Sunday, 30 August 2015

മല്ലി..



മല്ലി വീട്ടുജോലിക്ക് വന്നവളാണ്.

എണ്ണക്കറുപ്പ്, പിന്നിട്ട മുടിയും വാരി ചുറ്റിയ സാരിയുമായി മുഖമുയര്‍ത്താതെ നിന്ന അവളോട് ചോദ്യങ്ങളൊന്നും ചോദിക്കാന്‍ തോന്നിയില്ല.
അവള്‍ക്കൊരു പതിനാറ് വയസ്സേ പ്രായം കാണുമായിരുന്നുള്ളൂ, എനിക്കന്ന് ഇരുപതാണ് പ്രായം..
അച്ഛമ്മയുടെ മുറിയിലായി നിലത്തവള്‍ക്കൊരു പായ വിരിക്കപ്പെട്ടു, അവള്‍ക്ക് ഭാഷ വശമില്ലായിരുന്നു, എന്തു പറഞ്ഞാലും ചെയ്യാനുള്ള ഒരടിമയാണ് താനെന്ന് അവള്‍ വിശ്വസിച്ചിരുന്നതായി എനിക്ക് തോന്നി.
അവള്‍ വീട്ടിലൊരു പൂച്ചയെപ്പോലെ പതുങ്ങി നടന്നു, ഒന്നിലും തട്ടാതെ മുട്ടാതെ, മിണ്ടാതെ, ആര്‍ക്കുമൊരു ശല്യമാവാതെ മെല്ലെ മെല്ലെ വീടിനോടിണങ്ങി, ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് തമിഴില്‍ മറ്റെന്തൊക്കെയോ മറുപടി പറഞ്ഞു..
അവളുടെ വീട് സേലത്താണെന്നും, അപ്പാ ഇരന്തു പോയെന്നും, ചിത്തപ്പയാണ് ഇവിടേക്ക് ജോലിക്കയച്ചതെന്നും, ഒരു തമ്പിയുണ്ടെന്നും മറ്റും ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ മനസ്സിലാക്കി.
അടുക്കളയില്‍ അവള്‍ ചെയ്തു കൂട്ടിയ മണ്ടത്തരങ്ങള്‍ ചില്ലറയായിരുന്നില്ല, അച്ഛമ്മ പലപ്പോളും തലയ്ക്ക് കൈ കൊടുത്ത് ആരോടെന്നില്ലാതെ പിറുപിറുക്കുന്നത് സ്ഥിരമായി.. പരാതികള്‍ കൂടിയപ്പോള്‍ മല്ലിയെന്ന പൂച്ചപ്പെണ്ണ് പുറത്തെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി, മുറ്റത്തെ പുല്ലു പറിക്കലും, മുറ്റമടിക്കലും, പാത്രം കഴുകലുമൊക്കെയായി അവള്‍ ഒതുങ്ങിക്കൂടി.
വയസ്സറിയിച്ചത് അവള്‍ വീട്ടുകാരെ മുഴുവന്‍ അറിയിച്ചു, അച്ഛമ്മയുടെ മുറിയില്‍ നിന്നും പുറത്തെ വാതില്‍ വരെ അവള്‍ രക്ത തുള്ളികള്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടത് ആദ്യമെന്നെ ഭയപ്പെടുത്തി, അന്നാദ്യമായി അച്ഛമ്മയവളെ ശകാരിച്ചു, അവള്‍ പുറത്തെ ചവിട്ടു പടിയിലിരുന്ന് ഒരു പകല്‍ കരഞ്ഞു തീര്‍ത്തു.
അന്നാദ്യമായി എനിക്കവളോട് സ്നേഹം തോന്നി.
വേണ്ടപ്പെട്ടവരാരുമില്ലാതെ ഒരന്യ വീട്ടില്‍ താന്‍ പ്രായപൂര്‍ത്തിയായത് ശകാരത്തിലൂടെ അറിയാന്‍ വിധിക്കപ്പെട്ട അവളോട്‌ സഹതാപം തോന്നി. അഞ്ചു നാള്‍ അവളോടാരും ജോലിയൊന്നും പറഞ്ഞില്ല, അവള്‍ പൂച്ചയെപ്പോലെ ചുരുണ്ടുകൂടി മിണ്ടാതിരുന്നു, ഇടയ്ക്ക് കരഞ്ഞു..

അന്നാദ്യമായി ഞാന്‍ അവളോടു സംസാരിച്ചു, നിനക്ക് വീട്ടില്‍ പോകണമോ? എന്ന് ചോദിച്ചു, അവളന്നേരം പൊട്ടിക്കരഞ്ഞു കൊണ്ട് ചിത്തപ്പ കൊല്ലുമെന്നു പറഞ്ഞു, പട്ടിണിക്കിടുമെന്ന് പറഞ്ഞു.
അവളെ ആശ്വസിപ്പിക്കുവാനുള്ള വാക്കുകള്‍ അന്നെനിക്ക് അറിയില്ലായിരുന്നു.
ഒരു ദിവസം പനി പിടിച്ച് അമ്മയെ വിളിച്ചു കരഞ്ഞ അവളുടെ മുഖം എന്റെത് പോലെയായിരുന്നു, ജോലി കിട്ടുമ്പോള്‍ മല്ലിക്കൊരു സാരി വാങ്ങി കൊടുക്കണമെന്ന് അന്ന് മനസ്സില്‍ കരുതിയിരുന്നു. മല്ലിയുടെ കല്യാണത്തിന് സേലത്ത് പോകുന്നത് എപ്പോളോ സ്വപ്നം കണ്ടു, മല്ലിയെന്ന പൂച്ചക്കുട്ടി ജീവിതത്തിന്‍റെ ഭാഗമായത് പെട്ടന്നാണ്. 

വീട്ടിലാര്‍ക്കും പക്ഷെ അവളോട്‌ താല്പര്യമില്ലായിരുന്നു, അവള്‍ ചെയ്യുന്നതെല്ലാം അബദ്ധത്തില്‍ കലാശിച്ചിരുന്നു, അങ്ങനെയവളെ മാറ്റി കുറച്ചുകൂടെ വീട്ടുജോലികള്‍ അറിയുന്ന ആരെയെങ്കിലും വേണമെന്ന് അച്ഛന്‍ അവളെ കൊണ്ടുവന്ന ഏജന്റിനോട് ആവശ്യപ്പെട്ടത് വിഷമമുണ്ടാക്കി.
അന്നവള്‍ പതിവിലും നേരത്തെ കുളിച്ചു തയ്യാറായി നിന്നു, കൊണ്ടു വന്ന വസ്ത്രങ്ങള്‍ കവറിലാക്കി ഒരുക്കി വച്ചു, ആരോടും മിണ്ടാതെ കണ്ണ്‍ നിറച്ച് നിന്നു. എജന്റ്റ് വന്ന്‍ പൈസ വാങ്ങി അവളെയും കൊണ്ടു പോയി, അവളെന്നെ തിരിഞ്ഞു നോക്കി ചിരിച്ചെന്നു വരുത്തി..

ഒരു പൂച്ചക്കുട്ടിയെ കണ്ണു കെട്ടി പുഴ കടത്തും പോലെ ഞാന്‍ നിസ്സഹായതയുടെ ഉടുപ്പിനുള്ളില്‍ മെല്ലെയൊളിച്ചു..
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി ആ ഏജന്റിനെ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കാര്യം തിരക്കി..
അവള്‍ ചത്തുപോയെന്ന് വിഷമമില്ലാതെ അയാള്‍ പറഞ്ഞു..
അല്ലെങ്കിലും അങ്ങനെയാണല്ലോ.. പൂച്ചകള്‍ മരിക്കില്ല
ചത്തു പോകുകയാണ് പതിവ്..
ഒരേട്ടനും അന്ന് ചത്തു പോയി..

Monday, 9 March 2015

മൌനങ്ങൾ പറയുന്നത്..



പെയ്തു തീർന്നൊരു വൻ മഴയിലെ അവസാന തുള്ളികൾ പോലെ അവർ ഒരിരുമ്പ് ബഞ്ചിന്റെ രണ്ടറ്റങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു...ഏതാനും വാക്കുകളുടെ കനം കൊണ്ട് താഴേക്കടർന്നു വീഴാൻ വഴി തേടി നിൽക്കുന്ന രണ്ടു തുള്ളികൾ തന്നെയായിരുന്നു അപ്പോളവരുടെ മനസ്സുകൾ.


കടൽഹൃദയത്തിലേക്ക് കോറിയിട്ട നേർത്ത ഒരു ഞെരമ്പ് പോലെ കിടന്ന കടൽപ്പാലം ഏറെക്കുറെ ശാന്തവും വിജനവുമായിരുന്നു.അങ്ങിങ്ങ് കല്ലുകൾ ഇളകി പഴക്കം ചെന്ന പാലത്തിന്റെ കൈവരികളിൽ പലതും അടർന്നു വീണിരുന്നു, കടലിന്റെ രോദനങ്ങൾ ഏറ്റുവാങ്ങി ബഞ്ചുകളിലെ മനസ്സുകളെയും ചുമന്ന് അത് ആകാശം നോക്കി കിടന്നു.


അയാൾക്കും അവൾക്കും നടുവിൽ മൌനത്തിന്റെ വലിയൊരു കുന്നുണ്ടായിരുന്നു.. പലവട്ടം അതിനു മുകളിൽ നിന്നു ചാടി മരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു ബഞ്ചിന്റെ രണ്ടറ്റങ്ങളിൽ ഇരിക്കുമ്പോളും മൈലുകളുടെ ദൂരം അവർക്കിടയിൽ ഉണ്ടായിരുന്നു..കാരിരുണ്ട് മൂടിയ ആകാശത്തിന് താഴെ കടൽ ശാന്തമായിരുന്നെങ്കിലും അവരുടെ മനസ്സുകൾ ഇരമ്പിയാർത്തു മറിയുകയായിരുന്നു.എല്ലാം പറഞ്ഞു തീർത്ത് പിരിയണമെന്നുറപ്പിച്ചാണ് വന്നതെങ്കിലും പ്രണയത്തിന്റെ അവസാന തുള്ളിയുടെ സ്വാദ് അവർക്കന്ന്യമായിരുന്നു..

ദൂരെ കടലിൽ ഒരു വള്ളം കാഴ്ച്ചയിൽ നിന്ന് ചെറുതായി ചെറുതായി മാഞ്ഞു പോകുന്നതും നോക്കി അവരിരുന്നു...അവളുടെ കാറ്റിൽ പൊട്ടിയ ഒരു മുടിനാര് അയാളുടെ മുഖത്തുരഞ്ഞു നിന്നപ്പോൾ പറക്കുന്ന മുടിയിഴകൾക്കുള്ളിലെ അവളുടെ മുഖത്തേക്കയാൾ നിർവ്വികാരതയോടെ നോക്കി..

അവൾ നന്നേ ക്ഷീണിച്ചിരിക്കുന്നു.. കണ്ണെഴുതിയിട്ടില്ലെന്നു തോന്നുന്നു, കുഴിഞ്ഞ കണ്ണുകൾക്ക്‌ താഴെ ഉറക്കമില്ലാത്ത രാത്രികളുടെ കഥ പറഞ്ഞു കൊണ്ട് കറുത്ത പാട് വീണിരിക്കുന്നു..കണ്ണുകളിലെ വിഷാദം മറയ്ക്കാനെന്ന പോലെ കണ്ണടയും..പഴയ പ്രസരിപ്പും ഉത്സാഹവും അവൾ എവിടെയോ നഷ്ട്ടപ്പെടുതിയിരിക്കുന്നു, നേർത്തു നീണ്ട വിരലുകളിലെ നെയിൽ പോളീഷ്‌ അവിടവിടെ അടർന്നു പോയിരിക്കുന്നു..ആറു വർഷം മുൻപ് ആദ്യമായി കണ്ട അമ്മുവും ഇപ്പോളത്തെ ഈ രൂപവും തമ്മിലുള്ള അന്തരം അയാളുടെ മനസ്സിനെ നൊമ്പരപ്പെടുത്തി..

ഒരു വേനലിൽ ഉരുകിയൊലിച്ച് ആദ്യമിവിടെ വന്നത് അയാളോർത്തു, അന്നവളുടെ വിരൽ തുമ്പ് തന്റെ വിരലിൽ അറിയാതെ തോട്ടതത്രയും താൻ മനസ്സിൽ എണ്ണിയിരുന്നു..കടലും ആകാശവും പാലവും ചുട്ടു പഴുത്തു കിടക്കുമ്പോളും മനസ്സിൽ അന്ന് നിർത്താതെ മഴയായിരുന്നു..പിന്നീടെത്രയോ പകലുകൾ വെയിലിനെയും മഴയേയും തുറിച്ചു നോട്ടങ്ങളെയും തോൽപ്പിച്ച് ഇവിടെ ചിലവിട്ടിരിക്കുന്നു..കണ്ണു നനഞ്ഞപ്പോൾ അയാളെഴുന്നേറ്റ് കടലാഴങ്ങളിൽ മിഴി തൊട്ട് നിന്നു..

ആദ്യ ചുംബനത്തിന്റെ ഉപ്പായിരുന്നു അവളുടെ മനസ്സിലപ്പോൾ, അയാളുടെ ശ്വാസത്തിന് തിരമാലകളുടെ ശക്തിയുണ്ടായിരുന്നു, മുടിയിഴകൾക്കുള്ളിൽ ആ വിരലുകളോടിയപ്പോൾ താനെതോ സ്വപ്നത്തിൽ ആയിരുന്നു, ഇടയ്ക്കിടെ വീശിയടിച്ച് ദേഹം മൂടി കടന്നുപോയ തിരമാലകളുടെ ഉപ്പു രസം പിന്നീട് മധുരമായി തോന്നി !

രണ്ടു വർഷം ചില്ലറ മാറ്റമോന്നുമല്ല ഹരിയിലും വരുത്തിയിരിക്കുന്നത്, കുറെക്കൂടെ ഗൌരവം മുഖത്തു വന്നിരിക്കുന്നു, മുടിയിലങ്ങിങ്ങു നര കയറിയിരിക്കുന്നു, വെട്ടിയൊതുക്കാത്ത മീശയും വളർന്നു നീണ്ട താടിയും അയാളെ വേറെയാരോ ആക്കിയിരിക്കുന്നു .. ഭ്രാന്തൻ എന്നു വിളിച്ചു താൻ കളിയാക്കാറുണ്ടായിരുന്ന അയാളിപ്പോൾ അതുപോലെയായിരിക്കുന്നു, അവൾക്ക് വിഷമം തോന്നി .. 
പ്രണയത്തിന്റെ അവസാന തുള്ളിയുടെ ഉപ്പിൽ നിന്നും ആദ്യ തുള്ളിയുടെ മധുരത്തിലേക്ക് ഓടിതളർന്ന് കിതയ്ക്കുകയായിരുന്നു അപ്പോൾ ഞെട്ടറ്റു താഴേക്കുതിർന്ന രണ്ടിലകളെ പോലെ അവർ..

എവിടെയാണ് താളം തെറ്റിയതെന്ന് കൃത്യമായി ഓർക്കുന്നില്ല, പരിഭവങ്ങളുടെയും പിണക്കങ്ങളുടെയും കടലാഴങ്ങളിലേക്ക് മനസ്സുകൾ താഴുമ്പോൾ, ഒരുമിച്ച് കൈകോർത്ത് മനസ്സ് പങ്കു വച്ച് ഒരു സ്വർഗത്തിലൂടെ നടന്നു കയറിയവരാണ് തങ്ങളെന്ന് മനപ്പൂർവ്വം മറന്നിടത്താവാം വിരസതയും വിദ്വേഷവും കടന്നു വന്നത്..
ഹരി ജോലിക്ക് വേണ്ടി നാട്ടിൽ നിന്ന് പോയപ്പോൾ താനും, തനിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങിയപ്പോൾ ഹരിയും നിസ്സഹായതയുടെയും ദുഖത്തിന്റെയും വഴി നടന്നിട്ടുണ്ടാവാം

ഇനിയൊരു തവണ കൂടി കാണാനുള്ള സ്നേഹം തങ്ങൾക്കിടയിൽ അവശേഷിക്കുന്നുണ്ടോ എന്നവൾ വെറുതെ ഓർത്തു.. യാത്ര പറയണം , അടുത്ത മാസം വിവാഹമാണ്.. പുതിയ ജീവിതം തുടങ്ങാൻ പോകുന്നു.ഹരിയെ അറിയിച്ചില്ലെങ്കിൽ പിന്നീടൊരിക്കലും തനിക്ക് മനസമാദാനം കിട്ടില്ല..

എത്രയും പെട്ടന്ന് പറഞ്ഞു തീർത്ത് പോകണമെന്ന് അയാൾക്കും തോന്നി, ഈ നിമിഷങ്ങൾ തികച്ചും അസഹ്യമാണ്.. ഒരു വട്ടം കൂടി അവളുടെ മുഖത്ത് നോക്കിയാൽ അവളെ ജീവിതത്തിലേക്ക് വിളിക്കേണ്ടി വരുമോ എന്നയാൾ ഭയപ്പെട്ടു..പലപ്പോളും കാണുന്ന സ്വപ്നങ്ങൾക്ക് അവളുടെ വിരൽതുമ്പിന്റെ ചൂടും ഗന്ധവുമാണ്..

അയാൾ മുഖം തുടച്ചു കൊണ്ട് ബഞ്ചിൽ വന്നിരുന്നപ്പോൾ അവൾ ക്ഷണക്കത്ത് നീട്ടി.അടുത്ത മാസാണ് വിവാഹം, ഞാൻ നിനക്ക് എഴുതിയിരുന്നല്ലോ..നീ തീർച്ചയായും വരണം, നല്ലയാളാണ് ആദർശ്, എന്റെ നല്ല സുഹൃത്താണ്.. 
അയാളവളുടെ മുഖത്ത് നോക്കാതെ കാർഡ് വാങ്ങി.സ്വർണ്ണ നിറമുള്ള കുറെ അക്ഷരങ്ങൾ...അതിൽ അവളുടെ പേരൊഴിച്ച് ബാക്കിയൊന്നും അയാളുടെ കണ്ണിൽ തെളിഞ്ഞില്ല.കണ്മുനയിലെ നനവിൽ അക്ഷരങ്ങൾ കൂടിച്ചേർന്നപ്പോൾ അയാളത് മടക്കി ബഞ്ചിൽ വച്ചു.

"കണ്ഗ്രാചുലേഷൻസ്" യാന്ത്രികമായി നീട്ടിയ അവളുടെ വിരലുകൾ ചേർത്തുപിടിച്ച് അയാൾ കടലിലേക്ക്‌ നോക്കി പറഞ്ഞു.."എന്റെ കാര്യം ഉറപ്പില്ല, തിരക്കുള്ള ദിവസാണ്.. വരാൻ ശ്രമിക്കാം, നിനയ്ക്കു വേണ്ടി പ്രാർഥിക്കാം..."കൈക്കുള്ളിൽ അവളുടെ വിരലുകൾ വിയർത്തു നനഞ്ഞപ്പോൾ അയാൾ ഒന്നുകൂടെ അമർത്തി പിടിച്ചു.

"മഴ വരാൻ പോകുന്നു ഹരീ..." 
"ഉം, നല്ല മഴക്കാറുണ്ട്.. ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം നിന്നെ.." വിരലുകളെ സ്വതന്ത്രമാക്കി അവളുടെ മുഖത്തു നോക്കി അയാൾ പറഞ്ഞു.."വേണ്ട ഞാൻ പൊയ്ക്കൊള്ളാം .. കുടയെടുത്തിട്ടില്ല .."അവളതു പറഞ്ഞപ്പോൾ കവിളിൽ വഴി തേടി നിന്ന ഒരു നീർതുള്ളി താഴേക്കടർന്നു .. 
സംസാരിക്കാൻ വിഷയമില്ലാതെ വീണ്ടുമവർ വിദൂരതയിൽ വാക്കുകൾ തേടിയലഞ്ഞപ്പോൾ നനുങ്ങനെ മഴ തുടങ്ങി..

"നമുക്ക് പോകാം അമ്മൂ", അയാൾ എഴുന്നേറ്റ് കൈ നീട്ടി.അയാളുടെ വിരൽ പിടിച്ച് എഴുന്നേറ്റിട്ട് അവൾ ചേർന്നു നടന്നു..

ഒഴിഞ്ഞ ബഞ്ചുകളും പ്രണയം തിന്നു കാലിയായ കപ്പലണ്ടി കൂടുകളും പിന്നിട്ടവർ ഇടതൂർന്നു നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ പുറത്തേക്കു നടന്നു..മഴയ്ക്ക്‌ കട്ടി കൂടിയപ്പോൾ അവളുടെ ശിരസ്സിനു മുകളിൽ കൈത്തലം വച്ച് അയാളവളെ തന്നോട് ചേർത്തു നടത്തി.

"ഹരീ നിനക്കെന്നെ മറക്കാൻ കഴിയുമോ ??"പെട്ടന്ന് മുന്നിലേക്ക്‌ കടന്നു നിന്ന അവളുടെ കണ്ണുകളിലേക്ക് അയാൾ നോക്കി..പഴയ കണ്ണുകൾ.. "പറയൂ എനിക്കറിയണം.." അയാളുടെ വളർന്നു നീണ്ട താടി രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് അവളത് വീണ്ടും ചോദിച്ചു ..

കാർമൂടിയ ആകാശത്തിന് താഴെയുലയുന്ന കാറ്റാടി മരങ്ങൾക്ക് നടുവിൽ, നോവിക്കുന്ന മഴ നൂലുകൾക്കുള്ളിൽ നിന്നു കൊണ്ട് അയാളവളെ തന്നിലേക്ക് ചേർത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു..അയാളുടെ വിരലുകൾ അവളുടെ നനഞ്ഞ മുടിയിഴകൾക്കുള്ളിൽ വഴി തേടിയപ്പോൾ അവൾ മഴയറിഞ്ഞില്ല..അവരൊരു സ്വപ്നത്തിലായിരുന്നു, വീശിയടിച്ച തണുത്ത കാറ്റും കടലിരമ്പവും അവരറിഞ്ഞില്ല..

ശരീരം നഷ്ട്ടപ്പെടുത്തി മനസ്സോന്നാക്കിയ രണ്ടാത്മാക്കളെ പോലെ അവരൊരു മഴയുടെ ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, ദൂരെ ബഞ്ചിൽ സ്വർണ്ണ നിറമുള്ള കുറച്ചക്ഷരങ്ങൾ മഴയിൽ ഒഴുകി തുടങ്ങിയിരുന്നു..

Saturday, 7 March 2015

ഏലി ഏലി ല്മാസബക്ഥാനി..



എന്നിട്ടും അതൊരു
തിരുവത്താഴ കൂദാശയായിരുന്നു
അന്നൊരു വ്യാഴാഴ്ച്ചയുടെ
ഒടുക്കമായിരുന്നില്ല
സ്ഥലം ജെറുസലേം ആയിരുന്നില്ല
അപോസ്തലന്മാര്‍ പന്ത്രണ്ടുപേര്‍
കൂടെയുണ്ടായിരുന്നില്ല..
ദേഹമാക്കാന്‍ അപ്പമോ
രക്തമാക്കാന്‍ വീഞ്ഞോ ഇല്ലാതെ
കുറച്ചക്ഷരങ്ങളെ പകുത്തെടുത്ത്
വിശ്വാസത്തിന്‍റെ കാണാച്ചരട് ചുറ്റി
ഹൃദയ രക്തത്തില്‍ മുക്കി
മുന്നിലേക്ക് നീട്ടുമ്പോള്‍
അതൊരോര്‍മ്മപ്പെടുത്തലായിരുന്നു..
ഒരു പടിയിറക്കത്തിന്‍റെ
തിയതി രേഖപ്പെടുത്താത്ത
മുന്നറിയിപ്പായിരുന്നു
മനസ്സില്‍ കണ്ടതാണ്
കാല്‍വരിയിലേക്കുള്ള യാത്രയും
തുറന്നടയുന്ന ജനാലകളും
പരിഹാസ വാക്കുകളും..
കുരിശിനു പകരം ചുമന്നത്
കുറച്ചോര്‍മ്മകളെയായിരുന്നു
മുറിവുകളില്‍ നീറിപ്പിടിക്കാന്‍
പാകത്തിന് ചൂടുള്ള ഓര്‍മ്മകള്‍
കാല്‍വരി ഒരു മനസ്സിലായിരുന്നു
അവിടെ വെള്ളിക്കാശിനു പകരം
കിലുങ്ങുന്ന വാക്കുകളായിരുന്നു,
ഒരു ഒറ്റുകൊടുക്കലിന്‍റെ
ഹരമായിരുന്നു..
വാക്കുകള്‍ തീര്‍ത്ത മരക്കുരിശില്‍
ഓര്‍മ്മകളില്‍ ഞാന്നു കിടന്ന്
രക്തം വാര്‍ന്നവസാനിച്ചത്
ഒരു സൌഹൃദവുമായിരുന്നു..
GK

സാജിത



എനിക്കുവേണ്ടി ആദ്യമായി ഒരു പാട്ട് പാടി തന്നത് സാജിതയാണ്.. 
ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് പങ്കജ് ഉദാസിന്റെ “ഓര്‍ ആഹിസ്താ.. കീജിയേ ബാതേം.. ദട്കനെ കോയി സുന്‍രഹാ ഹോഗാ..” അവളിത് പാടുമ്പോള്‍ ബെഡിനരികിലെ പള്സോക്സി മീറ്ററിലും അവളുടെ ഹൃദയത്തിന്റെ ദുർബലമായ താളം തന്നെയായിരുന്നു..

ഒരു പാട്ടില്‍ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുന്ന ഇടവേളകളില്‍ പോലും അവള്‍ മുഖത്തുനിന്നും കണ്ണെടുത്തിരുന്നില്ല. 
ഇടക്കെപ്പോഴോ അവള്‍ പാട്ടു മുറിച്ച് ഉറക്കത്തിലേക്ക് വഴുതിവീണു, ഉണര്‍ന്നപ്പോള്‍ എന്നെ വീണ്ടും അന്വേഷിച്ചു, വാശി പിടിച്ചു കരഞ്ഞു, എത്തിയപ്പോള്‍ വീണ്ടുമവള്‍ പാടി തുടങ്ങി, കേട്ടിട്ടില്ലാത്ത ഒരു മാപ്പിള പാട്ടിന്റെ നാലുവരി.. അതിനുശേഷം നിക്കാഹ് കഴിക്കുമോ എന്ന ചോദ്യവും..
മരണത്തിന്റെ നിഴലോ, ശരീരത്തിന്റെ തളര്‍ച്ചയോ, അട്രോപിന്റെ പ്രവര്‍ത്തനമോ, എന്തെന്നറിയില്ല അവളുടെ ഭാവങ്ങള്‍ വിചിത്രമായിരുന്നു. അവള്‍ പാടുന്നതും പറയുന്നതും മറ്റൊരു ലോകത്തിലിരുന്നാണെന്ന തോന്നലായിരുന്നു എനിക്ക്.

ഹോസ്പിടല്‍ അഡ്മിനിസ്ട്രെഷനില്‍ പിജി പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ ജോയിന്‍ ചെയ്തിട്ട് വര്‍ഷം ഒന്ന് തികയുന്നേയുണ്ടായിരുന്നുള്ളൂ, മണിക്കൂറുകള്‍ക്കു മുന്‍പാണ് വിഷം കഴിച്ച് അത്യാസന്ന നിലയില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ അവളെ കാഷ്വാലിറ്റിയില്‍ കൊണ്ടുവരുന്നത്..
മരണത്തിന്റെ പടി വാതിലിലെത്തി തിരിച്ചു വരുന്നവരുണ്ട്, ഒരു യാത്ര പോലും പറയാനാവാതെ പോകുന്നവരും..
പുതു ജീവന്റെ ആഹ്ലാദങ്ങള്‍ക്കും, വേര്‍പാടുകളുടെ കൂട്ട കരച്ചിലുകള്‍ക്കും നടുവിലൂടെയാണ്‌ ഓരോ ദിവസവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

പക്ഷെ വിസ്മയിപ്പിച്ചത് അവളുടെ പ്രണയമായിരുന്നു, അതും മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന അവസാന നിമിഷങ്ങളില്‍..
അവളുടെ ശരീരവും മനസ്സും അട്രോപിന്‍ കീഴ്പ്പെടുത്തിയിരുന്നു എങ്കിലും പാടിയ പാട്ടുകളിലോക്കെ പ്രണയം നിറഞ്ഞിരുന്നു..
രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവളെ റൂമിലേക്ക്‌ മാറ്റിയപ്പോള്‍ അന്നത്തെ രാത്രിയില്‍ എന്നോട് പറഞ്ഞതെല്ലാം അവള്‍ മറന്നു പോയിരുന്നു.
എത്ര വിചിത്രമാണ് മനുഷ്യന്‍റെ മനസ്സ്, ഒരാഴ്ച്ചക്കു ശേഷം വീണ്ടും വരില്ലെന്ന് കണ്ണുകളില്‍ നോക്കിയവള്‍ പറഞ്ഞിട്ടു പോകുമ്പോള്‍ മഴയത്ത് കുടക്കീഴില്‍ വന്നു നിന്ന ഒരു അനിയത്തിക്കുട്ടിയായി മാറിയിരുന്നു അവളെന്ന് ഞാന്‍ ആ കണ്ണുകളില്‍ നിന്നും തിരിച്ചറിഞ്ഞു.

ഓര്‍മ്മയുടെ ഒരു മുറിയില്‍ അവളുമുണ്ട്.
ഒരു പാതിരാത്രിയില്‍ ഉറക്കത്തെ കീറി മുറിച്ച് കടന്നു വന്നവള്‍, എടുത്തു കൊണ്ടു വന്ന നാലുപേരുടെ നിലവിളികളും നിശബ്ദമായ തേങ്ങലുകളും..
മുറിക്കു പുറത്തെ പ്രതീക്ഷ വറ്റാത്ത കണ്ണുകള്‍.. ഇതൊന്നുമറിയാതെ പാട്ടുകള്‍ പാടി സംസാരിച്ചു കൊണ്ടിരുന്ന ഒരു മനസ്സ്..

സാജിതയെ പിന്നീടൊരിക്കലും കണ്ടിട്ടില്ല, പക്ഷെ അവളുടെ പാട്ടുകളില്‍ ചിലത് ശൂന്യതയില്‍ പലവട്ടം കേട്ടിട്ടുണ്ട്. ഒരുപക്ഷെ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ അവള്‍ ഇപ്പോളും പാടിക്കൊണ്ടിരിക്കുന്നുണ്ടാവണം..

“ദട്കനെ കോയി സുന്‍ രഹാ ഹോഗാ..”

ലാസ്റ്റ് ലെറ്റര്‍



പ്രിയപ്പെട്ട നിനക്ക്,

അവിടെ സുഖമെന്ന് കരുതാനാണ്‌ ഇഷ്ടം..
ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല, ഇത്തവണ മഴ കൂടുതലാണ്, അസഹ്യമാണ് തണുപ്പ്, കട്ടി പുതപ്പിന് താഴെ വിരലുകള്‍ വിറക്കുന്നുണ്ട്.. നിനക്കെഴുതാന്‍ കഴിയാത്തതിന്‍റെ നിരാശയാവും, കട്ടിലില്‍ നിന്ന് ഇറങ്ങി നടക്കാന്‍ കൊതിയാവുന്നുണ്ട്, ജനാല വരെ മാത്രം മതി, ഒരിക്കല്‍ നീ നട്ടിട്ടു പോയ ചെമ്പകം പൂവിട്ടിട്ടുണ്ട്, കാറ്റ് വരുമ്പോള്‍ രസാണ്.. മുടിയില്‍ പൂ വച്ച് നീയടുത്ത്‌ വരുംപോലെ തോന്നും.

ഇപ്പോള്‍ ഓരോ കണക്കു കൂട്ടലുകളാണ്, ജനാലക്കപ്പുറം മേഘങ്ങള്‍ നിറം മാറ്റുന്നുണ്ടാവും, മഴ വരച്ച ചിത്രങ്ങലുണ്ടാവും മണ്ണില്‍.. കാറ്റില്‍ ചിരിക്കുന്ന ആലിലകളുണ്ടാവും, കുറച്ചു മാറിയുള്ള ബസ് സ്റ്റോപ്പില്‍ പൂ വില്‍ക്കുന്ന ആ പഴയ സ്ത്രീയുണ്ടാവും, വിളക്കുകാലിനു താഴെയൊരു ഭ്രാന്തന്‍ പാടുന്നുണ്ടാവും, പ്രണയം കത്തുന്ന കണ്ണുകള്‍ ചുണ്ടുകള്‍ കട്ടു കുടിക്കുന്നുണ്ടാവും.. തിരക്കിലോടുന്ന മനസ്സുകളുമായി ബസ്സുകള്‍ നിരത്തിലിഴയുന്നുണ്ടാവും.. മൂവന്തി നേരത്ത് കൂടണയാന്‍ തിരക്കു കൂട്ടുന്ന പക്ഷികളുണ്ടാവും..
ഇതെല്ലാം കണ്ടു കൊണ്ട് ജനാലക്കൂടിനുള്ളില്‍ നിനക്കുള്ള അക്ഷരങ്ങള്‍ പെറുക്കി കൂട്ടി ഞാനുമുണ്ടാവും..

കാലുകള്‍ രണ്ടും തോല്‍വി സമ്മതിച്ച മട്ടാണ്, ഈ മഴക്കാലം തള്ളി നീക്കാന്‍ ആവുമോയെന്ന് കണ്ടറിയണം..
നീ ദേഷ്യപ്പെടേണ്ട, ഇത് നിരാശയോന്നുമല്ല, അല്ലെങ്കില്‍ തന്നെ ഈ
ദിവസങ്ങളും ഈ കത്തുകളും ഒക്കെയൊരു ബോണസാണ്. ഡോക്ടര്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു കൊള്ളാന്‍ പറഞ്ഞിട്ടുണ്ട്.. അതൊരു ആനുകൂല്യമാണ്. പുതിയ മരുന്നോന്നുണ്ട്, അതുകൊണ്ട് രാത്രി നന്നായി ഉറങ്ങുന്നു.. ഇവിടെയിപ്പോള്‍ പകലും രാത്രിയൊന്നും അറിയുന്നേയില്ല. മനസ്സില്‍ പഴയ ഓര്‍മ്മകളുടെ ഒരു കറക്കമാണ് എപ്പോഴും.. മറവി കൂടുതലെന്നാണ് ലക്ഷ്മിയും മറ്റും പറയുന്നത്, (പുതിയ നേഴ്സുകുട്ടിയാണ്)

ഭക്ഷണവും മരുന്നുമെല്ലാം മറക്കുന്നുത്രെ.. എനിക്കറിയില്ല.. ഓര്‍ക്കുമ്പോള്‍ ഇവരെല്ലാം കള്ളം പറയുകയാണോ എന്ന്സംശയം..
ആദ്യം കാണുമ്പോള്‍ മഴയത്ത് നീയെനിക്ക് കുട തന്നത് ഇപ്പോളും തെളിച്ചമുള്ള ഓര്‍മ്മയാണ്, പിന്നെ കുട തിരിച്ചു തരാന്‍ വന്നതും നമ്മള്‍
രണ്ടു പേരും വാക്കുകള്‍ കിട്ടാതെ പരിഭ്രമിച്ചതും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.. പിന്നെയൊരു ട്രെയിന്‍ യാത്ര, അഞ്ചു മണിക്കൂറുകള്‍.. നമ്മള്‍ കണ്ട ആകാശം, ചുണ്ടുകളുടെ ചൂടും നനവും.. എന്നില്‍ ചുറ്റി പടര്‍ന്ന നിന്‍റെ മുടിയിഴകള്‍, താഴെക്കടര്‍ന്നു വീണ കണ്മഷി തുള്ളി.. ഒക്കെയോര്‍മ്മയുണ്ട്..

ഒപ്പം നനഞ്ഞ വെയിലും, പൊള്ളിയ മഴയും എത്രയാണ്...മഴയ്ക്കും
കാറ്റിനും പൂക്കള്‍ക്കും വിയര്‍പ്പിനും വരെ ഗന്ധം നഷ്ട്ടപ്പെട്ടത് നിന്നിലേക്ക് ചേര്‍ന്നതിനു ശേഷമാണ്..
മനസ്സ് മാത്രം മരിക്കുന്നില്ല, തളര്‍ന്ന കാലുകള്‍ കൊണ്ടത് നിന്‍റെ ഓര്‍മ്മകള്‍ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു..

ലക്ഷ്മി ചിരിച്ചു കൊണ്ടാണ് എഴുതുന്നത്,
മരിച്ചയാള്‍ക്ക്‌ കത്തെഴുതിയിട്ട് എന്തിനെന്ന ന്യായമായ ചോദ്യമുണ്ടവള്‍ക്ക്.. ചെറിയ കുട്ടിയാണ്,
അവള്‍ക്കറിയില്ലല്ലോ എഴുത്തിന്‍റെ സുഖം, നമ്മുടെ ശീലങ്ങള്‍.. അവസാനിക്കാത്ത സ്നേഹം.. ഓര്‍മ്മകളുടെ മൂര്‍ച്ഛയില്‍ ശരീരമില്ലാതെയാഘോഷിക്കുന്ന മനസ്സിന്‍റെ സ്വര്‍ഗ്ഗയാത്രകള്‍..
എന്തായാലും ഇതവസാന കത്തായിരിക്കട്ടെ..
നേരില്‍ കാണും വരേയ്ക്കും ഒഴുകിയോന്നാവുന്ന ഒരു വിയര്‍പ്പു തുള്ളിയുടെ മധുരാലസ്യത്തില്‍ ഒളിച്ചിരിക്കുക നീ..

നിര്‍ത്തുന്നു..
നിന്‍റെ സ്വന്തം

പ്രണയദിനങ്ങള്‍


പ്രണയദിനങ്ങള്‍ heart emoticon heart emoticon 
********************

രണ്ടു പേര്‍ക്കിടയില്‍ 
തുറക്കപ്പെടുന്ന സമ്മാനപ്പൊതികളില്‍
പ്രണയത്തിന്‍റെ ആഴമളക്കപ്പെടുന്നുണ്ട്
കാത്തിരുപ്പുകള്‍ അതിന്‍റെ
നിറം കൂട്ടുന്നുണ്ട് ..
ലേബലൊട്ടിച്ച ദിവസങ്ങളില്‍
മുന്തിയ പ്രൈസ് ടാഗുകള്‍
മത്സരിക്കുന്നത് പ്രണയത്തെ
രേഖപ്പെടുത്താനാണ്..

എവിടെയും എഴുതപ്പെടാതെ
പോകുന്ന പ്രേമിക്കാനറിയാത്ത
ചിലരുണ്ടാവും..
അലച്ചിലുകളുടെ കഥകള്‍
പങ്കുവച്ച്, നിലാവ് കണ്ടും,
പൂര്ത്തിയാവില്ലെന്നറിഞ്ഞു
കാണുന്ന സ്വപ്നങ്ങളിലേക്ക്
നിസ്സഹായ ചിരിയെറിഞ്ഞും
പതുക്കെയോടുന്നവര്‍..

പൊതിഞ്ഞു കൊണ്ടുവരുന്ന
മധുര പലഹാരങ്ങളില്‍,
അടക്കി ചിരിച്ചു കൊണ്ട്
നടത്തുന്ന തിടുക്കക്കുളികളില്‍,
സ്നേഹമെരിയുന്ന നോട്ടങ്ങളില്‍
ഉരുകിയൊലിച്ച്,
രണ്ടു മുഴം മുല്ലപ്പൂവില്‍,
തീര്‍ക്കുന്ന വസന്തം കൊണ്ട്
സ്വര്‍ഗ്ഗം തൊടുന്നവര്‍..

സ്നേഹിക്കാനൊരു ദിവസമോ?
എന്ന്‍ കിതപ്പുകളടങ്ങിയ
ശരീരങ്ങള്‍ കൊണ്ട്
നെടുവീര്‍പ്പിടുന്നവര്‍..
പേരുള്ള ദിവസങ്ങള്‍ക്ക്
കാത്തിരിക്കാത്തവര്‍.........


GK

കടല്‍ മദ്ധ്യത്തിലൊരു 
ചെറു തുരുത്ത് പോലെ 
അവളുടെ ഇടത്തെ കണ്ണിലൊരു 
കാക്കപ്പുള്ളി ഒരു കടല്‍ 
യാത്രക്കൊടുവിലാണയാള്‍
കണ്ടെത്തിയത്..

ദാമ്പത്യത്തിന്‍റെ
നീണ്ട പതിനാല്
സംവത്സരങ്ങള്‍ക്കപ്പുറം
ഹൃദയമിടിപ്പുകള്‍
മാത്രമവശേഷിച്ച ഒരു
നിശബ്ദതയില്‍
അയാള്‍ തളര്‍ന്നു വീണത്
അവളുടെ ഇടത്തെ
കണ്ണിലേക്കായിരുന്നു..

പുതിയ തീരം കണ്ടെത്തിയ
നാവികന്‍റെ ആവേശത്തോടെ
അയാളത് ചൂണ്ടി കാണിക്കുമ്പോള്‍
അവളുടെ മനസ്സില്‍
ആദ്യ കാമുകനായിരുന്നു..

എത്ര പെട്ടന്നാണവന്‍
പ്രണയം പറഞ്ഞു
പതിനാലാം മിനിറ്റില്‍
കണ്ണിലെ കാക്കപ്പുള്ളിയെക്കുറിച്ച്‌
കവിതയെഴുതിയത്..

GK

Tuesday, 25 November 2014

തിരുശേഷിപ്പുകള്‍



അച്ഛനും മകനും പരസ്പരം മിണ്ടിയില്ല.. 
ആരംഭിക്കാന്‍ പോകുന്ന തുലാവര്‍ഷ രാത്രി പോലെയായിരുന്നു അച്ഛന്റെ മുഖം. അയാളൊരു കടലിനെ മുഖത്തൊളിപ്പിച്ചിരുന്നു. ഖനീഭവിച്ച ഓര്‍മ്മകളുടെ ഭാരം പേറി, കാറ്റിളക്കങ്ങളില്ലാതെ, തീരം തൊടാത്ത തിരമാലകളുമായി അയാളെന്ന കടല്‍ വിജനതയിലേക്ക് മിഴിനട്ടിരുന്നു..

മകന്‍ സംസാരിക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു. 
അച്ഛനോട് സംസാരിക്കാനൊരു വിഷയമില്ല എന്നത് അവനെ അസ്വസ്ഥനാക്കിയില്ല, അവനു പറയാനുള്ളതൊക്കെയും കേട്ടിരുന്നത് അമ്മയായിരുന്നു. എന്തിനും ആദ്യം ശകാരിക്കുന്ന അമ്മ, പറയുന്ന കാര്യത്തിലെ നല്ലതും ചീത്തയും വേര്‍തിരിക്കുന്ന അമ്മ, തന്‍റെ ഇഷ്ടങ്ങള്‍ക്ക് എന്നുമൊപ്പം നിന്നിട്ടുള്ള അമ്മ..അമ്മയുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല, അമ്മയുടെ ഇഷ്ട്ടങ്ങളെ സ്നേഹിക്കാനും ശ്രമിച്ചിട്ടില്ല.. 
താനെന്ന മകന്‍ സ്വാര്‍ത്ഥനാണ്. അവനു വിഷമം തോന്നി, അതോടൊപ്പം മറ്റു പലതിനോടും ദേഷ്യവും..
ദേഷ്യം കാറിന്റെ ആക്സിലേറ്ററില്‍പലതവണ കൂടുതലുരഞ്ഞമര്‍ന്നു കൊണ്ടിരുന്നു. കാറൊരു നേര്‍ റോഡിലൂടെ നിലം തൊടാതെ പാഞ്ഞു. ഇരു വശവും നെല്‍ പാടങ്ങളാണ്. കുറച്ചു മുന്‍പ് കുളിച്ചു കയറിയ പുഴയുടെ കൈ വഴികളിലൊന്ന് തങ്ങളെ പിന്‍ തുടരുന്നതായി അവനു തോന്നി..സ്പീഡ് വീണ്ടും കൂടിയപ്പോള്‍ അമ്മ പിന്നിലിരുന്ന് ശാസിച്ചു. “നിനക്കെന്താ ഭ്രാന്ത് പിടിച്ചോ, പതുക്കെ പോയാല്‍ മതി”. അവന്‍ മറുപടി പറഞ്ഞില്ല, 

മുകളില്‍ ആകാശം ഇരുണ്ടുകൂടി നില്‍പ്പുണ്ട്. ഏറെക്കുറെ വിജനമായ റോഡില്‍ കുറച്ചു മുന്നിലായൊരു പെട്ടിക്കട കണ്ടപ്പോള്‍ അച്ഛന്‍ വണ്ടി നിര്‍ത്താന്‍ ആഗ്യം കാണിച്ചു.കടയ്ക്കു മുന്നില്‍ പൊടി പറത്തിക്കൊണ്ട് നിരങ്ങി നിന്ന കാറില്‍ നിന്നും അയാള്‍ മാത്രമിറങ്ങി. കടയിലെ നരച്ച മുടിയുള്ള വയസ്സന്റെ കണ്ണുകളില്‍ തിളക്കം കണ്ടു. റോഡരികിലെ പുളിമരത്തിന്‍റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്ന അയാളുടെ വിരലുകള്‍ക്കിടയില്‍ തീയെരിയുന്നുണ്ടായിരുന്നു..അവന്‍ ഡോറിന്റെ ഗ്ലാസ് താഴ്ത്തി, കാറ്റടിക്കുന്നുണ്ടായിരുന്നു. മുന്നിലൂടെ കടന്നു പോയ രണ്ടുപേര്‍ക്ക് വാറ്റു ചാരായത്തിന്റെ മണം.. അടിവാരത്ത് കഞ്ചാവും വാറ്റ് ചാരായവും വില്‍ക്കുന്ന ഒരു കിഴവനുണ്ടെന്ന്‍ പറഞ്ഞു കേട്ടിട്ടുണ്ട്,പോകണം..തെറുത്ത ബീഡിയുടെ മൂന്നാമത്തെ പുകയും ഉള്ളിലിരുത്തി കുന്ന് കയറണം, പുഴ മുറിച്ചു കടക്കണം, പിന്നിലേക്ക്‌ പോകണം, അഞ്ചു ദിവസം പിന്നിലേക്ക്‌..അതോര്‍ത്തപ്പോള്‍ അവന്‍റെ തലക്കുള്ളില്‍ ഒരു കടന്നല്‍ കൂടിളകി, ഒക്കെയും മറക്കണം, പക്ഷെ എങ്ങിനെ മറക്കാനാണ്? തനിക്കതിനാവില്ല.

സിഗരറ്റ് കുറ്റി ഓടയില്‍ കളഞ്ഞ് അച്ഛന്‍ കാറിലേക്ക് കയറി, അവന്‍ വണ്ടിയെടുത്തു. അഞ്ചു ദിവസമായി ഉറങ്ങിയിട്ട്, കണ്ണടച്ചാല്‍ പല കാഴ്ചകളാണ്, മോഹിപ്പിക്കുന്ന കാഴ്ച്ചകള്‍.. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചെവിക്കുള്ളില്‍ആരോ പറയുമ്പോള്‍ ഭയം തോന്നുന്നു..
എഫ് എമില്‍ ഇഷ്ട്ട ഗാനം..“തുച്സെ നാരാസ് നഹി സിന്ദഗി, ഹേരാന് ഹു മെ..”
പിന്‍ സീറ്റില്‍ അമ്മ പുഞ്ചിരിക്കുന്നു, അമ്മയ്ക്ക് ചിരിക്കാം, മകനെപ്പറ്റി ചിന്തയില്ലാത്ത ഒരമ്മ..
അമ്മക്ക് തന്നെക്കാളിഷ്ട്ടം ചെടികളും പൂക്കളും മരങ്ങളുമൊക്കെയാണല്ലോ.. തന്‍റെ കഥകള്‍ ചിരിച്ചു കൊണ്ട് കേള്‍ക്കുംബോളും അമ്മയുടെ മനസ്സ് നിറയെ മറ്റുള്ളവരുടെ വിഷമങ്ങളായിരുന്നല്ലോ..സ്വാര്‍ത്ഥനായ മകന്‍.. അതെ അതു തന്നെയാണ് താന്‍..

പാട്ട് അതിന്‍റെ അവസാന വരികള്‍ കൊണ്ട് അവനെ ഉറക്കത്തിലേക്ക് കെട്ടിത്തൂക്കിയിരുന്നു, ഒരു നേര്‍ത്ത പിടച്ചില്‍ പോലുമില്ലാതെ അവന്‍ ഉറക്കത്തിലേക്ക് മരിച്ചു വീണു..രണ്ടു നിമിഷങ്ങള്‍.. അതോ അതിലധികമോ, മണിക്കൂറുകള്‍ നീണ്ട ഗാഡമായ ഒരുറക്കം പോലെ അതവനെ തോന്നിപ്പിച്ചു. തുറന്നു പിടിച്ച കണ്ണുകള്‍ക്കുള്ളിലെ അടഞ്ഞ ലോകം...അങ്ങനെയെത്ര ദൂരം താണ്ടിയിട്ടുണ്ടാവും..
“അപ്പുവേ...”പിന്‍ സീറ്റില്‍ നിന്നും അമ്മയുറക്കെ വിളിച്ചപ്പോളാണ് ഞെട്ടിയുണര്‍ന്നത്..
പെട്ടന്ന് സ്റ്റിയറിംഗ് വളച്ചെടുത്തു, കാര്‍ റോഡരികിലെ മരങ്ങള്‍ക്കടുത്ത് എത്തിയിരുന്നു..അമ്മ വഴക്ക് പറയുന്നുണ്ട്, അച്ഛന്‍ ഉറക്കമാണ്.

അവന് ചെറുതല്ലാത്ത അത്ഭുതം തോന്നി..തനിക്കെങ്ങനെ ഉറങ്ങാന്‍ കഴിഞ്ഞു??നൂല് പൊട്ടിയ ഒരു പട്ടം കണക്ക് പായുകയാണ് മനസ്സ്..ഒരു ശിഖരത്തിലും ഉടക്കാതെ, ഒരിലയില്‍ പോലും തൊടാതെ ആകാശത്തിന്‍റെ അനന്തതയിലേക്ക് അതാരെയോ തിരഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്നു..എല്ലാവരോടും വെറുപ്പ് തോന്നുന്നു, തനിച്ചാക്കി പോയവരോട്, മഴയത്ത് കുടയില്‍ നിന്നിറക്കി വിട്ട അമ്മയോട്, സംസാരിക്കാത്ത അച്ഛനോട്.. സഹതപിക്കുന്ന ആളുകളോട്.. അമ്മ നട്ട മരങ്ങളോട്.. തനിക്ക് കിട്ടേണ്ട സ്നേഹം പകുത്തെടുത്ത പൂക്കളോടും ചെടികളോടും..
സ്വാര്‍ത്ഥത..

കണ്ണു നിറഞ്ഞ് റോഡ്‌ അവ്യക്തമായപ്പോള്‍ അവന്‍ പല്ലു കടിച്ചു കൊണ്ട് വണ്ടിയോടിച്ചു..വലിഞ്ഞു മുറുകിയ മുഖം നനച്ചുകൊണ്ട് രണ്ടു പുഴകള്‍ ഒഴുകി..രാവിലെ കര്‍മ്മം ചെയ്ത് കുളിച്ചു കയറിയ പുഴയില്‍ ലയിച്ച അതേ നീര്‍ ചാലുകള്‍..

വീടെത്തിയിരിക്കുന്നു.വീര്‍പ്പു മുട്ടിക്കുന്ന പകലുകളും ഉറക്കം തരാത്ത രാത്രികളും മാത്രം തരുന്ന വീട്..അച്ഛനിറങ്ങി ഗേറ്റ് തുറന്നിട്ട്‌ വീട്ടിലേക്ക് നടന്നു.രണ്ടു പേരും പരസ്പരം നോക്കാന്‍ ഭയപ്പെട്ടിരുന്നു..കാര്‍ നിര്‍ത്തിയിട്ടും പിന്‍ സീറ്റിലേക്ക് നോക്കിയില്ല..പിന്‍ വാതിലുകള്‍ അടഞ്ഞു തന്നെ കിടന്നു, ഈ വീട്ടില്‍ ഇറങ്ങാനുള്ളത് അച്ഛനും മകനും മാത്രമാണ്.അമ്മയിറങ്ങി പോയിട്ട് അഞ്ചു ദിവസം...

അവന്‍ വണ്ടിയില്‍ നിന്നിറങ്ങി തെക്കേ പറമ്പിലേക്ക് നടന്നു. ഇരു വശവും നിരന്നു നില്‍ക്കുന്ന ചെടികളെ വെറുപ്പോടെ നോക്കി, പക്ഷെ അവ ചിരിച്ചു തന്നെ നിന്നു..ചിരിക്കുന്ന പൂവുകള്‍!
പേര മരത്തിലേക്ക് പടര്ത്തിയിട്ടിരിക്കുന്ന മുല്ലപ്പന്തല്‍ നിറയെ പൂവിട്ടിരിക്കുന്നു.. ഒരു വള്ളിയില്‍ മെല്ലെ വലിച്ചു കുടഞ്ഞപ്പോള്‍ പൂമഴ!!ആദ്യമായി കൌതുകത്തോടെ അവനാ മഴ നനഞ്ഞു..ഇലപ്പടര്‍പ്പുകള്ക്കിടയിലൂടെ ആകാശം കണ്ടു, ഇരുണ്ട് കൂടിയ കാര്‍ മേഘങ്ങളെ ആരോ മായ്ച്ചിരിക്കുന്നു. ഇലകള്‍ക്കുള്ളിലിരുന്നു ഒരു കുയില്‍ അവനു വേണ്ടി നീട്ടി പാടി.
തൊട്ടടുത്ത് ശംഖു പുഷ്പ ഇലകള്‍ക്കിടയില്‍ ഒരു കുരുവിക്കൂട്..കുഞ്ഞിന് കാവലിരിക്കുന്ന ഒരു അമ്മക്കിളി..അടുത്ത് ചെന്നിട്ടും അത് പറന്നു പോയില്ല, നീ ഞങ്ങള്‍ക്ക് അന്യനല്ല എന്നു അത് മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം ഇവിടെ മുന്‍പും ഉണ്ടായിരുന്നോ എന്നവന്‍ അത്ഭുതപ്പെട്ടു.. അമ്മയുടെ ലോകം!!  

മരചാമ്പയില്‍ നിന്നും കാറ്റടര്‍ത്തിയിട്ട ഒരു ചാമ്പക്കയെടുത്തവന്‍ കടിച്ചു, ഇതുവരെ തോന്നാത്ത മധുരം..ചാമ്പ പൂത്തത് ആദ്യം കാണിക്കാന്‍ അമ്മ  ഓടിവന്നു തന്നെ വിളിച്ചത് അവനോര്‍ത്തു, അതുപോലെ കുരുവി മുട്ടയിട്ടത്. പല പുതിയ ചെടികളും പൂവിട്ടത്. മാവ് ആദ്യായിട്ട് പൂത്തതും, പുതിയ കിളികള്‍ വിരുന്നു വന്നതും.. 
അങ്ങനെ എത്രയെത്ര കൌതുക കാഴ്ച്ചകളായിരുന്നു.. പിന്നെ കാണാമെന്നു പറഞ്ഞ് എത്രയോ തവണ തന്‍റെ ലോകത്തിരുന്നിട്ടുണ്ട്..
അവനു കാലുകള്‍ തളരും പോലെ തോന്നി..ആഞ്ഞിലി മരത്തിന്‍റെ നെറുകയില്‍ നിന്നും ഒരു കാറ്റ് വട്ടം ചുറ്റി താഴേക്കിറങ്ങി അവന്‍റെ മുടികളെ തഴുകി.. അമ്മയുടെ വിരലുകള്‍!! 
വാടി നില്‍ക്കുന്ന കോവലും വെള്ളരിയും കണ്ടപ്പോള്‍ അവനതിനു വെള്ളമൊഴിച്ചു കൊടുത്തു..ചുറ്റും ചിരിക്കുന്ന ഇലകള്‍, പൂക്കള്‍, കായ്കള്‍..അവനുറക്കം വന്നു, 

പറമ്പിന്റെ തെക്കേയറ്റത്തെ ചാമ്പപ്പൂ മെത്തയില്‍ ഇരുന്ന് കൊണ്ട് അവനഞ്ചു ദിവസം മുന്‍പ് നട്ട തുളസി തൈ നോക്കി..
അതവനെ നോക്കി ചിരിച്ചു..കിളികളും കാറ്റും ചെടികളും അവനു കൂട്ടിരുന്നപ്പോള്‍ അസ്ഥികളില്‍ വേരുറപ്പിച്ച ആ തുളസിചെടി അവനൊരു തിരു ശേഷിപ്പിന്റെ ഉയര്‍പ്പ് കഥ പറഞ്ഞു കൊടുത്തു..;
മരണമില്ലാത്ത ചില സ്നേഹങ്ങള്‍ ഭൂമിയിലവശേഷിപ്പിക്കുന്ന വേരുകളുടെ കഥ..

Thursday, 16 October 2014

അഞ്ചു ദിവസങ്ങൾ..


കലണ്ടറിൽ ചുവപ്പു വട്ടമിട്ട ഒന്നാം ദിവസം അവസാനിക്കാറായപ്പോൾ ഫാനിൽ കെട്ടിയ സാരിത്തുമ്പിൽ മനസ്സിനെ കുരുക്കി പിടയുകയായിരുന്നു അവൾ.
മുറിയുടെ നാലു ചുവരുകളും ചുരുങ്ങി ചുരുങ്ങി തന്നെ ശ്വാസം മുട്ടിക്കുന്നതായി തോന്നിയപ്പോൾ അവളൊരു മൂലയിലേക്ക് പതുങ്ങിയിരുന്ന് നിശബ്ദം കരഞ്ഞു..
മനസ്സ് തീ പിടിച്ച ഒരു പട്ടം കണക്ക് എവിടേയ്ക്കോ പായുകയാണ്, ശരീരത്തിൽ എവിടെയൊക്കെയോ മുറിഞ്ഞ് രക്തം വാർന്നോഴുകുന്നതായി അവൾക്കു തോന്നി. പാതി ചാരിയ ജനാലയിൽ നിന്നും ഇടയ്ക്കിടെ വീശുന്ന പാതിരാക്കാറ്റിനെപ്പോലും അവൾ വല്ലാതെ ഭയപ്പെട്ടു..

ഇരുട്ടിന്റെ പുതപ്പുമായ് മരണം തണുത്തുറഞ്ഞ ഒരു കാറ്റ് പോലെ തന്റെ ജനാലകൾക്കു പിന്നിൽ വല്ലാത്തൊരു കൊതിയോടെ കാത്തു നിൽക്കുന്നതായി അവൾക്കു തോന്നി, മരണമതിന്റെ എല്ലാ സൗന്ദര്യവുമായി വന്ന് മോഹിപ്പിക്കുന്ന ഒരു പൂവിനെപ്പോലെ ചിരിക്കുന്നു..

ബഡ് ഷീറ്റിനടിയിൽ കിടന്ന് മൊബൈൽ ഫോണ്‍ രണ്ടാം വട്ടം കരഞ്ഞു തുടങ്ങിയിരിക്കുന്നു..
അയാൾ പോയിട്ട് മാസം മൂന്നാവാറായിരിക്കുന്നു.. അയാളുടെ അവസാന മെസേജ് വെറുപ്പോടെ വായിചിട്ടവൾ ഡിലീറ്റ് ചെയ്തു.
എന്നത്തെയും പോലെ പ്രത്യേകതകൾ ഒന്നുമില്ല അതിൽ.. ജോലിയിലെ തിരക്കുകൾ.. പുതിയ നേട്ടങ്ങൾ.. ചില ഓർമ്മപ്പെടുത്തലുകളും നിർദ്ധേശങ്ങളും..

ചുവരിലെ ഫാൻസി ലൈറ്റിനടിയിൽ നിന്നും ഒരു പല്ലി ഇടയ്ക്കിടെ തലയെത്തിച്ചു നോക്കിക്കൊണ്ടിരുന്നു..
വെളിച്ചം കണ്ടു മോഹിച്ചെത്തിയ ഒരു കുഞ്ഞു പ്രാണി ആ വായ്ക്കുള്ളിൽ ജീവിതം അവസാനിപ്പിക്കുന്നത് കണ്ടപ്പോൾ അവളെഴുന്നേറ്റു നടന്നു..
മുറിയിലെ ഫാനിനേക്കാൾ വേഗത്തിലാണ് മനസ്സ് കറങ്ങുന്നത്.
മനസ്സിലും ശരീരത്തിലും എന്തോ കത്തിക്കൊണ്ടിരിക്കുന്നു, ശരീരം മനസ്സിനോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.. ഈ നശിച്ച രാത്രിയോന്ന് അവസാനിചിരുന്നെങ്കിൽ ..
ഇരുട്ടിലെവിടെ നിന്നോ ചെമ്പകം പൂവിട്ട ഗന്ധം വരുന്നുണ്ട്.
ആദ്യത്തെ രാത്രിയിൽ തന്റെ വിയർപ്പിന് ചെമ്പകത്തിന്റെ മണമാണെന്ന് അയാൾ പറഞ്ഞത് അവൾ വെറുതെയോർത്തു.
കുറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കും അനാവശ്യ സംശയങ്ങൾക്കിടയിലും രാത്രികൾക്ക് മാത്രം ചെമ്പക ഗന്ധം മതിയായിരുന്നു അയാൾക്ക്‌..
അയാളുടെ സന്തോഷങ്ങൾക്കൊപ്പം നടന്നിട്ടും ഒരിക്കൽ പോലും തനിക്കിഷ്ടമുള്ള ഗന്ധം അയാൾ അറിയാൻ ശ്രമിച്ചില്ല.

അഴിഞ്ഞു വീഴാറായ സാരിയഴിച്ച് ബഡിലേക്കെറിഞ്ഞ് മുടിയഴിച്ചു കൊണ്ടവൾ ജനാലകൾ തള്ളി തുറന്നു..
കട്ടി കൂടിയ ഇരുട്ടിന് മഞ്ഞിന്റെ കനമുണ്ട് ..
അകലെയെവിടെയോ ഒരു പക്ഷി ശോഷിച്ച ശബ്ദത്തിൽ പാടുന്നു.
ഇടയ്ക്കിടെ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി നിന്നപ്പോളാണ് താൻ നഗ്നയാണെന്ന കാര്യം അവളോർത്തത്, മഞ്ഞു നനവുള്ള തണുത്ത കാറ്റടിച്ചപ്പോൾ ഈ ഇരുട്ടിന് കരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു..
അകത്തൊരു കടൽ ഇരമ്പി മറിയുകയാണ്.. മനസ്സിലൊരു യുദ്ധം നടക്കുന്നു.
മനസ്സ് രണ്ടു പാതികളായിരിക്കുന്നു, അതിലൊന്ന് ഇപ്പോളും അയാൾക്ക്‌ വേണ്ടി വാദിക്കുന്നതോർത്തപ്പോൾ അവൾക്ക് ആശ്ചര്യം തോന്നി.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധമാണ് മറു വശത്ത്, എതിർ ചേരിയിൽ ലോകം മുഴുവനുമുണ്ട്..
മുൻ നിരയിൽ അയാളും ബന്ധുക്കളും നാട്ടുകാരും..
അവൾക്കുറക്കെയുറക്കെ പൊട്ടിക്കരയാൻ തോന്നി

പ്രലോഭനങ്ങളും ചൂഴ്ന്നു നോക്കുന്ന കണ്ണുകളും പ്രണയം കത്തുന്ന മുഖങ്ങളും ഏറെയുണ്ടായിരുന്നിട്ടും അയാളുടേത് മാത്രമായിരുന്നു താൻ.
ചുവരുകൾക്കപ്പുറമുള്ള സ്വർഗ്ഗം കണ്ടില്ലെന്നു നടിച്ചു.. അടച്ചു പൂട്ടിയ ജനലുകൽക്കും വാതിലുകൾക്കും ഉള്ളിലെ ലോകം സുന്ദരമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..
എന്നിട്ടും തന്റെ ചുവന്ന കവിളുകൾ പല തവണ ചുവരിൽ ഉരഞ്ഞു, അയാളുടെ തടിച്ച കൈ വിരലുകൾ അതിൽ അപൂർണ്ണങ്ങളായ ചിത്രങ്ങൾ വരച്ചു..

കോളേജ് ജീവിതം അവസാനിച്ചപ്പോൾ ജോലിക്ക് പോകാൻ വീട്ടുകാർ അനുവദിച്ചില്ല, മനസ്സിനിഷ്ട്ടപ്പെട്ടയാൾ ഒരു മറുപടി പോലും പറയാതെ പോയപ്പോൾ വീട്ടുകാരുടെ അഭിപ്രായത്തിനൊപ്പം നിന്നു.. പിന്നെ വിവാഹം ..

മനസ്സിന്റെ ജാലകങ്ങളൊക്കെയും കൊട്ടിയടച്ചത് അന്ന് മുതലാണ്‌. അയാളുടെ ഇഷ്ടങ്ങൾ.. അയാൾക്കിഷ്ടമുള്ള വസ്ത്രം, അയാൾ പറയുന്ന സൌഹൃദം..
തന്റെ മനസ്സിന്റെ ഇഷ്ടങ്ങൾ ആരാണ് ചോദിച്ചിട്ടുള്ളത് ?
ജീവിതത്തിന്റെ നല്ല ഭാഗം കഴിയാറാവുന്നു.. ഇനിയൊരു നല്ല പകൽ ജീവിതത്തിലുണ്ടാവില്ല.
കണ്ണുകളിൽ നിന്നും ദേഹത്തേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നു രണ്ടു ചാലുകൾ..
എരിഞ്ഞു കത്തുകയാണ് മനസ്സിൽ ചിന്തകൾ, ശേഷിച്ച വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് ഒരു ഭ്രാന്തിയെപ്പോലെ അവളാ മുറിയിൽ പലകുറി നടന്നു..
ചുവന്ന കാൽപ്പാടുകളിൽ വീണ്ടും ചവിട്ടി, കളങ്ങൾ വരച്ചു കൊണ്ട് ശരീരം നഷ്ട്ടപ്പെട്ട ഒരാത്മാവിനെപ്പോലെ അവളാ ജനലഴികളിൽ പിടിച്ചു കൊണ്ട് ഇരുട്ടിനോട്‌ സംസാരിച്ചു..

ഇരുട്ടിന്റെ കരങ്ങൾ തന്റെ ശരീരത്തിലേക്ക് പടർന്നു കയറി ഒരു സ്വർഗ്ഗത്തിന്റെ അനന്തതയിലേക്ക് തന്നെ കൊണ്ടു പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. മുഖമില്ലാത്ത ഇരുട്ട് തന്നെ കരവലയങ്ങൾക്കുള്ളിലൊതുക്കി ചുണ്ടുകൾ കൊണ്ട് കഥ പറഞ്ഞ് ഒരു കുഞ്ഞിനെയെന്നപോലെ സമാധാനം നിറഞ്ഞ ഒരു ആലസ്യത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ട് പോകുന്നത് അവൾ സ്വപ്നം കണ്ടു.
പാതിരാക്കാറ്റടങ്ങിയപ്പോൾ അവൾ നടന്ന് ബാത്ത് റൂമിൽ കയറി ഷവർ ഓണ്‍ ചെയ്തു, കുത്തിയൊഴുകുന്ന വെള്ളം പല കൈകൾ കണക്ക് നീർ ചാലുകൾ കൊണ്ട് ചിത്രം വരച്ചപ്പോൾ കണ്ണുകളടച്ചവൾ നീർ ചാലുകളുടെ ഹൃദയത്തിലേക്കിറങ്ങി ഒരു മഴയെ ഉൾക്കൊള്ളാൻ തയ്യാറെടുത്തു.

****

കലണ്ടറിലെ ചുവപ്പു വരച്ച രണ്ടാം നാൾ ആലസ്യം നിറഞ്ഞതായിരുന്നെങ്കിലും അവൾക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല, പത്രക്കാരനോടും മറ്റും വെറുതെ കയർക്കേണ്ടിയിരുന്നില്ല എന്നവൾക്ക് പിന്നീട് തോന്നി. തലയ്ക്ക് വല്ലാത്ത കനം .. കെട്ടു പൊട്ടിയ ചിന്തകളെ അടുക്കി വയ്ക്കാൻ തുടങ്ങിയിരിക്കുന്നു മനസ്സ്. പേരറിയാത്ത ഒരു വിഷമത്തിന്റെ കരി നിഴൽ തനിക്കു മീതെ വീണു കിടക്കുന്നതായി അവൾക്കു തോന്നി..
മനസ്സിന്റെ പാതികൾ തമ്മിലുള്ള തർക്കങ്ങൾ അവസാനിച്ചിട്ടില്ല..
അവൾ മുറിയിലേക്കൊന്നു പാളി നോക്കി.. കാറ്റിൽ പറക്കുന്ന കടലാസ് കഷണങ്ങൾ, തന്റെ ചിന്തകൾ പോലെ അലക്ഷ്യമായി ചിതറിക്കിടക്കുന്നു പലതും.. വലിച്ചു കീറിയ പുസ്തകതാളുകൾ.. തലയിണകൾ.. താഴെ തകർന്ന ഫ്ലവർ വെയ്സിൽ നിന്നും ചാടിപ്പോയ വാടിയ പൂക്കൾ..

അതെല്ലാം നേരെയാക്കാൻ മനസ്സ് അനുവദിക്കുന്നില്ല..
വാതിലുകളും ജനലുകളും കൊട്ടിയടച്ച് ഇരുട്ട് പകർന്നു തരുന്ന ആലസ്യത്തിൽ എവിടെയെങ്കിലും ചുരുണ്ടു കൂടിയിരിക്കാനാണ് തോന്നുന്നത്..
പുറത്ത് നല്ല മഴക്കാറുണ്ട്, മൂടിക്കെട്ടി നിൽക്കുകയാണ് അന്തരീക്ഷം, ഒന്നും കഴിക്കാൻ തോന്നുന്നില്ല എങ്കിലും അവൾ പല തവണ അങ്ങുമിങ്ങും നടന്ന് പലതും കഴിച്ചു. 
ജനലിനു പുറത്തെ ഇലപ്പടർപ്പുകളിൽ ഇരുന്ന് ചീവീടുകൾ കരയുന്നതും ഗർഭിണിയായ ആകാശം പ്രസവിക്കുന്നതും നോക്കിയിരുന്ന് അവൾ ദിവസങ്ങൾ തള്ളി നീക്കി..

നാലാം നാൾ പൊതുവെ ശാന്തമായിരുന്നു.
ഉൾക്കടലിൽ എത്തപ്പെട്ട തോണിയെപ്പോലെ മനസ്സ് യാത്രയുടെ വേഗം കുറച്ച് നല്ലതെന്തിനെയോ കാത്തിരിക്കാൻ തയ്യാറെടുത്ത് തുടങ്ങിയിരുന്നു.
പിന്നിട്ട ദിവസങ്ങൾ ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി.
തെറ്റുകളിലേക്ക് പോകാതിരിക്കാൻ അവൾ മനസ്സിനെ ശാസിച്ചു.
മനസ്സ് പറയുന്നത് കേൾക്കാൻ ശരീരം തയ്യാറാവാതായിരിക്കുന്നു, അവൾക്ക് തിരുവനന്ത പുരത്ത് പോയി അയാളെ കാണാൻ തോന്നി. അയാൾ അടുത്തുണ്ടെങ്കിൽ ഒരാശ്വാസം തന്നെയാണ്, ഏകാന്തതയുടെ തടവിൽ ഒരു കൂട്ട്, അതിലും വലിയ ആഗ്രഹങ്ങൾ ഇല്ലാതായിരിക്കുന്നു. 
മനസ്സ് ശാന്തമാവാൻ തനിച്ചല്ലെന്നുള്ള തോന്നൽ മാത്രം മതി.
അവൾ തിടുക്കത്തിൽ കുളിച്ചു, ചുവപ്പും കറുപ്പും നിറമുള്ള ഒരു സാരിയെടുത്ത് ദേഹത്ത് വച്ചു നോക്കി, കണ്ണാടിക്കു മുന്നിൽ നിന്ന് പൊട്ടു കുത്തുമ്പോൾ ചുണ്ടിൽ ഒരു മൂളിപ്പാട്ട് വന്നു..
അവൾക്കു സന്തോഷം തോന്നി, കാര്മേഘമൊഴിഞ്ഞ്‌ തെളിഞ്ഞ ആകാശം പോലെയായി വരുന്നു മനസ്സ്..

റെഡിയായി വേഗമിറങ്ങി ഒരോട്ടോ പിടിച്ച് റെയിൽവേ സ്റ്റെഷനിലെത്തിയപ്പോൾ മുന്നിൽ ആനന്ദ്..
ഇന്ദൂ.. വാട്ട് എ സർപ്രൈസ്.. നീ എവിടെക്കാണ്‌ ?
ട്രിവാൻഡ്രം.. 
"ഞാനുമതെ, കണ്ടത് ഭാഗ്യമായി, ഒരുപാടുണ്ട് പറയാൻ വിശേഷങ്ങൾ.. നീയിവിടെ നിന്നോളൂ," അയാൾ വേഗത്തിൽ ഒരു കാൽ വലിച്ചു വച്ചുകൊണ്ട് ടിക്കറ്റ് കൌണ്ടറിനു മുന്നിലെ തിരക്കിൽ ലയിച്ചു.. 

അവൾ വല്ലാത്തൊരു പകപ്പോടെ അയാളെ നോക്കി..
ആനന്ദിന്റെ ഒരു കാൽ വയ്പ്പുകാൽ ആണ്! മുട്ടിനു താഴേക്ക്.. ശ്രദ്ധിച്ചപ്പോൾ ഒരു കൈക്കുമുണ്ട് എന്തോ പ്രശ്നം.. 
അലക്ഷ്യമായി കിടക്കുന്ന മുടിയും അങ്ങിങ്ങ് നര കയറിയ താടിയും.. ആനന്ദ് എന്ന ആ പഴയ സുന്ദരന് വന്ന മാറ്റം അവളെ അത്ഭുതപ്പെടുത്തി..
ഒരു കോളേജ് തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം ജയിച്ചതിന്റെ ചിലവ് ചോദിച്ചപ്പോൾ "നിനക്കൊരു ജീവിതം തരട്ടെ " എന്ന് പറഞ്ഞ ആനന്ദ്..
ലൈബ്രറിയിലേക്കുള്ള ഗോവണിച്ചുവട്ടിലെ ഇരുട്ടിലേക്ക് നീക്കി നിർത്തി പേടിച്ചരണ്ട തന്റെ കൈക്കുള്ളിലേക്ക് ആദ്യത്തെ പ്രണയ ലേഖനം തിരുകി വച്ചുതന്ന ആനന്ദ്.. കല്ല്യാണം തീരുമാനിച്ചു എന്നെഴുതിയ തന്റെ കത്തിന് ഒരു മറുപടി പോലുമെഴുതാതെ ശൂന്യതയിൽ മറഞ്ഞ അതേ ആനന്ദ്..
ടിക്കറ്റുമായി അയാൾ മുന്നിലെതിയപ്പോളും അവളാ പഴയ കോളേജിന്റെ പഴക്കം ചെന്ന ഏതോ ഒരു ഇടനാഴിയിൽ ആയിരുന്നു..

"വരൂ നടക്കാം നമുക്ക് .."
അവൾ യാന്ത്രികമായി അയാളെ അനുഗമിച്ചു..
ട്രെയിൽ വരാൻ ഇനിയും മുപ്പത് മിനിട്ടുണ്ട്, നമുക്കൊരു ചായ കുടിക്കാം 

അയാൾ അവളെയും കൊണ്ട് റെയിൽവേ കാന്റീനിലെക്കു കയറി..
ചായ വന്നിട്ടും അവർക്കിടയിൽ മൌനം കൂട് കൂട്ടിയപ്പോൾ അയാൾ സംസാരിച്ചു
വീണ്ടുമൊരു കണ്ടുമുട്ടൽ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാവുമല്ലേ നിനക്ക് ?
അവളാ ചോദ്യം കേട്ടില്ല.. "കാലിന് എന്തു പറ്റി ആനന്ദ് ? 

ഓ അതൊരപകടം .. നിന്റെ കല്യാണത്തിന് രണ്ടു മാസം മുൻപ്.. ജീവിക്കുന്ന രക്തസാക്ഷിയെന്ന് വേണമെങ്കിൽ പറയാം.. അയാൾ ചിരിച്ചു..
എന്റെ കത്ത് കിട്ടിയില്ലേ ?

അയാൾ മറുപടി പറഞ്ഞില്ല 
ചായ ഗ്ലാസിലേക്കും അവളുടെ കണ്ണുകളിലേക്കും നോക്കിയിട്ട് മനസ്സിൽ പറഞ്ഞു, അന്നാ അപകടം നടന്നില്ലായിരുന്നെങ്കിൽ നീയിന്ന് എന്റെ കൂടെ ഉണ്ടാവുമായിരുന്നു ..

പിന്നീടവർ സംസാരിച്ചില്ല, അവിടെ നിന്നിറങ്ങി പ്ലാറ്റ് ഫോമിലെത്തി ട്രെയിൻ കാത്തു നിന്നു 
ട്രെയിൻ വന്നപ്പോൾ അവളാദ്യം കയറിയിട്ട് അയാളെ പിടിച്ചു കയറ്റി, തിരക്ക് നന്നേ കുറവായിരുന്നു. അവരൊരു സീറ്റിൽ അടുത്തടുത്ത് ഇരുന്നു.
ട്രെയിൻ നീങ്ങിയപ്പോൾ അയാൾ പേഴ്സിൽ നിന്നും പഴയൊരു ഫോട്ടോയെടുത്ത് അവളെ കാണിച്ചു..
താരയുടെ കല്യാണത്തിന് തങ്ങളിരുവരും ചേർന്നെടുത്ത ഫോട്ടോ ..
ആ ഫോട്ടോ വീണ്ടുമവളെ പിന്നിലേക്ക്‌ കൊണ്ടുപോയി.. തന്റെ മനസ്സ് ഒരുപാട് നാളുകൾക്കു ശേഷം കൂടുതൽ കൂടുതൽ സന്തോഷിക്കുന്നത് അവളറിഞ്ഞു.. അവരോരുപാട് സംസാരിച്ചു.. 
തിരുവനന്തപുരം എത്തിയപ്പോൾ അവരെഴുന്നേറ്റു, അവളുടെ നമ്പർ സേവ് ചെയ്ത് വിളിക്കാമെന്ന് പറഞ്ഞിട്ട് അയാൾ തിടുക്കത്തിൽ തിരക്കിലേക്ക് മറഞ്ഞു.. 

പുറത്തപ്പോൾ വെയിൽ കനത്തിരുന്നു
അയാളുടെ ഓഫീസിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.. അയാളിലേക്ക് അടുക്കുന്തോറും അവൾ മനസ്സിൽ നിന്ന് ആനന്ദിനെ മായ്ക്കുകയായിരുന്നു, ആനന്ദ് വെറുമൊരു സ്വപ്നമായിരുന്നെങ്കിൽ എന്നവൾ ഓർത്തു. ഓഫീസിൽ എത്തിയപ്പോൾ അയാൾ പുറത്തു പോയിരിക്കുകയാണെന്നും മൂന്നു മണിക്കേ എത്തുകയുള്ളൂ എന്നും റിസപ്ഷനിലെ പെണ്‍കുട്ടി പറഞ്ഞു. അവളുടെ ചിരിയിൽ ഒരു പരിഹാസത്തിന്റെ ചുവയുള്ളത് പോലെ അവൾക്കു തോന്നി..
അവൾ പുറത്തേക്കിറങ്ങി നടന്നു.. തൊട്ടടുത്ത് തീയറ്ററുണ്ട്, സമയം പോകാൻ കയറാം.. ആദ്യായിട്ടാണ്‌ തനിച്ചു പോകുന്നത് . ആനന്ദിനെ കണ്ടപ്പോൾ മനസ്സിനൊരു ധൈര്യം..
അവൾ ടിക്കട്ടെടുത്ത് ഇരുട്ടിലേക്ക് നടന്നു കയറി, തുടങ്ങിയിട്ട് പത്തു മിനിട്ടായെന്നാണ് പറഞ്ഞത്. മൊബൈൽ തെളിച്ച് അരികിൽ കണ്ട ഒരു സീറ്റിൽ അവളിരുന്നു.. ആ നിരയിലെ സീറ്റൊക്കെയും കാലിയാണ്. തൊട്ടു മുന്നിലെ സീറ്റിൽ നിന്നും അടുക്കിപ്പിടിച്ച സംസാരം കേൾക്കാം. രണ്ടു പേർ ചേർന്നിരുന്ന് പ്രേമിക്കുന്നു. സ്ക്രീനിലേതോ ഹിന്ദി സിനിമയാണ്..

സിനിമ കാണാൻ താല്പര്യമില്ലാതിരുന്നിട്ടും അവൾ സ്ക്രീനിൽ നോക്കിയിരിന്നു, മനസ്സ് വെറെയെവിടെയോ ആയിരുന്നു  ഇടയ്ക്ക് കണ്ണുകൾ മുൻസീറ്റിലേക്ക് ചെന്നപ്പോൾ മുന്നിലിരിക്കുന്നയാൾ ആ പെണ്‍കുട്ടിയെ തന്നിലേക്ക് ചേർത്തു പിടിച്ച് ചുംബിക്കുന്നതാണ് കണ്ടത്.. പെണ്‍കുട്ടിയുടെ  കഴുത്തിൽ നിന്നും അയാളുടെ വിരലുകൾ മുടികളെ മാറ്റി തോളിൽ അമർത്തി പിടിച്ചപ്പോൾ സ്ക്രീനിൽ വെളിച്ചം വന്നു..
പെട്ടന്നവൾ ചാടിയെഴുന്നേറ്റ് ഒരിക്കൽ കൂടി അവരെ നോക്കിയിട്ട് പുറത്തേക്ക് നടന്നു..  

പുറത്തെ വെയിലിലേക്ക്‌ ഇറങ്ങി നടന്നപ്പോൾ അവൾക്ക് കണ്ണുകളിൽ ഇരുട്ട് കയറുംപോലെ തോന്നി..
മുൻ സീറ്റിലെ പെണ്‍കുട്ടിയെ തഴുകിയ അയാളുടെ തടിച്ച വിരലുകൾ.. അതിലൊന്നിലെ തന്റെ പേര് കൊത്തിയ സ്വർണ്ണ മോതിരം !!
വെയിൽ കനത്തിട്ടും അവൾ കുട നിവർത്തിയില്ല, കണ്ണുകൾ നിറഞ്ഞതുമില്ല .. മനസ്സിന്റെ പാതികൾ തമ്മിലുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു.
ട്രെയിനിൽ കയറി ഗ്ലാസ് വിൻഡോ ഉയർത്തി ആകാശ മേഘങ്ങളിലേക്ക് കണ്ണ് നട്ടിരുന്നപ്പോൾ മഴയും വെയിലും മാറി മാറി വന്നു..
പൂക്കളും പുഴകളും ചിരിക്കുന്ന മുഖങ്ങളും ആംബുലൻസിന്റെ കരച്ചിലും ഘോഷയാത്രകളും നഗര തിരക്കുകളും പിന്നിട്ട് നാട്ടിലെത്തി.

അഞ്ചാം ദിവസം രാവിലെ ടി വി ഓണ്‍ ചെയ്തപ്പോൾ കോളേജിൽ ആനന്ദ് പാടാറുണ്ടായിരുന്ന പാട്ട്..
ആനന്ദിനെ കാണണം, സംസാരിക്കണം .. പ്രേമിക്കാനല്ല, തനിക്കിപ്പോൾ വേണ്ടത് ആനന്ദിലെ ആ പഴയ സുഹൃത്തിനെയാണ്. തന്റെ സന്തോഷം മാത്രം ആഗ്രഹിച്ചു നടന്ന നല്ല കൂട്ടുകാരൻ..
അവൾ ജനാലകൾ തുറന്നിട്ടു, മഴക്കാർ മൂടിക്കിടക്കുകയാണ് അന്തരീക്ഷമെങ്കിലും പൂക്കൾ ചിരിച്ചു കൊണ്ട് തലയുയർത്തി തന്നെ നിൽക്കുന്നു.. 
അവൾ മൊബൈലെടുത്ത് നമ്പർ ഡയൽ ചെയ്തു..

****

അവർ ജൂതപ്പള്ളിക്കരികിലൂടെ വെറുതെ നടന്നു..
ഏറെക്കുറെ വിജനമായിരുന്ന വഴിയിലൂടെ രണ്ടു കുട്ടികൾ സൈക്കിളിൽ പറന്നു പോയി 
സെമിത്തേരി റോഡിൽ കടന്ന് നിരന്നു കിടക്കുന്ന കുഴിമാടങ്ങളുടെ അടുത്തെത്തിയപ്പോളെക്കും വെയിൽ കനത്തിരുന്നു. ദൂരെ കടലിലെ തിരയിളക്കങ്ങൾ അവർക്കു സംഗീതമായി തോന്നി..

അവരൊന്നും സംസാരിച്ചില്ല, വാക്കുകളേക്കാൾ വേഗത്തിൽ കെട്ടുപിണഞ്ഞിരുന്നു രണ്ടു മനസ്സുകൾ.
അവർക്കു ചുറ്റും മഴ പെയ്തില്ല, വഴിയരികിലെ പൂമരങ്ങൾ പൂക്കൾ വർഷിച്ചതുമില്ല.. രണ്ടു നീർച്ചാലുകൾ ഒഴുകിയൊന്നായതു പോലെ അവരാ സെമിത്തേരിയുടെ പൂട്ടിയിട്ട ഇരുമ്പ് ഗേറ്റിൽ പിടിച്ചു നിന്നു.

സെമിത്തേരിയുടെ മതിലരികിൽ പടർന്നു കയറിയ ഇലച്ചെടികൾക്കുള്ളിലിരുന്ന് ചീവീടുകൾ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടിരുന്നു..
വെയിൽ മങ്ങി, വിഷമങ്ങൾ പറഞ്ഞു തീർത്തപ്പോളെക്കും സന്ധ്യയായിരുന്നു.. 
പിരിയാൻ നേരം അയാളുടെ വരണ്ട ചുണ്ടുകൾ അവളുടെ നെറ്റി തൊട്ടപ്പോൾ അരൂപികളായ കുറച്ചാത്മാക്കൾ കുഴിമാടങ്ങൾക്ക് മുകളിൽ നൃത്തം വയ്ക്കുന്നുണ്ടായിരുന്നു..

***

നഷ്ട്ടപ്പെട്ട എന്നെ തിരയാൻ 
ഇനിയുള്ളത് 
നിന്റെ മനസ്സിന്റെ 
ഇരുൾ മാറാല മൂടിയ 
അടച്ചിട്ട മുറികൾ മാത്രം 

അതിലുമില്ലെങ്കിൽ
തിരിഞ്ഞു നടക്കാം
പറഞ്ഞു തീർത്ത വാക്കുകൾ
കൊണ്ടുണ്ടാക്കിയ കടലാസ്
വഞ്ചികൾ നനഞ്ഞു താഴുന്നതും
നോക്കി വെറുതെയിരിക്കാം

ചേർന്നു നനഞ്ഞ മഴയിലും,
ഉള്ളിൽ പൊടിഞ്ഞൊന്നു ചേർന്ന
വിയർപ്പു തുള്ളികൾക്ക്
വെറും കറിയുപ്പിന്റെ
സ്വാദായിരുന്നെന്ന്
ബെറുക്കനെ പറയാം