Tuesday 28 February 2012

കിനാവിലെ തണല്‍മരങ്ങള്‍



"നിന്‍റെ  ഭാര്യയുടെ സ്വഭാവം ശരിയല്ല "
"നീ വെറുമൊരു വിഡ്ഢിയാണ് ജയാ, കൂടെ താമസിക്കുന്ന ഓരോ നിമിഷവും അവള്‍ നിന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് "
 കമ്പനിയുടെ പുകക്കുഴലിലേക്ക് നോക്കികൊണ്ടാണ് ജോസഫേട്ടന്‍ അത് പറഞ്ഞത് .
മെഷിനേക്കാള്‍ വേഗത്തില്‍ കറങ്ങുന്നത് ജയപ്രകാശിന്റെ മനസ്സാണ്
സെലിന്‍ എന്നെ വഞ്ചിക്കുകയാണെന്നോ  ? 
ദയവു ചെയ്തു നിങ്ങള്‍ ഇങ്ങനെ സംസാരിക്കരുത് , ഒരു കുന്നോളം സ്നേഹമുണ്ടവള്‍ക്കെന്നോട്..
" നിന്നോട് സംസാരിക്കാന്‍ ഞാനില്ല ജയാ, നീ അനുഭവിച്ചാലേ പഠിക്കൂ .."

ജോസഫേട്ടന്‍ ഈ ലോകത്ത് എനിക്കാകെയുള്ള രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണ് , എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന, ജീവന് തുല്യം എന്നെ സ്നേഹിക്കുന്ന രണ്ടേ രണ്ടു പേര്‍ ..
രണ്ടാമത്തെയാള്‍ നീലിമയാണ് , എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്നവള്‍ .. ജോസഫേട്ടനാണ് നീലിമയെ എനിക്ക് പരിചയപ്പെടുത്തിയത് . തീര്‍ത്തും വിരസമായിരുന്ന എന്‍റെ ദിവസങ്ങളിലേക്ക് ഒരു കുളിര്‍ മഴയായി അവള്‍ പെയ്തിറങ്ങി ..
അടച്ചിട്ടിരുന്ന എന്‍റെ മനസ്സിന്റെ ജാലകങ്ങള്‍ തള്ളിത്തുറന്ന് അവള്‍ അകത്തു കയറി  

പിന്നീട് കഥകളും കവിതകളും പങ്കു വച്ച് എത്രയെത്ര സായാഹ്നങ്ങള്‍ പനയോലകള്‍ക്ക് താഴെ ചിലവഴിച്ചിരിക്കുന്നു  .. 
അതിനിടയിലെപ്പോഴോ വാക്കുകള്‍ക്കിടയിലേക്ക് പ്രണയം കടന്നു വന്നു .. എന്‍റെ ഇഷ്ടം അറിയിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല ..കണ്ണിലേക്കു നോക്കിയിരുന്നു ,പിന്നെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല . മൌനം സംസാരിക്കുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചു... 
"മിണ്ടാതെ മിണ്ടുന്ന .. പറയാതെ കേള്‍ക്കുന്ന ... കാണാതെ കാണുന്ന ..കത്തുന്ന പ്രണയം ..."
എന്നെ പ്രനയിക്കനവില്ലെന്നു തീര്‍ത്തു പറഞ്ഞപ്പോളും എനിക്കവളോട് ദേഷ്യം തോന്നിയില്ല ... ഒരു പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ഞങ്ങളുടെ പ്രണയം അവസനിച്ചാലോ?
പ്രണയത്തിനു ഒരു വേദനയുടെ സുഗന്ധമുണ്ട് .. ചില സമയത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന സുഖകരമായ ഒരു വേദന .. അതില്‍ ജീവിക്കാനാണ് എനിക്കിഷ്ടം ..

വേദനയില്‍ മദ്യം ഒരു നല്ല കൂട്ടാണെന്ന്  പറഞ്ഞു തന്നത് ജോസഫ്‌ ചേട്ടനാണ് . എന്റെ നീറുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നത് ജോസഫേട്ടനാണ്.
ഒരു യാത്ര പോലും പറയാതെ നീലിമ എന്നില്‍ നിന്നും മാറി നിന്നപ്പോളും എനിക്ക് തണലായത് അയാളാണ് .
അവളുടെ മുടങ്ങാതെയുള്ള കത്തുകള്‍ എനിക്കെത്തിക്കുന്നതും ജോസഫേട്ടന്‍ തന്നെ ..


ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങി സെലിനുമായുള്ള വിവാഹം ...
ആദ്യമൊക്കെ എന്നെ ജീവനായിരുന്നവള്‍ക്ക് , പിന്നീട് തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയമായി ..
മാനസിക രോഗത്തിന് രണ്ടു വര്‍ഷം ചികിത്സയിലായിരുന്നു സെലിനെന്നു പിന്നീടാണ്‌ അറിഞ്ഞത്,  അവളുടെ ബന്ധുവായ ജോസഫേട്ടന്റെ അയല്‍ക്കാരിയാണ്‌ അതു പറഞ്ഞത് , ഇത് ചോദിച്ചതിന്റെ പേരില്‍ അവള്‍ കത്തിയെടുക്കുക വരെ ചെയ്തു . പിന്നീട് പ്രശ്ന കാരണം ജോസഫേട്ടനായിരുന്നു . അയ്യാളെ കാണരുത് സംസാരിക്കരുത് ... ഒരു ദിവസം എന്നെയന്വേഷിച്ചു വീട്ടില്‍ വന്ന ജോസെഫേട്ടനെ അവള്‍ വഴക്ക് പറഞ്ഞു തിരിച്ചയച്ചു. എന്നോട് തര്‍ക്കിച്ച അവളെ ഞാന്‍ തല്ലി.. 
പിന്നെയങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളായി , അവള്‍ക്കെന്നെയും ഭയമായി ..ബെഡ് റൂമില്‍ തലയിണക്കടിയില്‍ കത്തിയുമായി ഉറങ്ങാതെ എന്നെയും നോക്കി കിടക്കും അവള്‍ .. എന്റെ ഒരു ചലനം പോലും അവളെ പരിഭ്രാന്തയാക്കിയിരുന്നു 

ഫാക്ടറിയിലെ കറങ്ങുന്ന മെഷീന് പിന്നില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു .. ആരോടും സംസാരിക്കാന്‍ മനസ്സ് വരുന്നില്ല, എവിടെയും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളാണ് .
മനസ്സ് കടുത്ത സമ്മര്‍ദ്ദത്തില്‍ ആണ് ,കുറച്ചു നാള്‍ ലീവ് എടുക്കണം .. 

***

ജോസഫേട്ടന്‍ വീണ്ടും ദൈവമായ് എനിക്ക് മുന്നിലെത്തി .. മദ്യക്കുപ്പിക്ക് പിന്നില്‍ നിന്നും നീട്ടിയ കയ്യില്‍ നീലിമയുടെ കത്താണ് ..
അവള്‍ തിരിച്ചു വരുന്നു , എന്നെ കാണാന്‍ വേണ്ടി മാത്രം . യാത്ര ചോദിക്കാതെ പോയി ഇപ്പോള്‍ ഥാ പറയാതെ തിരിച്ചു വരുന്നു ...
" നാളെ വയ്കീട്ടു കോട്ട മൈതാനിയില്‍ വരണം, എനിക്കത് നിന്നോട് പറയണം , ഇത്ര നാളും പറയാതെ മനസ്സില്‍ കാത്തു വച്ചത്  "
ഒത്തിരി സന്തോഷത്തിലും മനസ്സ് അസ്വസ്ഥമായി , കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ജീവിതം മാറി മറിഞ്ഞിരിക്കുന്നു ..  സെലിന്‍ എന്റെ ഭാര്യയായി , പക്ഷെ എന്റെ പ്രണയം അത് നീലിമയാണ് ..
മനസ്സ് വീണിരിക്കുന്നത് കടുത്ത സംഘര്‍ഷച്ചുഴിയിലാണ് .
സെലിന്റെ സ്നേഹം അഭിനയമാനെന്നാണ് ജോസഫേട്ടന്‍ പറയുന്നത് , പോരാത്തതിനു മുഴു വട്ടും ..
എന്ത് വന്നാലും നീലിമയെ കാണണം .
സുഹൃത്തിനെ കാണാനെന്നു കള്ളം പറഞ്ഞു രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി , സെലിന്‍ എന്തൊക്കെയോ പിറുപിരുക്കുന്നുണ്ട് ..
അവള്‍ക്കൊരിക്കലും എന്നെ മനസ്സിലാക്കാനാവില്ല .
നീലിമ വൈകിട്ടെ വരികയുള്ളു , മണിക്കൂറുകള്‍ കാത്തിരിക്കണം .. പ്രിയപെട്ടവരെ കാത്തിരിക്കുമ്പോള്‍ കാത്തിരുപ്പ് ഒരു സുഖമുള്ള അനുഭൂതി തന്നെയാണ് , 
മണിക്കൂറുകള്‍ നിമിഷങ്ങലയാണ്‌ കൊഴിയുന്നത് .. കാറ്റില്‍ ആര്‍ത്തു ചിരിക്കുന്ന പനയോലകള്‍ എന്നെ ശല്ല്യപ്പെടുതുന്നുണ്ടെങ്കിലും അവ കൊണ്ട് വരുന്ന കാറ്റിനു അവളുടെ ഗന്ധം ഉള്ളതുപോലെ ..
അവളോട്‌ ഞാന്‍ എന്താണ് പറയുക , എന്റെ പ്രണയത്തിന്റെ നന്മ നഷ്ടപ്പെട്ടിരിക്കുന്നു ..
നീലിമയുടെ തോളില്‍ ചാരി കാറ്റില്‍ ഉലയുന്ന പനയോലകള്‍ക്ക് താഴെ ഹൃദയം കൊരുത്ത്, 
മിഴികളില്‍ പ്രണയത്തിന്റെ ലഹരിയുമായി എത്രയെത്ര സായാഹ്നങ്ങളാണ് ഇവിടെ ചിലവിട്ടിട്ടുള്ളത്.. 
ജോസഫേട്ടനാണ് നീലിമയെ വിവാഹം കഴിക്കാന്‍ പറഞ്ഞത് , താലിയുമായി കാത്തിരുന്നെങ്കിലും അന്നവള്‍ വന്നില്ല , അവള്‍ ജോലി  ചെയ്യുന്ന സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ചെന്ന് കണ്ടു കാര്യം പറഞ്ഞു , " വൈകീട്ട് കാണാം ജയാ , ഇനിയിങ്ങോട്ടു വരേണ്ട " 
പക്ഷെ പിന്നീടവള്‍ വന്നില്ല .

മുടിയിലിഴയുന്ന കൈ വിരലുകള്‍ എന്നെയുനാര്തി .. നീലിമ ..
അവളിലെക്കെന്നെ വലിച്ചു ചേര്‍ത്ത് കാതില്‍ പറഞ്ഞു " എനിക്ക് നിന്നെ വേണം, നിന്നെ നഷ്ടപ്പെടുത്തി ഒരു ലോകം എനിക്ക് വേണ്ട ..
കാണാതിരുന്ന നാളുകളിലത്രയും നിന്റെ പ്രണയ തീയില്‍ ഞാന്‍ ദഹിക്കുകയായിരുന്നു.. ജയാ നീയില്ലാത്ത സായാഹ്നങ്ങള്‍ ശപിക്കപ്പെട്ട നിമിഷങ്ങളായിരുന്നു ..
ജോസഫേട്ടന്‍ എന്നോട് എല്ലാം പറഞ്ഞു , എന്തെല്ലാം കാരണങ്ങലുന്ടെങ്കിലും നിന്നെ നഷ്ടപ്പെടുത്തുവാന്‍ എനിക്ക് വയ്യ ജയാ ..
അവളുടെ കണ്ണിലെ തിളക്കം നേരിടാന്‍ എനിക്ക് ശക്തിയില്ലാത്തത് പോലെ ..
" ജയാ , ഇന്ന് രാത്രി നമ്മള്‍ ഒരുമിച്ചായിരിക്കും  ... "
എന്റെ മറുപടി അവള്‍ക്കു വേണ്ട , വേണ്ടത് എന്നെ മാത്രം ..

***
നേരം വെളുത്തപ്പോള്‍ ഞാന്‍ വീട്ടിലാണ്‌ , ചായയുമായി സെലിന്‍ മുന്നില്‍ ..
സമയം പതിനൊന്നര  കഴിഞ്ഞിരിക്കുന്നു , വെളുപ്പിനെപ്പോലോ ആണ് ഞാന്‍ വീട്ടിലെത്തിയതെന്ന് തോന്നുന്നു . ഓര്‍മ്മകള്‍ പിന്നോട്ട് കറങ്ങി, ചായ തൊണ്ടയിലിരുന്നു പൊള്ളി 
ഇന്നലെ അരുതാത്തത് സംഭവിച്ചിരിക്കുന്നു ..
ജയെട്ടനിന്നലെ രാത്രി എവിടെയായിരുന്നു ?
സെലിനിന്നു പതിവിലും സ്നേഹം .. കണ്ണുകളില്‍ ഇത് വരെ കാണാത്ത തിളക്കം 
ചേര്‍ന്നിരുന്നു മുടികളില്‍ തഴുകി കാതില്‍ പറഞ്ഞു ..
" വല്ലതും ഓര്‍മ്മയുണ്ടോ ? മൂന്നു മണിക്കാണ് എത്തിയത് , എന്തൊരു സ്നേഹമായിരുന്നു എന്നോട് .. ജീവിക്കാനിപ്പോള്‍ വല്ലാത്ത കൊതി തോന്നുന്നു ജയേട്ടാ...."
 നനഞ്ഞിറങ്ങിയ കണ്മഷിചാലുകള്‍ നെഞ്ചില്‍ ചേര്‍ത്ത് അവള്‍ വിതുംബി .. ചില നിമിഷങ്ങളിലെ സ്നേഹം ഒരു ജന്മം മനസ്സിലോര്‍ത്തു വയ്ക്കാം , എന്നെ ഇനി തനിച്ചാക്കരുത് ജയേട്ടാ ..

 ഇവള്‍ക്കെന്താ വീണ്ടും ഭ്രാന്തായോ ? 
ഞാനിന്നലെ എപ്പോളനിവളെ സ്നേഹിച്ചത് ?
സെലിന്റെ സ്നേഹം ഇപ്പോള്‍ ഭയപ്പെടുത്തുന്നത് എന്നെയാണ് ..
അവളുടെ കണ്ണിലെ തിളക്കവും , വാക്കുകളിലെ പ്രണയവും ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നത് എന്റെ ഹൃദയത്തെയാണ്‌
സെലിനോട് ഞാന്‍ തെറ്റ് ചെയ്തിരിക്കുന്നു , നീലിമയോടും ..
ഇന്നലത്തെ രാത്രി ഒഴിവാക്കെണ്ടാതയിരുന്നു..

ഇന്നു നീലിമയെ വീണ്ടും കാണണം, 
ബാങ്കില്‍ ചെന്നപ്പോള്‍ പ്യൂണാണ് പറഞ്ഞത് , മാഡം ഒരു മാസം ലീവ് എടുത്ത് നാട്ടില്‍ പോയി ..
വീണ്ടും പറയാതെ പോയിരിക്കുന്നു അവള്‍ .. നന്നായി ..
അസ്വസ്ഥ ചിന്തകള്‍ക്ക് താത്കാലിക വിരാമമിട്ട് മെഷീന്‍ നന്നായി കറങ്ങി ..
എന്താണെന്നറിയില്ല സെലിനെ കാണാന്‍ മനസ്സ് കൊതിക്കുന്നു .. കാണണം , ഭ്രാന്തിനു വിട്ടു കൊടുക്കാതെ സ്നേഹംകൊണ്ട് മൂടണം അവളെ ..
ജയാ ...
ഓ ജോസഫേട്ടനാണ്, ഞാന്‍ കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു .
ജയാ നീലിമ പോകുംമുന്പേ എന്നെ വന്നു കണ്ടിരുന്നു , അവള്‍ക്കു നല്ല സുഖമില്ല ..
പിന്നെ നിങ്ങളുടെ വിവാഹത്തിന് സമ്മതം വാങ്ങാന്‍ കൂടിയാണ് അവള്‍ പോയിരിക്കുന്നത് !
വിവാഹമോ ??
അതെ നീയവളെ വിവാഹം കഴിക്കാമെന്ന് ഉറപ്പു കൊടുത്തില്ലേ അന്ന് രാത്രി ?
ഞാന്‍ ഇറങ്ങി നടന്നു .. കാറ്റില്‍ ചിരിക്കുന്ന കരിമ്പനക്കൂട്ടങ്ങല്കിടയിലൂടെ ..
മനസ്സ് ഒപ്പംയാത്ര ചെയ്യുന്നില്ല ..

ജോസഫേട്ടന്‍ മനസ്സിനൊപ്പം നടന്നെത്തി !
കൈ പിടിച്ചെന്നെ സന്തോഷത്തിലേക്ക് കയറ്റി , മദ്യക്കുപ്പിക്കിരുപുറവുമിരുന്നു ഞങ്ങള്‍ സംസാരിച്ചു 
" നീ വിഷമികേണ്ട ജയാ , ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ സാധാരണമാണ് .. നിന്റെ യഥാര്‍ത്ഥ പ്രണയം നീ തിരിച്ചറിയണം "
മനസ്സ് ഒരു തീരുമാനത്തിലെത്തനാവാതെ വട്ടം കറങ്ങുകയാണ് .. എനിക്കെപ്പോഴും ഒരു കൂട്ട് വേണം , ഇപ്പോള്‍ മദ്യത്തിന്റെ കൂട്ടില്ലാതെ സെലിനെ നേരിടാന്‍ വയ്യാതായിരിക്കുന്നു ..
എന്നെ നോക്കി നിശബ്ദം കരയാറുള്ള സെലിനോട് എനിക്ക് പ്രണയമുണ്ടോ??

ഞാന്‍ എഴുത്ത് നിര്‍ത്തി ..
ഡയറി എഴുത്ത് ഒരു പതിവാണ് , മുന്‍ പേജുകളിലെ അനുമാനങ്ങള്‍ പലതും തെറ്റായി കൊണ്ടിരിക്കുകയാണ് .. ഓ ഒന്നെഴുതാന്‍ വിട്ടു , നീലിമ നാളെ വരുന്നു 
ഒന്നര മാസത്തിനു ശേഷം അവള്‍ വീണ്ടും വരുന്നു , ജോസഫേട്ടനാണ് പറഞ്ഞത് ..

ആരോടാനെനിക്കു യഥാര്‍ത്ഥ പ്രണയം ? നീലിമയോട് തന്നെ ..പക്ഷെ എന്നെ സ്നേഹിക്കുന്നത് സെലിന്‍ തന്നെയല്ലേ ?
പിന്നിട്ട നാളുകളില്‍ അല്പം പോലും സ്നേഹം ഞാന്‍ പകര്‍ന്നിട്ടില്ലെങ്കിലും എന്നെ ആത്മാവിന്റെ ഭാഗമായി കണ്ടു സ്നേഹിച്ചു കൊല്ലുന്നത് സെലിനാണ് .. 
ഞാന്‍ കണ്ടില്ലെന്നു നടിക്കുന്ന ആ പ്രണയം തന്നെയാണ് വലുത് ..
നീലിമയോട് നാളെ യാത്ര പറയണം .. ഇനി കാണരുത് .

കരിമ്പനകളും കാറ്റും ഈ പാലക്കാടിനെ സുന്ദരിയായ ഒരു യക്ഷിയാക്കുനുണ്ട്.. മൈതാനിയിലെതി  ഞാന്‍ കോട്ടയുടെ നിഴല് പറ്റി നടന്നു ..
ഓ നീലിമ എന്നെയും നോക്കിയിരുപ്പുണ്ട് .. സാധാരണ ഞാനാണ്‌ ആദ്യം വരാറു.

"ജയാ.. " 
അവള്‍ക്കിന്നു പതിവിലും സൌന്ദര്യമുണ്ട് .. കണ്ണുകള്‍ക്ക്‌ കൂടുതല്‍ തിളക്കം , 
എന്നെ കോട്ട നിഴലിലേക്ക്‌ വലിച്ചു ചേര്‍ത്ത് അവള്‍ ആഹ്ലാദത്തോടെ പറഞ്ഞു ,
"ജയന്‍ ഒരച്ച്ചനാവാന്‍ പോകുന്നു, ജയന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഞാന്‍ "

കാല്‍ വിരലുകളില്‍ നിന്ന് ഒരു മരവിപ്പ് അരിച്ചു കയറുകയാണ് , ഞാന്‍ ഉരുകി ഇല്ലാതാവുന്നു ..
കടന്നു പോകുന്നവര്‍ നോക്കി ചിരിക്കുന്നുണ്ട് .. കാതുകളില്‍ ശബ്ദങ്ങളില്ല , ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു മൂളല്‍ മാത്രം ..
നീലിമയെ ഇത് വരെ ഇങ്ങനെ സന്തോഷിച്ചു കണ്ടിട്ടില്ല ..
" ജയാ നമ്മുടെ സ്വപ്‌നങ്ങള്‍ യഥാര്ത്യമാകാന്‍  പോകുന്നു , നീ ആഗ്രഹിച്ച സ്നേഹം, ജീവിതം എല്ലാം ഞാന്‍ നിനക്ക് തരും , ഇനി നമ്മള്‍ പിരിയില്ല .

നീലു, സെലിന്‍ ??
ഓ ജയന്‍ അവളെ പറ്റി ഓര്‍ത്തു വിഷമികേണ്ട , അവളുടെ വീട്ടുകാര്‍ ജോസഫേട്ടനെ കണ്ടിരുന്നു , അവരവളെ വീട്ടിലേക്കു കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് , അവളുടെ രോഗം ഒരിക്കലും ഭേദമാവില്ലെന്നു ഡോക്ടറും പറഞ്ഞിട്ടുണ്ടല്ലോ , അവരെല്ലാവരും ചേര്‍ന്ന് നിന്നെ വഞ്ചിക്കുകയാണ്..
നീ അറിയാതെയാണ് അവര്‍ ഹോസ്പിറ്റലില്‍ പോകുന്നത് . 
നിന്റെ പ്രണയം ഞാനാണ്‌ , നിന്റെ സ്വപ്‌നങ്ങള്‍ എന്റെതും .. നമുക്കൊരു കുഞ്ഞുണ്ടാവാന്‍ പോകുന്നു ജയാ , നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് താമസം മാറാം..
ഹാ.. ഞാന്‍ യാന്ത്രികമായി മൂളി , ആളുകള്‍ പകച്ചു നോക്കുനുണ്ട് ഇപ്പോളും , ഈ ആളുകള്‍ക്കെന്താ ഭ്രാന്തുണ്ടോ ? ഇവളെന്റെ ഭാര്യയാണ് , 
ജനിക്കാന്‍ പോകുന്ന എന്റെ കുഞ്ഞിന്റെ അമ്മ ..

കോട്ട നിഴല്‍ വിട്ടു ഞാന്‍ വെളിച്ചത്തിലേയ്ക്കു നടന്നു കയറി,എന്തൊക്കെയോ നഷ്ടപ്പെടുംബോളും ജീവിതത്തില്‍ ഒരു സംബാദ്യമുണ്ടായിരിക്കുന്നു  ..
എന്റെ പ്രണയം തിരിച്ചു കിട്ടിയിരിക്കുന്നു , സെലിനോട് തുറന്നു പറഞ്ഞാല്‍ അവളുടെ അസുഖം കൂടിയാലോ ? പക്ഷെ പറയുക തന്നെ വേണം ..

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ ശാന്തയായ് എല്ലാം കേട്ടു.. 
പടര്‍ന്ന കണ്മഷി സരിയിലോപ്പി അവള്‍ തിരിഞ്ഞു നിന്നു.. 
"സെലിന്‍ "
ഇടറിയ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു ..
" ഞാന്‍ പോകാം ജയേട്ടാ.. " 
ജയേട്ടന്‍ സ്നേഹിച്ചത് നീലിമയെ ആണ് .. ഞാന്‍ ഭ്രാന്തിയല്ലേ, എനിക്ക് സ്വപ്നം കാണാന്‍ അവകാശമില്ല .. എനിക്കിവിടെ നിന്നു കൊണ്ട് പോകാന്‍ പാതി കണ്ട കുറച്ചു കിനാവുകള്‍ മാത്രമേയുള്ളൂ ..
പോകുന്നതിനു മുന്‍പ് എന്റെ ഡോക്ടര്‍ ജയേട്ടനുമായി സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട് ..
അവളുടെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് വെറുതെ മൂളി 

സൈക്യാട്രിസ്റ്റ്ന്റെ ഒപിക്ക് മുന്നില്‍ ഇരുന്ന ഞങ്ങളെ തേടി ജോസഫേട്ടനും നീലിമയും എത്തി .. സെലിന്‍ മുഖം തിരിച്ചിരിക്കുകയാണ് .
"ജയാ നീ വാ " ജോസഫേട്ടന്‍ നല്ല ദേഷ്യത്തിലാണ് .. ആ ഡോക്ടര്‍ നിന്റെ മനസ്സ് മാറ്റി തിരിച്ചു കിട്ടിയ ജീവിതം നശിപ്പിക്കും ..
" നമുക്ക് പോകാം ജയാ" എന്റെ കൈ പിടിച്ചു ദയനീയമായി അപേക്ഷികുകയാണ് നീലിമ ..
"ഹോ നിങ്ങളെന്നെ ഭ്രാന്ത് പിടിപ്പിക്കരുത് .. ഞാന്‍ വരാം"

ആളുകള്‍ ചുറ്റും കൂടി നോക്കുന്നുണ്ട് .. സെലിന്‍ എന്നെ കൈ പിടിച്ചു വലിച്ച് ഒപിക്കുള്ളില്‍ കയറ്റി ..
ഞാന്‍ അറിയുന്ന ആളാണ് ഡോക്ടര്‍ .. " വരൂ പ്രകാശ്‌ , ഇരിക്കു" 
സെലിന്‍ ഒന്ന് പുറത്തു നില്കു, എനിക്ക് ആദ്യം സംസാരിക്കേണ്ടത് ജയ പ്രകാശിനോടാണ്.
അടഞ്ഞു കൊണ്ടിരിക്കുന്ന ഡോര്‍ നോക്കി അയാള്‍ പതിയെ ചോദിച്ചു , സെലിന്റെ രോഗം ഭേദമാവില്ലേ ഡോക്ടര്‍ ? 
എന്റെ ജീവിതം തകര്‍ന്നു കൊണ്ടിരിക്കുകയാണ് 
"തീര്‍ച്ചയായും മാറും പ്രകാശ്‌ ,പക്ഷെ അതിനു എന്റെ മരുന്നിനെക്കള്‍ ആവശ്യം നിങ്ങളുടെ സ്നേഹമാണ് "
ജോസഫു ചേട്ടനും നീലിമയും എന്തു പറയുന്നു പ്രകാശ്‌ ?   
നീലിമ എന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു ഡോക്ടര്‍ ..
എല്ലാം ശരിയാവും പ്രകാശ്‌ .. ഇനി നിങ്ങള്‍ മദ്യപിക്കരുത് .. എനിക്ക് സെലിനുമായി സംസാരിക്കണം 
അയാള്‍ പുറത്തിറങ്ങി .. ജോസഫേട്ടനെയും നീലിമയെയും കാണുന്നില്ല ..

സെലിന്‍ നിശബ്ദം കരയുകയാണ് , വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു .. എനിക്കീ ജീവിതം മതിയായി ഡോക്ടര്‍ , മറ്റൊരാളായി ജീവിക്കാന്‍ വയ്യ .. 
ഞാന്‍ ജയേട്ടന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ പോകുന്നു .. അത് അറിഞ്ഞിട്ടും ജയേട്ടന്‍ അറിയാത്തതായി നടിക്കുന്നു , രാത്രികളില്‍ ഞാന്‍ നീലിമയാണ് ..
ജയേട്ടന്‍ ജോലിക്ക് പോയിട്ട് ദിവസങ്ങളായി , എപ്പോഴും സംസാരം ജോസഫേട്ടനെയും നീലിമയെയും പറ്റിയാണ് .. എനിക്കാനത്രേ ഭ്രാന്ത് !!

സെലിന്‍ കഴിഞ്ഞ ദിവസം കാണാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ , നിന്റെ ജയേട്ടന് സ്കിസോഫ്രീനിയ എന്ന അസുഖമാണ് .. 
നിന്റെ സ്നേഹത്തിനും പരിചരണത്തിനും മാത്രമേ അയാളെ രക്ഷിക്കാന്‍ കഴിയു ..

ജോസഫേട്ടന്‍ എന്ന അയാളുടെ സഹ പ്രവര്‍ത്തകന്‍ മരിച്ചിട്ട് നാല് വര്ഷം കഴിഞ്ഞിരിക്കുന്നു !
സൌത്ത് ഇന്ത്യന്‍ ബാങ്കിലെ ഇല്ലാത്ത നീലിമയുടെ കത്തെഴുതുന്നതും ജയപ്രകാശ് തന്നെയാണ് ..
വല്ലാതെ ഒറ്റപ്പെട്ടു പോയ ഒരു മനസ്സിന്റെ സൃഷ്ടികളാണ് ജോസഫും നീലിമയും ..
രോഗം സങ്കീര്ന്നമാണ്..  പ്രകാശിന്റെ മനസ്സും , അയാള്‍ യാത്ര ചെയ്യുന്ന വഴികള്‍ പലപ്പോളും അയാള്‍ക്ക്‌ തന്നെ അജ്ഞാതവുമാണ്.
യാദാര്ത്യങ്ങള്‍ ഒരു പക്ഷെ അയാളെ കൂടുതല്‍ ഭ്രാന്തനാക്കിയേക്കാം .. ഇതെന്ന്, എപ്പോള്‍ മാറുമെന്നും പറയാന്‍ കഴിയില്ല ..
നിനക്ക് അയാളെ തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞേക്കും .. നീലിമയുടെ പ്രണയം അയാള്‍ നിന്നില്‍ കാണാന്‍ ശ്രമിക്കുനുണ്ട് പലപ്പോളും ..

"എല്ലാവരുടെ ഉള്ളിലും സ്നേഹം കൊതിക്കുന്ന ഒരു ഭ്രാന്തന്‍ മനസ്സുണ്ട് ..." 
പ്രകാശിന്റെ മനസ്സും ഹൃദയവും സ്നേഹം കൊണ്ട് നിറയ്ക്കൂ.. 
മരുന്നുകള്‍ കഴിക്കട്ടെ, എല്ലാം ശരിയാവും .

സെലിന്‍ പുറത്തിറങ്ങി .. ഒപിക്ക് മുന്നില്‍ അക്ഷമനായി ഇരിക്കുകയാണ് ജയപ്രകാശ് .. 
"സെലിന്‍ ", നീ കാരണം അവര്‍ പിണങ്ങി പോയി .. അയാളുടെ മുടിയിഴകളില്‍ കയ്യോടിച്ചു അവള്‍ പറഞ്ഞു , "ജയേട്ടന്റെ സുഹൃത്തുക്കള്‍ എനിക്കും വേണ്ടപ്പെട്ടവര്‍ തന്നെയാ ,അവരെ നമുക്ക് വീട്ടിലേക്കു വിളിക്കാം ജയേട്ടാ "
ഉം, അയാള്‍ പതിയെ മൂളി .. 
ഓട്ടോയില്‍ കയറി അയാളുടെ കയ്യെടുത്ത് മടിയില്‍ വച്ച് അവള്‍ മെല്ലെ തഴുകി .. " അതാ ജോസഫേട്ടന്‍ .. " 
ആശുപത്രി തിരക്കിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു ...
വേണമെങ്കില്‍ പൊയ്കോളൂ ജയേട്ടാ , വിരലുകളില്‍ തഴുകി കൊണ്ട് അവള്‍ പറഞ്ഞു ..

"അല്ലെങ്കില്‍ വേണ്ട , നാളെ കാണാമല്ലോ .." 
അവളെ അകത്താക്കി മനസ്സിന്റെ ചില്ലു ജാലകങ്ങള്‍ ചേര്‍ത്തടച്ചു മെല്ലെ അവളുടെ തോളിലേക്ക് ചാരി അയാള്‍ കണ്ണുകളടച്ചു . 

Monday 20 February 2012

റസിയാന്റെ പ്രേതം



"നിന്റെ വാക്കുകളിലെ സ്നേഹം മരിച്ചപ്പോള്‍ തെറ്റിയത് എന്റെ ഹൃദയ താളമാണ് ."

ഒരു മുഴം കയറില്‍ തൂങ്ങിയാടുകയാണ് റസിയാന്റെ മരവിച്ച ശരീരം ...

ഞാന്‍ ഒരു പെണ്‍കുട്ടിയെ വഞ്ചിചിരിക്കുന്നു..

പ്രതീക്ഷയറ്റ അവളുടെ കണ്ണുകളില്‍ നിരാശയാണോ അതോ എന്നോടുള്ള പകയോ ?


ഞാന്‍ ഇറങ്ങിയോടി ...
കത്തുന്ന താഴ്വരയിലെ മിന്നുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഭ്രാന്തമായ എന്തിനെയോ പോലെ പായുകയാണ് മനസ്സ് ...
കൂരിരുട്ടില്‍ ആകാശം പിളര്‍ത്തി ഒരു കൊള്ളിയാന്‍ മുന്നില്‍ മിന്നി മറഞ്ഞു ..

കാതുകളില്‍ മുഴങ്ങുന്നത് അവളുടെ ശബ്ദമാണ് ,

" കയറില്‍ തൂങ്ങുന്നതിന് എത്രയോ മുന്‍പേ നീയെന്നെ കൊന്നു ... നിന്റെ വാക്കുകളാല്‍ എന്റെ ഹൃദയം മുറിഞ്ഞു രക്തം വാര്‍ന്നത് നീ കണ്ടില്ലെന്നു നടിച്ചു .."
നിന്റെ അകല്‍ച്ച എന്റെ പ്രാണനില്ലാതാക്കുമെന്ന് അറിയാമായിരുന്നിട്ടു കൂടി നീയെന്നില്‍ നിന്നകന്നു ...
ഞാന്‍ ചെവി പൊത്തി..
അവളുടെ വാക്കുകള്‍ കാരമുള്ളു പോലെ തുളച്ചിരങ്ങുന്നത് എന്റെ ഹൃദയത്തിലേക്കാണ് ..

" നക്ഷത്രങ്ങള്‍ പൂക്കുന്ന താഴ്‌വരയില്‍ പരസ്പരം കൈകോര്‍ത്തു, ഹൃദയ താളങ്ങള്‍ക്കു കാതോര്‍ത്തു എത്രയെത്ര പകലുകള്‍ ... " ഈ പുല്‍നാമ്പിലെ മഞ്ഞു കണങ്ങള്‍ പോലെ പവിത്രമാണ് നമ്മുടെ പ്രണയമെന്ന് എത്ര വട്ടം നീയെന്റെ കാതില്‍ പറഞ്ഞിരിക്കുന്നു.. "

എന്റെ കാലുകള്‍ തളരുകയാണ് .. തൊട്ടു പിന്നില്‍ റസിയയുണ്ട് .. അവള്‍ക്കു വേണ്ടതെന്റെ അവസാന ശ്വസമാണ് .. അവളെന്നെ കൊല്ലും ..
നെറ്റിയിലുരുണ്ട് കൂടിയ വിയര്‍പ്പു മണികളുടെ നനവ്‌ ഭയമായി എന്നിലേക്ക്‌ അരിച്ചിരങ്ങുകയാണ്...
എനിക്ക് രക്ഷപ്പെടണം ..
ക്ഷേത്രക്കുളം കഴിഞ്ഞു ആല്‍തറ പിന്നിട്ടാല്‍ ഭീമന്‍ കോട്ട വാതിലാണ് .. നാലാള്‍ പൊക്കമുള്ള കോട്ടവാതില്‍ കടന്നു കിട്ടിയാല്‍ പിന്നെ ജനവാസമുള്ള പ്രദേശങ്ങളാണ് ..
നേരം വെളുക്കാരാകുന്നേയുള്ളൂ , ഈ വിജനതയില്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത് ആല്‍ മരത്തിലെ രക്തദാഹികളായ വവ്വാല്‍ക്കൂട്ടങ്ങളാണ് ..

ഇനി രക്ഷപ്പെടാനാവില്ല ..

തീ തുപ്പിയലറുന്ന ഒരു കൂട്ടം തെയ്യങ്ങള്‍ എനിക്ക് ചുറ്റും നിരന്നിരിക്കുന്നു ..
അതാ തൊട്ടു മുന്നില്‍ കോട്ട വാതിലില്‍ ചാരി, എന്നെയും നോക്കികൊണ്ട്‌ അവള്‍ ...

എന്നിലേക്ക്‌ പടര്‍ന്നു കയറുകയാണ് അവളുടെ കൈകള്‍ ...

അവളുടെ ശ്വാസത്തിന് പാല പൂത്ത ഗന്ധമില്ല , ഒരുതരം മടുപ്പിക്കുന്ന രക്ത ഗന്ധം ..

" നീയും മരിക്കണം "

അവളുടെ മരവിച്ച നീണ്ട വിരലുകള്‍ എന്റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ് ...
അവളുടെ കണ്ണിലെ പക തീരണമെങ്കില്‍ എന്റെ ശ്വാസം നിലക്കണം...
എന്റെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകുകയാണ് .. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ... എനിക്ക് ജീവിക്കണം ..
സര്‍വ്വ ശക്തിയുമെടുത്തു ഞാനവളെ തള്ളി മാറ്റി ..

തെറിച്ചു വീണ തലയിണയും താഴെ വട്ടം കറങ്ങുന്ന വെള്ളം കുപ്പിയുമാണ് എന്നെ ഉണര്‍ത്തിയത് ..

"ജീവിതം തിരിച്ചു തന്നിരിക്കുന്നു സ്വപ്നം "

ഭാഗ്യം തൊണ്ട നനക്കാനുള്ള വെള്ളമുണ്ട് കുപ്പിയില്‍ ..

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ്‌ റസിയയെ ഞാന്‍ ആദ്യമായി കാണുന്നത് , അവളിപ്പോള്‍ ആരെയും ശല്യപ്പെടുത്താതെ ഞങ്ങളുടെ ആശുപത്രി മോര്‍ച്ചരിയിലെ ഫ്രീസരിനുള്ളില്‍ ഉറങ്ങികിടക്കുകയാണ് ..
മുഖങ്ങള്‍ക്കു പിന്നിലെ കഥയന്വേഷിക്കുന്ന മനസ്സാണ് എന്നെ സ്വപ്നം കാണിച്ചു ഭയപ്പെടുത്തിയത് !

തണുത്തുറഞ്ഞു വാടിയ താമരതണ്ട് പോലെ ശാന്തയായ് ഉറങ്ങി കിടക്കുന്ന അവളുടെ കണ്ണുകള്‍ക്ക്‌ പക്ഷെ ഒരു വഞ്ചനയുടെ കഥ പറയാനുള്ളത് പോലെ തോന്നി ..

നേരം വെളുത്തിരിക്കുന്നു .. എനിക്കിന്നലെ നൈറ്റ്‌ ഡ്യൂട്ടിയായിരുന്നു , അപകടങ്ങള്‍ നിറഞ്ഞ ഒരു രാത്രിയാണ്‌ കടന്നു പോയത് .. ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല .. ആകെ കിട്ടിയ രണ്ടു മണിക്കൂറാണ് റസിയ തട്ടിയെടുത്തത് ..

എന്തിനായിരിക്കും അവള്‍ ആത്മഹത്യ ചെയ്തത് ??

അവളെന്നോട് പറഞ്ഞത് പോലെ സ്നേഹം മരിച്ച കുറെ വാക്കുകളായിരിക്കുമോ അവളുടെ ജീവനെടുത്തത് ??

വാക്കുകളില്‍ സ്നേഹമുണ്ട് , ജീവിതമുണ്ട് അത് പോലെ തന്നെ മരണവും ... ഏതാനും വാക്കുകള്‍ക്കു ഒരാളുടെ ജീവിതത്തില്‍ പ്രത്യാശയുടെ തിരി തെളിക്കാന്‍ കഴിയും,മാനസികമായി തളര്ത്താനും കഴിയും ..

റസിയ ഉത്തരമില്ലാത്ത ഒരു കടങ്കഥയായി അവശേഷിക്കുന്നു .....

ആത്മഹത്യ ഒരു കൊലപതകമല്ലേ ??

കുറച്ചു വാക്കുകള്‍ കൊണ്ട് ഒരാളെ കൊന്നാല്‍ അത് ആത്മഹത്യയാകുമോ ???

Monday 13 February 2012

ഓര്‍മക്കുറിപ്പുകള്‍



രാവിലെയാണ് അവളെ ആദ്യമായി കണ്ടത്
അക്ഷരങ്ങള്‍ വാക്കുകളായി 
മിഴികളിലെ മോഹം 
വാക്കുകളിലെ സ്നേഹമായി ..

ഉച്ചയായപ്പോള്‍ അത് പ്രണയമായി 
മനസ്സ് കൊരുത്ത്,
സ്നേഹം കിനിയുന്ന വാക്കുകളുമായി 
ഹൃദയത്തെ തൊട്ടവള്‍.. 

അസ്തമയത്തിനു മുന്‍പേ 
കോര്‍ത്ത കയ്യഴിച്ച് 
ഹൃദയം മുറിച്ച് 
എന്നെ തള്ളിപ്പറഞ്ഞവള്‍ പിരിഞ്ഞു ..

വേദനിപ്പിക്കുന്ന സന്ധ്യകള്‍ക്ക് വിട 
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉള്ളത് 
ഉച്ചവരെയുള്ള ഓര്‍മ്മകള്‍ മാത്രം 

Wednesday 8 February 2012

പ്രണയക്കാഴ്ചകള്‍



മറൈന്‍ ഡ്രൈവിലെ സിമന്റു ബഞ്ചില്‍ ചാരി ശരത് അവളുടെ വിരലുകളില്‍ മെല്ലെ തൊട്ടു ..

നനുങ്ങനെ വീശുന്ന കാറ്റില്‍ ഉലയുന്ന മുടിയൊതുക്കാന്‍ പാടുപെടുന്ന അവളെ അയാള്‍ വെറുതെ നോക്കി..
അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന സൂര്യനെക്കാള്‍ ചുവപ്പാണ് അവളുടെ കവിളുകള്‍ക്ക് ..
വൃക്ഷതലപ്പുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി വരുന്ന സൂര്യ കിരണങ്ങളുടെ വര്‍ണപ്പൊട്ടുകള്‍ കൊണ്ട് മനോഹരിയായ ഈ സന്ധ്യയേക്കള്‍ സുന്ദരിയാണ് ഇവള്‍ ..
കുസൃതി നിറഞ്ഞ ആ കണ്ണുകള്‍ക്ക്‌ മൌന നിമിഷങ്ങളിലും നൂറു കഥകള്‍ പറയാനുണ്ടാവും. മുഖത്തിന്റെ അഴക്‌ അവളുടെ വാക്കുകള്‍ക്കുമുണ്ട്..
ഈയൊരു കൂട്ടിനു വേണ്ടിയായിരുന്നില്ലേ മനസ്സ് കാത്തിരുന്നത് ?
മനസ്സ് അവളുടെ കണ്മഷിയെഴുതിയ തവിട്ടു നിറമുള്ള മിഴികള്‍ക്ക് പിന്നാലെ പായുകയാണ് .. അവളുടെ ചുണ്ടിനു മുകളിലെ മറുകില്‍ നോക്കി അയാള്‍ ചോദിച്ചു ,
നിനക്കെന്നോട് പ്രണയമുണ്ടോ ഷെറിന്‍ ?

കായലില്‍ ലയിക്കുന്ന മേഘങ്ങളുടെ ആകാശ നീലിമയില്‍ കണ്ണ് നട്ട് അവള്‍ മിണ്ടാതിരുന്നു..
പ്രണയം എന്ന വാക്കിനോട് എനിക്ക് ദേഷ്യമാണ് ശരത് .. ഇഷ്ടമാണെന്ന് പറഞ്ഞാല്‍ തീരില്ലേ നമ്മുടെ പ്രണയം? പിന്നെ കെട്ടുപാടുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി സ്വാതന്ത്ര്യത്തിന്റെ ജാലകങ്ങള്‍ കൊട്ടിയടച്ചു ഒരു ജിവിതം,, അത് നമുക്ക് വേണ്ട ശരത് .

ഏതാണ്ട് ആറു മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഇവളെ പരിചയപ്പെടുന്നത് , ആറു മാസം കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നു അവള്‍ .. ഇത് എന്റെ യഥാര്‍ത്ഥ പ്രണയം ആണോ ?
ഷെറിനെ പരിചയപ്പെടുന്നതിനു മുന്‍പും നിരവധി പെണ്‍കുട്ടികള്‍ തന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട് , എല്ലാം പങ്കു വച്ചിട്ടും അവരോടൊന്നും പ്രണയം തോന്നിയിട്ടില്ല .

പരിചയപ്പെട്ടു മനസ്സ് പങ്കു വച്ച എല്ലാവരെയും താന്‍ വഞ്ചിക്കുകയായിരുന്നു എന്നാണ് പീറ്റര്‍ പറയുന്നത് .
ഒരു കണക്കിന് ശരിയാണ് താനും , സുഖങ്ങള്‍ തേടിയുള്ള യാത്രക്കിടയില്‍ ചവിട്ടിയരക്കപ്പെടുകയായിരുന്നു അവരെല്ലാം .
റോസ് മേരി മാത്രമാണ് കുറച്ചധികം നാള്‍ തനിക്കൊപ്പം ഉണ്ടായത് .. വിവാഹം എന്നാ ആവശ്യം അവളില്‍ നിന്നുണ്ടായപ്പോള്‍ അവളും ഭാരമാവുകയായിരുന്നു
പക്ഷെ നാളിതു വരെ അതില്‍ കുറ്റബോധമൊന്നും തോന്നിയിട്ടില്ല, ഇനി തോന്നുകയുമില്ല .ഇതെന്റെ ജീവിതമാണ് എന്റെ ശരികളുടെ ജീവിതം.

ശരത് ....
നീയെന്താ ആലോചിക്കുന്നത് ?
ഒന്നുമില്ല ഷെറിന്‍ ഇതിനു മുന്‍പ് ഞാന്‍ ആരെയും ഇതുപോലെ സ്നേഹിച്ചിട്ടില്ല ..
പലവട്ടം പലരോടും പറഞ്ഞ കള്ളമാണെങ്കിലും അതയാളെ മടുപ്പിക്കുന്നില്ല .
അവളൊന്നു ചിരിച്ചു
ഇത് പലരില്‍ നിന്നും കേട്ടിടുണ്ട് ഒരു പാട് ..
"എന്നോട് പ്രണയമാണെന്ന് മാത്രം നീ പറയരുത് ശരത് .. ആ വാക്ക് വെറുപ്പാണെനിക്കു.. നിനക്ക് വേണ്ടത് ഞാന്‍ തരാം ."
നോ ഷെറിന്‍ ഐ ആം ഇന്‍ ലവ് ..
ഒരു തമാശ കേട്ടത് പോലെ അവള്‍ ചിരിച്ചു ..

സുന്ദരിയായ ഒരു യക്ഷിയാണോ ഇവള്‍ ? പിടി തരാതെ അകന്നു പോകുന്ന പട്ടം പോലെയാണ് ഇവളുടെ മനസ്സ് .. ഇവളെ പറ്റി കൂടുതലായി ഒന്നും അറിയില്ല ..
ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്
" നീ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് കിട്ടാന്‍ ഇതെല്ലാം അറിയണമെന്ന് നിര്‍ബന്ധമുണ്ടോ ?"
പിന്നീട് അതെപ്പറ്റി ചോദിച്ചിട്ടില്ല .. അറിയണമെന്ന ആഗ്രഹവും അത്രക്കില്ല .
വേനലിലെ മഴ പോലെ പെട്ടന്ന് കയറി വരും അവള്‍ .. അത് പോലെ തന്നെ പോവുകയും ചെയ്യും .
ജിജ്ഞാസ നിറക്കുന്ന അത്തരം ഇടവേളകളില്‍ അവള്‍ എവിടെയായിരിക്കുമെന്ന് യാതൊരു രൂപവുമില്ല ,കൃത്യമായ ഒരുത്തരം അവളില്‍ നിന്ന് ലഭിച്ചിട്ടുമില്ല.
പീറ്റര്‍ ശപിച്ചു പറഞ്ഞത് പോലെ ഇവള്‍ തന്റെ വലയില്‍ വീഴാതിരിക്കുമോ ?
അവനു ഭ്രാന്താണ് , ജീവിതം ആസ്വദിക്കാനരിയാത്ത വെറും വിഡ്ഢി.
റോസ് മേരിയെ തന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ച് ഒടുവില്‍ വഴക്കിട്ടു പോയതാണ് അവന്‍ . ആത്മാര്‍ഥത എന്ന വാക്കിനും അതിന്റെ അര്‍ത്ഥത്തിനും ഇന്നത്തെ ലോകത്തില്‍ വലിയ വിലയൊന്നുമില്ല.

***
വൈകിട്ട് ഷെറിന്‍ വരും, ഫ്ലാറ്റിലേക്ക് തനിച്ചു വരാന്‍ അവള്‍ക്കു മടിയൊന്നുമില്ല. പക്ഷെ വിചാരിച്ചത് പോലെയല്ല കാര്യങ്ങള്‍ ,അവളോട്‌ സംസാരിക്കുമ്പോള്‍ മനസ്സ് പലതില്‍ നിന്നും വല്ലാതെ ഉള്‍വലിയുന്നുണ്ട് . ഇത് വരെ ആരോടും തോന്നാത്ത ഒരു അടുപ്പം അവളോടുണ്ട് .
കാളിംഗ് ബെല്‍ മുഴങ്ങുന്നുണ്ട് , ഷെരിനായിരിക്കും..
അതെ ..
ഹായ് ശരത് ..
കമോണ്‍ യാര്‍
സോഫയിലേക്ക് അമര്‍ന്നിരുന്നു ആകര്‍ഷകമായി അവള്‍ ചിരിച്ചു
ഞാന്‍ വരുമെന്ന് നീ പ്രതീക്ഷിച്ചോ ശരത് ?
ഉവ്വ് ഷെറിന്‍ എനിക്കറിയാമായിരുന്നു എന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കാവില്ല
അവള്‍ പതുക്കെ ചിരിച്ചു.. ടീപോയിയിലെ ഫ്ലവര്‍ വേസില്‍ നിന്ന് വാടിയ ഒരു പൂവെടുത്ത് മൂക്കോട് ചേര്‍ത്ത് മെല്ലെ ചോദിച്ചു "ഇതളുകള്‍ കൊഴിഞ്ഞു വാടിയ പൂവിനു ആവശ്യക്കാരുണ്ടാകുമോ ശരത് ?"
എനിക്കറിയില്ല ഷെറിന്‍ , ഒന്ന് മാത്രം അറിയാം നിന്നെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു ..

നനുങ്ങനെ തുടങ്ങിയ മഴ പുറത്തു ശക്തിയായിരിക്കുന്നു.. മഴ ചാറ്റല്‍ അടിക്കാതിരിക്കാന്‍ അയാള്‍ ജനലുകള്‍ ചേര്‍ത്തടച്ചു.. വീശിയടിച്ച കാറ്റിന്റെ തണുപ്പ് മുറിയില്‍ നിറഞ്ഞു ..
ശരത് എനിക്ക് നിന്റെ കുട വേണം ..
എന്തിനു ഷെറിന്‍ ? ഈ മഴയത്ത് നീ ?
അയാള്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി .

"ഈ മഴ പൊഴിയുന്നത് എനിക്ക് വേണ്ടിയാണെന്ന് തോന്നുന്നു.. എനിക്കത് നനയണം "
അവന്റെ കണ്ണിലേക്കു നോക്കി അവള്‍ വശ്യമായി ചിരിച്ചു..
മഴ നൂലുകള്‍ക്കിടയിലേക്കിരങ്ങി അവള്‍ വീണ്ടും ചിരിച്ചു.. ഞാന്‍ വരും ശരത് , നിനക്ക് വേണ്ടി മാത്രം, നീ ആഗ്രഹിക്കുന്നത് തരാന്‍ .
ഇപ്പോള്‍ മഴ പെയ്യുന്നത് അയാളുടെ മനസ്സിലാണ് .. ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന് തണുത്ത കാറ്റിനെ അയാള്‍ ഹൃദയത്തോട് ചേര്‍ത്തു..

***

സാര്‍ ..
സാര്‍ കപ്പലണ്ടി തരട്ടെ ?
സായാഹ്നത്തിലെ ഈ തണുത്ത കാറ്റില്‍ കടലിന്റെ ഭംഗി ആസ്വദിച്ചിരികുമ്പോള്‍ പലപ്പോളും പരിസരം മറന്നു പോകാറുണ്ട് ..
വേണ്ട
"സാര്‍ ഒരു കൂട് ..."
വേണ്ട പോ ..
ഇവനൊരു ശല്യം പിടിച്ച ചെറുക്കനാണ്
തമിഴനാനെന്നു തോന്നുന്നു, ഇവനെ ജനിപ്പിച്ചവന്‍ ഒരു പക്ഷെ ഈ കൊച്ചിയുടെ സന്തതി ആവാനാണ് സാദ്യത .. ഹാ അവന്റെ ഭൂതകാലം ചികയേണ്ട ആവശ്യം തനിക്കില്ലല്ലോ ..
ഇന്ന് ദേവി വരും , വരുന്ന ആഴ്ച അവള്‍ കാനഡക്ക് പോവുകയാണ് . യാത്ര പറയണം, ഇതൊഴിവാക്കാന്‍ ശ്രമിച്ചതാണ് .. പക്ഷെ കഴിഞ്ഞില്ല. കാണണമെന്ന് അവള്‍ക്കു നിര്‍ബന്ധം ..
അതില്‍ തെറ്റില്ല, അവള്‍ കൊച്ചിയിലുണ്ടായിരുന്ന ഒരു വര്‍ഷം എനിക്കവള്‍ ഭാര്യയായിരുന്നു.
താലിച്ചരട് കെട്ടിയുണ്ടാക്കുന്ന വിവാഹം എന്ന ബന്ധനത്തിന് താല്പര്യമില്ല എന്നാണു അവളോടന്നു പറഞ്ഞത് . പിന്നീടവളില്‍ മനസ്സ് മടുക്കുമ്പോള്‍ പൊട്ടിച്ചെറിയാന്‍ ഒരു ചരട് ബാക്കിയാവരുതല്ലോ .. അവള്‍ക്കെന്തായിരിക്കും തന്നോട് പറയാനുള്ളത് ?
"ശരത് .."
കപ്പലണ്ടിക്കാരന്‍ ചെറുക്കന് തന്റെ പേരറിയില്ലല്ലോ .. വീണ്ടും ഓര്മകളിലാഴ്ന്നു പോയിരിക്കുന്നു .. ദേവിയാണ് .
ഹായ് ദേവി
കാത്തിരുന്നു മുഷിഞ്ഞോ ശരത് ?
ഇല്ല മുന്‍പും കാത്തിരുന്നിട്ടുണ്ടല്ലോ നിന്നെ ..
ഉം .. അന്നൊക്കെ കാത്തിരിക്കാന്‍ കാരണങ്ങളുമുണ്ടായിരുന്നല്ലോ നിനക്ക് ..എന്നില്‍ മോഹമുണ്ടായിരുന്നു,ആഗ്രഹങ്ങള്‍ ബാക്കിയായിരുന്നു
ഇത് ജീവിതമാണ് ദേവി, നീ കാണുന്ന സിനിമകളല്ല.. ഈ യാത്രയില്‍ ബന്ധങ്ങള്‍ തടസ്സമാകുന്നത് എനിക്കിഷ്ടമല്ല ..
ഞാന്‍ നിന്നോട് തര്‍ക്കിച്ചു ജയിക്കാന്‍ വന്നതല്ല ശരത് .. നിന്നെ വിശ്വസിക്കരുതെന്ന് പറഞ്ഞ പീറ്റര്‍ അന്നെനിക്ക് ശത്രുവായിരുന്നു.. മനസ്സിന് ന്യായീകരിക്കാന്‍ കഴിയാത്ത അന്നത്തെ തെറ്റുകളില്‍ നീയെനിക്ക് ഒപ്പമുണ്ടാകുമെന്ന് വെറുതെ ആഗ്രഹിച്ചിരുന്നു അന്നൊക്കെ ..
ഞാനിന്നു ഒരുപാട് മാറിപോയി ശരത് ..
ഹൃദയം തകര്‍ന്ന് മോഹങ്ങള്‍ മരവിച്ചു ഭാവി എന്ന ശൂന്യതയിലേക്ക് ഇറങ്ങിപ്പോയ ആ പാവം പെണ്‍കുട്ടിയല്ല ഇന്ന് ദേവി !
രാത്രികള്‍ക്ക് വില കൂടിയിരിക്കുന്നു, സുഗന്ധവും ..
ആയുസ്സില്ലാത്ത സ്നേഹിക്കുന്ന മുഖങ്ങള്‍ക്കു നടുവിലാനിന്നു ജീവിതം .. ഒന്ന് മാത്രം മാറിയിട്ടില്ല, മനസ്സിന്റെ മരവിപ്പ് ...
നീയൊരു ഫ്രോടാണ് ശരത്
ദേവിയെന്ന പാവം പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഓര്‍മകളില്‍ പോലും കുഴിച്ചു മൂടിയത് നീയാണ് ..
നീ സ്നേഹിച്ചതും സ്നേഹിക്കുന്നതും നിന്നെ മാത്രമാണ് .. യു ആര്‍ എ ഫ്രോഡ് ശരത്

ഏതാനും മണല്‍തരികളെ നനച്ച കണ്ണ് നീരിനെ തനിച്ചാക്കി അവളുടെ നിഴലകന്നു പോകുന്നത് അയാള്‍ നോക്കി നിന്നു.

അവള്‍ കുറച്ചു കൂടി മോശമായി സംസാരിക്കുമെന്നാണ് കരുതിയത് , ഒരു കാര്യം സത്യമാണ് , ഞാന്‍ സ്നേഹിച്ചത് എന്നെ മാത്രമാണ് ...
അയാള്‍ ചിരിച്ചു, ഒരു ശല്യം ഒഴിവായിരിക്കുന്നു ..

***
ഷെറിന്‍ വന്നത് താന്‍ ആഗ്രഹിച്ച സമ്മാനവുമായാണ്.. തനിക്കൊപ്പം താമസിക്കാന്‍ അവള്‍ തയ്യാറായിരിക്കുന്നു .
മഴ കൂടുകയാണ് ..
മുന്തിരി വള്ളി പോലെ പടര്‍ന്നു പൂവിട്ട പ്രണയം ബ്ലാങ്കറ്റിനുള്ളിലെ ചെറു ചൂടില്‍ മനസ്സ് കൊരുത്തു ഹൃദയങ്ങളെ ഒന്നാക്കിയിരിക്കുന്നു !!
പ്രണയം പൊഴിക്കുന്ന മഴത്തുള്ളികളുടെ കുളിര്‍മ ഹൃദയത്തില്‍ നഖങ്ങളാല്‍ കോറിയിട്ട് അവള്‍ മനസ്സു നിറച്ചിരിക്കുന്നു.. മഴയുടെ സംഗീതം നിലക്കുകയാണ് , ആലസ്യത്തിന്റെ പടി വാതിലില്‍ അവള്‍ അവനോടു ചോദിച്ചു
" നീയെന്നെ വിവാഹം കഴിക്കുമോ ശരത്?"
മഴ നിലച്ചിരിക്കുന്നു, പുറത്തു നിര്‍ത്താതെ കരയുന്ന ചീവീടുകളുടെ ശബ്ദത്തേക്കാള്‍ അയാളെ അലോസരപ്പെടുത്തിയത് ആ ചോദ്യമാണ് ..
നീ ഭയപ്പെടേണ്ട ശരത് , ഞാന്‍ വെറുതെ ചോദിച്ചതാണ് .. അങ്ങനെയൊരു സ്നേഹം ഞാന്‍ നിന്നില്‍ നിന്ന് പ്രതീക്ഷിച്ചിട്ടില്ല .

മഴ മാറി വീണ്ടും വെയിലായി .. വിരസതയുടെ യാമങ്ങളില്‍ മടുപ്പിക്കുന്ന നിശബ്ദതയുമായി മാസങ്ങള്‍ കൊഴിഞ്ഞു ..
അവളുടെ കണ്ണുകളിലെ കഥകള്‍ തീര്‍ന്നിരിക്കുന്നു..
വാകുകള്‍ക്ക് പഴയ വശ്യതയില്ല
ഇവിടെ നിന്ന് മാറി നില്‍ക്കണം കുറച്ചു നാള്‍ .. ഷെറിനോട്‌ എന്തെങ്കിലും കള്ളം പറയണം .

ശരത് ..
എന്താ ഷെറിന്‍ ?
ഞാന്‍ നിന്നോടൊന്നു പറയാന്‍ മറന്നു .. എനിക്കൊന്നു നാട്ടിലേക്ക് പോകണം , നാളെ ട്രെയിനുണ്ട്.. ഒരാഴ്ച കഴിഞ്ഞു വരും ഞാന്‍ , നീയെന്നെ സ്റെഷനില്‍ ഒന്ന് ഡ്രോപ്പ് ചെയ്യണം നാളെ .
ഒക്കേ ഷെറിന്‍ , എന്താ പ്രത്യേകിച്ചു ?
പിന്നീട് പറയാം ശരത് ..
ഉം ശരി ..

***

ട്രെയിന്‍ പുറപ്പെടാരായിരിക്കുന്നു..
അവളോട്‌ പറയണം തിരിച്ചു വരരുതെന്നും , തന്നെ കാത്തിരിക്കരുതെന്നും..അവള്‍ എങ്ങനെ പ്രതികരിക്കും ?
ട്രെയിന്‍ സ്ടാര്ട്ട് ചെയ്തതിനു ശേഷം പറയുന്നതായിരികും നല്ലത് .. അവള്‍ ഇറങ്ങിയാലോ ?
ഭാഗ്യം വിന്‍ഡോക്കരികിലെ സീറ്റ് തന്നെ കിട്ടി
അയാള്‍ മുഖത്ത് വിഷമം വരുത്താന്‍ ശ്രമിച്ചു
അവളുടെ വിരലുകളെ അവസാനമായി സ്പര്‍ശിച്ചു ..
ശരത് ..
പതിയെ നീങ്ങാന്‍ തുടങ്ങിയ ട്രെയിനൊച്ചയെ മറി കടന്നു അവളുടെ വാക്കുകള്‍ അയാളെ ഞെട്ടിച്ചു
ഞാനിനി തിരിച്ചു വരില്ല ശരത് ..
ഷെറിന്‍ ..?
മുഖത്ത് കൂടുതല്‍ വിഷമം വരുത്തി അയാള്‍ വിളിച്ചു ..
കലങ്ങിയ കണ്ണുകളും ചിരിക്കുന്ന മനസ്സുമായി അയാള്‍ ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞു ..
ശരത് ..
"ശരത് ഞാന്‍ നിന്നെ വഞ്ചിക്കുകയായിരുന്നു"
നോ ഷെറിന്‍ .. ഒന്നും പറയേണ്ട, നീ എവിടെയായാലും സന്തോഷമായിരിക്കുന്നത് കണ്ടാല്‍ മതി എനിക്ക് ..
ഇല്ല ശരത് .. നീ കേള്‍ക്കണം
ഞാന്‍ നിന്നെ വഞ്ചിക്കുകയായിരുന്നു ..
ഓടിത്തുടങ്ങിയ ട്രെയിനിന്റെ ജനലഴികളില്‍ പിടിച്ചു അയാള്‍ ഒപ്പം ഓടി ..
ഐ ആം ആന്‍ എയിഡ്സ് പേഷ്യന്റ് ശരത് ..
ഞാനൊരു എയിഡ്സ് രോഗിയാണ് ..ഇപ്പോള്‍ നീയും ..

അയാള്‍ പിടി വിട്ടു.. കഥ പറയുന്ന കണ്ണുകള്‍ ട്രെയിനിനോപ്പം ഒരു മൂടലായകന്നു ..

ആളുകളുടെ ശബ്ദവും ട്രെയിനിന്റെ ഇരമ്പലും കാതുകളിലെക്കെതുന്നില്ല ..
അവള്‍ തന്നിലവശേഷിപ്പിച്ചത് മരണമാണ്
വെയില്‍ കനക്കുന്ന പ്രഭാതത്തിലും സന്ധ്യയുടെ ഗന്ധം അയാള്‍ തിരിച്ചറിഞ്ഞു ..
താന്‍ മൂലം പൊഴിഞ്ഞ കണ്ണ് നീര്‍ തുള്ളികള്‍ മഴയായ് തനിക്കു മീതെ പെയ്യുകയാണോ ?
തല ചുറ്റുന്നത്‌ പോലെ,
ചുറ്റും കറങ്ങുകയാണ് കുറെ മുഖങ്ങള്‍ .. റോസ് മേരിയും, ഷെരിനും, ദേവിയും..

തെളിഞ്ഞ ആകാശത്തിനു താഴെ കാരിരുണ്ട് കൂടിയ മിഴികളടച്ചു പ്ലാട്ഫോമിലെ വിളക്കു കാലില്‍ ചാരി അയാളിരുന്നു .
 

‎"അപ്പൂപ്പന്‍ താടി"


വീടിനു കുറച്ചു മാറി ഒരു കാവുണ്ട് ..
കാവിലെ ഇലഞ്ഞി മരത്തില്‍ ഒരു വള്ളിയുണ്ടത്രേ !!


മരിച്ചു പോയ രാജകുമാരനെ പ്രണയിച്ച രാജകുമാരി ഒടുവില്‍ പ്രാര്‍ഥിച്ചു വരം വാങ്ങി
ഒരു അപ്പൂപ്പന്‍ താടിയായി ആകാശത്തിലേക്ക് പറന്നു പോയ കഥ അമ്മ പറഞ്ഞു കേട്ട്പോള്‍ തുടങ്ങിയ ആഗ്രഹാണ്
ആ വള്ളിയില്‍ പൂവിട്ടു കായ്ച്ചു പറക്കുന്ന രാജകുമാരിയുടെ സ്വപ്നങ്ങളെ നേരിട്ട് കാണണമെന്ന് !

ഒരു സ്ക്കൂള്‍ അവധി ദിവസം കാവിന്‍റെ വിജനതയില്‍ ഞാന്‍ പോയി ..
പേടിച്ച് പേടിച്ച്  ..
പക്ഷെ പറക്കുന്ന സ്വപ്നങ്ങളെ കണ്ടില്ല ..
മോഹങ്ങളുടെ ബാക്കിപത്രം പോലെ ചില പൊട്ടിയ തോടുകള്‍ ..
നിരാശനായി കല്ല്‌ ചെത്തിയ കാവിന്‍റെ പടവുകളിറങ്ങുമ്പോള്‍
അതാ കാറ്റില്‍ ഇലകളെ തഴുകി കഥകള്‍ പറഞ്ഞു താണിറങ്ങി വരുന്നു അവള്‍ !!

വെയിലില്ലാത്ത കാവിലെ തണുപ്പില്‍ ആശ്ചര്യപ്പെട്ടു നിന്ന ആ കൊച്ചു കുട്ടിയുടെ കണ്ണുകളെ പുല്‍കി കൈകളിലേക്ക് അവള്‍ പറന്നിറങ്ങി ..
അവളുടെ സ്വപ്നങ്ങളാകുന്ന അപ്പൂപ്പന്‍ താടി ..
അന്ന് അവനു അത് ഒരു നിധിയായിരുന്നു ..

ഇന്നും അതെ , ആ പഴയ കാവും കല്ല്‌ ചെത്തിയ പടവുകളും കൊച്ചു കുട്ടിയുടെ മനസ്സും ഓര്‍മ്മകളിലേക്ക് കൊണ്ടുവരുന്ന
നിധി ..