേങ്ങല്‍ നിലച്ചിരുന്നു
അയാളവളുടെ മുഖം നെഞ്ചോടു ചേര്‍ത്ത് അമര്‍ത്തി വച്ചു. അവളുടെ ഹൃദയത്തിന്‍റെ  പിടച്ചില്‍ തന്‍റെ സെക്കന്റു സൂചിയെ പിന്നിലാക്കുന്നതായി അയാള്‍ക്ക്‌ തോന്നി .
മണിക്കൂറുകള്‍ നീണ്ട നിശ്ശബ്ദതക്കു ശേഷം വാതില്‍ തുറന്നു ഡോക്ടര്‍മാര്‍ പുറത്തിറങ്ങി ..
ഓപ്പറേഷന്‍ കഴിഞ്ഞു ..
ഇനി പേടിക്കേണ്ട , ഷീ ഈസ്‌ സേഫ്, അവള്‍ ഇപ്പോള്‍ ഒബ്സര്‍വെഷനിലാണ്  കുറച്ചു കഴിഞ്ഞു നിങ്ങള്ക്ക് കാണാം
റസി പെട്ടന്ന് വാതിക്കല്‍ നിന്ന നേഴ്സിനെ തള്ളിമാറ്റി അകത്തു കയറി ചില്ല് വാതിലിലൂടെ അവളെ നോക്കി
ശാന്തയായ് ഉറങ്ങുകയാണ് മണിക്കുട്ടി
അവള്‍ക്കരികില്‍ മിന്നിതെളിയുന്ന  പള്സോക്സി  മീറ്ററിലെ മാറുന്ന അക്കങ്ങള്‍ കണ്ട്  റസിയ  തറയിലേക്കിരുന്നു
"ഇനി പുറത്തിരുന്നോളൂ  പേടിക്കേണ്ട  " അവള്‍ക്കു പിന്നാലെ ചെന്ന ഹരിയോട് നേഴ്സ് പറഞ്ഞു
അയാള്‍ അവളെയും ചേര്‍ത്ത് പിടിച്ച് പുറത്തേക്കു നടന്നു .

അവരൊന്നും സംസാരിച്ചില്ല . ആശുപത്രി വരാന്തയിലെ പഴയ ഇരുമ്പ് ബഞ്ചിലിരുന്ന് അവര്‍ പരസ്പരം നോക്കി , യുദ്ദമവസാനിച്ച യുദ്ദഭൂമി പോലെയായിരുന്നു മനസ്സുകള്‍.. അവരുടെ ഹൃദയമിടിപ്പുകള്‍ക്ക് വരെ അപ്പോള്‍ ഒരേ താളമായിരുന്നു. തന്‍റെ വളര്‍ന്നിറങ്ങിയ താടി രോമങ്ങളില്‍ വിരലോടിച്ച്  ഹരി അവളുടെ കുഴിഞ്ഞ കണ്ണുകള്‍ക്ക്‌ മേല്‍ പാറി വീണു കിടന്നിരുന്ന മുടിയിഴകളെ നേരെയാക്കി .
പുറത്തിരുണ്ട്  കൂടിയ കാരൊക്കെ എവിടെയോ പോയ്‌ മറഞ്ഞിരുന്നു
മഴ മാറി ഇളം വെയില്‍ വന്നു നിറഞ്ഞു

ആശുപത്രി വരാന്തയിലെ തുറന്നിട്ട ജനാലക്കു മുകളില്‍ ഒരു കുരുവിക്കുഞ്ഞ് വന്നിരുന്ന്‌ അവരെ നോക്കി ചിറകു കുടഞ്ഞ് ചിരിച്ചു .
***